ഡോ. എ മുഹമ്മദ്കബീർ

January 10, 2021, 6:09 am

വെയിലെരിഞ്ഞു

Janayugom Online

അയത്നലളിതമായി ഒഴുകിപ്പരക്കുന്ന വാക്കുകളുടെ ജലസമൃദ്ധിയാൽ അനുവാചകഹൃദയത്തെ ത്രസിപ്പിച്ച മലയാളത്തിന്റെ പ്രിയകവി അനിൽ പനച്ചൂരാൻ ഓർമയായി. ഋതുഭേദങ്ങൾപോലെ മാറിമറിഞ്ഞ ജീവിതവഴികളിൽ കവിക്ക് എന്നും കൂട്ടിന് കവിതയുണ്ടായിരുന്നു. പക്ഷങ്ങളുടെ ചതുരക്കള്ളികൾ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തെ തൊടാൻ വെമ്പിയ ഈ കവിക്ക് കവിത തണലും താരാട്ടുമായിരുന്നു. പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളെ സംഗീതത്തിന്റെ ദിവ്യമായ ഔഷധക്കൂട്ടിനാൽ തരളിതമാക്കാനുള്ള കവിയുടെ നാട്ടുവൈദ്യപ്പെരുമ അത്രമേൽ പ്രശംസനീയവുമാണ്. അര നൂറ്റാണ്ടുകാലത്തെ ജീവിതംകൊണ്ട് പലനൂറ്റാണ്ടിന്റെ വിസ്മയം തീർത്ത കരുത്ത് പകർന്നിട്ടാണ് കവി കടന്നുപോയത്. ഒരു അർധവൃത്തത്തെ മറ്റൊരർധവൃത്തംകൊണ്ട് പൂർണമാക്കുന്ന കാവ്യകൗശലമായിരുന്നു കവിയുടേത്. മുഴങ്ങുന്ന ശബ്ദത്തിന്റെ വിസ്മയപ്പെരുക്കത്താൽ അനുവാചകമനസ്സിൽ ആഴത്തിൽ വേരോടിയ ഈ പൂമരം അരങ്ങൊഴിയുമ്പോഴും മധുരസാന്ത്വനമായി അനുവാചകനെ പിന്തുടരുന്നു.

കാലത്തെത്തൊട്ട് കടന്നുപോയ കവിയുടെ എല്ലാ കവിതകളും കാലത്തെ അതിജീവിക്കാൻ പര്യാപ്തമായവയാണ്.

വാക്കുകളുടെ വിന്യാസത്തിൽ അസാമാന്യമായ കൈയടക്കമാണ് കവി പുലർത്തിയത്. തികച്ചും ഗ്രാമീണമായ പദങ്ങളുടെ ചേരുവയാൽ മധുരരസം പകരുന്ന ദൃശ്യബിംബങ്ങളെ കവി വരച്ചിട്ടു. ഒറ്റക്കേഴ്വികൊണ്ട് ശബ്ദാർഥങ്ങൾ മനസ്സിൽ പതിയുന്ന പദജാതങ്ങളുടെ അനുഗൃഹീത പരസ്പരാശ്ലേഷം ആസ്വാദകമനസ്സിൽ ആന്ദോളനമുണ്ടാക്കി. പ്രണയത്തിന്റെ പൊള്ളലും നോവും കൊണ്ട് സ്നാനപ്പെടുത്തിയ കവിമനസ്സിൽ പക്ഷേ കവിതയ്ക്ക് കാരിരുമ്പിന്റെ കരുത്തായിരുന്നു. ഓരോ കവിതയും ഭാവസാന്ദ്രവും അത്രമേൽ വ്യത്യസ്തവുമായിരുന്നു. കവിതയുടെ സ്ഥായീഭാവം എന്തെന്ന അന്വേഷണത്തിന് ഒരിക്കലും വഴങ്ങാത്ത കാവ്യബോധം അവസാനം വരെയും കവി കാത്തുവച്ചു. ഏതു പ്രമേയവും കവിതയ്ക്കിണങ്ങുമെന്ന നേരിന്റെ തത്വശാസ്ത്രം കവിതയിലൂടെ എഴുതിച്ചേർക്കുകയായിരുന്നൂ കവി. ഗൃഹാതുരത്വവും, പ്രണയവും, വിപ്ലവവും, നഷ്ടബോധവും, പ്രതീക്ഷയുമെല്ലാം ഒറ്റ ഫ്രെയിമിൽ അടുക്കാനുള്ള കാവ്യസിദ്ധി കവിക്ക് കരഗതമായിരുന്നു. ‘ചോരവീണമണ്ണും’, ‘തിരികെ വരുമെന്ന വാക്കും’, ‘വ്യത്യസ്തനായൊരു ബാർബറാം ബാലനും’ രചനയുടെ വിരുദ്ധ അടരുകളുടെ പ്രതിബിംബമായി നിലകൊള്ളുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത്തരം വ്യത്യസ്തതകളാൽ വിസ്മയിപ്പിച്ച കവി മരണത്തിലും വിസ്മയത്തിന്റെ തനിമ സൂക്ഷിച്ചുവയ്ക്കാൻ മറന്നില്ല.

എത്ര കേട്ടാലും മതിവരാത്ത വരികളിലൂടെ സാമാന്യജനങ്ങളുടെ ഇഷ്ടകവിയായി മാറിയപ്പോഴും നിസംഗമായൊരു ഭാവം നിലനിർത്താൻ കവിക്കു കഴിഞ്ഞു. ജീവിതത്തിലെ വ്യത്യസ്ത തിരിവുകൾ തീർത്ത രൂപഭാവമാകാം അതിനു കാരണം. ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മനസ്സിൽ സൂക്ഷിക്കുന്ന നാളുകളിൽത്തന്നെ കവി സന്യാസമെന്ന വൈരുദ്ധ്യത്തിലേയ്ക്ക് വഴിമാറുകയും ചെയ്തു. അവധൂതനായി രാജ്യസഞ്ചാരം ചെയ്ത കവിയ്ക്ക് അതിലൂടെ കിട്ടിയ അനുഭവം കവിതയ്ക്ക് മഷിപ്പാത്രമായി. ഇന്ത്യയുടെ ആത്മാവിലൂടെ നടത്തിയ യാത്രയിൽ കവികണ്ട കാഴ്ചകൾ ഒട്ടും സന്തോഷിപ്പിക്കുന്നവയായിരുന്നില്ല. ഇരുൾപ്പടർപ്പിൽ പിറവികൊള്ളുന്ന അനാഥജന്മങ്ങളുടെ കാഴ്ച സ്വാസ്ഥ്യം കെടുത്തി. കവിതയും ദുഖവും മാത്രമാണ് ഭാരതയാത്ര കവിയിൽ അവശേഷിപ്പിച്ചത്.

ആനുകാലികങ്ങളിൽ കവിത എഴുതുന്നതിനു പകരം എഴുതിയ കവിതകളെ ഉള്ളുതുറന്നു പാടി ജനകീയമാക്കുന്ന രാസവിദ്യയാണ് കവി പിന്തുടർന്നത്. കേൾവിക്കാരുടെ ചങ്കിലേയ്ക്ക് തുളച്ചുകയറി രക്തമിറ്റിക്കുന്നവയായിരുന്നു എല്ലാ കവിതകളും. അബോധപൂർണമായി ഓരോ ചുണ്ടും ആ കവിതകളിലൂടെ നിരന്തരം പൊള്ളിപ്പടർന്നു. അനിലിന്റെ കവിതയ്ക്ക് കിട്ടിയ ജനകീയത അമ്പരപ്പിക്കുന്നവയാണ്. പ്രായമോ, ഭാഷയോ, വിശ്വാസമോ, രാഷ്ട്രീയഭേദമോ ഇല്ലാതെ ജനലക്ഷങ്ങൾ ഈ കവിതകളെ സ്നേഹിച്ചു. കവിയോടൊപ്പം പ്രണയച്ചൂടിൽ വെന്തും, വിപ്ലവാഗ്നിയിൽ ജ്വലിച്ചും ഈ സ്നേഹഗാഥകൾ നാടെങ്ങും നിലയ്ക്കാതെ പെയ്തു. ലോകമെങ്ങുമുള്ള മലയാളികൾ ഈ കവിതകളെ സ്വകാര്യസമ്പത്തായി സൂക്ഷിച്ചുവച്ചു. ‘വലയിൽ വീണകിളികളും’, ‘പ്രണയകാലവും’ കാമ്പസുകളെ പൊള്ളിച്ചു. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും കാറ്റുനിറഞ്ഞ യുവത്വത്തിന്റെ സിരകളിൽ കവിതനുരഞ്ഞ കാലമായിരുന്നു അത്. മണ്ണു മണക്കുന്ന ആ കവിതകൾക്ക് സവിശേഷമായൊരു താളബോധമുണ്ടായിരുന്നു. പ്രണയത്തിന്റെ പൂക്കൾ നെഞ്ചിലേറ്റി പറക്കവെ വേടന്റെ വലയിൽവീണ കിളികളുടെ വേദന ഓരോ മനുഷ്യാത്മാവിന്റേതുമാണെന്ന പൊതുബോധമായിരുന്നു കവിയുടേത്. പങ്കുവച്ച പൊൻകിനാക്കളുടെ നിഷ്ഫലതയിൽ ഉള്ളുപിടയ്ക്കുന്ന കവിയുടെ വേദന ഒരു ജനതയുടെ വേദനയായി മാറി.

ഈണം, താളം, അർഥബോധം എന്നിവയ്ക്കപ്പുറം മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന സവിശേഷസിദ്ധിയാണ് പനച്ചൂരാന്റെ കവിതയെ വ്യത്യസ്തമാക്കുന്നത്. അവ്യാഖ്യേയമായ അനുഭൂതി പകരുന്ന നിരവധി പാട്ടുകളിലൂടെ സിനിമാലോകത്ത് അതിവേഗം സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞതും ഈ പ്രത്യേകതയുള്ളതിനാലാണ്. സാധാരണമനുഷ്യരുടെ ഹൃദയവികാരങ്ങളാണ് എന്നും കവി കവിതയ്ക്ക് വിഷയമാക്കിയത്. ഗ്രാമത്തിന്റെ പച്ചപ്പിലേയ്ക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്ന പ്രവാസിയുടെ ഹൃദയവികാരങ്ങൾ ആവിഷ്ക്കരിക്കുന്ന പ്രവാസിയുടെ ഗീതം ഗൃഹാതുരതയുടെ ആവിഷ്ക്കാരമായി. യുദ്ധവും തൊഴിൽനഷ്ടവും വരുത്തുന്ന ഭീതിയുടെ നാളുകളിൽ ഓരോ പ്രവാസിക്കും അതൊരു ഉണർത്തുപാട്ടിന്റെ സൗരഭ്യം പകർന്നുനൽകി. പരമ്പരാഗത കാവ്യബിംബങ്ങളുപേക്ഷിച്ചുള്ള വഴിമാറിനടത്തത്തിൽ കവിമനസ്സിൽ നക്ഷത്രമെരിഞ്ഞു. തുഴപോയ തോണിയിൽ തകരുന്ന മനസ്സുമായി ഇടയ്ക്ക് തീരം തേടി അലയേണ്ടി വന്നപ്പോഴെല്ലാം കവിക്ക് പുതിയ സൂര്യൻ വെളിച്ചമായി ഒപ്പം നിന്നു. വിരുദ്ധമായ ആശയങ്ങൾ പുലർത്തുന്ന രാഷ്ട്രീയവേദികളിൽ കവിതചൊല്ലിയും കാര്യം പറഞ്ഞും കവി തന്നിലെ അശാന്തിയെ പ്രകടമാക്കി. രക്തസാക്ഷിയുടെ അപദാനങ്ങളിലൂടെ യുവമനസ്സുകളിൽ വിപ്ലവമിറ്റിച്ച അതേ ചുണ്ടുകൾ തന്നെ എങ്ങനെ ഞാനറിയിക്കുമെന്ന പ്രണയകവിതയും, ഭൂതകാലനിനവുകൾ പൂത്തുലഞ്ഞ തീരഭൂമിയിലേയ്ക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും നിലനിർത്തി. സ്വന്തം ജീവിതത്തെ അത്രമേൽ സ്നേഹിച്ചുതുടങ്ങിയതിന്റെ പ്രതികരണമായി ഈ ചടുല മാറ്റങ്ങൾ അടയാളപ്പെടുന്നത് കാണാൻ കഴിയും. സ്നേഹഗാഥകൾ പാടിയ ഈ കാവ്യബുദ്ധൻ, വാക്കിന്റെ വാളെടുത്ത് ചുറ്റും പടർന്ന വേനൽ കുടിച്ചുവറ്റിക്കുന്നതും നാം കണ്ടു. കരുണരസം പുരണ്ട കാവ്യപുറന്തോടിനുള്ളിൽ ഹാസമെന്ന സ്ഥായീഭാവത്തെ വിന്യസിച്ച മെയ് വഴക്കമാണ് ഈ കവി പുലർത്തിയതെന്ന സൂക്ഷ്മബോധ്യം കവിയുടെ കവിതയും ജീവിതവും കാട്ടിത്തരുന്നുണ്ട്. കാവ്യബോധത്തിലും ജീവിതത്തിലും വ്യത്യസ്തതപുലർത്തിയ ഈ കവിയെ സത്യത്തിൽ നാം തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം കരുതാൻ.

വേട്ടനായ്ക്കൾ മുരളുന്ന ഇടവഴികളിലും നാട്ടുവെളിച്ചം വഴിവെട്ടിയിട്ട തൊടികളിലും പാട്ടുനിറച്ച ഈ പാന്ഥന് ആത്മവിശ്വാസമായിരുന്നു എന്നും കൈമുതൽ. കവിത നിറഞ്ഞുകത്തിയ നാളുകളിൽ സിനിമാലോകം കവിക്കുനേരേ കൈനീട്ടി. നൂറിലധികം പാട്ടുകളിലൂടെ അവിടെയും താരപദവി നേടി. വ്യാസനും മേലേ, തെളിഞ്ഞ മനസ്സുണ്ടെങ്കിലേ ആരും പാടാത്ത പാട്ടെഴുതാനാകൂവെന്ന അറിവ് തുണയായി. കവിത കേട്ട് കരളുരുകി ഒപ്പം കൂടിയ പെണ്ണിന്റെ സ്നേഹ സാന്ത്വനവും പാട്ടിന് കൂട്ടായി. അവസരങ്ങളുടെ അനുകൂലനത്തില്‍ കവിതയുടെ തുലാവര്‍ഷപ്പെയ്ത്തായിരുന്നു പിന്നെ. മലയാളസിനിമാലോകത്ത് തോരാതെ പെയ്യുന്ന ആ മഴയുടെ സംഗീതം ഇപ്പോഴും തുടരുകയാണ്. കഥയിൽ മാത്രം മരിച്ചുപോയ ഈ കർണൻ അനശ്വരതയുടെ കൊടുമുടിപ്പൊക്കത്തിൽ നിന്ന് ഉള്ളുപൊട്ടി പാടിക്കൊണ്ടേയിരിക്കും. മാഞ്ഞുപോയ ഈ മധ്യവേനൽവെയിൽ ഓർമയിൽ നിലാവായി പെയ്തിറങ്ങും. വിഷലിപ്തമാകുന്ന സമൂഹമനസ്സിൽ ആർദ്രതയുടെ പൊള്ളുന്ന തീപ്പാട്ടായി എക്കാലവും പനച്ചൂരാൻ കവിതകൾ നിറഞ്ഞുനിൽക്കും. നൊമ്പരക്കാഴ്ചകൾ നിറഞ്ഞുപടരുന്നിടങ്ങളിലെല്ലാം ചന്ദനത്തണുപ്പോടെ അനിലിന്റെ കവിതകൾ കനിഞ്ഞുണരും. ഇനിമേൽ കവിയോർമകളും കവിതയും മാത്രമെന്ന സത്യത്തിലേയ്ക്കുണരാൻ കവി കുറിച്ച വരികൾ മാത്രം.

”ഒരു കവിതകൂടി ഞാൻ എഴുതി വയ്ക്കാം

എന്റെ കനവിൽ നീ എത്തുമ്പൊളോമനിക്കാൻ

ഒരു മധുരമായെന്നുമോർമവയ്ക്കാൻ

ചാരുഹൃദയാഭിലാഷമായ് കരുതിവയ്ക്കാൻ…”

മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ