എൻ ശ്രീകുമാർ

November 08, 2020, 9:55 am

‘ദേശ’പ്പെരുമ ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെ കണ്ട എന്‍ കെ ദേശം

Janayugom Online

എൻ ശ്രീകുമാർ

ഴിഞ്ഞ ഒക്ടോബർ 31 ന് ക്ഷണിക്കാത്ത അതിഥിയായി എൺപത്തിനാലാം പിറന്നാൾ ദിനത്തിൽ കവി എൻ കെ ദേശത്തിന്റെ വസതിയിലെത്തി. ഒരു കവിതാ പുസ്തക പ്രകാശന ചടങ്ങിന്റെ ഭാഗമായിരുന്നു, സന്ദർശനം. സ്നേഹവും പിറന്നാൾ സദ്യയും തന്ന് അദ്ദേഹവും കുടുംബവും മനസ്സും വയറും നിറച്ചു. എൻ കെ ദേശം എന്ന എൻ കുട്ടികൃഷ്ണ പിള്ള മലയാളം കൊണ്ടാടിയിട്ടുള്ള കവിയല്ല. അങ്ങനെയൊന്നുമുള്ള വ്യാമോഹം അദ്ദേഹത്തിന്റെ ചിന്തയിലുണ്ടാവാനും ഇടയില്ല.

അംഗീകാരത്തിനും പേരിനും പെരുമയ്ക്കും പിന്നാലെ പാഞ്ഞില്ലെങ്കിലും തന്റെ കാവ്യ സാന്നിധ്യത്തെ മലയാളം തിരിച്ചറിയുമെന്ന ഉള്ളുറപ്പ് അദ്ദേഹത്തിനും ആ കവിതകൾക്കുമുണ്ട്. ആ കാവ്യകല തിരിച്ചറിഞ്ഞ ആസ്വാദക വൃന്ദം തന്നെ താൽപര്യപൂർവ്വം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന കാര്യവും കവി അറിയുന്നുണ്ട്. അവരോടെല്ലാം നിഷ്ക്കാമമായ മനോവൃത്തിയിൽ തനിക്കു തരാനുള്ള കവിതയിതാണെന്നും ആസ്വദിക്കാനാകുമെങ്കിൽ സ്വീകരിച്ചാലും എന്ന നിലപാടാണ് കവിക്കുള്ളത്. പാതിരാവിൽ വിരിയുന്ന നിശാഗന്ധി പുഷ്പങ്ങളെപ്പോലെ വിശുദ്ധവും വിനയാന്വിതവുമാണതിന്റെ മുഖമുദ്ര. നിർമ്മലമായ നർമ്മബോധവും ആത്മരോഷത്തിന്റെ ചാട്ടുളിയും പക്ഷേ, ആ കവിതകൾക്ക് അന്യമല്ല.

 

കവിതയിലെ യുവത്വത്തിന്റെ ആഘോഷം

യൗവനത്തിന്റെ വസന്തത്തെ പാടി പുകഴ്ത്തിയ കവിയാണ് എൻ കെ ദേശം. സ്നേഹവും പ്രണയ ഭാവങ്ങളും ചാലിച്ചെടുത്ത അക്ഷരങ്ങളിൽ കവിത ആഘോഷിച്ച കവിയാണദ്ദേഹം.
‘എൻ കരളിൻ വെളിച്ചമേ വരിക നീ,യുടലാർന്ന
പൊൻകിനാവേ,യീ വസന്തം പോവതിൻ മുമ്പേ’
എന്നും
‘ഇനിയുമിങ്ങെത്തും മധു കിനിയുന്ന വസന്തവും
കനികളിൽ കഴമ്പൂറും ശരത്തു, മെന്നാൽ
തിരികെ തൻ കൂടുതേടി വരികയില്ലൊരു നാളും
തരുണിമയൊരു വട്ടം പറന്നകന്നാൽ’
എന്നും ചോരത്തുടിപ്പുള്ള കാലത്തെ മതിയാവോളം പാനം ചെയ്യണമെന്ന് മോഹിച്ച കവിതകളാണ് എൻ കെ ദേശം എഴുതിയത്.
‘പൊൻ തളികപോൽ വിടർന്നുല്ലസിക്കും പൂക്കൾ, തുടു -
മുന്തിരിച്ചാറെതിരൊളിപ്പൊൻ വെയിൽ നാളം,
ഈ വികസൽ ചൈത്ര കാലലീലകളിൽ പങ്കു കൊള്ളാൻ,
നീ വരൂ വിലാസിനിയായ് ജീവിതേശ്വരി’
എന്ന് പൂത്തും വിടർന്നും മധു നുകർന്നും പാറി നടക്കുന്ന ജീവിതത്തെ തനി കാൽപനികനായി നോക്കിക്കണ്ട
കവിയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള കവി എൺപത്തിനാലിന്റെ നിറവിൽ ആയിരം പൂർണ ചന്ദ്രന്മാരെ ദർശിച്ച സൗഭാഗ്യത്തിൽ എങ്ങനെയാകും ജീവിതത്തെ വിലയിരുത്തുക എന്നറിയാൻ ആസ്വാദകർക്ക് സ്വാഭാവിക ആകാംക്ഷയുണ്ടാകുമെന്നത് തീർച്ച. ഇന്ന്, യൗവനത്തിൽ നിന്ന് താൻ ഏറെ യാത്ര ചെയ്തകന്നതിൽ, പക്ഷേ, കവിക്കു നൊമ്പരമില്ല, നഷ്ടബോധവും എന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കും പറയുന്നുവെന്നാണ് തോന്നിയത്.
‘അറിവുള്ളോർ പറയുന്നു മനു ജീവിതം കുറെ
മറിമായമയമായ കിനാക്കൾ മാത്രം
അർഥമില്ല, യുക്തിയില്ല, തമ്മിലില്ല ബന്ധ,മന്ത -
സ്സത്തയില്ല, പൊള്ളയാണു സർവ്വവുമത്രേ’
എന്ന് ജീവിതത്തെ വായിക്കാൻ ശ്രമിച്ചതും ഈ കവിയാണെന്ന നേരും നമുക്ക് ആ കവിതകളിലൂടെ ബോധ്യമാവും.
അത്ര താൽപര്യത്തോടെയല്ലെങ്കിലും അക്ഷരശ്ലോക കല പഠിക്കാൻ നിർബന്ധിതമായ ബാല്യം തന്റെ പിൽക്കാല കാവ്യജീവിതത്തിന് ഊടുംപാവും തീർത്തെന്ന് കവി സമ്മതിക്കുന്നുണ്ട്. ശ്ലോകരൂപത്തിൽ കവിത നിർമ്മിക്കുന്നതിൽ അദ്ദേഹത്തിനുള്ള പടുത്വം അസൂയാവഹമായിരുന്നു എന്ന അഭിപ്രായം വൈലോപ്പിള്ളി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എൻ കെ ദേശത്തിന് അംഗീകാരമോ, തിരസ്ക്കാരമോ പ്രശ്നമേയല്ല. കാവുകൾ പൂക്കുംപോലെ, പൂവിൽ തേൻ നിറയുംപോലെ ഒരു സ്വാഭാവിക നിർമ്മിതി മാത്രമാണ് കവിത. ആരിഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും, അത്ര തന്നെ!

നിഷ്പക്ഷ കാവ്യ രചനകൾ

കവിത നിഷ്പക്ഷമാണോ, ആകണോ എന്നത് ഗൗരവമുള്ള വിഷയമായിരിക്കാം. എന്നാൽ എൻ കെ ദേശം തന്റെ ആശയ പക്ഷത്തെ ആവിഷ്ക്കരിക്കാനുള്ള മാധ്യമമായി കവിതയെക്കണ്ടില്ല. നിഷ്ക്കാമവും നിഷ്കളങ്കവുമായി ജീവിതത്തെ നോക്കിക്കണ്ടതല്ലാതെ ആശയങ്ങളോ കാഴ്ചപ്പാടുകളോ നിറം പിടിപ്പിച്ച കവിതയല്ല അദ്ദേഹത്തിന്റേത്. താളാത്മകവും വൃത്തനിബദ്ധവുമായ പാരമ്പര്യ കാവ്യവഴിയാണ് ശരിയെന്നും നല്ലതെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കലർപ്പില്ലാത്ത ജീവിതമാണദ്ദേഹത്തിന്റെ കാവ്യത്തുടുപ്പുകളെന്ന് നിസംശയം പറയാം. ടാഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തുമ്പോൾ, അത് മനോഹരമായി ആദ്യം പരിഭാഷ ചെയ്ത കവി ജി ശങ്കരക്കുറുപ്പിന് സമർപ്പിച്ചതിലെ ഔചിത്യംപോലെ നിർമ്മലമാണദ്ദേഹത്തിന്റെ കവിത. സൗമ്യ മധുരമായ നർമ്മരസവും അഗാധമായ കാലദേശാവബോധവും ദൃഢമായ വ്യുൽപ്പത്തിയുമുള്ള കവിതയാണ് എൻ കെ ദേശത്തിന്റെതെന്ന് എൻ വി കൃഷ്ണവാര്യർ രേഖപ്പെടുത്തിയിട്ടുണ്ട്. സത്യസന്ധവും സഫലവുമായ ദേശം കവിത അർഹിക്കുന്ന അത്ര അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ഡോ. എം. ലീലാവതി വർഷങ്ങൾക്കു മുമ്പേ പറഞ്ഞു വെച്ചിട്ടുമുണ്ട്.

നല്ല മനുഷ്യനും വഴികാട്ടിയും

തന്റെ നാടായ ‘ദേശ’ത്തുകാരിയാണ് 1970 കളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ കവിതാ രചനാ മത്സരത്തിൽ വിജയിയായ കെ വിലാസിനിയെന്ന പെൺകുട്ടിയെന്ന് വളരെ നാളിനു ശേഷമാണ് എൻ കെ ദേശത്തിനു മനസ്സിലായത്. തെളിമയാർന്ന ആ കവിത വായിച്ച കവി, കവിതകൾ തുടർന്നും പ്രസിദ്ധീകരണത്തിനയക്കാൻ നിർദ്ദേശിച്ചു. കാവ്യപുണ്യമുള്ള കവിതകളാണെങ്കിലും എഴുത്തുകാരി കവി യശ: പ്രാർഥിയല്ലാത്തതിനാൽ തന്റെ കവിത പത്രപംക്തികളിൽ അച്ചടിച്ചു വരാൻ വലിയ താൽപര്യം പ്രകടിപ്പിച്ചില്ല. മാത്രമല്ല, താൻ എഴുതുന്നത് പ്രസിദ്ധീകരണ യോഗ്യമാണോ എന്ന ശങ്കയും! എൻ കെ ദേശം തന്നെ എൻ വി കൃഷ്ണവാര്യർക്ക് അയച്ചു കൊടുത്തപ്പോൾ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർന്നുള്ള ലക്കങ്ങളിൽ കെ വിലാസിനിയുടെ കവിതകൾ പ്രത്യക്ഷമായി! വിലാസിനി എന്ന പേരിൽ കവിത പ്രസിദ്ധീകരിക്കുന്നത് തന്റെ തൂലികാനാമം ദുരുപയോഗം ചെയ്യലായികാട്ടി നോവലിസ്റ്റ് വിലാസിനി എന്ന എം കെ മേനോൻ രംഗത്തുവന്നതോടെ അവർ കൂടുതൽ ഉൾവലിഞ്ഞു. പിന്നീട് കെ വിലാസിനിയെന്ന കവയിത്രിയുടെ കവിത ഒളിവു ജീവിതത്തിലായി. അവരുടെ ഭർത്താവിനോടുൾപ്പെടെ കവിതയുമായി കെ വിലാസിനിയുടെ പുന: പ്രവേശനത്തിന് എൻ കെ ദേശം നിർബന്ധിച്ചു. പക്ഷേ, വഴങ്ങിയില്ല. അവർ ഉദ്യോഗസ്ഥയായി തലസ്ഥാന നഗരിയിലെ തിരക്കുള്ള ജീവിതത്തിലേക്ക് ചേക്കേറി.

കെ വിലാസിനിയെ വീണ്ടെടുക്കുന്നു

വർഷങ്ങൾക്കിപ്പുറം, കെ വിലാസിനിയുടെ ജീവിതം ഏഴു പതിറ്റാണ്ട് പിന്നിട്ടിരിക്കേ, ഒരു കാവ്യാസ്വാദകൻ, എൻ ജയകുമാർ താൻ ചെറുപ്പകാലത്തു വായിച്ചാസ്വദിച്ച കവിയിത്രി കെ വിലാസിനി ഇപ്പോഴെവിടെയെന്നന്വേഷിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു കത്ത് പ്രസിദ്ധീകരിച്ചു. അവർ മരിച്ചു പോയിട്ടുണ്ടാവാമെന്നും അദ്ദേഹം കത്തിൽ സന്ദേഹിച്ചിരുന്നു. കത്ത് ശ്രദ്ധയിൽപ്പെട്ട കവയിത്രിയുടെ മകൾ, അമ്മ ജീവിച്ചിരിപ്പുണ്ടെന്ന കാര്യവും അന്വേഷണത്തിന് നന്ദിയും അറിയിച്ചു. യഥാർഥ സൗഹൃദയന്റെ അന്വേഷണവും നിർബന്ധവും ചേർന്നപ്പോൾ കവയിത്രി കവിതകൾ പ്രസിദ്ധീകരിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ, തന്റെ അംഗീകാരം ലഭിച്ച കവിതകളുടെ പോലും കോപ്പികൾ കയ്യിലില്ല! അന്വേഷണം എൻ കെ ദേശത്തിലേക്ക് നീണ്ടു. കെ വിലാസിനി പണ്ട്, പരിശോധനക്കായി നൽകിയ കാവ്യ പുസ്തകം എൻ കെ ദേശം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവയും, പുതിയ ചില രചനകളും ചേർത്ത് കവിത പുസ്തകമാക്കി. കവയിത്രിയുടെ ആഗ്രഹം പോലെ എൻ കെ ദേശത്തിന്റെ തന്നെ അവതാരികയോടെ. അത് പ്രകാശനം ചെയ്യുന്നത് തന്റെ കാവ്യഗുരു തന്നെ വേണമെന്ന തീരുമാനമായിരുന്നു, കെ വിലാസിനിക്ക്. തന്റെ പിറന്നാൾ ദിനം തന്നെയാണ് അതിനുചിതമെന്ന് എൻ കെ ദേശം തീരുമാനിച്ചു. കോവിഡ് കാലത്തെ മാനദണ്ഡങ്ങൾ കാരണം ഉപേക്ഷിച്ച ശതാഭിഷേകാഘോഷം ഒരു പുസ്തക പ്രകാശനത്തിൽ മാത്രമായി ഒതുക്കി. താൻ, കൈ തൊട്ടനുഗ്രഹിച്ച കവിതകൾ പുസ്തകമാക്കിയത് സഹൃദയസമക്ഷം പ്രസിദ്ധീകരിക്കുമ്പോൾ എഴുത്തുകാരായ ആത്മാരാമനും, ഡി ബഞ്ചമിനും ഡോ. ചേരാവള്ളി ശശിയും കെ എൻ കെ നമ്പൂതിരിയും എൻ ജയകുമാറും കാവാലം ബാലചന്ദ്രനും സംഗീതജ്ഞൻ ഡോ. മണക്കാല ഗോപാലകൃഷ്ണനും ഡോ. മുരാരി ശംഭുവും ഇന്ദിരാ കൃഷ്ണനും ഉൾപ്പെടെയുള്ളവർ നേരിട്ടും ഓൺലൈനായും സാക്ഷികളായി. ശ്രീജിത് താമരശ്ശേരി കവിതകൾ ചൊല്ലി മുഹൂർത്തം കൂടുതൽ ധന്യമാക്കി. എൻ കെ ദേശമെന്ന മനുഷ്യന്റെ നിഷ്ക്കളങ്കവും എന്നാൽ ദീപ്തവുമായ മനസ്സാണ് ആ പുസ്തക പ്രകാശനം പ്രതിഫലിപ്പിച്ചതെന്ന് തീർച്ച.

ജീവിതരേഖ

ആലുവാപ്പുഴയോരത്തുള്ള ദേശം ഗ്രാമത്തിൽ 1936 ൽ ജനിച്ച കവിയുടേതായി അന്തിമലരി, കന്യാഹൃദയം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നക്ഷരാളി, അപ്പൂപ്പൻ താടി, എലിമീശ, മുദ്ര തുടങ്ങി ഈടുറ്റ ഒരുപിടി കാവ്യസമാഹാരങ്ങളുണ്ട്. കേരള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, ഇടശേരി അവാർഡ്, ചങ്ങമ്പുഴ അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങളും തേടിയെത്തി. എൽഐസിയിലെ ഔദ്യോഗിക തിരക്കിനിടയിലും കവിതാ വഴിയിലെ നിത്യസഞ്ചാരിയായി നിലകൊണ്ടു എൻകെ ദേശം. ഭാര്യ ലീലാവതിയും മക്കളും ചെറുമക്കളുമായി അങ്കമാലിക്കടുത്ത് കോതകുളങ്ങരയിൽ വായിച്ചും എഴുതിയും എൺപത്തിനാലിലും സൗന്ദര്യാസ്വാദകനായി പ്രസരിപ്പോടെ ജീവിതം നയിക്കുന്നു.

സ്നേഹവും കരുതലും

കവിതാ വഴിയിൽ തനിക്ക് പിറകേ വരുന്നവരോട് അത്രയ്ക്ക് സ്നേഹവും കരുതലും അദ്ദേഹത്തിനുണ്ട്.
വഴിയോരത്തു പാട്ടുകാരിയായ വർണക്കിളിയെ കാണുമ്പോൾ:
‘നിന്റെ നിസർഗ്ഗ കലാനിപുണതയും
നിസ്സംഗതയുമൊരളവോളം
ക്ഷുദ്രവികാരമലീമസമാം നര-
ഹൃത്തിനു നേടാനായെങ്കിൽ
എത്ര രസാവഹമായേനെ വാഴ്-
വെത്ര മനോഹരമായേനെ! ’
(പ്രകൃതിയിലേക്ക് )
എന്ന് കവി പാടുന്നുണ്ട്. എൻ കെ ദേശമെന്ന എഴുത്തുകാരന്റെ ഉപാധികളില്ലാത്ത ജീവിതവും കവിതയും ഈ വരികളിൽ തെളിഞ്ഞു തന്നെ പ്രതിഫലിക്കുന്നുണ്ട്.
ആ കാവ്യഗുരുവിനും കുടുംബത്തിനുമൊപ്പം ശതാഭിഷേക നിറവിൽ സദ്യയും സഹൃദയത്വവും ഉണ്ണാൻ അവസരം ലഭിച്ചത് ഒളിമങ്ങാത്ത ജീവിത സ്മരണയായി നിലകൊള്ളുമെന്ന് ഈയുള്ളവരും കരുതുന്നു.