പി സുനിൽകുമാർ

February 28, 2021, 3:42 am

ദസ്തയേവ്സ്കിയുടെ ഇരുനൂറാം ജന്മ വാര്‍ഷികം; സെന്റ് പീറ്റേഴ്സ് ബെർഗിലെ പ്രവാചകന്‍

Janayugom Online

ഴുതിയവയെല്ലാം പ്രവചനസ്വഭാവമുള്ള വാക്കുകൾ. ജ്വലിക്കുന്ന ദർശനങ്ങൾ. ഓരോ വാക്കുകളും ആത്മാവിന്റെ ആഴങ്ങളെ ഇളക്കിമറിക്കുന്നവ. മൃതശാന്തികളെ കൊടുംകാറ്റിന്റെ വന്യതകളായി പരിവർത്തിപ്പിച്ചുകൊണ്ടാണ് ദസ്തയേവ്സ്കി എന്ന കഥാകാരൻ ഈ ലോകത്തു ജീവിച്ചത്. റഷ്യൻ ജനത തികഞ്ഞ അടിമത്തത്തിലും, സാംസ്കാരിക അരാജകത്വത്തിലും കഴിഞ്ഞ സർ ഭരണകാലത്ത് ഒരു പ്രവാചകനെപ്പോലെ അയാൾ കടന്നു വന്നു. തന്നെ നിരാകരിച്ചവരെ, ജയിലറകളിൽ അടച്ചവരെ, ആക്ഷേപിച്ചവരെ എല്ലാം സ്തബ്ധരാക്കിക്കൊണ്ട് ഒരു സൗമ്യ വിഷാദമായി ഈ കഥാകൃത്ത് നമുക്കിടയിൽ ജീവിച്ചു. ഒരു തീക്ഷ്ണമായ വേദന ഹൃദയത്തിന്റെ അറകളിൽ കൊളുത്തി അയാളുടെ ഓരോ കഥകളും നമ്മെ സ്വയം നവീകരിച്ചു. ഒരാളുടെ ആത്മാവിനെ മറ്റൊരാൾക്ക് മുന്നിൽ തുറന്നു കാട്ടും വിധം എങ്ങനെ അവതരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം എപ്പോഴും ചിന്തിച്ചിരുന്നു. ആ ചിന്തകൾ അയാളെ കൂട്ടിക്കൊണ്ടുപോയത് നിസ്സഹായരായ മനുഷ്യ ജീവിതങ്ങളുടെ കഥ പറയുന്നതിലേക്ക് ആയിരുന്നു.

ഒരിക്കൽ തന്റെ വിഖ്യാത പ്രസിദ്ധീകരണമായ writ­ers diary യിൽ അദ്ദേഹം എഴുതി, “അവരെന്നെ മനഃശാസ്ത്രജ്ഞൻ എന്ന് വിളിക്കുന്നു; അത് സത്യമല്ല. ശരിയായ അർത്ഥത്തിൽ ഞാനൊരു യാഥാർത്ഥ്യവാദിയാണ്. അതായത് മനുഷ്യാത്മാവിന്റെ ആഴങ്ങളെയാണ് ഞാൻ ചിത്രീകരിക്കുന്നത്.” അശനിപാതം പോലെ അടിക്കടി സ്വന്തം ജീവിതത്തിലേക്ക് ഒഴുകിവന്ന ദുരന്തങ്ങളെയാകെ സ്വന്തം മന:സ്തൈര്യം കൊണ്ട് നേരിട്ട മനുഷ്യൻ. ഉള്ളുകൊണ്ട് ഭീരുവും അധോമുഖനും എന്ന് ലോകം വിലയിരുത്തിയപ്പോഴും തന്റെ ഉള്ളിൽ അന്തർലീനമായ ആത്മീയതയുടെ ശക്തമായ അടരുകളെ ഉപയോഗിച്ച് ആ മനുഷ്യൻ നേരിട്ടു. അച്ഛനും അമ്മയും യൗവനത്തിന് മുൻപ് നഷ്ടപ്പെട്ട അയാളുടെ മനസ്സ് നിറയെ പുഷ്കിന്റെ കവിതകൾ ആയിരുന്നു. പ്രിയ ഗുരു നിക്കോളയ് ബലവിച്, കവിയായ ഡർഷാവിൻ എന്നിവരുടെ സ്വാധീനം വളരെ വലുതാണ്. അചഞ്ചലമായ മത വിശ്വാസത്താൽ മനസ്സിൽ കുടിയേറിയ പാപ‑പീഢ ചിന്തകൾ അയാളെ ജീവിതകാലം മുഴുവൻ പിന്തുടരുകയായിരുന്നു.

റഷ്യൻ സാഹിത്യ ലോകത്ത് പലരെയും വളർത്തുകയും തളർത്തുകയും ചെയ്ത ബലിൻസ്കി, ദസ്തയേവ്സ്കിയുടെ ആദ്യ കൃതിയായ ‘പാവപ്പെട്ടവർ’ വായിച്ച ശേഷം പറഞ്ഞു; “കലയുടെ യഥാർത്ഥ സത്യം ഇതാണ്.” പിന്നീടങ്ങോട്ട് നിരവധി രചനകൾ. രണ്ടാമത്തെ കഥയായ ‘അപരന്’ വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയത് അദ്ദേഹത്തിൽ വിഷാദം സൃഷ്ടിച്ചു. എന്നാൽ ഈ എഴുത്തുകാരനെ വേണ്ടപോലെ മനസിലാക്കാതെ പോയ കാലം പിന്നീട് ആ കൃതിയെ മഹത്തരമെന്ന് പ്രകീര്‍ത്തിച്ചു കുമ്പസാരിച്ചു. 1821 നവംബര്‍ 11ന് ഡോക്ടറുടെ മകനായി ജനിച്ച ദസ്തയേവ്സ്കി തന്റെ പിതാവ് ജോലി ചെയ്യുന്ന ധർമാശുപത്രിയിലെ മനുഷ്യ ജീവിതങ്ങൾ കണ്ട് ലോകത്തെ മനസിലാക്കി. ജനനം പ്രഭു കുടുംബത്തിൽ ആയിരുന്നെങ്കിലും അദ്ദേഹം എന്നും പാവങ്ങൾക്കൊപ്പമാണ് നിലകൊണ്ടിരുന്നത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടതും യൗവനത്തിൽ അച്ഛന്റെ മരണവും അയാളിൽ മുറിവുകൾ സൃഷ്ടിച്ചു. ഈ മുറിവുകൾ സമ്മാനിച്ച സന്നി രോഗം മരിക്കും വരെ അദ്ദേഹത്തെ പിന്തുടർന്നു. രോഗങ്ങളും പീഡകളും പകർന്നേകിയ അനുഭവങ്ങൾ തീർത്ത വിഭ്രമാത്മക യൗവനകാലത്ത് ‘വെളുത്ത രാത്രികൾ’ എഴുതി സാഹിത്യ ലോകത്തെ അദ്ദേഹം അമ്പരപ്പിച്ചു

വ്യവസ്ഥിതിക്കെതിരെ പോരാടുന്ന ക്ഷുഭിത യൗവനം ഏത് എഴുത്തുകാരനെയും പൊള്ളിക്കുന്ന യാഥാർഥ്യങ്ങളെ നേരിടാൻ പ്രാപ്തനാക്കുക തന്നെ ചെയ്യും. കലാലയത്തിൽ എൻജിനിയറിങ് പഠിച്ച, വായനയും സാഹിത്യ ചർച്ചയും ഒരു ചര്യപോലെ കൊണ്ടു നടന്ന ആ യുവാവ് പെട്രോഷോവ്സ്കി എന്ന ചിന്തകന്റെ ചർച്ചാ കൂട്ടായ്മയിൽ സുഹൃത്തിനൊപ്പം എത്തിച്ചേരുകയുണ്ടായി. സർ ചക്രവർത്തിയുടെ ഭരണകൂടം വിലക്കിയിരുന്ന കൂട്ടായ്മാ സംഘത്തിലെ അംഗങ്ങളെ 1849 ഏപ്രിൽ മൂന്നിന് അറസ്റ്റ് ചെയ്തു. എട്ടു മാസം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ അവരെയെല്ലാം തൂക്കിലേറ്റാൻ വിധിക്കുകയായിരുന്നു. താമസം ഒട്ടുമുണ്ടായില്ല. അടുത്ത പുലരിയിൽ സൂര്യപ്രകാശം ഭൂമിയിൽ പതിക്കും മുൻപ് അവർ ജീവൻ ഒരു തോക്കിന് മുന്നിൽ ഒടുക്കി രക്തസാക്ഷികളാകാൻ പോകുന്നു. എന്നാൽ ഒടുവിലെ നിമിഷത്തിൽ, വിലങ്ങുകൾ അണിഞ്ഞ് വധ ശിക്ഷ നേരിടാൻ നിന്ന അവരെ ഒരു ഉത്തരവിലൂടെ സർ ചക്രവർത്തി തന്നെ സൈബിരിയായിലേക്ക് നാടുകടത്തി. ‘പള്ളി മേടയിലെ ഗോപുരാഗ്രത്തിൽ പ്രഭാത സൂര്യ രശ്മികൾ ആ നിമിഷത്തിൽ തിളങ്ങിയത് വല്ലാത്ത കാഴ്ച്ചയാണ്’ എന്ന് ദസ്തയേവ്സ്കി പിന്നീട് എഴുതിയിട്ടുണ്ട്.

തങ്ങളെ കൊല്ലാതെ വിട്ടതിന്റെ നടുക്കം ചിലരിൽ ബോധം മറിയുന്ന മാനസികാവസ്ഥ സൃഷ്ടിച്ചു. മൈനസ് മുപ്പത് ഡിഗ്രി തണുപ്പ് രാത്രിയിലും, പകൽ അതി കഠിനമായ ചൂടിലും അവർ പണിയെടുക്കണം. ജയിൽ നിറയെ കൊടും കുറ്റവാളികൾ. പാറ്റകളും, മാലിന്യവും നിറഞ്ഞ് വൃത്തികെട്ട ജയിൽ അകങ്ങൾ, കലഹങ്ങൾ, ചെയ്യാത്ത കുറ്റങ്ങൾക്ക് ശിക്ഷ വാങ്ങിയവരുടെ ദുഃഖങ്ങൾ എല്ലാം അദ്ദേഹം അറിഞ്ഞു. തന്റെ മനസ്സിന്റെ ഒഴിഞ്ഞ കോണുകളിൽ അദ്ദേഹം അവയെ നിറച്ചു വെച്ചു. ദസ്തയേവ്സ്കിയുടെ ഉള്ളിൽ നിറയെ വിരിഞ്ഞു വന്ന കഥകൾ എഴുതാൻ കഴിയാതെ അദ്ദേഹം വീർപ്പുമുട്ടി. ജയിലിൽ തളർന്നിരുന്ന പകലുകളിൽ ഒരിക്കൽ അദേഹം തന്റെ ഡയറിയുടെ മുഷിഞ്ഞ താളുകളിൽ ഇങ്ങനെ എഴുതി, ‘സൃഷ്ടി നടത്തുന്ന ആത്മാവിന് അനിവാര്യമായ ജീവിതമെന്ന കലയെ അറിയുന്ന, വളർത്തുന്ന തല എന്റെ കഴുത്തിന് മുകളിൽ വെച്ച് എന്നേ വെട്ടി മാറ്റപ്പെട്ടിരിക്കുന്നു.’

പ്രഭുത്വം പിച്ചി ചീന്തപ്പെടണമെന്ന താല്പര്യത്തിൽ ജീവിക്കുന്ന തടവുപുള്ളികൾക്കിടയിൽ പ്രഭു കുടുംബാംഗമായ ദസ്തയേവ്സ്കിയും അവരുടെ വെറുപ്പിന് പാത്രമായി. ഡോക്ടറായ അച്ഛന്റെ മരണത്തോടെ അന്യാധീനമായ സ്വത്തുക്കൾ, പെരുകുന്ന ബാധ്യതകൾ ഒക്കെ അവരുടെ കുടുംബത്തെ വല്ലാതെ ഉലച്ചു. നാല് വർഷത്തെ ജയിൽ ജീവിതം അയാളെ പരിപൂർണമായും മാറ്റിക്കളഞ്ഞു. തുടർന്ന് ഒരു വർഷം സൈനിക സേവനം. അവിടെ പട്ടാള ബാരക്കുകൾക്കിടയിൽ കണ്ട ഒരു മുഖം അയാളെ വല്ലാതെ സ്വാധീനിച്ചു. വിവാഹിതയും പാവലൻ എന്ന കുട്ടിയുടെ മാതാവുമായ തന്നെക്കാൾ പ്രായമുള്ള മരിയ എന്ന സ്ത്രീ. അവരുടെ തകർന്ന വൈവാഹിക ജീവിതം അയാളിൽ വിരിയിച്ചത് അനുതാപത്തിന്റെ മുളകൾ ആയിരുന്നു.

ദസ്തയേവ്സ്കിയുടെ ഭാഷയിൽ ലോകത്ത് രണ്ട് തരം ആളുകളാണ് ഉള്ളത്. ഒന്ന് തങ്ങളുടെ പരമ്പരയുടെ വർധനവിൽ മാത്രം തൽപരരും വിനീതരും ലോക ക്രമമനുസരിച്ചുള്ള ജീവിതം നയിക്കുന്നവരും. രണ്ടാം ഗണത്തിൽ അസാധാരണമായ ഇന്നിന്റെ നിയമങ്ങളെ അപ്പടി നിരാകരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത് ലോകത്തെ മാറ്റാൻ പണിപ്പെടുന്നവർ. താനിതിൽ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തണുത്തുറഞ്ഞ സെന്റ് പീറ്റേഴ്സ് നഗരത്തിലെ വഴികളിലൂടെ അയാൾ ഒരു സ്വപ്നാടകനെ പോലെ അലഞ്ഞു. നേവാ നദിയുടെ തീരങ്ങളിൽ അയാൾ ‘വെളുത്ത രാത്രി‘കളെത്തേടി. വീട്ടിത്തീർക്കാനാവാത്ത കടങ്ങളുടെ ജീവിതം തന്നെ കീഴ്പ്പെടുത്തുമെന്ന് ഭയന്ന നിമിഷങ്ങളിൽ ഒരു മാലാഖയെപ്പോലെ ‘ചൂതാട്ടക്കാരൻ’ എന്ന കഥ പകർത്തിയെഴുതാൻ വന്ന അന്ന സ്നിറ്റികിന എന്ന ഇരുപത്തിയഞ്ചു വയസിനിളപ്പമുള്ള യുവതി നോവൽ എഴുതി കഴിയുമ്പോഴേക്കും അയാളുടെ ഭാര്യയായി. വെറുത്തു കൊണ്ട് തന്നെ ഇഷ്ടപ്പെട്ട ആദ്യ ഭാര്യയുടെ മരണവും എല്ലായ്പ്പോഴും തന്റെ കൂടെ നിന്ന സഹോദരൻ മിഖായേലിന്റെ അകാല മരണവും അയാളെ വല്ലാത്ത വിഷാദത്തിന്റെ ആഴങ്ങളിലേക്ക് എടുത്തെറിഞ്ഞിരുന്നു. അവയ്ക്ക് മോചനം അന്നയുടെ മാതൃ സഹജമായ പരിചരണത്തിലൂടെ കിട്ടിയപ്പോൾ അയാളിലെ എഴുത്തുകാരൻ കൂടുതൽ പ്രോജ്വലിച്ചു.

‘കുറ്റവും ശിക്ഷയും’ പൂർത്തീകരിക്കാനും വിദേശയാത്രകൾ തുടരെ ചെയ്യാനും അയാളിലെ ഒറ്റപ്പെടലിന്റെ, അന്തർ മുഖത്വത്തിന്റെ പരിസരങ്ങളെയാകെ തകർത്തെറിയാനും അവരുടെ സാമീപ്യം സഹായിച്ചു. പൊലീന എന്ന മുൻ കാമുകിക്കൊപ്പം ശീലിച്ച ചൂതാട്ടം അയാളെ വല്ലാതെ ആകർഷിച്ചിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വിജയങ്ങൾ അയാളെ കൂടുതൽ കൂടുതൽ കളിക്കാൻ പ്രേരിപ്പിച്ചു. പക്ഷേ കൂടുതൽ പരാജയങ്ങൾ അയാളെ പലേടങ്ങളിലും കാത്തിരുന്നു. രാജ്യം വിട്ടു പോലും ചൂത് കളിച്ചു, തന്റെ വർധിച്ചു വന്ന കടങ്ങൾ വീട്ടാനായി. ജീവിതത്തിൽ താൻ എത്രയോ സമയം വെറുതേ കളഞ്ഞു എന്ന് അന്നയുടെ കാൽക്കൽ വീണ് അദ്ദേഹം വിലപിക്കുന്നുണ്ട്. ഒടുവിൽ അതൊക്കെ അവസാനിപ്പിച്ച് തനിക്ക് കിട്ടിയ മഹാ പ്രതിഭയുടെ വെളിച്ചത്തിൽ എഴുതിയ കൃതികളുടെ പ്രകാശനത്തിലൂടെ, അന്നയുടെ പിന്‍തുണയോടെ കടങ്ങൾ വീട്ടാനും സ്വന്തമായി ഒരു വീട് വാങ്ങാനും ജീവിതത്തിന്റെ അവസാന കാലയളവിൽ കഴിഞ്ഞു.

“ഞാനൊരു കാപട്യക്കാരനല്ല. ഏതൊരു വിഷയത്തിലും എന്റെ ആത്മാവർപ്പിച്ചാണ് ഞാൻ കാര്യങ്ങൾ ചെയ്യുന്നത്. എല്ലാ കാര്യങ്ങളിലും എനിക്ക് നീതിയുക്തമെന്നും ശരിയെന്നും തോന്നുന്ന പരിഗണനകളാലാണ് ഞാൻ നയിക്കപ്പെടുന്നത്” തന്റെ ആത്മസത്തയെ സ്വയം തിരിച്ചറിഞ്ഞ ഒരെഴുത്തുകാരന്റെ വെളിപ്പെടുത്തലായിരുന്നു അത്.  റഷ്യൻ ഭാഷയിലെ ആദ്യ സാമൂഹ്യ നോവലിന് ജന്മം നൽകിയ ദസ്തയേവ്സ്കി സാഹിത്യ ലോകത്ത് അസ്തിത്വവാദ പ്രസ്ഥാനത്തിന് മുന്നോടിയായുള്ള നീക്കങ്ങൾക്കുള്ള ചിന്തകൾക്ക് തുടക്കം കുറിക്കുകയുണ്ടായി. എല്ലാ ശബ്ദങ്ങൾക്കും വില കൽപ്പിക്കുന്ന, വിവിധ കോണുകളിൽ നിന്നുകൊണ്ട് ഒരേ വിഷയത്തെ നോക്കിക്കാണുന്ന, കഥയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന പുതിയ രചനാ ശൈലിയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. ‘പിശാചുക്കൾ’, ‘ഇഡിയറ്റ്’, ‘നിന്ദിതരും പീഡിതരും’, ‘അധോതല കുറിപ്പുകൾ’, ‘മരിച്ചവരുടെ വീട്ടിൽ നിന്നുള്ള കുറിപ്പുകൾ’ അങ്ങനെ നിരവധി രചനകൾ 60 വർഷക്കാലയളവിൽ പൂർത്തീകരിച്ച അദ്ദേഹത്തിന്റെ മാസ്റ്റർപീസ് പുസ്തകങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ‘കുറ്റവും ശിക്ഷയും’, ‘കാരമസോവ് സഹോദരൻമാർ’ എന്നീ രചനകളാണ്. കാരമസോവ് എഴുതുമ്പോഴേക്കും അദ്ദേഹം പ്രശസ്തിയുടെ ഉയർന്ന തലങ്ങളിൽ എത്തിപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു നാടകം, ചില കവിതകൾ നിരവധി കഥകൾ, എന്നിങ്ങനെ നീണ്ടു പോകുന്നു അദ്ദേഹത്തിന്റെ രചനകൾ.

യൗവനത്തിലെ ജയിൽ ജീവിതം ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്ന് ജീവിതാവസാനം വരെ മോചിതനാകാൻ കഴിയാതെ പോയ ദസ്തയേവ്സ്കി പിന്നീട് അത്തരം ശിക്ഷകൾ ഇനിയൊരിക്കലും കിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്. രണ്ടാം ഭാര്യയായ അന്ന എഴുതിയ കുറിപ്പുകൾ പ്രശസ്തമാണ്. “തന്റെ ജീവിതത്തെ കൃത്യമായി മനസിലാക്കിയ ഏക സ്ത്രീയാണ് അന്ന“യെന്ന് ദസ്തയേവ്സ്കിയും, “ജീവിതത്തിന്റെ എല്ലാ വൃത്തികെട്ട വശങ്ങളെയും അടുത്തറിഞ്ഞ ആൾ എന്നും, പക്ഷേ ജീവിതത്തെ വിലയിരുത്തുന്ന മികച്ച ധർമോപദേശകൻ” എന്ന് അന്ന, അദ്ദേഹത്തെയും രേഖപ്പെടുത്തിയിട്ടുണ്ട്. പിണക്കങ്ങളുണ്ടായിരുന്നെങ്കിലും ഒന്നായി ജീവിതം നയിച്ച അവർക്കിടയിൽ സമാനമായ കാഴ്ചപ്പാടുകളും മൂല്യങ്ങളും നിലനിന്നിരുന്നു എന്ന് ‘അന്നയുടെ ഡയറിക്കുറിപ്പി‘ൽ കാണാം.

ദസ്തയേവ്സ്കിയുടെ മനശാസ്ത്ര വീക്ഷണങ്ങൾ പിൽക്കാലത്ത് സിഗ്മണ്ട് ഫ്രോയ്ഡിനെപ്പോലെ പലർക്കും വഴികാട്ടിയിരുന്നു. 1880 ലെ പുഷ്കിൻ ഉത്സവത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം റഷ്യയുടെ ആത്മാവിനെ തൊട്ടുണർത്തി. ആസ്വാദകലോകം അന്ന് ആ വേദിയിൽ വെച്ച് അദ്ദേഹത്തെ ‘പ്രവാചകൻ’ എന്ന് വിളിച്ചു വരവേറ്റു. സാഹിത്യ ലോകത്തെ നായകനാകാൻ അദ്ദേഹത്തെ ആ സാംസ്കാരിക കൂട്ടം ക്ഷണിച്ചു. തന്റെ രചനകളുടെ പൂർത്തീകരണത്തിൽ ശ്രദ്ധാലുവായ അദ്ദേഹം ഒഴിഞ്ഞു മാറി. ചില അക്കാദമികൾ നൽകിയ പദവികൾ ഒക്കെ ഏറ്റെടുത്തെങ്കിലും അനുദിനം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി വരികയായിരുന്നു. സെന്റ് പീറ്റേഴ്സ് ബർഗ്, മോസ്കൊ, സൈബിരിയ, ബാദൻ, ജർമനി, ഡ്രെസ്ഡൻ, ബെൽജിയം, വെനീസ്, പാരിസ് അങ്ങനെ നിരവധി നാടുകളിൽ നടന്നലഞ്ഞ് ജീവിതം കണ്ട പഥികൻ. തന്റെ അവസാന നാളുകളിൽ കട ബാധ്യതകളിൽ നിന്ന് കര കയറുകയും സ്റ്ററായ റൂസയിൽ സ്വന്തം ഗൃഹം വാങ്ങുകയും ചെയ്തു, അന്നയുടെ മേൽനോട്ടത്തിൽ. മോസ്കോവിൽ ജനിച്ചെങ്കിലും ജീവിതം മുഴുവൻ നയിച്ചത് സെന്റ് പീറ്റേഴ്സ് ബെർഗിൽ തന്നെ ആയിരുന്നു. ആദ്യ കൃതിയും അവസാന കൃതിയും അവിടെത്തന്നെ വെച്ചാണ് രചിക്കപ്പെട്ടത്.

1881 ഫെബ്രുവരി ഒന്‍പതിന്റെ പ്രഭാതത്തിൽ തീരെ അവശനായ ദസ്തയേവ്സ്കിയുടെ ബോധം പതുക്കെ മറഞ്ഞു തുടങ്ങി. കുറച്ചു ദിവസമായി അനുഭവിച്ച ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വളരെ മൂർച്ഛിച്ചിരുന്നു. ചികിത്സകൾ ഇനി ഏൽക്കില്ല എന്ന് ഡോക്ടർ വിധിയെഴുതിക്കഴിഞ്ഞു. അദ്ദേഹത്തെ കാണാൻ ജനങ്ങൾ ഒഴുകിയെത്തി. ഉച്ചയോടെ, ഭൂമിയിൽ ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങൾ നേരിട്ട പ്രതിഭാശാലിയായ ആ എഴുത്തുകാരൻ തിരിച്ചു വരാത്ത യാത്ര ആരംഭിച്ചു. പിറ്റേ ദിവസം പതിനായിരങ്ങൾ പങ്കെടുത്ത വിലാപയാത്ര റ്റിക് വിൻ ശ്മശാനത്തിലേക്ക്. അവിടെ ആ ശരീരം ഭൂമിയോട് ചേരുമ്പോൾ ഒരായിരം വെള്ളരി പ്രാവുകൾ ഏതോ ഉൾവിളികളുടെ പ്രചോദനം ഏറ്റെടുത്ത് പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് പറന്നുയർന്നു. “തന്റെ സ്വപ്നങ്ങൾ പൂർത്തീകരിച്ചിട്ടില്ല” എന്ന് അന്നയോട് മരിക്കും മുൻപ് പറഞ്ഞ ദസ്തയേവ്സ്കിയുടെ ആഗ്രഹപ്രകാരം ആ കല്ലറയ്ക്ക് മുകളിലെ ഫലകത്തിൽ ഒരു ബൈബിൾ വചനം എഴുതിച്ചേർത്തു. “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ഗോതമ്പ് മണി മണ്ണിൽ വീണ് അഴിയുന്നില്ലെങ്കിൽ അത് അങ്ങനെ തന്നെ ഇരിക്കുകയേ ഉള്ളൂ; അഴിയുന്നെങ്കിലോ അത് വളരേ നല്ല വിളവ് നൽകും”.