ഹൃദയംതോട്ട് സോഫിയ

Web Desk
Posted on September 27, 2020, 4:35 am

”നെഞ്ചിലെ മാരിവില്‍

മഞ്ഞുതുള്ളിപോല്‍…

എന്നിലെ മൗനമായ്

പെയ്തലിഞ്ഞു നീ.…”

പ്രണയത്തിന്റെ മഞ്ഞലകള്‍ ഹൃദയത്തിലേക്ക് ഇറ്റുവീഴുന്ന അനുഭവം. പ്രണയവും സൗഹൃദവും കോര്‍ത്തിണക്കിയ ‘സോഫിയ’ എന്ന സംഗീത ആല്‍ബം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സോഫിയയുടേത് ഉദാത്ത പ്രണയമാണ്, അന്തർമുഖിയും. ജീവിത പ്രശ്നങ്ങളും, വിഷമങ്ങളും ഉള്ളിൽ ഒതുക്കി കഴിയുന്ന ഒരു സാധാരണ പെൺകുട്ടി.

കാർത്തിക് എന്ന സഹ വിദ്യാർത്ഥിയുമായുള്ള അടുപ്പം അവൾക്ക് സാന്ത്വനമേകുന്നു. അവളിൽ പുതിയൊരു പ്രതീക്ഷ ഉണർത്തുന്നു. അതേ സമയം ആരും കാണാതെ പോയ അവളുടെ യഥാർത്ഥ സൗന്ദര്യം കാർത്തിക്കിനേ തിരിച്ചറിയാൻ കഴിയുന്നുള്ളു. കേവലം ഒരു സൗഹൃദത്തിനപ്പുറത്തേക്ക് കാർത്തിക്കിൽ അത് പ്രണയമായി വളരുന്നു. എന്നാൽ തന്റെ പ്രണയം പ്രകടിപ്പിക്കാൻ അവന് കഴിയുന്നില്ല. ക്ലാസ്സ് മുറിയുടെ അന്തരീക്ഷത്തിൽ ആ പ്രണയ വികാരത്തിന്റെ വീർപ്പുമുട്ടലാണ് എട്ടു മിനിട്ട് ദൈര്‍ഘ്യമുള്ള സോഫിയ.

അശ്വിൻ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ അശ്വിന്‍ പി എസ് ആണ് സോഫിയ നിര്‍മ്മിച്ചത്. അശ്വിന്‍തന്നെയാണ് സംവിധാനവും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. അശ്വിന്‍ രചനയും സംഗീതവും സംവിധാനവും നിര്‍വഹിച്ച ‘മീനാക്ഷി’ എന്ന സംഗീത ആല്‍ബം മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗോപു മുരളീധരന്‍ ഒരുക്കിയ സോഫിയയിലെ വരികള്‍ ഹരിപ്രസാദ് ആലപിച്ചിരിക്കുന്നു. ശ്രീഹരി സുദര്‍ശനന്‍, ധന്യ ഉഷസ്, സുജേഷ് ജെ ഉണ്ണിത്താന്‍, കെവിന്‍ വില്‍സണ്‍ ഫെര്‍ണാണ്ടസ്, അശ്വിന്‍ പി എസ് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഭരത് ആര്‍ ശേഖര്‍ ക്യാമറയും അനുരാജ് രാജശേഖരന്‍ എഡിറ്റിംഗും നിര്‍വഹിച്ചു. നൃത്ത സംവിധാനം- അനീറ്റ സെബാസ്റ്റ്യന്‍.