Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
ജയൻ മoത്തിൽ

January 03, 2021, 1:58 am

ഇനിയീ മനസിൽ കവിതയില്ല

Janayugom Online

“ശവപുഷ്പങ്ങൾ എനിക്കു വേണ്ട
മരിച്ചവർക്ക് പൂക്കൾ വേണ്ട.
ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക.
അതു മാത്രം മതി.… ”
‑സുഗതകുമാരി

അക്ഷരങ്ങൾ പൂത്തു നിന്ന ബോധി വൃക്ഷച്ചുവട്ടിൽ നക്ഷത്രത്തിളക്കമുള്ള വാക്കുകൾ ഉപേക്ഷിച്ച് സുഗതകുമാരി യാത്രയായി… അക്ഷരങ്ങൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ടെന്നും അഗ്നിയേക്കാൾ കരുത്തുണ്ടെന്നും സുഗത ടീച്ചർ ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. കാലത്തിന്റെ ഒരു കരുതിവയ്പ്പ് ടീച്ചറിൽ നിറഞ്ഞു നിന്നു. അടിമുടി പൂത്തു നിന്നൊരു കാവ്യ വൃക്ഷമായിരുന്നു സുഗത ടീച്ചർ. ‘കവിതയില്ലെന്നാകിലില്ല ജീവിതമെന്ന്’ ടീച്ചർ പറയുമായിരുന്നു. എന്തിനു കവിത എഴുതുന്നു എന്ന ചോദ്യത്തിന് സുഗത ടീച്ചർ ഇങ്ങനെ മറുപടി നൽകി: ഒരു പൂവ് വിരിയുന്നു. ഒരു കവിത ജനിക്കുന്നു. ബോധപൂർവമായ ഒരു ഉദ്ദേശ്യവുമില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ, അനശ്വരതയെപ്പറ്റി വ്യാമോഹമില്ലാതെ. പൂമൊട്ടിന് വിരിഞ്ഞേകഴിയൂ, പക്ഷിക്കു പാടിയേ കഴിയൂ, തൊട്ടാവാടിക്ക് വാടിയേ കഴിയൂ, തിരമാലകൾക്ക് ആഹ്ളാദത്തോടെ സ്വയം ഉയർന്നടിച്ച് ചിതറിയേ കഴിയൂ. അതുപോലെതന്നെ അത്രമേൽ സ്വാഭാവികമായി, ആത്മാർത്ഥമായി ഞാൻ എഴുതുന്നു.” ആർക്കു വേണ്ടി പാടുന്നു എന്നു ചോദിച്ചാൽ സുഗതകുമാരിയുടെ ഉത്തരം; “സമാന ഹൃദയ, നിനക്കായ് പാടുന്നേൻ” എന്നാവും. അതേ, സഹൃദയരായ ഓരോരുത്തർക്കും വേണ്ടിയായിരുന്നു സുഗതകുമാരി പാടിക്കൊണ്ടേയിരുന്നത്. ഹൃദയത്തിലേക്ക് തുറന്നു പിടിച്ചൊരു വാതായനമുണ്ടായിരുന്നു ടീച്ചറുടെ കവിതകളിൽ.

മനുഷ്യമനസിന്റെ വിശുദ്ധിയിലേക്കുള്ള തീർത്ഥാടനമായിരുന്നു സുഗതകുമാരിയുടെ കവിത. വായനക്കാരന്റെ അബോധതലങ്ങളിൽ തരംഗങ്ങളുണർത്തുന്ന കലാരൂപമാണ് കവിതയെന്ന് അവർ വിശ്വസിച്ചിരുന്നു. കവിത ഒരു പ്രാർത്ഥനയാണ്. കവി സ്വന്തം മനസിനു മുന്നിൽ നടത്തുന്ന വിശുദ്ധമായ പ്രാർഥന. ഈ പ്രാർഥനയിൽ സ്വകാര്യ വ്യഥകളോടൊപ്പം പൊതുവായി മനുഷ്യൻ നേരിടുന്ന ധാർമികമായ പ്രതിസന്ധികളും പ്രതിഷേധങ്ങളും ഉണ്ടായിരിക്കും. ‘നാം ഈ ലോകവുമായി അനിവാര്യമായ വിധത്തിൽ ബന്ധപ്പെടുന്നു എന്ന വികാരമാണ് സർഗസൃഷ്ടിയുടെ പിന്നിലെ പ്രധാന പ്രേരണ’യെന്ന് സാർത്ര് പറയുന്നുണ്ട്. താൻ ജീവിച്ച ലോകത്തോട് സംവദിക്കാനുള്ള ഒരു ഉപാധിയായിരുന്നു സുഗതകുമാരിക്ക് കവിത. പ്രതികരണത്തിനും പ്രതിരോധത്തിനുമുള്ള ആയുധമായി അവർ കവിതയെ ഉപയോഗപ്പെടുത്തി. അങ്ങനെ മനുഷ്യസ്ഥിതിയെക്കുറിച്ചുള്ള കലാകാരന്റെ വെളിപ്പാടു രഹസ്യങ്ങൾ അക്ഷരങ്ങളിലൂടെ അവര്‍ കോറിയിട്ടു. ചിന്തയുടെ തുറന്നു പിടിച്ച ഒരു കണ്ണ് അവർ സദാ സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണ് സാമൂഹ്യവിഷയങ്ങളെ അവർ ധാരാളിത്തത്തോടെ എഴുതിയത്.

‘കൈക്കുടന്നയിലൊരു മുത്തുച്ചിപ്പി‘യുമായി ആറു പതിറ്റാണ്ടിനു മുൻപാണ് സുഗതകുമാരി മലയാള കവിതയിലേക്ക് കടന്നുവന്നത്. കാൽപനിക ഭാവനയിൽ ചാലിച്ച അന്തർമുഖത്വമാണ് സുഗതകുമാരി കവിതയുടെ പ്രത്യേകത. ആത്മാനുഭൂതിയുടെ സ്വാഭാവിക പരിണാമമാണ് തന്റെ കവിത എന്ന് അവർ സ്വയം നിർവ്വചിച്ചിട്ടുണ്ട്. ‘മുത്തുച്ചിപ്പി’ എന്ന കവിതയിലൂടെ സർഗാത്മക പ്രക്രിയയുടെ രസതന്ത്രം രഹസ്യമൊഴിയായി കവി രേഖപ്പെടുത്തിയിട്ടുണ്ട്. ചങ്ങമ്പുഴയ്ക്കു ശേഷം അപചയത്തിലേക്കു നീങ്ങിയ മലയാള കാൽപനിക കവിതയെ അതിന്റെ തെളിഞ്ഞ സൗന്ദര്യത്തോടെ തിരിച്ചുപിടിക്കുകയായിരുന്നു സുഗതകുമാരി. കാൽപനികതയുടെ മാന്ത്രികതയും ഭാവഗീതത്തിന്റെ സംഗീതാത്മകതയും ശുദ്ധമലയാളത്തിന്റെ പദവിന്യാസവും ആത്മാവിഷ്കാരത്തിന്റെ വൈകാരിക ഭാവവും കൊണ്ട് സുഗതയുടെ കവിതകൾ വായനക്കാരന്റെ ഹൃദയത്തിലേക്ക് ഒരു അപ്പൂപ്പൻ താടി പോലെ പറന്നിറങ്ങി.

നാം ജീവിക്കുന്ന മണ്ണിനും സമസ്ത ജീവജാലങ്ങൾക്കും സ്നേഹം പകർന്നു നൽകുന്ന ഒരു അമ്മ മനസ് സുഗതകുമാരിക്കവിതയുടെ അന്തർധാരയാണ്. കാലം ആവശ്യപ്പെടുന്നൊരു കരുതലും കരുണയും അതിലുണ്ട്. ‘ദേവദാസി‘യുടെ അവതാരികയിൽ എം ടി വാസുദേവൻ നായർ എഴുതി: വികാരം ചിന്തയാകുന്നു. ചിന്ത വാക്കുകളെ കണ്ടെത്തുന്നു. വാക്കുകൾ അനുഭവങ്ങളാകുന്നു. സ്നേഹം ജപിച്ച് ജീവിതം മധുരമാക്കാൻ വ്രതം ധരിച്ച അമ്മയെ, ഭാര്യയെ, പ്രണയിനിയെ സുഗതകുമാരിയുടെ കവിതകളിൽ ഞാൻ ഇടയ്ക്കിടെ കണ്ടുമുട്ടുന്നു.”
പെണ്ണിന്റെ സങ്കടം തൊട്ടറിഞ്ഞ കവിയായിരുന്നു സുഗതകുമാരി. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ അവൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവർ കവിതയിലൂടെ ആവിഷ്കരിച്ചു. അങ്ങനെയാണ് രാധയും ജസിയും ലില്ലിയും ആ മൂർച്ചയേറിയ പേനക്കണ്ണിലൂടെ പുറം കാഴ്ചകളായി അനുവാചകൻ അനുഭവിച്ചത്. ജീവിതത്തിലെ ദുഖങ്ങളുടെ അറുതിയില്ലാക്കയങ്ങളിൽ വീണു പോയവർക്കൊരു കയറേണിയായിരുന്നു സുഗതകുമാരിയും അവരുടെ കവിതയും. കവിതയുടെ ദന്തഗോപുരത്തിൽ വാഴാതെ, അശരണരുടെയും ആലംബഹീനരുടെയും അബലകളായ സ്ത്രീകളുടെയും മുന്നിൽ നിന്ന് ഉരുക്കിന്റെ പ്രതിരോധ കോട്ടകൾ അവർ തീർത്തു. അങ്ങനെ സുഗത ഒരേ സമയം കവിയും ആക്ടിവിസ്റ്റുമായി.

ദുഃഖമാണ് സുഗതകുമാരി കവിതയിലെ സ്ഥായി ഭാവം. മനുഷ്യന്റെ സ്വാർഥത, സ്നേഹരാഹിത്യം, സംഹാരാത്മകത, സ്വാതന്ത്ര്യരാഹിത്യം എന്നിവ സൃഷ്ടിക്കുന്ന വേദനയെ സുഗതയുടെ പേന ആവാഹിച്ചെടുക്കുന്നു. അതിൽ നിന്നും ഉരുവം കൊണ്ട കവിതകൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, കൃത്യമായ ലക്ഷ്യമുണ്ട്. അത് കേവലം വികാരങ്ങളുടെ അനർഗളമായ പ്രവാഹമല്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടായ അടിയന്തിരാവസ്ഥയെന്ന ഭരണകൂട ഭീകരതെയ്ക്കെതിരെയും അഴിമതിക്കെതിരെയും സുഗതയുടെ എല്ലുറപ്പുള്ള പേന ചലച്ചിരുന്നു. താൻ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഇന്ദിരയുടെ മുഖം വികൃതമാകുന്നത് കവി തിരിച്ചറിഞ്ഞു. താൻ ജീവിച്ച കാലത്തോടുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കവിഹൃദയത്തിന്റെ കലാപരമായ പ്രകടനമായിരുന്നു ‘നിങ്ങളീ ഇന്ത്യയെ ഇപ്പോഴും സ്നേഹിക്കുന്നുവോ?’, ‘ബീഹാർ’, ‘ധർമ്മം എന്ന പശു’ എന്നീ കവിതകൾ. തിരസ്കൃതരും അബലകളുമായ സ്ത്രീകൾ, അനാഥരായ കുട്ടികൾ, ചൂഷണം ചെയ്യപ്പെടുന്ന ആദിവാസികൾ എന്നിവയെല്ലാം സുഗത കവിതയ്ക്ക് വിഷയമായി തെരഞ്ഞെടുത്തു. ‘ദേവദാസി’, ‘ആദിവാസി സാക്ഷരത’, ‘കൊല്ലേണ്ടതെങ്ങനെ?’, ‘അമ്മയുണ്ട്’, ‘കാണാതായവർ’ എന്നിവ ഈ പശ്ചാത്തലത്തിൽ വായിക്കേണ്ട കവിതകളാണ്. തിരസ്കരരുടെ ആത്മഗാനങ്ങളായിരുന്നു സുഗതയുടെ കവിതകൾ.

എക്കോ ഫെമിനിസത്തെ അതിന്റെ എല്ലാ സാധ്യതകളിലും ഉപയോഗിച്ച കവിയാണ് സുഗതകുമാരി. എൺപതുകളുടെ ആരംഭത്തിൽ സൈലന്റ് വാലി വന സംരക്ഷണ പ്രക്ഷോഭത്തിലെ സജീവ സാന്നിധ്യമായിരുന്നു അവർ. വർദ്ധിച്ചു വരുന്ന പ്രകൃതി ചൂഷണത്തിനെതിരെ സുഗത കവിത കൊണ്ട് രാവണൻ കോട്ടകൾ തീർത്തു. ‘തുലാവർഷപ്പച്ച’, ‘കുറിഞ്ഞിപ്പൂക്കൾ’ എന്നീ സമാഹാരങ്ങളിലെ മിക്ക കവിതകളും ഈ ഗണത്തിൽപ്പെടുന്നവയാണ്. കവിത പാരമ്പര്യത്തിന്റെ താളവും സംഗീതവുമാണ്. സ്വന്തം നാടിന്റെ സാംസ്കാരിക പൈതൃകത്തിൽ നിന്നും സൂചകങ്ങളും ചിഹ്നങ്ങളും സ്വീകരിച്ച് കവിത ശക്തിയും സൗന്ദര്യവും ആർജ്ജിക്കുന്നു. അതിനു വേണ്ടി കവികൾ മിത്തുകളിലേക്കും ഐതിഹ്യങ്ങളിലേക്കും വർഗ്ഗപ്പഴമയിലേക്കും മടങ്ങി പോകാറുണ്ട്. മിത്തുകളെയും ഐതിഹ്യങ്ങളെയും ധാരാളിത്തത്തോടെ സുഗത തന്റെ കവിതകളിൽ ഉപയോഗിച്ചിരുന്നു. മിത്തുകളെ ഉപയോഗിക്കുമ്പോഴും അവയെ സമകാലികമായ ജീവിതാവസ്ഥകളുമായി ഇഴചേർക്കാൻ കവി ശ്രദ്ധിക്കുന്നുണ്ട്. രാധയും കൃഷ്ണനും കാളിയനും ഒക്കെ മാറിയും മറിഞ്ഞും ആ കവിതകളിൽ വരുന്നു. സുഗതകുമാരിയുടെ കൃഷ്ണപക്ഷ കവിതകൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. സുഗതകുമാരിയുടെ വേര്‍പാടോടെ കാല്‍പനിക കവിതയിലെ ഒരു വസന്തം അവസാനിക്കുകയാണ്.

ഈ ലോകത്തെ ജീവിതത്തിന് ആരോടാണ് നന്ദി പറയേണ്ടത്? കവി പാടുന്നു:
“എന്റെ വഴിയിലെ വെയിലിനും നന്ദി,
എന്റെ ചുമലിലെ ചുമടിനും നന്ദി.
എന്റെ വഴിയിലെ തണലിനും, മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂർത്ത നോവിനും നന്ദി,
മിഴി ചുവപ്പിച്ച സൂര്യനും നന്ദി.
നീളുമീ വഴിച്ചുമടുതാങ്ങിതൻ
തോളിനും വഴിക്കിണറിനും നന്ദി.
നീട്ടിയോരു കൈക്കുമ്പിളിൽ ജലം
വാർത്തുതന്ന നിൻ കനവിനും നന്ദി.
ഇരുളിലെ ചതിക്കുണ്ടിനും പോയൊ-
രിരവിലെ നിലാക്കുളിരിനും നന്ദി.
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും നന്ദി.
മിഴിയിൽ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി…
* * * * *
ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെയ്ക്കുവാനൊന്നുമില്ലാതെ
തീർത്തുചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ, പുലരിയില്ലാതെ
ആർദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാൻ പോകവേ, നിങ്ങൾ
കേട്ടുനിന്നുവോ! തോഴരേ, നന്ദി, നന്ദി… ”

പുറകിലേക്ക്
നീ
മുൻപിലേക്ക്
അവൾ