20 April 2024, Saturday

കാടിനെയറിഞ്ഞ സുധാമ്മ

അരുണിമ എസ്
May 22, 2022 3:00 am

സുധാമ്മയ്ക്ക് എല്ലാം പ്രകൃതിയാണ്. 34 വർഷങ്ങൾക്കു മുൻപ് ഭർത്താവ് ചന്ദ്രൻ മരിയ്ക്കുമ്പോൾ ലോകം എന്താണെന്ന് പോലുമറിയാത്ത സുജാതയിൽ നിന്ന് ഇന്നത്തെ സുധാമ്മയിലേക്കുള്ള മാറ്റം പ്രകൃതിയെ അറിഞ്ഞതിൽ നിന്നുണ്ടായതാണ്. ഭർത്താവ് മരിയ്ക്കുമ്പോൾ സുധാമ്മയ്ക്കു മുന്നിൽ ജീവിതമൊരു ചോദ്യചിഹ്നമായി മാറി. വലിയ പഠിപ്പില്ലാത്ത, ലോകവിവരമില്ലാത്ത താൻ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നായി ആലോചന. മക്കളന്ന് എട്ടിലും പ്ലസ് വണ്ണിലും പഠിക്കുകയാണ്. കരഞ്ഞു തളർന്നു മുറിയിലിരുന്നാൽ ജീവിതം താറുമാറാകുമെന്ന ബോധ്യം സുധാമ്മയെ ഒരു ചായക്കട എന്ന ആശയത്തിലെത്തിച്ചു. അങ്ങനെയാണ് സുധാമ്മയും അമ്മയും കൂടി ഒരു ലിറ്റർ പാലും കൊണ്ട് തട്ടേക്കാട് ഒരു ചായക്കട നടത്തുന്നത്. ചായക്കടക്കാരിയിൽ നിന്നും ഹോംസ്റ്റേ നടത്തിപ്പുകാരിയായും പിന്നിട് ഫോറസ്റ്റ് ഗൈഡായും സുധാമ്മ മാറി. തട്ടേക്കാട് ചെന്നാൽ സുധാമ്മയ്ക്ക് അറിയാത്തതോ, സുധാമ്മയെ അറിയാത്തതോ ആയ പക്ഷികളില്ല. ഈ കാടിനെകുറിച്ച് എന്തു ചോദിച്ചാലും 66കാരിയ്ക്ക് മനഃപാഠമാണ്. തോറ്റുകൊടുക്കാൻ മടിച്ച സുധാമ്മയുടെ പോരാട്ടകഥ നമുക്കുമൊരു ഊർജ്ജമാണ്. സുധാമ്മ പറഞ്ഞു തുടങ്ങി…

പക്ഷി നിരീക്ഷക
അന്ന് ഡോ. സുഗതൻ സാറിന്റെ (ഓർണിത്തോളജിസ്റ്റ്) നേതൃത്വത്തിൽ തട്ടേക്കാട് പക്ഷികളെക്കുറിച്ച് വിവിധ ക്ലാസുകൾ നടത്തുമായിരുന്നു. നേച്ചർ ക്യാമ്പുകളും സംഘടിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ആ നാട്ടിലെ ഏക ചായക്കട ഞങ്ങളുടെതാണ്. അതുകൊണ്ടു തന്നെ ക്യാമ്പിലുള്ളവർക്ക് ചായയും ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്ന ഉത്തരവാദിത്തവും ഞങ്ങളിലേക്ക് തന്നെയെത്തി. ചായയും ഭക്ഷണവുമായി ക്ലാസുകളിൽ ചെല്ലുമ്പോൾ അവിടെ പക്ഷികളെക്കുറിച്ച് ക്ലാസെടുക്കുകയാകും സുഗതൻ സാർ. ആദ്യമൊക്കെ ഒരു രസത്തിന് ഞാനും അതു ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയത്ത് പല സഞ്ചാരികളും വീട്ടിൽ വന്നു ഹോംസ്റ്റേ തുടങ്ങിയിരുന്നു.

 

 

അവർ വരുമ്പോൾ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു കൊടുക്കാമല്ലോ എന്നു കരുതിയാണ് ഞാനന്ന് ക്ലാസുകൾ ശ്രദ്ധിച്ചത്. അങ്ങനെ വാതിലിൽ നിന്ന് ക്ലാസുകൾ കേട്ട് കൊണ്ടിരുന്ന എന്നെ ഒരു ദിവസം സാർ ക്ലാസിൽ പിടിച്ചിരുത്തി. പക്ഷി നിരിക്ഷണത്തെക്കുറിച്ചൊക്കെ വ്യക്തമായി പറ‍ഞ്ഞു തന്നു. അങ്ങനെയാണ് അംഗീകൃത ഗൈഡായി ഞാൻ മാറുന്നത്.

തട്ടേക്കാടാണ് എന്റെ ലോകം
20 വർഷമാകുന്നു പക്ഷിനിരീക്ഷണം തുടങ്ങിയിട്ട്. ഹോംസ്റ്റേയിൽ താമസിക്കാൻ എത്തുന്നവരിൽ പലരും ഓർണിത്തോളജിസ്റ്റുകളും ശാസ്ത്രജ്ഞരുമൊക്കെയായിരുന്നു. അവർക്കൊപ്പം പതിയെ കാട്ടിലേയ്ക്കിറങ്ങിയാണ് പല കാര്യങ്ങളും ഞാൻ പഠിച്ചത്. ഇംഗ്ലീഷ് പഠിച്ചതും അങ്ങനെയാണ്. ഇന്ന് ലോകത്തിന്റെ ഏതു കോണിലുള്ളവരെ കണ്ടാലും സംസാരിക്കാൻ പറ്റുമെന്ന സ്ഥിതിയിലെത്തി. നന്നായി ഇംഗ്ലീഷ് എഴുതാനും പഠിച്ചു. ഫ്രഞ്ച് കേട്ടാൽ മനസിലാകും. തമിഴും ഹിന്ദിയും കുറച്ചൊക്കെ അറിയാം. 165ൽ അധികം പക്ഷികളെ കണ്ടിട്ടുണ്ട്. അനുഭവം ഗുരു എന്നാണല്ലോ. എന്നെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് എന്റെ അനുഭവങ്ങളാണ്. പിന്നെ തട്ടേക്കാട് മാത്രമാണ് എന്റെ ലോകം, ഇവിടമാണ് എന്റെ സാമ്രാജ്യം.

 

 

 

കാൻസർ എന്ന വില്ലൻ
തട്ടേക്കാടും പക്ഷികളുമായി ഓടി നടക്കുന്നതിനിടയിലാണ് കാൻസർ എന്നെ തേടിയെത്തുന്നത്. സെർവിക്കൽ കാൻസറായിരുന്നു. 25 റേഡിയേഷൻ, അഞ്ചു കീമോ, ഓടി ചാടി നടന്ന ഞാൻ പെട്ടെന്ന് കിടപ്പിലായി. സുധാമ്മ ഇനി കാട്ടിലേക്ക് തിരിച്ചുവരില്ലയെന്ന് കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് പഴയതിനെക്കാൾ എനർജന്റിക്കായി ഞാന്‍ തിരിച്ചെത്തി. കാൻസർ തന്നെ മോഡേണാക്കിയെന്ന് സുധാമ്മ പറയും. കാൻസർ ട്രീന്റ്മെന്റിനു ശേഷം കുറച്ചു ദുർബലയായിരുന്നു ഞാൻ. ഒന്നു വീണ് കൈ ഒടിഞ്ഞു. അതോടെ ബ്ലൗസ് ഇടാൻ പറ്റാതെയായി. അങ്ങനെ ചുരിദാറായി വേഷം. ഇപ്പോൾ എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നുണ്ട്. ഇനിയും ഒരുപാട് ചെയ്തു തീർക്കാൻ ഉള്ളതു പോലെ.

കാട് പുണ്യമാണ്
കാടെനിക്ക് ദൈവമാണ്, എന്റെ പുണ്യമാണ്. ഞാനതിനെ ഭയപ്പെടുന്നതേയില്ല. ശരിക്കും കാടിനെയല്ല, മനുഷ്യരെയാണ് ഭയക്കേണ്ടത്. ഒരൊറ്റ പക്ഷിപോലും ആരെയും ഉപദ്രവിക്കുന്നില്ല. അവർ ഉണരുന്നു, ഇര തേടുന്നു, പങ്കുവയ്ക്കുന്നു, കൂടണയുന്നു. ഒരു മരക്കൊമ്പിൽ തന്നെ പല തരത്തിലുള്ള പക്ഷികൾ കാണും. അവയൊക്കെ ആദ്യം തെരയുന്നത് ഭക്ഷണമാണ്. ചെറിയ പുഴുക്കളെ കഴിക്കുന്നവർ, പഴങ്ങൾ മാത്രം കഴിക്കുന്നവർ, ചെറുമത്സ്യങ്ങൾക്കായി പുഴക്കരയിൽ കാത്തിരിക്കുന്നവ അങ്ങനെ വ്യത്യസ്ത ഭക്ഷണശീലമുളളവരുണ്ട് ഇക്കൂട്ടത്തിൽ. കുറച്ചുനാളത്തെ നിരീക്ഷണം കൊണ്ട് ഏതൊക്കെ പക്ഷികൾ എന്തൊക്കെയാണ് കഴിക്കുന്നതെന്നും അവരെ എവിടെ കണ്ടെത്താനാകുമെന്നും മനസിലാക്കാം. കാട്ടിലേക്ക് ആരുടെ കൂടെയും ഏത് സമയത്തും പോകാൻ എനിക്ക് പേടിയില്ല. എനിക്ക് എന്നെ അറിയാം, കൂടെ വരുന്നവരെ നിയന്ത്രിക്കുന്നത് ഞാനാണെന്ന ബോധവും എനിക്കുണ്ട്.

 

മാറേണ്ടതുണ്ട് ഇനിയും
പൊട്ടിച്ചിരിക്കാൻ എനിക്കിഷ്ടമാണ്. ആരെ കണ്ടാലും ചിരിച്ച് ചേർത്തു പിടിക്കും ഞാൻ. ചിലതൊക്കെ തിരുത്തിക്കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു സ്ത്രീ മറ്റുള്ളവരോട് ഇടപെഴകാൻ പാടില്ലെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ പലരും എന്നെ സംശയത്തിന്റെ കണ്ണോടെ ആയിരുന്നു നോക്കുന്നത്. എനിക്ക് അത് ഇഷ്ടമല്ല. പറയാനുള്ളത് മുഖത്തു നോക്കി സംസാരിക്കണം. എന്റെ ഹീറോ ഞാൻ തന്നെയാണ്. ഇതുവരെ ആരും വനിതാ ഗൈഡുകളെ കേരളത്തിൽ കണ്ടിട്ടില്ലെന്നു പറയുന്നുണ്ട്. നമ്മൾ ശ്രമിച്ചാൽ നടക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല എന്നോർക്കണം. ഒന്നുമില്ലായ്മയിൽ നിന്ന് പ്രകൃതിയിലേക്കിറങ്ങിയ എനിക്ക് എല്ലാ ജീവിത സൗകര്യങ്ങളും ഇന്നുണ്ട്. ഇതിൽ കൂടുതലൊന്നും എനിക്ക് വേണ്ട. സുധാമ്മ കൂട്ടിച്ചേർത്തു.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.