October 2, 2022 Sunday

വാക്കും തോക്കും

സാംജി ടി വി പുരം
June 6, 2021 3:00 am

“കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ -
ന്നന്യമാം രാജ്യങ്ങളിൽ ”
എന്ന കവിത കേൾക്കാത്ത മലയാളിയില്ല. മഹാകവി പാലാ നാരായണന്‍ നായരുടെ പ്രസിദ്ധമായ “കേരളം വളരുന്നു” എന്ന കാവ്യത്തിലെ വരികളാണത്. പാലാ മലയാള കവിതയുടെ കൈവല്യമാണെന്ന് എം. ടി. വാസുദേവൻ നായർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. മലയാള കവിതയുടെ ഉദാത്തവും, ധന്യവുമായ ഒരു കൈവഴിയാണ് പാലാക്കവിത. എട്ടരദശാബ്ദകാലം നീണ്ടുനിൽക്കുന്നതാണ് അദ്ദേഹത്തിന്റെ സാഹിത്യസപര്യ. ഇത്രയും ദീർഘകാലം മലയാളസാഹിത്യത്തെ നിരന്തരമായി ഉപാസന നടത്തിയ ആരെങ്കിലും മലയാള കവിതയിലുണ്ടോ?

രണ്ട് ദശാബ്ദങ്ങൾക്കു മുമ്പ് സി പി ശ്രീധരൻ പറഞ്ഞു. പി കുഞ്ഞിരാമൻനായരെ ഒഴിച്ചുനിർത്തിയാൽ ഏറ്റവും കൂടുതൽ കവിതകൾ, മലയാളഭാഷ രൂപപ്പെട്ടതിനുശേഷം എഴുതിയിട്ടുള്ള ആധുനിക കവി പാലായാണെന്ന്,എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണുന്ന കാഴ്ചയെന്താണ്? മഹാകവി. പി. കുഞ്ഞിരാമൻ നായരുടെ മരണത്തിനുശേഷം വീണ്ടും ദീർഘകാലം മലയാളകവിതാലോകത്ത് നിലയുറപ്പിച്ച മഹാകവി പാലാ, മലയാളത്തിൽ ഏറ്റവും കൂടുതൽ കവിതകളെഴുതിയ കവിയെന്ന ഖ്യാതി നേടിയിരിക്കുന്നു.

 

മഹാകവിയായി മലയാളികൾ ആദരിക്കുന്ന പാലായുടെ ജീവിതത്തിനു മറ്റൊരു മുഖം കൂടിയുണ്ട്. തികച്ചും സങ്കീർണവും നിർണായകവുമായ ദശാസന്ധികളിലൂടെ കടന്നുപോയ, നമുക്കൊക്കെ അപരിചിതമായ ഒരു കാലഘട്ടം. തോളിൽ റൈഫിളും ചുമലിൽ പടക്കോപ്പുമായി, ഉള്ളിൽ ഒടുങ്ങാത്ത ഉത്സാഹവുമായി മലമടക്കുകളിൽ ശത്രുവിനെതിരെ പൊരുതിയ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയായ സൈനികനായ പാലാ. പാലായുടെ ശൈലി വൈദർഭിയാണ്. സംസ്കൃത സാഹിത്യത്തിൽ കാളിദാസനും, ബംഗാളിൽ ടാഗോറും, മലയാളത്തിൽ വള്ളത്തോളും പ്രയോഗിച്ച ശൈലിയാണത്. ദ്രാവിഡ — സംസ്കൃത വൃത്തങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിൽ കൃതഹസ്തനാണ് പാലാ.

മഹാകവിയുടെ “പുലരി” യ്ക്കുള്ള അവതാരികയിൽ പാലാ കടന്നുവന്ന വഴികളെക്കുറിച്ച് പ്രൊഫ: ഏറ്റുമാനൂർ സോമദാസൻ ഇങ്ങനെ എഴുതി “മഹാകവിത്രയത്തിന്റെ കാലഘട്ടത്തിൽ എഴുതിത്തുടങ്ങുക; ചങ്ങമ്പുഴക്കവിതയുടെ സർവ്വഗ്രാഹമായ പെരുവെള്ളപ്പാച്ചിലിൽ നീന്തിക്കടന്നു സ്വന്തം തീരവും, വഴിച്ചാലും കണ്ടെത്തുക; പിൽക്കാലത്തു വിപ്ലവാവേശത്തിന്റെ അഗ്നിജ്വാലകൾ സാഹിത്യത്തിലെമ്പാടും ആളിപ്പടർന്നപ്പോഴും, അവയുടെ വെളിച്ചവും ചൂടും ഉൾക്കൊണ്ടുതന്നെ തന്റെ കവിതയെ പൊള്ളലേൽക്കാതെ പരിരക്ഷിക്കുക; പാശ്ചാത്യകവിതയുടെ പ്രകമ്പനം കൊള്ളിക്കുന്ന മാറ്റൊലികളുടെ നടുവിൽനിന്നുകൊണ്ട് ഇന്നും തന്റെ ശബ്ദതരംഗങ്ങളിലെ ഓവർടോണുകൾ ഭദ്രമായി നിലനിർത്തുക. അങ്ങനെയാണ് ഇക്കാലമത്രയും പാലായും പാലാക്കവിതയും ജീവിച്ചത് ”

ഗാന്ധിയെ മനസ്സാവരിച്ച കവി
തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് പതിനേഴ് കിലോമീറ്റർ നടന്നുപോയി ഏറ്റുമാനൂരിൽ വന്ന മഹാത്മജിയെ കവി ആദ്യമായി കാണുന്നത്. എന്നാൽ ഗാന്ധിയുടെ പിൻതലമുറക്കാരോട് അദ്ദേഹത്തിന് എതിർപ്പുകളുണ്ട്. ആ എതിർപ്പുകൾ ഒരിക്കൽപോലും കവി മറച്ചുപിടിച്ചിട്ടില്ല. ഗാന്ധിയുടെ സ്വപ്നങ്ങളിൽ നിന്നെല്ലാം പിൻതലമുറക്കാർ വഴിമാറി സഞ്ചരിച്ചതാണ് ആ എതിർപ്പുകൾക്ക് കാരണം.

മഹാത്മജിയെക്കുറിച്ച് ഇന്ത്യയിലെ വിവിധ ഭാഷകളിൽ വെച്ച് ശ്രദ്ധേയമായ ലഘുമഹാകാവ്യം രചിച്ചത് പാലായാണ്. മലയാള ഭാഷയ്ക്കൊരു അപൂർവ്വ രത്നമാണത്. ലോകം കണ്ട ഏറ്റവും വലിയ സത്യാന്വേഷകനും, സമാധാനപ്രേമിയുമായിരുന്നു മഹാത്മജി. ആർഷഭാരതത്തിന്റെ സംസ്കാരത്തിൽ ചാർത്തപ്പെട്ട ഒരു മയിൽപീലിയായിരുന്നു ആ ദിവ്യതേജസ്സ്. അദ്ദേഹത്തിൻറെ ധന്യജീവിതത്തെ സമഗ്രമായി അപഗ്രഥിച്ച് മഹാകവി വാർത്തെടുത്ത ഭാവോജ്ജ്വലമായ ഖണ്ഡകാവ്യമാണ് “ഗാന്ധിഭാരതം”.
ഗാന്ധി ഭാരതത്തിന്റെ പന്ത്രണ്ടാം സർഗ്ഗത്തിൽ ഗാന്ധിയെ കൊന്ന ഹിന്ദുവർഗ്ഗീയവാദികളോട് കവി പറയുന്നു.
“ഗാന്ധിയെക്കൊല്ലുവാൻ പിന്നി -
ലുപജാപം നടത്തിയോർ
ചോരയിൽ പങ്കു തങ്ങൾക്കി -
ല്ലെന്നായ് കൈകഴുകീടിനാർ ”
ഇക്കൂട്ടരെ തിരിച്ചറിയണമെന്ന് കവി സമൂഹത്തോട് വിളംബരം ചെയ്യുന്നു.

കമ്മ്യൂണിസ്റ്റുകാരും പാലായും
പാലാ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല. ഇഎംഎസും, കെ ദാമോദരനും, സി ഉണ്ണിരാജയുമടക്കം ഒരു വശത്തും കൃഷ്ണൻകുട്ടിമാരെപ്പോലുള്ളവർ മറുവശത്തും നിന്നുകൊണ്ട് “കല കലയ്ക്കുവേണ്ടിയോ” അതോ “കല ജീവിതത്തിനുവേണ്ടിയോ” എന്ന വാദപ്രതിവാദം നടത്തിയപ്പോൾ — “കല കലയ്ക്കും ജീവിതത്തിനും വേണ്ടി“യാണെന്ന പക്ഷക്കാരനായിരുന്നു പാലാ. കമ്മ്യൂണിസം മുന്നോട്ട് വെയ്ക്കുന്ന മാനവീകതയെ എക്കാലത്തും മഹാകവി സ്വാഗതം ചെയ്തിരിക്കുന്നു. പി കൃഷ്ണപിള്ളയെക്കുറിച്ച് “സഖാക്കളെ മുന്നോട്ട്” എന്ന കവിതയും കൊട്ടാത്തല സുരേന്ദ്രന്റെ രക്തസാക്ഷിത്വത്തെ അധികരിച്ച് “അമ്മയുടെ മകൻ” എന്ന കവിതയും ധീരരക്തസാക്ഷി പത്മേക്ഷണനെക്കുറിച്ചുള്ള വിപ്ലവ കവിതകളും പാലാ രചിച്ചിട്ടുണ്ട്. “നിർധനൻ” എന്ന വിപ്ലവകാവ്യവും 1948 ൽ പാലാ രചിച്ചു.

രചിച്ചകാലത്ത് ഇന്റർമീഡിയറ്റ് വിദ്യാർഥിയായിരുന്ന ഒഎൻവി കുറുപ്പാണ് അതിന് ആമുഖമെഴുതിയത്. 1940 കളിൽ കെ ദാമോദരൻ ഒളിവുജീവിതത്തിന് വന്നപ്പോൾ രഹസ്യമായി പാലായെ കണ്ടു. “അങ്ങയെപ്പോലുള്ളവർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടെ ചേർന്നുകൂടെ?” എന്ന് ചോദിച്ചു. കവി പറഞ്ഞ മറുപടി നിങ്ങളുടെ നല്ല പ്രവർത്തികളോടപ്പം എന്റെ മനസ്സും ഉണ്ടാവും എന്നാണ്. മുഖ്യമന്ത്രി ആയിരുന്ന സി അച്യുതമേനോനുമായി ഉന്നതമായ സ്നേഹബന്ധമാണ് പാലയ്ക്കുണ്ടായിരുന്നത്. ജീവിതത്തിന്റെ അവസാന വർഷങ്ങൾ നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടിപ്പിക്കുന്ന എല്ലാ സാഹിത്യ സാംസ്കാരിക പരിപാടികളുമായി അദ്ദേഹം സഹകരിച്ചുപോന്നു.

കേരളം വളരുന്നു
മഹാകവിയെ ഏറ്റവും പ്രസിദ്ധനാക്കി തീർത്തത് പത്ത് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുള്ള “കേരളം വളരുന്നു” എന്ന സുദീർഘമായ കാവ്യപരമ്പരയാണ്. അമ്പതുകൾക്കുശേഷം മലയാള കവിതയിലെ ഏറ്റവും ശ്രദ്ധേയമായ കവിത പാലായുടെ അമൃതകലയാണെന്ന് കവി വിഷ്ണുനാരായണൻ സമ്പൂതിരി അഭിപ്രായപ്പെട്ടിട്ടുണ്ട്. നവതിയിലേക്ക് കടന്ന അവസരത്തിൽ മഹാകവിക്ക് സമ്മാനമായി പ്രഭാത് ബുക്ക് ഹൗസ് 1935‑മുതലുള്ള ഏറ്റവും ശ്രേഷ്ഠങ്ങളായ ഇരുപ്പത്തിയഞ്ച് കവിതകൾ “അമൃത വർഷിണി“എന്ന പേരിൽ 2000 ജനുവരി: 21ന് പുറത്തിറക്കിയിട്ടുണ്ട്.

1935 ലാണ് പാലായുടെ ആദ്യകൃതിയായ “പൂക്കൾ” പ്രസിദ്ധീകരിക്കുന്നത്. ഇതിനോടകം നാല്പത്തിയഞ്ചോളം കവിതാ സമാഹാരങ്ങൾ പാലയുടേതായി പുറത്തുവന്നിട്ടുണ്ട്. പട്ടാള ജീവിതത്തെ ആസ്പദമാക്കി ” സമരമുഖത്ത് “എന്ന കൃതിയും ഒട്ടനവധി ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1937 ൽ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കവിതാ പ്രബന്ധത്തിനുള്ള സ്വർണ്ണമെഡൽ മഹാകവി ഉള്ളൂരിൽ നിന്നും വാങ്ങി. “വിളക്കുകൊളുത്തു” എന്ന കൃതിക്ക് കേരളം സാഹിത്യ അക്കാദമി അവാർഡ്, പുത്തേഴകൻ അവാർഡ്, മൂലൂർ അവാർഡ്, അമേരിക്കൻ മലയാളികളുടെ ‘കേരളഗാനം’ അവാർഡ്, കവിതാരംഗം അവാർഡ്, ആശാൻപ്രൈസ്, ഭോപ്പാൽ കേന്ദ്രമായുള്ള സാഹിത്യപ്രവർത്തക അവാർഡ്, പ്രഥമ വള്ളത്തോൾ അവാർഡ്, മലയാളത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം അങ്ങനെ ചെറുതും വലുതുമായ നൂറിൽപരം അവാർഡുകൾ ഇതിനോടകം മഹാകവിയെ തേടിയെത്തിയിട്ടുണ്ട്.

ജീവിതരേഖ
മഹാകവി പാലാ നാരായണൻ നായർ മീനച്ചിൽ താലൂക്കിലെ പാലായിൽ കീപ്പള്ളിൽ ശങ്കരൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായി 1911 ഡിസംബർ 11 ന് ജനിച്ചു. ബാലനായിരിക്കുമ്പോൾത്തന്നെ തന്റെ അന്തരംഗത്തിലെ അസ്വസ്ഥതയും സംഘർഷങ്ങളും കവിതാസ്വാദനത്തിൽ അഭിരമിക്കുന്നതായി തിരിച്ചറിഞ്ഞു.
പാലായിലെ മലയാളം പള്ളിക്കൂടം, സെന്റ് തോമസ് ഇംഗ്ലീഷ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഈ കാലഘട്ടത്തിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതിത്തുടങ്ങി . 1937 ൽ പൂഞ്ഞാർ കൊട്ടാരം വക ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി നിയമിതനായ കവി 1943 മുതൽ നാലുവർഷത്തോളം രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലും ബർമ്മയിലും സൈനികസേവനമനുഷ്ടിച്ചു. പിന്നീട് 1947 ൽ തിരുവിതാംകൂർ കലാശാലയിൽ പ്രസിദ്ധീകരണ വകുപ്പിലെ ഉദ്യോഗസ്ഥനായി ചേർന്നു.

1950 ൽ അന്നത്തെ സർക്കാരിന്റെ നിയോഗപ്രകാരം മഹാകവി ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രം സംശോധന ചെയ്‌ത്‌ പുറത്തിറക്കുന്നതിലേക്കായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. കുട്ടിക്കൃഷ്ണമാരാർ, മഹാകവി പാലാ നാരായണൻ നായർ, എൻ വി കൃഷ്ണവാര്യർ എന്നിവരായിരുന്നു ആ കമ്മിറ്റിയിൽ. ആ ചുമതല നിർവ്വഹിക്കുന്നതിലേക്കായി രണ്ടുവർഷം കോഴിക്കോട്ടേയ്ക്ക് പോയി. 1956 ൽ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും എം എ പരീക്ഷ ക്ലാസ്സും റാങ്കും നേടി പാസ്സായി. 1957 ൽ കേരള സാഹിത്യ അക്കാദമി രൂപം കൊണ്ടപ്പോൾ സർദാർ കെ എം പണിക്കർ പ്രസിഡന്റും പാലാ അതിന്റെ ആദ്യ അസി. സെക്രട്ടറിയും ആയിരുന്നു. 1965 ൽ യൂണിവേഴ്‌സിറ്റിയുടെ പബ്ലിക്കേഷൻ വകുപ്പ് മേധാവിയായ അദ്ദേഹം 1967 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. തുടർന്ന് പാലാ അൽഫോൺസാ വിമൻസ് കോളേജിലും, കൊട്ടിയം എൻ എസ് എസ് കോളേജിലും പ്രൊഫസറായിരുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.