29 March 2024, Friday

അയൽ രാജ്യത്തെ കച്ചവടക്കാരികൾ

Janayugom Webdesk
July 3, 2022 2:00 am

ബുദ്ധന്റെ തെളിമയുള്ള നിലാവെളിച്ചം ഏറ്റുകിടക്കുന്ന രാജ്യമണ് നേപ്പാള്‍. നേപ്പാളിലൂടെ യാത്ര ചെയ്യുകയെന്നാല്‍ അറിവിന്റെ മഹാസമുദ്രത്തിലൂടെ നീന്തുകയെന്നാണ്. ഒരു ജനതയുടെ, ഒരു സംസ്കാരത്തിന്റെ ഹൃദയത്തെ ചുംബിക്കുക എന്നാണ്. സുനോലിയിലെ അതിർത്തി കടക്കുന്നത് മുതൽ തന്നെ ബുദ്ധസാമ്രാജ്യത്തിന്റെ വ്യതിരിക്ത ഭാവം വഴികളിൽ തെളിയും. വിസ്തൃതമായ റോഡുകൾ, ശാന്തമായ വഴികൾ കലാപരമായി ഭംഗിയാക്കാൻ ശ്രമിച്ച കെട്ടിടങ്ങൾ, ഭംഗിയിൽ ആധുനികമായി വസ്ത്രം ധരിച്ച എയർ ഹോസ്റ്റസുമാരെ അനുസ്മരിപ്പിക്കുന്ന സുന്ദരികൾ, സൗന്ദര്യബോധമുള്ള ആളുകൾ…
എന്നാൽ എന്നെ ഏറ്റവും വിസ്മയപ്പെടുത്തിയത് പൊതു ഇടങ്ങളിലെ സ്ത്രീ സാന്നിദ്ധ്യമാണ്.

നെഞ്ചുവിരിച്ച്, ആജ്ഞാശക്തിയുള്ള കണ്ണുകൾ ഉള്ള, സൗമ്യമെങ്കിലും ശക്തമായി സംസാരിക്കുന്ന, സൗന്ദര്യ ബോധമുള്ള, ആത്മാഭിമാനം സ്ഫുരിക്കുന്ന ശരീര ഭാഷയുള്ള പെണ്ണുങ്ങൾ. അവർ എല്ലായിടത്തുമുണ്ടായിരുന്നു. കൂട്ടത്തിലൊരാൾക്ക് സംശയം, ”അപ്പോൾ ഇവിടത്തെ ആണുങ്ങൾ എല്ലാം എന്തു ചെയ്യുകയായിരിക്കും?” അതിനുള്ള ഉത്തരം കിട്ടിയത് ഒരു നേപ്പാളി സുഹൃത്തിനൊപ്പം ബാക്രി ഗാവ് സന്ദർശിച്ചപ്പോൾ ആണ്. അവിടെ ഞങ്ങൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന പുരുഷൻമാരെയും സ്ത്രീകളേയും കണ്ടു. നേപ്പാളി സുഹൃത്ത് പറഞ്ഞത്, സ്ത്രീകളാണ് സമൂഹത്തിന്റെ, കുടുബത്തിന്റെ മുന്നിൽ നിന്ന് കാര്യങ്ങൾ നടത്തുന്നത് എന്നാണ്. പുരുഷൻമാർ സ്ത്രീകളെ കൃഷി തുടങ്ങിയ കായിക ജോലികളിൽ സഹായിക്കുന്നു. കച്ചവടം നടത്തുന്നത് ഭൂരിഭാഗവും സ്ത്രീകളാണ്. അവർ നഗരങ്ങളിൽ ഹിന്ദിയും നേപ്പാളിയും സംസാരിക്കും. ഗ്രാമങ്ങളിൽ നേപ്പാളി മാത്രവും. ഭൂരിഭാഗവും അക്ഷരാഭ്യാസമില്ലാത്തവർ. പിന്നെ എങ്ങനെ ഈ കച്ചവടം എന്ന് അത്ഭുതം കൂറിയ എന്നോട് അയാൾ വിശദീകരിച്ചു ”എല്ലാം മനസിൽ കൂട്ടാൻ അവർക്ക് അറിയാം. നല്ല ഓർമ്മ ശക്തിയാണ്.”

ചിത് വൻ ലെ മനഃകാമ്നാ ദേവിയുടെ ക്ഷേത്രത്തിലേക്കുള്ള കേബിൾ കാർ കയറുന്നതിനുള്ള മലയടിവാരത്തു നിന്നാണ് ലക്ഷ്മി ദീദിയെ കണ്ടുമുട്ടിയത്. ഹോട്ടല്‍ നടത്തുകയാണ് അവർ. അവരുടെ ഭർത്താവ് താഴെ കൊച്ചു കട നടത്തുന്നു. ആജ്ഞാശക്തിയുള്ള ശരീരഭാഷയുള്ളവൾ. മക്കളിൽ ഒരാൾ ഓസ്ട്രേലിയയിൽ. മറ്റു രണ്ടു പേർ പഠിക്കുന്നു. കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന കന്യാസ്ത്രീകളെക്കുറിച്ചു അവർ പറഞ്ഞു. സഞ്ചാരികൾക്കു വേണ്ടി മനോഹരമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന നഗരമാണ് പൊഖ്റ. വൃത്തിയുള്ള വഴിക്കിരുവശവും കച്ചവട സ്ഥാപനങ്ങൾ ആണ്. പുരാവസ്തുകൾ, ബുദ്ധ പ്രതിമകൾ കമ്പിളി വസ്ത്രങ്ങൾ, തദ്ദേശീയമായ ആഭരങ്ങൾ, വസ്ത്രങ്ങൾ, തുടങ്ങി ഫേ വാ തടാകത്തിനു ചുറ്റും വഴിയോരക്കച്ചവടം എപ്പോഴും സജീവം. അവിടെവെച്ചാണ് ജൂഡിയെ കണ്ടുമുട്ടിയത്. പാശ്ചാത്യ രീതിയിൽ ഫാഷനബ്ൾ ആയി വസ്ത്രം ധരിച്ചിരിക്കുന്നു. നേപ്പാൾ വിഭവങ്ങൾ നുണയാനും ഒരു ചായ കുടിക്കാനുമായി കയറിയ കഫേയിലാണ് ജൂഡിയെ കണ്ടത്. ജൂഡിയാണോ കടയുടമ എന്ന എന്റെ ചോദ്യത്തിന്, അപ്പുറത്ത് സംസാരിച്ചിരിക്കുന്ന മറ്റൊരു സ്ത്രീയെ അവർ ചൂണ്ടിക്കാട്ടി. രാത്രികളിൽ പോലും സ്ത്രീകൾ തെരുവുകളിൽ സജീവമാണ്.

ഗുഹാമ ഹേശ്വർ ക്ഷേത്രത്തിനരികിൽ കച്ചവടം ചെയ്യുന്ന അനേകം സ്ത്രീകളിൽ ഒരാളാണ് സമിത. മിടുമിടുക്കി. അമ്മയോടൊപ്പം എത്ര മനോഹരമായിട്ടാണ് അവൾ പല നാടുകളിൽ നിന്നും വരുന്ന തദ്ദേശീയരും വിദേശീയരുമായ സന്ദർശകരോട് കച്ചവടം പറഞ്ഞുറപ്പിക്കുന്നത്! ഞങ്ങൾ എല്ലാ വരും കൂടി നല്ലൊരു കച്ചവടം അവൾക്ക് കൊടുത്തു. നേപ്പാളിന്റെ ഓർമ്മക്ക് ഒരു മെഡിറ്റേഷൻ ബൗൾ ഞാനും വാങ്ങി. കാഠ്മണ്ഡുവിലെ തെരുവിലും ദർബാർ സ്ക്വയർ മാർക്കറ്റിലും തമൽ മാർക്കറ്റിലും കാണുന്നേടത്തെല്ലാം മിടുക്കി പെണ്ണുങ്ങൾ, പെൺകുട്ടികൾ. അന്നത്തെ ദിവസം അവസാനിച്ചത് ഹിൽ സ്റ്റേഷനായ നഗർകോട്ട് ചെന്ന് ഒരു നേപ്പാളി ചായ കുടിച്ചിട്ടാണ്. ഒരു കുഞ്ഞു ചായക്കട. എല്ലായിടത്തും സുലഭമായി മദ്യവും ലഭ്യമാണ്. വഴിയരികിൽ വളർന്നു നിൽക്കുന്ന ആരും ശ്രദ്ധിക്കാത്ത കഞ്ചാവ് ചെടികളെപ്പോലെത്തന്നെ മദ്യവും. എങ്കിലും മദ്യപിച്ച് ലക്ക് കെട്ട് വഴിയിൽ കിടക്കുന്നവരേയോ യാത്രക്കാർക്ക് ശല്യമാകുന്നവരേയോ ഒരിടത്തും കണ്ടില്ല. ചായക്കട നടത്തുന്നത് സുന്ദരിയായ ഒരു അമ്മൂമ്മ. പരമ്പരാഗതമായ ആഭരണങ്ങൾ ധരിച്ചിരിക്കുന്നു. പേര് പറഞ്ഞെങ്കിലും തീരെ മനസിലായില്ല. ചായക്കടയുടെ ഒരു ഭാഗം വീടാക്കിയിരിക്കുന്നു. മറ്റൊരു ഭാഗം ആകാശം മുഴുവൻ ഉള്ളിൽ നിറയുന്ന ഒരു മനോഹരമായ കൊച്ചു കിടപ്പുമുറി. വീടും കടയും എല്ലാം ഒന്നു തന്നെ.

വളരെ രസകരമായ വിവാഹ‑കുടുംബ ബന്ധമാണ് ഇവരുടേത്. പുരുഷാധിപത്യ സമൂഹം നിലനിൽക്കുന്നിടത്ത് പൊതുവിൽ ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും പുരുഷനാണ്. വിവാഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ഒരു ജനതയുടെ സമീപനമാണ് ആ സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനവും സ്വാതന്ത്ര്യവും അളക്കുന്നതിനുള്ള അനുയോജ്യമായ അളവുകോൽ എന്ന് തോന്നിയിട്ടുണ്ട്. വൈവാഹിക രീതികളുടേയും സ്ത്രീകളുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെയും അടിസ്ഥാനത്തിൽ നേപ്പാളിലെ ഗോത്ര സമൂഹങ്ങളെ രണ്ടായി ത്തിരിക്കാം. ഹിന്ദു മതത്തിലെ ബ്രാഹ്മണിക സംസ്കാരം പിന്തുടരുന്നവരും, ബുദ്ധമത സ്വാധീനമുള്ള തനതു ഗോത്ര രീതികൾ പിന്തുടരുന്നവരും. ഇതിൽ സമൂഹത്തിന്റെ മേൽത്തട്ടിലുള്ള ബ്രാഹമണരും ഛേത്രികളും ബ്രാഹ്മണിക സംസ്കാരമായ കന്യാദാനവും ബന്ധുക്കൾ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹവും പിൻതുടരുന്നവരാണ്. അവയിൽ സ്ത്രീകൾക്ക് സ്വയംനിർണയ അവകാശം കുറവാണ്. അവർ മറ്റു പുരുഷൻമാർ കാണാതെ അടുക്കളയിൽ ഒതുങ്ങേണ്ടവരായാണ് പാരമ്പര്യമതം അനുശാസിക്കുന്നത്.

പക്ഷേ എന്നെ അൽഭുതപ്പെടുത്തിയത് മറ്റു ഗോത്രങ്ങളുടെ ആചാരരീതികൾ ആയിരുന്നു. അവർ പിതൃദായക സമൂഹങ്ങൾ ആണെങ്കിൽക്കൂടി കൂടുതൽ സ്ത്രീ സൗഹൃദപരമാണ്. സ്ത്രീക്ക് സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. പാരമ്പര്യമായി കച്ചവടക്കാരായ ‘നേവാർ’ (Newar ) ഗോത്രക്കാർക്കിടയിൽ സ്ത്രീകൾക്ക് ഭർത്താവിനെ സ്വീകരിക്കാനും ഉപേക്ഷിക്കാനും അവകാശമുണ്ട്. ഭർത്താവ് സമ്മാനമായി നൽകിയ അടക്കകൾ തിരികെ കൊടുത്ത് എപ്പോൾ വേണമെങ്കിലും അവർക്ക് സ്വതന്ത്രയാവാം. ആദ്യവിവാഹത്തെ എറ്റവും പാവനമായി കരുതുന്നതുകൊണ്ട് ഏഴു വയസായ പെൺകുട്ടികളെ ഒരു വില്വമരത്തിന് വിവാഹം ചെയ്തു കൊടുക്കുന്നു. പിന്നീട് പ്രായപൂർത്തിയായ പെൺകുട്ടി ആരെ സ്വീകരിച്ചാലും ഉപേക്ഷിച്ചാലും അത് സമൂഹം വളരെ സ്വാഭാവികമായ കാര്യമായിട്ടാണ് കരുതുന്നത്. മാത്രമല്ല വിവാഹം കഴിച്ച സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ വലിയ ബഹുമാനവും സ്ഥാനവും അധികാരവും കൽപ്പിക്കുന്നു.
റായ് ഗോത്രത്തിൽ വിവാഹത്തിനു മുന്നേ ഒരേ കുലത്തിൽ പെട്ടവരല്ലാത്ത ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സ്വതന്തമായ ഇടപെടലുകളും പ്രണയബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നു. വിവാഹങ്ങൾ ഒളിച്ചോട്ടങ്ങളായോ പരസ്പര സമ്മതത്തോടെയോ കുടുംബങ്ങളുടെ മുൻകയ്യാലോ നടത്തുന്നത് സാധാരണമാണ്. കുടുംബങ്ങൾ മുൻകയ്യെടുക്കുന്ന വിവാഹങ്ങൾ പൂർത്തിയാവാൻ വർഷങ്ങളുടെ ചടങ്ങുകൾ ഉണ്ട്. പലപ്പോഴും അവ കുഞ്ഞു പിറന്നതിനു ശേഷമാണ് പൂർത്തിയാവുന്നത്. അതിനു ശേഷം മാത്രമാണ് വധു ഭർത്താവിന്റെ വീട്ടിലേക്ക് താമസം മാറ്റുന്നത്. അവൾ തന്റേതായ ഇടത്തിൽ സ്വതന്ത്രയും സുരക്ഷിതയുമാണ്. വിവാഹ മോചനവും വധുവിന്റെ മേൽ കളങ്കം അവശേഷിപ്പിക്കുന്നില്ല.

കുട്ടികളായതിനു ശേഷമുള്ള വിവാഹ മോചനത്തിനു ശേഷം ആൺകുട്ടികൾ അച്ഛൻ വീട്ടിലും പെൺകുട്ടി കർ അമ്മയോടൊപ്പവും താമസം തുടരുന്നു.
ലിംബു ഗോത്രത്തിലും അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വതന്ത്രരായി പരസ്പരം കാണാനും ഇടപെടാനും അവസരം സമൂഹം തന്നെ ഒരുക്കുന്നു. ആഘോഷ അവസരങ്ങൾ ഒന്നിച്ച് നൃത്തം ചെയ്യാനും സന്തോഷിക്കാനും അവർക്കിടയിൽ ആരോഗ്യകരമായ ബന്ധങ്ങൾ രൂപപ്പെടാനും ധാരാളം അവസരങ്ങൾ ഉണ്ട്. യാത്രയിൽ ഞാൻ കണ്ടുമുട്ടിയ കച്ചവടക്കാരികൾ അധികവും തമാങ്ങ് ഗോത്രക്കാരണ് എന്ന് നേപ്പാളി സുഹൃത്ത് ഉമേഷ്ജി പറഞ്ഞു. തമാങ്ങ് ഗോത്രക്കാർക്കിടയിൽ അവിവാഹിതരായ പെൺകുട്ടികൾ ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നതിനെ അസാധാരണ കുറ്റമായി കാണുകയോ പെൺകുട്ടികളെ കളങ്കിതരായി കരുതുകയോ ചെയ്യുന്നില്ല.

സ്വന്തം ലൈംഗികത സ്തീ യുടേയും പുരുഷൻ്റേയും സ്വാതന്ത്ര്യമാണ്. പ്രണയ വിവാഹങ്ങൾ ആണ് സാധാരണയായി നടക്കാറുള്ളത്. തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കുന്നതും സാധാരണയാണ്. പക്ഷേ തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിക്ക് രണ്ടു ദിവസത്തിന് അകം വിവാഹത്തിന് സമ്മതമല്ലെങ്കിൽ തിരികെ വീട്ടിൽ എത്തിക്കും. നിലവിലുള്ള വിവാഹം സ്ത്രീയോ പുരുഷനോ മറ്റൊരാളെ വി വാ ഹം കഴിച്ചാൽ അസാധുവാകും. അതിനെ ഒരു സാമൂഹിക കുറ്റകൃത്യമായി കാണുന്നില്ല. പകരം ഉപേക്ഷിക്കപ്പെട്ട ഭർത്താവിന് ഒരു തുക നഷ്ടപരിഹാരം പുതിയ ഭർത്താവ് നൽകണം. ഗുരുങ്ങ് ഗോത്രങ്ങൾ അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആരോഗ്യകരമായ ബന്ധങ്ങൾ ഉണ്ടാകാക്കാൻ ഒരു പ്രായപൂർത്തിയായ പുരുഷന്റെയും സ്ത്രീയുടെയും കീഴിൽ ‘റോഡി’ എന്ന് പേരിൽ ഡോർമിറ്ററികൾ ഉണ്ട്. അവർക്ക് പരസ്പരം സന്ദർശിക്കുകയും ഒന്നിച്ചു താമസിക്കുകയും വിനോദിക്കുകയും ചെയ്യുന്നതിന് വിലക്കുകൾ ഇല്ല. അവരുടെ കൂട്ടത്തിൽ ഒരാളുടെ വിവാഹം ഇവർക്ക് ഒന്നിച്ച് കൂടാനും ആ നന്ദിക്കാനും സ്വന്തം ജീവിത പങ്കാളിയെ സ്വയം തെരഞ്ഞെടുക്കാനും ഉള്ള സ്വതന്ത്രമായ അവസരങ്ങൾ ഒരുക്കുന്നു. ഷർപ്പ ഗോത്രക്കാരിൽ വിവാഹം പൂർത്തിയാക്കാൻ വർഷങ്ങൾ എടുക്കും.

വിവാഹത്തിന് സമ്മതമായാൽ ആൺകുട്ടി അന്തിയുറങ്ങാൻ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും പകൽ സ്വന്തം വീട്ടിൽ ജോലി ചെയ്യുന്നത് തുടരുകയും ചെയ്യും. കുഞ്ഞിൻ്റെ ജന്മത്തിന് ശേഷം മാത്രമാണ് വിവാഹ കർമ്മങ്ങൾ പൂർത്തിയാവുന്നത്. പെൺകുട്ടിക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം വിവാഹ ചടങ്ങുകൾ പൂർത്തിയാക്കുകയും വരൻ്റെ വീട്ടിൽ താമസമാക്കുകയും ചെയ്യാം. ബ്രാഹ്മണിക ആചാരങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ഗോത്രങ്ങൾക്കിടയിൽ സ്ത്രീകൾ താരതമ്യേന സ്വതന്ത്രരല്ല. അവർ പുരുഷൻമാരോട് സ്വതന്ത്രരായി ഇടപെടുന്നതിൽ വിലക്കുള്ളതിനാൽ ഇവര്‍ കൂടുതലും വീടുകൾക്കുള്ളിൽ കഴിയുന്നവരാണ്. തനതു ഗോത്ര പാരമ്പര്യം ബുദ്ധിസത്തോട് ചേർന്നു നിൽക്കുന്ന സമൂഹങ്ങളിൽ സ്ത്രീയുടെ ലൈംഗിക സ്വയംനിർണ്ണയാവകാശത്തെ ഗോത്രത്തിനുള്ളിൽ അംഗീകരിക്കുന്നുണ്ട്. ഗോത്രത്തിനു വെളിയിൽ പങ്കാളികളെ സ്വീകരിക്കുന്നത് പ്രോൽസാഹിപ്പിക്കുന്നില്ലെങ്കിലും ഗോത്രത്തിനകത്ത് സ്ത്രീകളെ പൊതു ഇടങ്ങളിൽ നിന്നും മാറ്റി നിർത്തുന്നില്ല. പൊതു ഇടങ്ങളിലെ സ്വീകാര്യത സ്ത്രീകളുടെ ജീവിതം കൂടുതല്‍ സമ്പന്നമാക്കുന്നു.

ഇങ്ങനെ പൊതുജീവിതത്തിൽ നിന്നുള്ള അനുഭവസമ്പത്ത് അവളെ തന്റേടിയും ശക്തയും ആത്മാഭിമാനമുള്ളവരും ആക്കിത്തീർക്കുന്നു. എല്ലാറ്റിലുമുപരി സ്ത്രികൾക്ക് സ്വന്തം കുടുംബത്തിലുള്ള സ്ഥാനം വിവാഹശേഷവും നഷ്ടപ്പെടുന്നില്ല എന്നതും വിവാഹമോചന ശേഷം അവൾ അവിടെ എപ്പോഴും സ്വീകാര്യയാണ് എന്നതും അവരെ സമൂഹത്തിൽ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകാന്‍ കാരണമാകുന്നു. ഇവയെല്ലാം വിരൽ ചൂണ്ടുന്നത് ഒരേ കാര്യത്തിലേക്കാണ്. അതെ… നേപ്പാളിലെ തന്റേടികളായ കച്ചവടക്കാരികൾ തലമുറകളായി അവർ അനുഭവിക്കുന്ന സ്വയംനിർണ്ണയാവകാശമുള്ള സ്ത്രീ സമൂഹത്തിന്റെ സ്വാഭാവിക പരിണതി ആണ്. പൊതു ഇടങ്ങൾ സ്ത്രീകളുടേതുകൂടി ആകേണ്ടതുണ്ട്. സ്ത്രീ സുരക്ഷയുടെ രഹസ്യ താക്കോൽ അവിടെയാണിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.