ചിരിയുടുത്തൊരു കവി

Web Desk
Posted on November 17, 2019, 8:20 am

സുനിൽ സി ഇ

ചിരിയുടെ ദുരൂഹതകൾ വശമുള്ള കവിയാണ് ഷൈജു അലക്സ്. മിമിക്രിയും കവിതയും ഷൈജുവിന്റെ തേരുകളാണ്. ചിരിയുടെ കൊടുമുടികളും കവിതയുടെ പർവതങ്ങളും കൊണ്ട് നമ്മുടെ ജീവിതത്തിന്റെ വന്ധ്യതയകറ്റാൻ ഈ കലാകാരനാവുന്നുണ്ട്. പരസ്പരം ഭിന്നിച്ചുവളരുന്ന രണ്ടു കലാരൂപങ്ങളെയാണ് ഒരുപക്ഷെ ഷൈജു സംവേദനക്ഷമതയുള്ള മാധ്യമമാക്കി മാറ്റുന്നത്. കവിതയിലെ പിളർപ്പുകളുടെ കാലത്തും പാരഡിയുടെ അനന്ത സാദ്ധ്യതകളുടെ കാലത്തും രണ്ടിനെയും അർത്ഥമുള്ള ചടങ്ങുകളാക്കി അവരോധിക്കാൻ ഈ കലാകാരൻ ശ്രമിക്കുന്നു. കവിതയുടെയും മിമിക്സിന്റെയും ഭരണകൂടത്തിൽ എണ്ണപ്പെടുന്ന ഒരു കലാകാരനായി ഷൈജു മാറുകയാണിവിടെ. നമ്മുടെ സാംസ്കാരികമായ കിരാതാവസ്ഥകളെ അട്ടിമറിക്കാൻ ഈ കലാകാരന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

‘ചിരി’ എന്ന ഗൗരവശാസ്ത്രം

മിമിക്സ് എന്ന കലാരൂപത്തിന്റെ ‘ചിരി’ ഒരു ഗൗരവശാസ്ത്രമാണ്. മിമിക്രിയിലെ ചിരിയിൽ ഒരു ധീരതയുണ്ട്. ഒരേ സമയം പ്രതിഷേധത്തിന്റെയും തിരുത്തലിന്റേയും മാധ്യമമാണ് മിമിക്രി. മിമിക്രിയിലൂടെ ചിരിപ്പിക്കുന്ന ഷൈജു അനുകരണകലയിലൂടെ കാലോചിതമായി ഇടപെടുന്നുണ്ട്. മൂവായിരത്തിലധികം വേദികളിൽ നിമിഷങ്ങളുടെ ഹൈപ്പർ ഗ്യാപ്പുകളില്ലാതെ സത്യന്റെയും നസീറിന്റെയും മധുവിന്റെയും ദലീമയുടെയും കൊച്ചിൻ ഹനീഫയുടെയും വിഎസ്സിന്റെയുമൊക്കെ ശബ്ദങ്ങൾ അനുകരിക്കുമ്പോൾ നാം അത്ഭുതത്തോടെയാണ് ആ ചിരിക്കു പിന്നിലെ ഗൗരവശാസ്ത്രത്തെ സമീപിക്കുന്നത്. കൈരളി ടിവിയിലെ ‘കോമഡിയും മിമിക്സും പിന്നെ ഞാനും’, ഏഷ്യാനെറ്റിലെ ‘കോമഡി എക്സ്പ്രസ്സും’ ഷൈജുവെന്ന മിമിക്രി കലാകാരനെ അടയാളപ്പെടുത്താനുള്ള അടുത്തറിയാനുമുള്ള വേദികളായി തീർന്നിട്ടുണ്ട്.

കവിതയിലെ ‘വേദന’ ഷോകൾ

വി മധുസൂദനൻ നായർ ഷൈജുവിന്റെ കവിതകളെ വിലയിരുത്തിയതിങ്ങനെയാണ് — ”ശ്രീമാൻ. ഷൈജു അലക്സ് പ്രത്യുല്പന്നേച്ഛുവായ യുവകവിയാണ്. വാക്കിന്റെ വഞ്ചി, തന്നാലാവും വിധം തുഴയാൻ ഈ ചെറുപ്പക്കാരൻ പ്രാണന്റെ തുഴകൊണ്ടുതന്നെ ശ്രമിക്കുന്നു. ഉദ്വേഗവും ആവേശവും അദ്ദേഹത്തെ തുണയ്ക്കുന്നു. ” നാം ജീവിക്കുന്ന കാലത്തെ പുനർനിർവചിക്കുകയാണ് ഷൈജുവിന്റെ കവിതകൾ. എഴുതപ്പെട്ട കവിതകളിൽ ഏറ്റവും തിളക്കമുള്ള സാംസ്കാരിക വിമർശനമാണ് ‘ദാരിദ്ര്യ രേഖയ്ക്കു താഴെ’ എന്ന കവിതാ പുസ്തകം. ‘ഇന്നീ മഴയത്ത്’, ‘ഉള്ളിൽ’, ‘കണ്ടില്ലെന്ന് നടിക്കരുത്’, ‘മരിക്കാൻ പോലും കഴിയാതെ’, ‘നിൽപ്പ് എന്ന കാൽപ്രയോഗത്തിനും ചുംബനം എന്ന ചുണ്ടു പ്രയോഗത്തിനും മധ്യേ ഞാൻ നിങ്ങളെ പോസ്റ്റു ചെയ്യുന്നു’, ‘എന്റെ അമ്മയുടെ 1980-കളിലെ ഫോട്ടോ’, ‘മുറ്റം തൂക്കുന്ന ആൺകുട്ടി’ എന്നീ കാവ്യപുസ്തകങ്ങൾ വേദനകളുടെ ഷോകൾ നിരത്തി വെയ്ക്കുന്നുണ്ട്. ഷൈജുവിന്റെ കവിതകൾ എല്ലാം തന്നെ യാതനാദൃശ്യങ്ങൾ നിറഞ്ഞ ജീവിത ട്രാജഡികൾ പോലെ നമുക്കനുഭവപ്പെടും. സ്വന്തം ജീവിത പരിസരങ്ങളുടെ വേദനകളെ തന്നെയാണ് ഷൈജു കവിതകളിൽ ആവിഷ്കരിച്ചിട്ടുളളത്. ഈ വേദനകളുടെ പ്രകാശനത്തിനാണ് ഒരുപക്ഷെ ഷൈജുവിന് ‘സംഘമിത്ര സാഹിത്യ പുരസ്കാരവും’, നിയാർട്ടിന്റെ യുവപ്രതിഭാ പുരസ്കാരവും, മിത്രമിത്രം സാഹിത്യ അവാർഡും, അതിരൂപതാ യുവതാ അവാർഡും’ ചിന്നപ്പൻ മെമ്മോറിയൽ അവാർഡും’, ‘സാഗരം സാഹിത്യ പുരസ്കാരവും, പ്രഥമ ഡി. വിനയചന്ദ്രൻ പുരസ്കാരവും ലത്തീൻ കത്തോലിക്കാ ഐക്യവേദിയുടെ വിശിഷ്ട സേവാരത്ന പുരസ്കാരവും മലയാളം ചർച്ചാ വേദിയുടെ മൾട്ടിലാന്റ് അവാർഡും ടങഠഎ സാഹിത്യ അവാർഡും ഒക്കെ ലഭിച്ചത്. ജീവിതത്തെ ശുദ്ധ ഭാവത്തിലുള്ള ഉപാസനയാക്കാൻ ചില ദുഃഖങ്ങൾക്കും വേദനകൾക്കും കഴിയുമെന്ന ഫിലോസഫിയാണ് ഈ കവിയെ നയിക്കുന്ന മറ്റൊരു തത്വം. ആരോഗ്യമുള്ള ഭാഷ കൊണ്ട് ഷൈജു നടത്തുന്ന വേദനയെഴുത്തുകൾ നമ്മുടെ ജീവിത പരിസരങ്ങളെക്കുറിച്ചുള്ള ആഴപ്പെട്ട നിരീക്ഷണങ്ങൾ തന്നെയാണ്. അതു ഷൈജുവിന്റെ കവിതകളിലെ വേദന ഷോകൾ തന്നെയാണ്.

സാംസ്കാരിക ഇടപെടലുകൾ

ഒരാൾ ഒന്നിൽക്കൂടുതൽ ശിഖരങ്ങളുള്ള വ്യക്തിത്വമാകുക എന്നത് ദൈവനിശ്ചയമാണ്. ഷൈജു മിമിക്രിക്കും കവിതയ്ക്കുമപ്പുറം ജീവിക്കുന്ന വ്യക്തിത്വമാണ്. നവദർശൻ റിസോഴ്സ് ടീമംഗം, പൂവാർ ലയോളയിലെ മലയാളം അധ്യാപകൻ, നാടകാഭിനയം, ജീവകാരുണ്യ പ്രവർത്തനം, സാമൂഹിക രാഷ്ട്രീയ പ്രവർത്തനം, അശരണർക്കും അഗതികൾക്കും സന്തോഷം നൽകൽ, ക്രിസ്മസ് നാളുകളിൽ വഴിയോരത്തെ ആരുമില്ലാത്തവർക്ക് പൊതിച്ചോറു വാങ്ങി നൽകൽ എന്നീ മേഖലകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ‘മുള്ള് ചുമക്കുന്ന ഉറുമ്പുകൾ’ (ബാലസാഹിത്യം) നവസാക്ഷര കൃതി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഡബ്ബാവാല (നോവൽ) ഉടനെ പുറത്തുവരുന്നുണ്ട്. ഇതു സാംസ്കാരിക ഇടപെടലിന്റെ ലക്ഷണമാണ്. എഴുത്തിൽ തുടരുകയും സാംസ്കാരിക പ്രവർത്തനങ്ങളിൽ വ്യാപരിക്കുകയും ചെയ്യുന്ന ഒരാൾ എന്നതിലുപരി ജീവിക്കുന്ന സംസ്കാരത്തെയും കാലത്തെയും ശരിയായി നിരീക്ഷിക്കുന്ന ഒരാളാണ് ഷൈജു. അതുകൊണ്ടാണ് കവിതയിലൂടെയും മിമിക്രിയിലൂടെയും ലോകത്തോട് വിളിച്ചു പറയാനാവാത്ത കാര്യങ്ങൾ ‘ഡബ്ബാവാല’ എന്ന നോവലിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇതു സാംസ്കാരിക ദൗത്യമായി ഷൈജു തിരിച്ചറിയുന്നു. ജീവിതത്തിന്റെ ചുറ്റുപാടുകളെ ബോധത്തിൽ നിരന്തരം നിർത്തി കാര്യമറിയൽ സംഭവിപ്പിക്കുന്ന ഷൈജുവിന്റെ ഇടപെടലുകൾ പുതിയ തലമുറയ്ക്കു മാതൃകയാണ്.

വീട് എന്ന സ്വപ്നം

ഈ കലാപ്രവർത്തനങ്ങൾക്കിടയിലും ഷൈജുവിനെ നിരന്തരം അലട്ടുന്ന പ്രശ്നം വീടു തന്നെയാണ്. സ്വന്തമായ കൂര ഉണ്ടെങ്കിലും കാലവർഷത്തിൽ എപ്പോഴും വീട്ടിൽ വെള്ളം നിറയുകയും പല പല സ്ഥലങ്ങളിൽ താമസിക്കേണ്ടതായ സാഹചര്യം കടന്നു വരുകയും ചെയ്തു. വെളളമിറങ്ങിയാൽ വീടിനകം വിവിധയിനം പ്രാണികളും പുഴുക്കളും കടന്നു വരും, ദുർഗന്ധവും… ആയതിനാൽ സാംസ്കാരികമായ ഒരു കടമ കൂടി നാം ഈ കലാകാരനു നൽകണം. അർഹമായ ഒരു വീട് പണിയുവാനുള്ള സാഹചര്യം കൂടി നമ്മൾ ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളത് പ്രധാനമാണ്.

ഒടുക്കം

തിരുവനന്തപുരത്തെ കടലോര ഗ്രാമമായ കൊച്ചുതുറയിൽ പി അലക്സിന്റെയും മേരി അലക്സിന്റെയും മൂന്നു മക്കളിൽ മൂന്നാമത്തെ മകനാണ് ഷൈജു അലക്സ്-ഭാര്യ: സെബി ഷൈജു, മകൾ: ഹെൽഗ ഷൈജു, നിഷാമാർട്ടിൻ, ജിഷാസുരേഷ് എന്നിവർ സഹോദരങ്ങൾ. എഴുത്തിലും മിമിക്രിയിലും തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ഷൈജു തിരുവനന്തപുരത്തെ ബുക്ക് കഫേ പബ്ലിക്കേഷൻസിൽ എഡിറ്ററായി ജോലി ചെയ്യുന്നു.

ഫോൺ: 9745843713.