7 December 2024, Saturday
KSFE Galaxy Chits Banner 2

പ്രാണന്റെ മരണവെപ്രാളത്തിന് ശേഷമുണ്ടാകുന്ന ചിതാഭസ്മം

പുനവൂർ സജീവ്
August 20, 2023 2:18 am

ആത്മസംതൃപ്തി എന്ന സുഖം ഉല്പാദിപ്പിക്കലല്ല കാവ്യ രചന. അത്തരം നിരീക്ഷണവും സമീപനവും കാവ്യലോകത്തേക്കുള്ള ഗൗരവതരമായ വഴിയടച്ച് കളയലാകും. മനുഷ്യ ജീവിതം, സമൂഹം, പ്രകൃതി എന്നിവയെ നന്നായി ചുറ്റി കടന്ന് പോകുന്ന പുഴയുടെ കനപ്പെട്ട യാത്ര കാവ്യരചനയ്ക്കുണ്ട്. അതിൽ വെയിലേറ്റ തീഷ്ണതയും പ്രളയത്തിന്റെ സംഹാരവു-മുണ്ടാകും. പ്രളയാനന്തരം രൂപപ്പെടുന്ന പ്രകൃതി; അതാണ് പ്രധാനം! കാവ്യലോകത്തേയ്ക്ക് പ്രവേശിക്കുന്ന എല്ലാചാവേറുകളുടെയും ദൗത്യവും ഇതുതന്നെയാണ്.

യുവകവികളിൽ ശ്രദ്ധേയനായ ബിനു പള്ളിമണിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ
‘പ്രണയ ചിതാഭസ്മം’ തുറക്കും മുൻപ് ഇത്തരത്തിൽ കാവ്യ ലോകത്തിന്റെ മുൻവാതിൽ തുറക്കൽ അനിവാര്യമാണ്. കാരണം പേരിൽ പ്രണയച്ചാർത്തുള്ള ഈ സമാഹാരത്തിൽ പക്ഷേ, നമുക്കൊരു സന്ദർഭത്തിലും സുഖം മാത്രം ചുരത്തുന്ന പ്രണയമാസ്വദിക്കാനാവില്ല. മറിച്ച്, ജീവിതത്തിന്റെ കടുപ്പവും വൈകാരികതയും കനൽവീണ വഴികളിൽ നിന്നും പെറുക്കിയെടുക്കപ്പെട്ടിരിക്കുന്ന ചാവേർ ദൗത്യമാണ് പ്രണയചാതാഭസ്മം! പ്രണയത്തിൻ ഒരു പ്രാണന്റെ തുടിപ്പുണ്ട്. ആ പ്രാണന്റെ, ജീവിതം തേടലിലെ വെന്തുരുകലും മരണവെപ്രാളങ്ങളുമാണ് ശരിയായ വായനിയിലെ പ്രണയ ചിതാഭസ്മം.
ജീവിതത്തിന്റെ എല്ലാ ദാർശനികതകളെയും പ്രണയ ചിതാഭസ്മത്തിൽ വേരാഴ്ത്തി നിർത്തിയിട്ടുണ്ട്.
“എന്നെ കുഴിച്ചിട്ട മണ്ണിൽ
പ്രണയത്തിന്റെ വിത്ത്
പാകുക”
ഈ രണ്ട് ലഘുവരികളിൽ ഈ സമാഹാരത്തിന്റെയാകെ കടലിരമ്പമുണ്ട്. പ്രണയത്തെ, പ്രാണനെ ജീവിതത്തെ തന്നെ അടയാളപ്പെടുത്തുന്ന ഇരുപത് കവിതകൾ. ഒറ്റ വായനയ്ക്ക് തീർത്ത് വയ്ക്കാനാകാത്ത അസ്വസ്ഥതയുളവാക്കാനിടയുള്ളപ്രണയ രചനകൾ.
“കടുപ്പിച്ച രക്തത്തിന്റെ
കാഠിന്യം തലോടി
ശമിപ്പിക്കണം എന്റെ
പ്രണയത്തെ,
ആ പ്രണയത്തെ വീണ്ടും
പൊട്ടിച്ച് അമർത്തിപ്പിടിക്കണം”
ഇതിലെവിടെയാണ് പ്രണയത്തിന്റെ സുഖമുള്ള മെലഡി. തലച്ചോറ് വെന്ത് പോകലാണ്.
അതെ, പ്രണയത്തിന്റെ ദാർശനികതയും ദാർശനികപ്രണയവും പ്രാണൻ തുടിക്കുന്ന അത്യപൂർവ്വ ജീവിത കാഴ്ചയാണീ സമാഹാരം. കാവ്യാസ്വാദനത്തിനും കാവ്യലോകത്തിന്റെ കടൽ കാണാനിറങ്ങുന്നവർക്കും പ്രണയ ചിതാഭസ്മം ഒരനുഭവം തന്നെയാകും തീർച്ച.

പ്രണയ ചിതാഭസ്മം
(കവിത)
ബിനു പള്ളിമണ്‍
സുജിലി പബ്ലിക്കേഷന്‍സ്
വില: 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.