ഗുസ്തിയില്‍ തോല്‍പ്പിച്ചു

Web Desk
Posted on July 21, 2019, 10:30 am

സന്തോഷ് പ്രിയന്‍

പേരുകേട്ട ഗുസ്തിക്കാരനായിരുന്നു മല്ലയ്യ. മല്ലയ്യയെ ഗുസ്തിയില്‍ തോല്‍പ്പിക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മല്ലയ്യക്ക് സുന്ദരിയായ ഒരു മകളുണ്ട്. പേര് പവിഴം. പവിഴത്തിന്റെ അമ്മ അവളുടെ കുഞ്ഞുനാൡതന്നെ മരിച്ചുപോയി. പിന്നീട് വളര്‍ത്തിയതെല്ലാം മല്ലയ്യ തന്നെ.
അങ്ങനെ പവിഴം വളര്‍ന്ന് വിവാഹപ്രായമെത്തി. അവളെ വിവാഹം കഴിക്കാന്‍ പല നാടുകളില്‍നിന്നും യുവാക്കളെത്തി. അപ്പോഴല്ലേ കുഴപ്പം- മല്ലയ്യ മകളെ അവര്‍ക്കാര്‍ക്കും വിവാഹം കഴിച്ചുകൊടുക്കാന്‍ തയ്യാറായില്ല. ഗുസ്തിയില്‍ തന്നെ തോല്‍പ്പിക്കുന്ന ആള്‍ക്കേ തന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കൂ എന്ന് മല്ലയ്യ എല്ലാവരോടും പറഞ്ഞു.
എന്നാല്‍ മല്ലയ്യയെ തോല്‍പ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക.

ഇതറിഞ്ഞ് ദൂരെ സ്ഥലങ്ങളില്‍നിന്ന് യുവാക്കള്‍ സുന്ദരിയായ പവിഴത്തെ സ്വന്തമാക്കാന്‍ മല്ലയ്യയോട് ഗുസ്തിയില്‍ മത്സരിക്കാന്‍ എത്തി. എന്നാല്‍, അവരെയെല്ലാം മല്ലയ്യ മലര്‍ത്തിയടിച്ചു. ഇതെല്ലാം കണ്ട് പവിഴത്തിന് സങ്കടമായി. ഇങ്ങനെ പോയാല്‍ താന്‍ കല്യാണം കഴിക്കാതെ മൂത്തുനരച്ച് ഇവിടെ ഇരിക്കേണ്ടിവരുമല്ലൊ എന്നവള്‍ ഓര്‍ത്തു.

അങ്ങനെ ഒരുദിവസം ദൂരെ ഒരു സ്ഥലത്തുനിന്നും ദേവന്‍ എന്നൊരു യുവാവ് ഈ കാര്യങ്ങളൊക്കെ അറിഞ്ഞു. വെറുതെ ഗുസ്തിക്കാരന്‍ മല്ലയ്യയെ ഒന്ന് കണ്ടിട്ടുപോകാമെന്ന് കരുതി ദേവന്‍ കുതിരപ്പുറത്തുകയറി പവിഴത്തിന്റെ വീട്ടിലെത്തി.

വീടിന്റെ ജനാലയിലൂടെ ദേവനെ പവിഴം കണ്ടു. സുന്ദരനായ ദേവനെ പവിഴത്തിന് ഇഷ്ടമായി. ‑ഹായ് ഇയാളെങ്കിലും അച്ഛനെ തോല്‍പ്പിച്ചാല്‍ മതിയായിരുന്നു. ദേവന്‍ മല്ലയ്യയോട് ഗുസ്തിക്കാണ് വന്നതെന്നാണ് അവള്‍ കരുതിയത്.

എന്നാല്‍ തടിമാടനായ മല്ലയ്യയെ കണ്ടതും ദേവന്‍ പേടിച്ച് പെട്ടെന്ന് കുതിരപ്പുറത്തുകയറി പോകാനൊരുങ്ങി. അപ്പോള്‍ പവിഴംആരും കാണാതെ ദേവന്റെ അടുത്തു ചെന്ന് പറഞ്ഞു.
‘ഏയ് പേടിച്ച് പോകാതെ, എനിക്ക് താങ്കളെ ഇഷ്ടമായി.’
അപ്പോള്‍ ദേവന്‍ പറഞ്ഞു.

‘എനിക്ക് പവിഴത്തേയും ഇഷ്ടമായി. പക്ഷേ അച്ഛനെ എങ്ങനെ ഗുസ്തിയില്‍ തോല്‍പ്പിക്കും. ഞാന്‍ ഗുസ്തിക്കാരനൊന്നുമല്ല ’
‘അതിന് ഒരു വഴിയുണ്ട്. താങ്കള്‍ അച്ഛനോട് ഗുസ്തിയില്‍ പങ്കെടുക്കണം. ഞാന്‍ ഒരു ചെറിയ കുപ്പിയില്‍ ഒരു മരുന്ന് തരാം. അത് ഗുസ്തിക്കിടെ അച്ഛന്റെ മൂക്കില്‍ തേയ്ച്ചാല്‍ ബോധം കെട്ടു വീഴും. അപ്പോള്‍ താങ്കള്‍ക്ക് ജയിക്കാമല്ലോ’
പേടിയോടെയാണെങ്കിലും ദേവന്‍ സമ്മതിച്ചു.

അങ്ങനെ മല്ലയ്യയും ദേവനും ഗുസ്തി തുടങ്ങി. ഇതിനിടെ പവിഴം കൊടുത്ത മരുന്ന് ദേവന്‍ മല്ലയ്യയുടെ മൂക്കില്‍ സൂത്രത്തില്‍ പുരട്ടി. അപ്പോള്‍ അയാള്‍ ബോധം കെട്ടുവീണു. അങ്ങനെ ദേവന്‍ ജയിച്ചതായി നാടുവാഴി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് മല്ലയ്യ പവിഴത്തെ ദേവന് വിവാഹം കഴിച്ചുകൊടുത്തു.

അപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. ഇതിനിടെ ദേവന് മരുന്ന് നല്‍കി താന്‍ ഗുസ്തിയില്‍ ജയിപ്പിച്ചതാണെന്ന് പവിഴം അച്ഛനോട് തുറന്നു പറഞ്ഞു. എന്നാല്‍ അതെല്ലാം മല്ലയ്യ ക്ഷമിക്കുകയാണ് ചെയ്തത്. എന്തിനാണെന്നോ, തെറ്റ് ചെയ്‌തെങ്കിലും സത്യം തുറന്നു പറഞ്ഞതിന്. അങ്ങനെ ദേവനും പവിഴവും സുഖമായി കഴിഞ്ഞു.