മൂങ്ങയ്ക്ക് കാഴ്ചപോയ കഥ

Web Desk
Posted on January 13, 2019, 9:30 am

സന്തോഷ് പ്രിയന്‍

പണ്ടൊരിയ്ക്കല്‍ ഒരു ആലില്‍ ഒരു മൂങ്ങയമ്മയും ഒരു കരിയിലക്കിളിയും ഒരു മൈനാക്കിളിയും താമസിച്ചിരുന്നു. മഹാ അഹങ്കാരിയായിരുന്നു മൂങ്ങയമ്മ. കരിയിലക്കിളിയും മൈനാക്കിളിയും വലിയ സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്.
കുശുമ്പിയായ മൂങ്ങയമ്മയ്ക്ക് അത് ഒട്ടും ഇഷ്ടമായിരുന്നില്ല. അന്ന് മൂങ്ങകള്‍ക്ക് പകല്‍സമയത്തും നല്ല കാഴ്ച ശക്തിയുണ്ടായിരുന്നു.
കരിയിലക്കിളിയേയും മൈനാക്കിളിയേയും തമ്മില്‍ പിണക്കാന്‍ തക്കംപാര്‍ത്ത് നടക്കുകയായിരുന്നു മൂങ്ങയമ്മ. ഒരുദിവസം കരിയിലക്കിളിക്ക് മഞ്ചാടിക്കുന്നില്‍ നിന്നും ഒരു സ്വര്‍ണവള കളഞ്ഞുകിട്ടി. അവള്‍ അത് മൈനാക്കിളിയെ കാണിച്ചു. സ്വര്‍ണവള കരിയിലക്കിളി ഭദ്രമായി അവളുടെ കൂട്ടില്‍ സൂക്ഷിച്ചുവച്ചു. മൂങ്ങയമ്മ ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
രണ്ടിനേയും പിണക്കാന്‍ ഇതാണൊരു വഴി- മൂങ്ങയമ്മ കരുതി. ഒരുദിവസം ആരുമില്ലാത്ത തക്കം നോക്കി മൂങ്ങയമ്മ കരിയിലക്കിളിയുടെ സ്വര്‍ണവള മോഷ്ടിച്ച് മൈനാക്കിളിയുടെ കൂട്ടില്‍കൊണ്ടുപോയി വച്ചു. എന്നിട്ട് മൂങ്ങയമ്മ ഒന്നുമറിയാത്തപോലെ അവളുടെ കൂട്ടില്‍ പോയിരുന്നു. വൈകുന്നേരമായപ്പോള്‍ കരിയിലക്കിളി വന്ന് നോക്കിയപ്പോള്‍ തന്റെ പൊന്‍വള ആരോ മോഷ്ടിച്ചിരിക്കുന്നു. അവള്‍ കരഞ്ഞുകൊണ്ട് അവിടെയെല്ലാം പറന്നു. അപ്പോള്‍ മൂങ്ങയമ്മ പറഞ്ഞു.
‘കരിയിലപ്പെണ്ണേ, കരിയിലപ്പെണ്ണേ നിന്റെ പൊന്‍വള മൈനപ്പെണ്ണ് മോഷ്ടിച്ചത് ഞാന്‍ കണ്ടു.’
അതുകേട്ട് കരിയിലക്കിളി മൈനയുടെ കൂട്ടില്‍ ചെന്നുനോക്കി. അപ്പോഴതാ അവിടെയിരിക്കുന്നു സ്വര്‍ണവള. അപ്പോള്‍ മൈനക്കിളി അവിടെയത്തി. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് മൈനാക്കിളി ആണയിട്ട് പറഞ്ഞെങ്കിലും കരിയിലക്കിളി വിശ്വസിച്ചില്ല. അവര്‍ തമ്മില്‍ വലിയ വഴക്കായി. ഇതെല്ലാം കണ്ട് മൂങ്ങയമ്മ സന്തോഷിച്ചു. സങ്കടം സഹിക്കാതെ വന്നപ്പോള്‍ മൈനാക്കിളി കരിയിലക്കിളിയുടെ കൈയിലിരുന്ന വള തട്ടിയെടുത്ത് ദൂരേക്ക് എറിഞ്ഞു. ഇവരുടെ വഴക്ക് കണ്ട് അപ്പോള്‍ അവിടെ ഒരു വനദേവത പ്രത്യക്ഷപ്പെട്ടു. വനദേവതയോട് രണ്ടുപേരും നടന്നതെല്ലാം സങ്കടത്തോടെ പറഞ്ഞു.
വള മോഷ്ടിച്ച് മൈനാക്കിളിയുടെ കൂട്ടില്‍ വച്ചത് മൂങ്ങയമ്മയാണെന്ന് വനദേവതയ്ക്ക് മനസിലായി. ചതിയിലൂടെ സ്‌നേഹത്തിലായിരുന്ന രണ്ടുപേരെ പിണക്കിയ വനദേവത ‘നിനക്ക് പകല്‍ സമയത്ത് കാഴ്ചശക്തിയില്ലാതെ പോകട്ടെ’ എന്ന് ശപിച്ചു. അന്നുമുതലാണ് മൂങ്ങകള്‍ക്ക് പകല്‍സമയം കാഴ്ച നഷ്ടമായത്. കരിയിലക്കിളിയാകട്ടെ ഇന്നും കരിയിലകള്‍ക്കിടയില്‍ തപ്പിയും തടഞ്ഞും നടക്കുന്നത് അവളുടെ പൊന്‍വളയാണ്. അങ്ങനെ ദുഷ്ടയായ മൂങ്ങയമ്മ ഒരു പാഠം പഠിച്ചു.