October 1, 2022 Saturday

ഉപഹാസത്തിന്റെ വെയിൽജലം പുരണ്ട കഥകൾ

Janayugom Webdesk
June 12, 2022 3:15 am

മലയാളചെറുകഥയുടെ നീലാകാശത്ത് അസംഖ്യം നക്ഷത്രങ്ങൾ തീവ്രപ്രഭയോടെ ജ്വലിച്ചുനില്ക്കുന്നുണ്ട്. ഇരുൾമൂടിയ രാത്രികാലങ്ങളിൽ നമുക്കവ വഴിവെട്ടം തീർക്കുന്നു. പാലപൂത്ത് പരിമളം തീർക്കുന്ന രാവുകളിൽ ഈ നക്ഷത്രച്ചന്തം നമ്മെ ഉന്മാദികളാക്കുന്നു. സ്വപ്നവും കണ്ണീരും നിറഞ്ഞ വെള്ളിത്തളികയിലെ പാഥേയം രുചിച്ച് എത്രയോ കാലമായി ഈ നക്ഷത്രക്കാവലിൽ നാം യാത്ര തുടങ്ങിയിട്ട്. ഇപ്പോഴിതാ വെളിച്ചം മരിച്ച ഒരു പാതിരാത്രിയിൽ പുതിയൊരു താരകം നമ്മുടെ കൈപിടിക്കുന്നു. ‘രാത്രിവേനൽ’ എന്ന ചെറുകഥാസമാഹാരത്തിലൂടെ ഇളവൂർ ശ്രീകുമാറെന്ന കഥാകാരൻ തീർക്കുന്നത് പുതുമയുടെ ആയിരം പൂത്തിരിവെട്ടമാണ്. ചിണുങ്ങിപ്പെയ്യുന്ന രാത്രിമഴയുടെ സംഗീതവും കുളിരുമല്ല കാതടപ്പിക്കുന്ന ഇരമ്പലും വെള്ളിടിവെട്ടങ്ങളും കൊണ്ട് പ്രക്ഷുബ്ധതയുടെ പെരുമഴയിലേയ്ക്ക് വായനക്കാരെ എടുത്തെറിയുകയാണ് രാത്രിവേനലെന്ന ചെറുകഥാസമാഹാരം. കഥപറച്ചിലിൻറെ പതിവുവഴക്കങ്ങൾ ഈ കഥാകൃത്തിൻറെ മനസ്സിൽ അബോധപൂർവമായിപ്പോലും കടന്നുവരുന്നേയില്ല. വായനക്കാരൻറെ പ്രവചനസാധ്യതകളെ അപ്പാടെ തള്ളി ആഖ്യാനത്തിന് പുതിയ രൂപവും ഭാവവുമൊരുക്കുന്നതിലെ കൈയടക്കം അതിശയിപ്പിക്കുന്നതാണ്. പരിചിതവൃത്തത്തിനുള്ളിൽ നിന്ന് കഥയാരംഭിച്ച് അജ്ഞേയമായ മറ്റൊരു ലോകത്തേയ്ക്ക് കഥാകൃത്ത്.

നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. ഒഴിയാത്ത ആവനാഴിയിൽ കഥയുടെ തീക്ഷ്ണാസ്ത്രങ്ങൾ നിറച്ച് ഈ സവ്യസാചി കഥയുടെ പോർമുഖങ്ങളിലേയ്ക്ക് പൊരുതിക്കയറുകയാണ്. കഥയുടെ കടലിൽ മുങ്ങിനിവരുമ്പോൾ വായനക്കാരൻറെ കരളിലാകെ അനുഭൂതിയുടെ സ്വർണത്തിളക്കം. കഥയിലെ ഓരോ വാക്കും വരിയും പരസ്പരാശ്ലേഷത്താൽ കൂടിക്കലർന്ന് പുതുമയുടെ വാനിലച്ചന്തം വായനക്കാരിൽ നിറച്ചുവയ്ക്കുന്നു. കഥാസാഹിത്യത്തിൽ ചിന്നംവിളിച്ചെത്തുന്ന ഈ ഒറ്റയാനെ കീഴടക്കുക അത്ര എളുപ്പമല്ല. അത്രമേൽ വന്യമായ കാടഴകാണ് ഓരോ കഥയിലുമുള്ളത്. പാരുഷ്യത്തിൻറെ കനൽ നീറിയുറയുന്ന നൊമ്പരക്കൂട്ടാണ് രാത്രിവേനലെന്ന കഥാസമാഹാരം. നിലവിലുള്ള കഥാരചനയുടെ രൂപഘടനയെ റദ്ദുചെയ്തുകൊണ്ടാണ് ഇളവൂർ ശ്രീകുമാർ തൻറെ രചന നിർവഹിക്കുന്നത്. ജീവിതത്തെക്കുറിച്ച് ഓരോ മനുഷ്യനും പുലർത്തുന്ന ധാരണകളെ അട്ടിമറിച്ച് പുതിയൊരു അനുഭവസാക്ഷ്യം ചമയ്ക്കുകയാണ് കഥാകാരൻ. പ്രമേയഘടനയിലും ആവിഷ്ക്കാരത്തിലും പരീക്ഷണപ്രവണത പുലർത്തുന്നൂ ഈ സമാഹാരത്തിലെ എല്ലാ കഥകളും.

കഥയിലെ പങ്കാളിയായും കഥയുടെ അനുഭവസാക്ഷ്യമായും വായനക്കാരൻ മാറുന്നതിന് സഹായകമായ രചനാവഴക്കമാണ് കഥാകാരൻ പ്രകടിപ്പിക്കുന്നത്. വിരുദ്ധബിംബങ്ങളെ ചേർത്തുവച്ച് കഥയുടെ പൊള്ളുന്ന പകലിരവുകളെ നമുക്ക് കഥാകാരൻ സമ്മാനിക്കുന്നു. ഉച്ചമയക്കം സമ്മാനിക്കുന്ന കിനാവുകളുടെ പ്രതിബിംബമല്ല ഇളവൂരിൻറെ കഥകളിലുള്ളത്. മറിച്ച് ഉണർന്നിരിപ്പിന്റെ കൊടുംവേനലിൽ കത്തിയെരിയുന്ന മരുപ്പറമ്പിൻറെ തീയനുഭവമാണ്. കടലാസുപൂക്കളാൽ വസന്തസാന്നിധ്യം തീർക്കുന്ന പൊയ്ച്ചിന്തകൾക്കു പകരം കടുംനിറങ്ങളാൽ പൂത്തുലഞ്ഞു നിൽക്കുന്ന കാനനപ്പൂവിടങ്ങളുടെ ഉദാത്തതയാണ് ഇളവൂരിൻറെ കഥകൾക്കുള്ളത്. സിരാധമനികളിൽ പൊള്ളിയടങ്ങിയ ചോരയോട്ടം ഇളവൂർക്കഥകളുടെ പാരായണത്താൽ കുതിച്ചൊഴുകി വായനക്കാരുടെ ശരീരമാകെ പ്രകമ്പനം കൊള്ളിക്കുന്നു. ഓരോ കഥയും പ്രതീകങ്ങളുടെ പരസ്പരാശ്ളേഷത്താൽ ഇഴപിരിക്കാനാകാത്തവിധം കഥാഘടനയോട് ഇണങ്ങിനിൽക്കുന്നു. കഥാരചനയുടെ പൂർവമാതൃകകളെ കടപുഴക്കി വഴിമുടക്കമില്ലാതെ ഇളവൂർ ശ്രീകുമാർ കഥപറയുകയാണ്. കാലങ്ങളായി എഴുത്തുകാരൻറെ മനസ്സിൽ അശാന്തമായിക്കിടന്ന ജീവിതചിന്തകൾ കനംവച്ചുണർന്ന് ഇടതടവില്ലാതെ തെറിച്ചുവീഴുകയാണ് രാത്രിവേനലെന്ന കഥാസാമാഹാരത്തിൽ.

മുപ്പത്തൊന്ന് കഥകളുടെ സമാഹാരമാണ് രാത്രിവേനൽ. കഥാസമാഹാരമെന്നതിനു പകരം കവിതാസമാഹാരമെന്നു ചേർത്താലും വിയോജിപ്പിൻറെ നേർത്തസ്വരം പോലും എങ്ങുനിന്നും ഉയരാൻ കഴിയാത്തവിധം വാക്കുകളുടെ സംഗീതസാന്നിധ്യം കൊണ്ട് പ്രബലമായൊരു രചനയാണിത്. ആശയങ്ങളുടെയും ചിന്തകളുടെയും മേളനത്താൽ സമീകരിക്കപ്പെട്ട കഥാഘടനയാണിതിലുള്ളത്. ഏകമുഖ ചിന്തകൾക്കു പകരം ബഹുതലവിചാരങ്ങൾക്ക് ഇടംപകരുന്ന നിരവധി വാക്യസമൂഹങ്ങളാൽ സമ്പന്നമാണിതിലെ കഥകളോരോന്നും.
”എല്ലാ ചരിത്രത്തിനു പിന്നിലും അധികാരത്തിന്റെ അദൃശ്യകരങ്ങളുണ്ട്. . അതിന്റെ ശസ്ത്രക്രിയകൾക്കുവേണ്ടി നിഷ്ക്കളങ്കനായ ഒരു ശിശുവിനെപ്പോലെ കാലം കിടന്നുകൊടുത്തിട്ടേയുള്ളൂ”.
”ബന്ധങ്ങളിൽ നിന്നാണ് പതനങ്ങളുടെ തുടക്കം. മുക്തിയുടെ അവസാനം. ”.
”ഹൃദയവും തലച്ചോറുമില്ലാത്ത ഒരു കൂറ്റൻ യന്ത്രം പോലെയാണ് ആൾക്കൂട്ടം. തുടക്കം കുറിച്ചാൽ മതി, പിന്നെ പ്രവർത്തിച്ചുകൊണ്ടേയിരിക്കും”.
”ചരിത്രത്തിൽ ആണ്ടുകളും മാസങ്ങളും മാത്രമാണ് സത്യം. അവയ്ക്കിടയിൽ തളച്ചിട്ടിരിക്കുന്ന വചനങ്ങളുടെ നേരുകൾ അന്വേഷിക്കരുത്. മാത്രമല്ല വായ്ത്തലകൊണ്ട് തീർത്ത വരമ്പുകളാണ് ചരിത്രത്തിന്റെ പാർശ്വങ്ങളെ ബന്ധിപ്പിക്കുന്നതും. അതുവഴി യാത്രയും ദുഷ്ക്കരം”.
”ചരിത്രത്തിൽ നിഗമനങ്ങളേയുള്ളൂ. തീർച്ചകളില്ല. വിശ്വാസങ്ങളേയുള്ളൂ, പരീക്ഷണങ്ങളില്ല. ഭൂതകാലം പരീക്ഷണങ്ങൾക്കതീതമാണ്. അതാണ് ചരിത്രകാരന്റെ വിജയം”.
”ഹരണക്രിയ ശരിയായിരിക്കണമെങ്കിൽ ശിഷ്ടം പൂജ്യമായിരിക്കണം. കൂട്ടിക്കിഴിക്കലുകളെല്ലാം കഴിയുമ്പോൾ ജീവിതത്തിൻറെ ബാലൻസ്ഷീറ്റിൽ പൂജ്യം മാത്രമേ കാണൂ. ശിഷ്ടം ആത്യന്തികമായി തെറ്റാണ്”.
വിവിധ കഥകളിലെ കഥാപാത്രങ്ങൾ ഉയർത്തുന്ന താർക്കികയുക്തികളിലൂടെ യാഥാർഥ്യങ്ങളുടെ വിശകലനസാധ്യതയാണ് എഴുത്തുകാരൻ തേടുന്നത്. ഉപഹാസങ്ങളുടെ വെയിൽജലത്താൽ കഴുകിയുണക്കിയ വാക്കുകൾകൊണ്ട് കഥാകാരൻ തന്റെ ദാർശനികവ്യസനങ്ങൾക്ക് പരിഹാരം കാണുന്നു. ഇരയാകാൻ വിധിക്കപ്പെട്ട് വേട്ടക്കാരുടെ ആധിപത്യത്തറയിൽ ജീവിതസങ്കടങ്ങളിൽപ്പെട്ടുഴലുന്ന മനുഷ്യാത്മാക്കളുടെ വിങ്ങലുകളാണ് ഈ സമാഹാരത്തിലുടനീളം മുഴങ്ങിക്കേൾക്കുന്നത്. അധികാരൻറെന്റെ ഉന്മാദരാത്രികളെ വരുതിയിലാക്കി ഇരകളുടെ നെഞ്ചകം കീറിപ്പൊളിക്കുന്ന വരേണ്യപൊതുബോധത്തെ വിചാരണചെയ്യുകയാണ് ഇതിലെ കഥകളോരോന്നും. ഉപഭോഗത്തിന്റെ പെരുംചന്തയ്ക്കുള്ളിലെ അടയാളക്കള്ളികളിൽ കുടുങ്ങിപ്പോയ വർത്തമാന മനുഷ്യൻറെ നിശ്വാസമാണ് ഓരോ കഥയിലുമുള്ളത്. വരുംകാലത്തിൻറെ പേടിപ്പെടുത്തുന്ന ദുരന്തചിത്രങ്ങളെ കടുംനിറത്തിൽ ഇവിടെ വരച്ചുചേർക്കുന്നു. ബലിയും തിരസ്കാരവും പൊള്ളലും പൊരുതലും ചേർന്ന് നവീകരിക്കപ്പെട്ടൊരു കഥാഘടനയാണ് എഴുത്തുകാരൻ പിന്തുടരുന്നത്. മനസ്സും ഉടലും ചേർന്നൊരുക്കുന്ന അഭിലാഷസങ്കീർണതകളുടെ പെരുംകടലായി ഇതിലെ കഥകൾ മാറുന്നു.
മാധ്യമങ്ങളിൽ അനുദിനമെത്തുന്ന ചോരമണമുള്ള വാർത്തകൾ വായനക്കാരെ ഭീതിയുടെ അശാന്തതാഴ് വരകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. സുരക്ഷയുടെ പെരുംകോട്ടയെന്ന ഖ്യാതിയ്ക്കുള്ളിൽ സ്വസ്ഥമാകുന്ന വീടകങ്ങളിൽപ്പോലും പെൺകുട്ടികൾക്ക് നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെ തുടർക്കഥകൾ ഉള്ളുപൊള്ളിക്കുന്നു. സ്വന്തം പിതാവിനെപ്പോലും സംശയക്കണ്ണോടെ നോക്കേണ്ടിവരുന്ന പെൺമക്കളെന്ന രൂപകക്കാഴ്ചയിലേക്ക് ‘വാർത്തകൾക്കുശേഷ’മെന്ന കഥ വായനക്കാരനെ നയിക്കുന്നു. അമ്മയില്ലാത്ത വീട്ടിൽ അച്ഛൻറെ തണലിൽ ജീവിക്കേണ്ടിവരുന്ന അഖിലയെന്ന പെൺകുട്ടി അനുഭവിക്കുന്ന മാനസികസംഘർഷങ്ങളുടെ ആവിഷ്ക്കാരമാണിത്. ആരെയും വിശ്വസിക്കാൻ കഴിയാത്ത ലോകത്ത് രക്തബന്ധം പോലും സാന്ത്വനമാകുന്നില്ലെന്ന പേടിനിറച്ച കഥയാണ് ‘വാർത്തകൾക്കുശേഷം. ’ മനുഷ്യജീവിതത്തിന്റെ സ്വാഭാവികപരിണാമമായ മരണത്തിൽപോലും വ്യാപാരത്തിൻറെ സാധ്യതകൾ തെളിഞ്ഞുകിടക്കുന്നുണ്ടെന്ന സൂചനയാണ് ‘മരണവ്യാപാരം’ നൽകുന്നത്. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് അന്തസ്സോടെയുള്ള മരണവും മരണാനന്തരകർമങ്ങളും ഉറപ്പുവരുത്തുന്ന പാക്കേജിൻറെ സാധ്യത ഈ കഥയിൽ തെളിയുന്നു. എല്ലാം ഇവൻറ് മാനേജുമെൻറുകൾ കൈയടക്കം ചെയ്തിരിക്കുന്ന ഇക്കാലത്ത് മരണമാനേജുമെൻറ് എന്ന സങ്കല്പം യാഥാർഥ്യത്തോടെ അവതരിപ്പിക്കുവാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. അമ്പതുവയസ്സിനു മുകളിലുള്ളവർക്കുള്ള സ്കീം പരിചയപ്പെടുത്താനാണ് കഥയിലെ ഊർമിളയെന്ന പെൺകുട്ടി എത്തുന്നത്. ഒരു മാസക്കാലത്തേക്ക് കമ്പനി ഏർപ്പെടുത്തിയിട്ടുള്ള പ്രൊമോഷൻ ഓഫറുകൾ അവൾ അവതരിപ്പിക്കുന്നു. ഇരുപത്തിഅഞ്ച് ശതമാനം ഡിസ്കൗണ്ടും അഞ്ച് സൗജന്യസമ്മാനങ്ങളുമുണ്ട്. വാർധക്യകാലത്ത് ആരോരുമില്ലാതെ യാതനയനുഭവിക്കുന്നവരെ, അതിനു സാധ്യതയുള്ളവരെയാണ് കമ്പനി ടാർഗെറ്റു ചെയ്യുന്നത്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളുമുണ്ട്. ഗോൾഡ് കാറ്റഗറിയിൽ ചേരുന്നതിന് അഞ്ചുലക്ഷം രൂപയാണ്. ഒരാഴ്ചത്തെ ടൂർ പ്രോഗ്രാം. ഇഷ്ടമുള്ള സ്ഥലം കസ്റ്റമർക്ക് തിരഞ്ഞെടുക്കാം. എല്ലാ സുഖസൗകര്യവും അനുഭവിക്കാം. ഏതാവശ്യവും നിറവേറ്റാൻ രണ്ടുപേർ ഒപ്പമുണ്ടാകും. അടുത്ത ദിവസമാണ് മരണദിനം. പീസ് ഡേ. ഒരു വേദന പോലുമറിയാതെ സുഖകരമായ മരണം. മരണാനന്തരം നടക്കുന്ന അനുശോചനയോഗത്തിൽ കുറഞ്ഞത് ഒരു മന്ത്രിയെങ്കിലും കാണും. എം. പി മാർ, എം. എൽ. എ മാർ എന്നിവരുമുണ്ടാകും. ചത്തുകിടക്കുമ്പോഴും ചമഞ്ഞ് കിടക്കാനുള്ള സാധ്യതകൾ ഉറപ്പുവരുത്തുന്ന പാക്കേജാണിത്.
സ്ത്രീപുരുഷബന്ധങ്ങളുടെ ഊഷ്മളമുഹൂർത്തം അവതരിപ്പിക്കുന്ന ‘രതയോഗം’ സാമൂഹികവിമർശനത്തിൻറെയും ആക്ഷേപഹാസ്യത്തിൻറെയും മൂർച്ചയുള്ള അസ്ത്രജാലികയാൽ നിർമിതമായ കഥയാണ്. ഫലിതം നിറച്ച സുവർണകുംഭങ്ങളാണ് ഈ കഥാകാരൻറെ എല്ലാ കഥകളും. പ്രതിഭയുടെ പ്രതിഫലനമാണ് ഫലിതബോധമെന്ന നിരീക്ഷണം ഈ കഥാകാരൻറെ കാര്യത്തിൽ പൂർണമായും ശരിയാണ്. ആധുനികകാലത്തെ മനുഷ്യരുടെ മാനസികഭാവമാണ് ‘വെയിൽജല’ത്തിൽ പരക്കുന്നത്. ഏതുസംഭവത്തെയും കാഴ്ചയാക്കാനും ഷെയർ ചെയ്യാനും വെമ്പൽകൊള്ളുന്ന ഒരു സമൂഹത്തിൽ എന്തും വൈറലാക്കുകയെന്ന ദൗത്യമാണ് മനുഷ്യന് ഏറ്റെടുക്കാനുള്ളത്. മനുഷ്യൻറെ എല്ലാ ചലനങ്ങളും ക്യാമറക്കണ്ണിൽ അടയാളപ്പെടുകയും വിപണിയുടെ പ്രലോഭനത്തിലേക്ക് ചുരുങ്ങിപ്പോവുകയും ചെയ്യുന്നത് ഭീതിനിറയ്ക്കുന്ന അനുഭവമാണ്.

സ്പോൺസറിങ്ങും ഡെഡിക്കേഷനുമില്ലാത്ത ഒരു പ്രവർത്തനവും സാധ്യമാകാത്ത കാലമാണിത്. കഥാപൂരണത്തിലും അത്തരമൊരു സ്പോൺസർഷിപ്പിന് അവസരമുണ്ടാക്കുകയാണ് ‘ഈ കഥ നിങ്ങൾക്കായി സ്പോൺസർ ചെയ്യുന്നത്’.… . എന്ന തലക്കെട്ടിൽ തുടങ്ങുന്ന കഥ. സ്കൂൾ വിട്ട് എല്ലാവരും പോയശേഷം ഓഫീസ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ ശ്രമിക്കുന്ന സുസ്മിതടീച്ചറുടെ വഴിതടഞ്ഞ് വികാരപാരവശ്യത്തോടെ ഹെഡ്മാസ്റ്റർ തോമസ്മാഷ് നിൽക്കുകയാണ്. അമ്പരന്നുപോയ ടീച്ചർ പുറത്തേക്കിറങ്ങാൻ ശ്രമിക്കവേ തോമസ് മാഷ് സർവശക്തിയുമെടുത്ത്… ഈ പ്രത്യേകഘട്ടത്തിൽ ബാക്കി കഥപറയാൻ കഥാകാരൻ വായനക്കാരെ ചുമതലപ്പെടുത്തി പിൻവാങ്ങുകയാണ്. കഥാഖ്യാനത്തിലെ നവീനമായ ഒരനുഭവമുഹൂർത്തമാണ് നമുക്കിവിടെ കാണാനാവുന്നത്. ‘നിരർഥകാണ്ഡമെന്ന’ കഥയുടെ ആഖ്യാനവും പുതുമനിറഞ്ഞതാണ്. ഉല്പന്നം മനുഷ്യനെ നിസാരവൽക്കരിക്കുകയും ചെരുപ്പിന് പാദത്തേക്കാൾ പ്രാധാന്യം സിദ്ധിക്കുകയും ചെയ്യുന്ന ‘നഗരത്തിൽ സംഭവിക്കുന്നത്’.,ടെസ്റ്റ്യൂബ് ശിശുക്കളെ വിൽക്കാൻ വയ്ക്കുന്ന പ്രവചനാത്മകകാലത്തേക്ക് വിരൽ ചൂണ്ടുന്ന ‘പ്രോട്ടോൺ കണ്ണ്’, രതിയുടെ ഹിംസാത്മകസാന്നിധ്യമായ ‘അശോകസ്തംഭം വീണവായിക്കുമ്പോൾ’, മനുഷ്യജീവിതത്തിന്റെ ഘടനാപരമായ പ്രതിസന്ധി വെളിവാക്കുന്ന ‘ആംബുലൻസ്’ എന്നിങ്ങനെ ഓരോ കഥയിലും ആഖ്യാനത്തിന്റെ പരീക്ഷണാത്മക സൗന്ദര്യം വായനക്കാരന് അനുഭവിക്കാനാകുന്നു.
കഥയ്ക്കുള്ളിൽ കഥനിറയ്ക്കുന്ന മാസ്മരികതയാണ് ഇളവൂർശ്രീകുൻറെ കഥനശൈലി. മാനുഷികനൊമ്പരങ്ങളെ ഗൂഢനർമത്തിൻറെ പ്രകാശപരിസരത്തിൽ അവതരിപ്പിക്കാൻ ഈ കഥാകാരന് സവിശേഷമായ കഴിവുണ്ട്. സങ്കീർണമായ ശില്പഘടനയിൽ കഥപറയാനാണ് ശ്രീകുമാറിനിഷ്ടം. ആഖ്യാനത്തിന്റെ വ്യവസ്ഥാപിതഭാഷയെ നിരാകരിച്ച് ഐറണിയുടെ ധാരാളിത്തത്തിൽ വായനക്കാരന്റെ മനസ്സിൽ നൊമ്പരങ്ങൾ നിറയ്ക്കുകയാണ് കഥാകാരൻ. ആത്മാവില്ലാത്ത ശരീരചേഷ്ടകളായി മാത്രം അധപതിച്ചുപോയ മാനുഷികപ്രവർത്തനങ്ങളുടെ പൊള്ളത്തരങ്ങളെയാണ് രാത്രിവേനൽ അവതരിപ്പിക്കുന്നത്. വർത്തമാനകാലത്തിന്റെ ആന്തരികകാഴ്ചകളെ ക്യാമറഘടിപ്പിച്ച തൂലികകൊണ്ട് ആവിഷ്ക്കരിക്കുകയാണ് കഥാകാരൻ. സമകാലജീവിതത്തിന്റെ പൊള്ളൽ നിറച്ച കഥകളുടെ സമാഹാരമായി രാത്രിവേനൽ മാറുന്നു.

വെയിൽജലം
(കഥകൾ)
ഇളവൂർ ശ്രീകുമാർ
പച്ചമലയാളം ബുക്സ്, കൊല്ലം
വില: 290 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.