22 July 2024, Monday
KSFE Galaxy Chits Banner 2

ഒരു മണ്‍സൂണ്‍ മഴയുടെ രാഗവും താളവും

ബാബു കുഴിമറ്റം
March 19, 2023 3:09 am

മണ്‍സൂണ്‍ മഴ; അത് ചിലപ്പോള്‍ ഒരു കൊഞ്ചലാവും ചിലപ്പോള്‍ പരിഭവമാകും മറ്റുചിലപ്പോള്‍ ശാസനയും. മഴത്തുള്ളികള്‍ ശരീരത്തിലേക്ക് വന്നുവീഴുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് തണുപ്പ് അരിച്ചിറങ്ങും. ‘സിന്‍സിറ്റി കഫേ‘യിലെ കുറിപ്പുകളില്‍ മിക്കവാറും ഇതുപോലെയാണ്. കൊഞ്ചിച്ചും ശാസിച്ചും പരിഭവിച്ചും അവ നമ്മിലേക്ക് പടര്‍ന്നു പിടിക്കും. ഒരു തരം പിടച്ചില്‍… കുളിര്… ചിന്തകള്‍… ഇവ പുസ്തകത്തിലെ കുറിപ്പുകളെ മനോഹരമാക്കുന്നു.  അധ്യാപികയും എഴുത്തുകാരിയും കോളമിസ്റ്റുമൊക്കെയായി കേരളത്തിലും അമേരിക്കയിലും ജീവിക്കുന്ന ത്രേസ്യാമ്മ തോമസ് നാടാവള്ളിലിന്റെ അനുഭവങ്ങളും ഓര്‍മ്മകളും ചിന്തകളുമാണ് ചെറു ചെറു കുറിപ്പുകളായി രൂപംകൊണ്ട് ‘സിന്‍സിറ്റി കഫേ’ യുടെ പിന്‍ബലമില്ലാതെ തനിയെ നിവര്‍ന്നു നില്‍ക്കാന്‍ പോന്ന ശക്തിയും സൗന്ദര്യവുമായി നില്‍ക്കുന്നത്. പാരായണം സുഖം തരുന്നതിനൊപ്പം വായനക്കാരനില്‍ ആകാംക്ഷയും കൗതുകവും ജനിപ്പിക്കാന്‍ ഇതിലെ കുറിപ്പുകള്‍ക്ക് സാധിക്കുന്നുണ്ട്. ഭാഷയുടെ പരീക്ഷണങ്ങളും എഴുത്തിന്റെ ജാഡയും പൊങ്ങച്ചങ്ങളും ഇല്ലാതെ ലളിതവും സരളവുമായ വര്‍ത്തമാനത്തിന്റെ ശൈലിയാണ് എഴുത്തുകാരി സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതിലെ കുറിപ്പുകള്‍ക്ക് സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും ചേലുണ്ട്.

സുന്ദരമായ ഒരു മഴയോര്‍മ്മയിലൂടെയാണ് ത്രേസ്യാമ്മ തോമസ് ഓര്‍മ്മച്ചെപ്പ് തുറക്കുന്നത്. മാനത്ത് മഴ കൊള്ളുമ്പോള്‍ത്തന്നെ അതേറ്റുവാങ്ങാന്‍ വെമ്പുന്ന മനസ് എഴുത്തുകാരിയുടേത് മാത്രമല്ല; വായനക്കാരന്റേതു കൂടിയാണ്. സ്വന്തം നാട്ടിലെ മഴയ്ക്ക് പകരം മറ്റൊന്നില്ല. അതുകൊണ്ടാകണം ന്യൂയോര്‍ക്കിലെ മഴയ്‌ക്കൊപ്പം ആലിപ്പഴം വീണപ്പോള്‍ അതു ചെന്നെടുക്കാന്‍ എഴുത്തുകാരി ശ്രമിക്കാതിരുന്നത്. ലോകത്തിലെ വലിയൊരു നഗരത്തില്‍ ജീവിക്കുമ്പോഴും സ്വന്തം നാടിന്റെ വശ്യമോഹനമായ ചാരുതയില്‍ മതിമറന്നിരിക്കാന്‍ എഴുത്തുകാരിയെ സഹായിക്കുന്നത് മഴയോര്‍മ്മകളും മഴക്കുളിരും തന്നെയാണ്.  സഹജീവികളോട് പ്രത്യേകിച്ചും, സ്ത്രീകളോടും പെണ്‍കുഞ്ഞുങ്ങളോടുമുളള കരുതല്‍ ഈ പുസ്തകത്തിലെ കുറിപ്പുകളില്‍ കാണാം. ഏത് സംസ്‌കാരത്തിന്റെയും നട്ടെല്ല് അവിടുത്തെ മഹിളകളാണ്. അവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ ആ സംസ്‌കാരത്തെക്കൂടി മലിനപ്പെടുത്തുന്നുണ്ട്. പെണ്ണിന് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ എഴുത്തുകാരിയെ ശരിക്കും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ലൈംഗികതയുടെ അര്‍ത്ഥം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അതിന് കാലം, പ്രായം ബന്ധങ്ങള്‍ ഒന്നും തടസമല്ലാതായി തീര്‍ന്നിരിക്കുന്നു. എന്ന എഴുത്തുകാരിയുടെ കാഴ്ച ഇന്നത്തെ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ്.

ഒരു സംസ്‌കാരത്തിന് സ്ത്രീയും ഭാഷയും പ്രധാനപ്പെട്ടതു തന്നെയാണ്. കേരളീയ സംസ്‌കാരത്തിന്റെ അടിത്തറ നമ്മുടെ മഹത്തായ ഭാഷ തന്നെയാണ്. മലയാള ഭാഷയെ വികലമാക്കുന്ന ചാനല്‍ ചര്‍ച്ചകളോടും ടെലിവിഷന്‍ അവതാരകരോടും ത്രേസ്യാമ്മ കലഹക്കൊടി ഉയര്‍ത്തുന്നു. നല്ല മലയാളം സംസാരിക്കാനറിയാവുന്നവര്‍ പോലും ചാനലുകളില്‍ മംഗ്ലീഷ് പറയുമ്പോള്‍ ഒരു ഭാഷ പതിയെപ്പതിയെ ഇല്ലാതാവുകയാണ്. മലയാളത്തെ അതിന്റെ തനിമയോടെ സൂക്ഷിക്കേണ്ട ചുമതല ഓരോ മലയാളിക്കുമുണ്ടെന്ന് എഴുത്തുകാരി ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ ഉളളുതുറന്ന സമീപനം എല്ലാ കുറിപ്പുകളിലും തെളിഞ്ഞുകാണാം.  സുകുമാര്‍ അഴീക്കോട് , മുട്ടത്തുവര്‍ക്കി , കടമ്മനിട്ട, ഡോ.അയ്യപ്പണിക്കര്‍ എന്നിവരെക്കുറിച്ചുളള ഓര്‍മ്മക്കുറിപ്പുകളുമുണ്ടിതില്‍. മുട്ടത്തു വര്‍ക്കിയുടെ ‘ലളിത സുഗമമായി ശാന്തമായൊഴുകുന്ന ഒരു പുഴ’ പോലെയുളള ഭാഷയെ എഴുത്തുകാരി നെഞ്ചേറ്റുന്നു. കവിതയില്‍ ചങ്ങമ്പുഴക്കുളള സ്ഥാനമാണ് കഥയില്‍ മുട്ടത്തുവര്‍ക്കിക്കുളളതെന്നും എഴുത്തുകാരി നിരീക്ഷിക്കുന്നു. സാഹിത്യം മാത്രമല്ല സിനിമ, സീരിയല്‍, സംസ്‌കാരം, നാട്, വീട്, യാത്ര, അമ്മ, അച്ഛന്‍, ഭര്‍ത്താവ്, മക്കള്‍, കൊച്ചുമക്കള്‍, സൗഹൃദങ്ങള്‍ എന്നിവയിലൂടെയെല്ലാം ഓര്‍മ്മകളെയും അനുഭവങ്ങളെയും എഴുത്തുകാരി കടലാസിലേക്ക് അരുമയോടെയും അഴകോടെയും പകര്‍ത്തിവെക്കുന്നുണ്ട്. ജീവിതാവസ്ഥകളുടെ സര്‍വതലങ്ങളിലൂടെയുമുളള എഴുത്തുയാത്രയാണിത്. ഈ പുസ്തകത്തിലെ ഓര്‍മ്മക്കുറിപ്പുകളിലെല്ലാം എഴുത്തുകാരിക്ക് സമൂഹത്തോട് പങ്കുവെക്കാനുളള ചിന്തകളെയും നിരീക്ഷണങ്ങളെയും കൂടി സംയോജിപ്പിക്കുന്നുണ്ട്.

സിന്‍സിറ്റി കഫേ
(ഓര്‍മ്മ)
ത്രേസ്യാമ്മ തോമസ്
പേപ്പര്‍ പബ്ലിക്ക
വില: 160 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.