പന്ന്യൻ രവീന്ദ്രൻ

പുസ്തകമൂല

June 07, 2020, 4:15 am

ചെറുത്തു നില്‍പ്പിന്റെ കഥകള്‍

Janayugom Online

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും പുതിയ നൂറ്റാണ്ടിന്റെ തുടക്കവും കഥയുടെ ധാരാളിത്തമായിരുന്നു.. എണ്ണിത്തീരാത്ത കഥകൾ. ഓർത്തെടുക്കാൻ പറ്റാത്ത കഥയെഴുത്തുകാർ. കഥയുടെ മഹാസാഗരത്തിൽ മുങ്ങി നോക്കിയാൽ കയ്യിലെത്തുന്നത് വിരലിലെണ്ണാവുന്നവ മാത്രം. എം കൃഷ്ണൻ നായരുടെ സാഹിത്യ ‘വാരഫലം’ നിലച്ചതോടെ നിരൂപണ രംഗത്തെ നേരിയ പ്രകാശവും അണഞ്ഞുപോയി. മലയാളിയുടെ ഹൃദയത്തിൽ മായാത്ത മുദ്ര ചാർത്തിയ നന്മുടെ കാഥിക ലോകത്തിന് നേരിട്ട ച്യുതിക്ക് പരിഹാരമെന്താണെന്ന് ചിന്തിക്കുന്ന സമയമാണിത്.

എംടിയും, ടി പത്മനാഭനും കഥയുടെ കുലപതികളായി മുന്നിൽ നിൽക്കുന്ന വർത്തമാനകാലത്ത് കഥയുടെ മരവിപ്പ് സജീവ ചർച്ച തന്നെയാണ്. ലോകമാകെ കഥാലോകത്ത് മാറ്റത്തിന്റെ നേരിയ ചലനങ്ങൾ കണ്ടാൽ പോലും അവയെ നിരീക്ഷിക്കാനും നന്മയെ സ്വീകരിക്കാനും മലയാളി തയ്യാറായിട്ടുണ്ട്. സോമർസെറ്റ്മോം എഴുതിയ ‘കപ്യാർ’ എന്ന കഥയെ മലയാളി നെഞ്ചിലേറ്റിയിട്ടുണ്ട്. നല്ലതിനെ സ്വീകരിക്കാനും തെറ്റായ പ്രവണതയെ തടയാനും മലയാളി തയ്യാറായിട്ടുണ്ട്. വിശ്വസാഹിത്യത്തിൽ വിവാദം സൃഷ്ടിച്ച അസ്തിത്വവാദത്തെ മലയാളത്തിന്റെ ഭാഗമാക്കാൻ നമ്മുടെ എഴുത്തുകാർക്ക് കഴിഞ്ഞിട്ടുണ്ട്. കാക്കനാടനും, മുകുന്ദനും, വിജയനുമൊക്കെ അസ്തിത്വവാദം നെഞ്ചേറ്റിയവരായിരുന്നു. വിശ്വസാഹിത്യ രംഗത്തെ ചടുലനീക്കങ്ങളും നൂതനപ്രവണതകളും മലയാള കഥാരംഗത്തെ സ്വാധീനിച്ചിട്ടുണ്ട്. ഭാഷാ സാഹിത്യ രംഗത്ത് ഒട്ടും പിറകിലല്ലാത്ത മലയാളത്തിന്റെ പുതിയ സ്ഥിതി പരിശോധനാ രംഗത്തില്ല എന്നതാണ് വസ്തുത. ഇതിന് എഴുത്തുകാരെ മാത്രം കുറ്റം പറയാൻ പറ്റില്ല. നിരൂപകന്മാരുടെ വരൾച്ച ഇതിന് പ്രധാന കാരണമാണ്.

നിരൂപകരംഗം ഇന്ന് മിക്കവാറും മൃതപ്രായത്തിലാണ്. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ലതാലക്ഷ്മിയുടെ ‘ചെമ്പരത്തി’ എന്ന കഥാസമാഹാരം വായിക്കാനെടുത്തത്. 15 കഥകളിലായി വായനക്കാരുടെ മുന്നിലെത്തുന്ന ചെമ്പരത്തിയിലെ മിക്ക കഥകളും മികച്ച നിലവാരം പുലർത്തുന്നവയാണ്. പേരിന്റെ കൗതുകത്തിൽ പുസ്തകം കയ്യിലെടുത്തപ്പോൾ താഴത്ത് വെക്കാൻ പറ്റാത്ത നിലയിലായി. സാധാരണ ജീവിതത്തിൽ ദൈനംദിനം കണ്ടുമുട്ടുന്ന സ്ഥലങ്ങളും സംഭവങ്ങളും മനുഷ്യരും മാറി മാറി വരുമ്പോൾ മനസ്സിൽ വിവിധ വികാര വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുകയാണ്. ചെമ്പരത്തി കൃഷി ചെയ്ത തമിഴ്‌നാട്ടിലെ നിർദ്ദന കുടുംബത്തെ വിലക്കെടുക്കാൻ വന്ന ഭീമന്മാരുടെ കുൽസിത ശ്രമത്തിന് മുൻപിൽ ചുവന്ന പരവതാനിപോലെ പരന്നു കിടക്കുന്ന ചെമ്പരത്തി തോട്ടത്തിന്റെ നിറം മങ്ങുന്നത് മനസ്സിനെ വ്യാകുലപ്പെടുത്തിയപ്പോൾ, ഈ നിറം മങ്ങൽ താൽക്കാലികമാണെന്ന സാന്ത്വനവും, ചെറുകഥാ രംഗത്ത് നിലനിൽക്കുന്ന ഇന്നത്തെ അവസ്ഥയിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ ഉണ്ടാവുന്നതും ആശ്വാസകരമാണ്.

ബോധിയെന്ന ബാലന്റെ അപാരമായ ശില്പ നിർമ്മാണ ചാതുരിയും നിർമ്മിച്ച ശില്പങ്ങൾക്ക് ദേശീയ സാർവ്വദേശീയ അംഗീകാരം നേടുമ്പോൾ മകനെ പ്രോൽസാഹിപ്പിച്ച് അഭിമാനം കൊള്ളേണ്ട അമ്മ ശില്പങ്ങൾ വെട്ടിനുറുക്കുന്നത് നേരിൽ കണ്ടപ്പോൾ മനസ്സിന് ഷോക്കേറ്റ് വിട പറയേണ്ടി വന്ന ബോധിയെ മറക്കാനാവില്ല. കഥാകാരി അവതരിപ്പിക്കുന്ന കഥകൾ ഇന്നിന്റെ നന്മയും അഴുക്കുചാലുകളും നാളെയുടെ പ്രതീക്ഷകളും നിറഞ്ഞു കാണാം. കൊട്ടാരസദൃശമായ വീട് വെച്ചു സ്വയം വലുപ്പം മനസ്സിൽ വെച്ചു ഒറ്റപ്പെട്ടു നടന്ന അഹങ്കാരത്തിന് സംഭവിച്ച തിരിച്ചടി പ്രായശ്ചിത്തമായി മാറുന്നതും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. സഖാവ് കരുണൻ പ്രതീകാത്മക കഥാപാത്രമാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ വന്നു ചേർന്ന അപഭ്രംശത്തിന്റെ പ്രതീകമാണിത്. പൂച്ചകളെ മക്കൾക്ക് തുല്യം സേഹിച്ച മാഷും ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടും മറക്കാനാവില്ല. 25 ലക്ഷം രൂപ കൊടുത്ത് ആൾ ദൈവമാകുന്നതിന് കൊച്ചിയിൽ നിന്ന് ലേലത്തിലെടുത്ത പതിനെട്ടുകാരി പെണ്ണിനെ കന്യകയായി വാഴ്ത്തുന്ന നേരം അവൾ ചോദിക്കുന്ന ചോദ്യം അർത്ഥവത്താണ്, ”ഞാൻ കന്യകയാണെന്ന് പറയേണ്ടത് എന്റെ അച്ചനും അമ്മയും ആണോ അതോ ഞാനോ?” ലതാലക്ഷ്മിയുടെ കഥകൾ മലയാളികൾ ചർച്ച ചെയ്യപ്പെടുന്നത് പ്രധാനമായും അവതരണ ഭംഗികൊണ്ടും വിഷയവൈവിദ്ധ്യം കൊണ്ടുമാണ്. മിക്ക കഥകളും. പ്രതീകാന്മകതലത്തിലുള്ളവയാണ്. സൂക്ഷ്മനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പാത്രസൃഷ്ടി, കഥയുടെ ഉൾക്കാമ്പ് ബലപ്പെടുത്തുന്നതാണ്. കഥയെഴുത്തിന്റെ ലിംഗപരിഗണനയില്ലാതെ തന്നെ കഥാലോകത്ത് മുൻ നിരയിൽ കടന്നിരിക്കാവുന്നവരാണ് ലതാലക്ഷ്മി. പെണ്ണെഴുത്തിന്റെ റിസർവേഷൻ നോക്കാതെ കഥാലോകത്ത് ഇരിപ്പിടം സ്വന്തമാക്കാൻ രചനാശൈലിയിലൂടെയും വിഷയ വൈവിധ്യത്തിലൂടെയും ലതാലക്ഷ്മിക്ക് കഴിഞ്ഞുവെന്ന് ചെമ്പരത്തി സാക്ഷ്യപ്പെടുത്തുന്നു. മറ്റൊന്ന് വ്യത്യസ്തതകളിൽ രൂപംകൊണ്ട 15 കഥകളും ചെമ്പരത്തിയുടെ നിറംമാറ്റം താല്ക്കാലികമാണെന്ന് ആശ്വസിക്കുമ്പോൾ അവിടെ ചെറുത്തു നിൽപ്പിന്റെ ശബ്ദമാണ് മുഴങ്ങികേൾക്കുന്നത്. ചെമ്പരത്തി സീതാലക്ഷ്മി ഡിസി ബുക്സ്

വില: 150 രൂപ