ചരിത്രഖനനത്തിന്റെ അവക്ഷിപ്തങ്ങൾ

എൻ പ്രദീപ് കുമാർ
Posted on September 06, 2020, 5:10 am

നുഷ്യജീവിതത്തിന്റെ താളം കാലാവസ്ഥയോടല്ല, കാലത്തിനോടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഉത്തരായനത്തിൽ ആനന്ദ് നിരീക്ഷിക്കുന്നുണ്ട്. പ്രതികൂലകാലാവസ്ഥകളാൽ മരിക്കാതെയും രൂപം മാറാതെയും ചെറുത്തുനിൽക്കാൻ പഠിച്ച അവൻ, പക്ഷേ സ്വയം നിർമ്മിച്ച/നിർമ്മിക്കുന്ന കാലാവസ്ഥകളിൽ അടിപതറും. കാലത്തിനോടുള്ള താളം കൈവിടുന്നതോടെ ഭാവി അനിശ്ചിതമാകുന്നു. ഭൂതനാളുകളിലെ ചെയ്തികളുടെ അരുതായ്കകൾ ഒരൊഴിയാബാധപോലെ നായാടുമ്പോൾ വർത്തമാന ജീവിത വിഹായസ്സുകൾ കാളിമയാകുന്നു. ഇത്തരമൊരു അവസ്ഥയുടെ ശേഷക്രിയയാണ് ‘ഭൂതയാത്ര’യിലൂടെ ഫാസിൽ നടത്തുന്നത്. കാത്തുകാത്തിരുന്ന കല്ലിച്ചുകൂർത്തുപോയൊരു പൂർവ്വകാലത്തോടുള്ള പ്രായശ്ചിത്തത്തിന്റെ ഉദകക്രിയ കൂടിയാണത്.
ജമാലിന്റെ പ്രപിതാമഹൻ (വല്ല്യുപ്പയുടെ ഉപ്പ) മാടമ്പിയായ കമ്മുട്ടിമൂപ്പർ മാന്ത്രികസിദ്ധിയുള്ള ചേക്കുട്ടിമൗലവിയുമായി (ചേക്കുട്ട്യുപ്പാവ) കൊമ്പുകോർത്തതിന്റെ പാപഭാരം –കുളിക്കാതെ ഈറൻ ചുമക്കുന്നതുപോലെ –ഭേസി ചുമലൊടിഞ്ഞുപോയ കുടുംബമാണ് നോവലിന്റെ പശ്ചാത്തലം.

ശുഭചിന്തകൾ അന്യമാക്കപ്പെട്ട, ആത്മവിശ്വാസം നഷ്ടപ്പെട്ട യുവത്വമാണ് ജമാൽ. ഉമ്മറകോലായിലെ ചാരുകസേരയിൽ, മുറുക്കിച്ചുവപ്പിച്ച്, നീണ്ടുനിവർന്ന് ശയിക്കുന്ന വല്ല്യുപ്പയുടെ കൂർത്ത ദൃഷ്ടികൾ ജമാലിനെ അസ്വസ്ഥനാക്കുന്നു. വല്യുപ്പയുടെ നോട്ടങ്ങളിലൂടെയും ഭാഷണങ്ങളിലൂടെയും പത്തൊൻപതാം നൂറ്റാണ്ടിന്റെ പുരാവൃത്തത്തിൽനിന്ന് ചേക്കുട്ട്യുപ്പാവ വിരിഞ്ഞിറങ്ങുകയും കുടുംബത്തെ ദാരുണവിഷാദത്തിലേക്കു തള്ളിയിടുകയും ചെയ്യുന്നു. മൂന്ന് തലമുറകളുടെ ജീവിതസങ്കീർത്തനമാണ് ഭൂതയാത്ര. ഫ്യൂഡൽ ധാർഷ്ട്യത്തിന്റെയും നൃശംസതയുടെയും പ്രതീകമാണ് കമ്മുട്ടിമൂപ്പർ. ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന പൂർണ്ണഗർഭിണിയുടെ കാളവണ്ടി തടഞ്ഞിട്ട് കുഞ്ഞിനെ ചാപിള്ളയാക്കുന്നതും അടിയാളന്റെ അമ്മയുടെ മറവുചെയ്ത ശവശരീരം മാന്തി പുറത്തെടുത്ത് ഇടുന്നതും ശപ്തമായ നാടുവാഴിത്തത്തിന്റെ പകർന്നാട്ടങ്ങളാണ്.

തന്റെ വീട്ടുപടിക്കൽ കഴിഞ്ഞ ദരിദ്രകുടുംബത്തെ തുരത്താൻ ചോറ്റുപട്ടാളത്തെ വിട്ട് അവരുടെ ഏക ആശ്രയമായ കറവപ്പശുവിനെ കമ്മുട്ടിമൂപ്പർ കൊന്നുകളഞ്ഞു. ചോരയൊലിക്കുന്ന പശുത്തല ആ വീട്ടുവാതിൽക്കൽ കണിവച്ചു. നിസ്സഹായനായ ഗൃഹനാഥൻ ചേക്കുട്ട്യുപ്പാവയെ വിളിച്ചു നിലവിളിച്ചുകൊണ്ട് വീടുവിട്ടൊഴിഞ്ഞുപോയി. ചെറിയ തങ്ങൾ പറഞ്ഞതനുസരിച്ച്, പൂങ്കുറിശ്ശിയിൽ താമസിക്കുന്ന, ആ കുടുംബത്തിലെ പുതിയ തലമുറയിൽപ്പെട്ട ഹമീദിന് പശുവിന്റെ നടപ്പുവില നൽകി പ്രായശ്ചിത്തം ചെയ്യാനുള്ള യാത്രയാണ് നോവലിന്റെ ഇതിവൃത്തം.

പ്രബലരായ സ്വേച്ഛാധിപതികളുടെ പ്രാപ്തരല്ലാത്ത പിൻതലമുറക്കാർ കാലത്താൽ നിഷ്കാസിതരായിത്തീർന്ന ചരിത്രത്തിലെ പൂർവപാഠങ്ങളുടെ പുനരാവർത്തനമാണ് ഒരർത്ഥത്തിൽ ഭൂതയാത്ര. സ്വാതന്ത്ര്യവും ദേശീയപ്രസ്ഥാനങ്ങളും തങ്ങളുടെ കോട്ടകൊത്തളങ്ങളുടെ അടിത്തറ ഇളക്കുമെന്നുറപ്പാ‍യപ്പോൾ മാടമ്പിമാർ മിക്കവരും അതിന്റെ അമരക്കാരാവാൻ ശ്രമിച്ചു. കമ്മുട്ടിമൂപ്പരും അതിനു തുനിഞ്ഞെങ്കിലും ജീവിതം അയാൾക്ക് അർദ്ധവിരാമം കുറിച്ചു. അയാളുടെ സുഹൃത്തായ മാടമ്പി രാമുണ്ണിമേനോനാകട്ടെ അതിൽ വിജയിക്കുകയും പടംപൊഴിച്ച് പുതിയ രൂപത്തിൽ രണ്ടുതവണ നിയമസഭാസാമാജികനാവുകയും ചെയ്യുന്നുണ്ട്.
പുരോഗമനപ്രസ്ഥാനങ്ങളും ഫ്യൂഡലിസവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ സാക്ഷ്യപത്രമാണിത്.

കമ്മുട്ടിമൂപ്പരുടെ രണ്ടാം തലമുറ കൗമാരക്കാരനായ വല്യുപ്പയാകട്ടെ അനിശ്ചിതത്വത്തിലായിരുന്നു. എങ്ങനെ, ഏതു പക്ഷത്തു ചേർന്നുനിൽക്കണമെന്ന് അയാൾക്ക് തിട്ടമില്ലായിരുന്നു. അതുകൊണ്ടുതന്നെ ചേക്കുട്ട്യുപ്പാവയെന്ന ഭൂതകാ‍ലത്തിന്റെ ജിന്നിന് സ്വജീവിതത്തെ വിട്ടുകൊടുത്ത് അയാൾ ചാരുകസേരയിലേക്ക് മലർന്നുകിടന്ന് അകത്തളങ്ങളിലേക്ക് കോഴിയിറച്ചിയും പത്തിരിയും നിർമ്മിക്കാൻ ആജ്ഞകൊടുത്തും സമൃദ്ധമായി മുറുക്കിത്തുപ്പിയും ജീവിതത്തെ അലസതയിൽ തളച്ചു.
പുരോഗമന, നവോത്ഥാന പ്രസ്ഥാനങ്ങളുടെ തീക്ഷ്ണമായ അലയൊലികൾക്കും ജാഡ്യം ബാധിച്ച ഫ്യൂഡലിസം പുച്ഛം കൂർപ്പിച്ച നോട്ടത്തോടെ കാവലിരിക്കുന്ന ഉമ്മറക്കോലായിലെ ചാരുകസേരയുടെ ഉപരോധത്തിനും ഇടയിൽ കമ്മുട്ടിമൂപ്പരുടെ മൂന്നാം തലമുറ, വല്ല്യുപ്പയുടെ മകന്റെ — ജമാലിന്റെ ഉപ്പ –ജീവിതം മതിഭ്രമത്താൽ തല്ലിക്കൊഴിക്കപ്പെട്ടു. ദുരന്തങ്ങളുടെ വിളഭൂമിയായിത്തീർന്ന കുടുംബത്തിൽ ജമാലും വ്യത്യസ്തനല്ല. വല്യുപ്പയിൽ ആവേശിതമായ ചേക്കുട്ട്യുപ്പാവയെപ്പോലെ അയാൾക്കുമുണ്ട് ചുഴലിദീനം. തീ, ജലം, ആൾക്കൂട്ടം, തനിച്ച് എന്നിങ്ങനെയുള്ള അരുതുകളുടെ നിരതന്നെയുണ്ട് ജമാലിനും.

നാട്ടിൽ സ്വന്തം പ്രായത്തിലുള്ളവരൊക്കെ പല ജോലികൾ ചെയ്ത് സന്തോഷത്തോടെ ജീവിക്കുമ്പോൾ താൻ മാത്രം ഒന്നും ചെയ്യാതെ, ഒന്നിനും ശ്രമിക്കാതെ, വിഷാദിയായി ജീവിക്കേണ്ടിവരുന്നതിൽ ഇടയ്ക്കെങ്കിലും തെല്ലും കുറ്റബോധമുണ്ട് അയാൾക്ക്. എന്നിട്ടും പക്ഷേ, അയാൾ അത് ഗൗരവമായി എടുക്കുന്നില്ല. അതായത്, വല്ല്യുപ്പയോടും ചേക്കുട്ട്യുപ്പാ‍വയോടും കമ്മുട്ടിമൂപ്പരോടുമുള്ള അമർഷത്തിനപ്പുറം, ഉള്ളിന്റെ ഉള്ളിൽ, ഉമ്മറക്കോലായിലെ ചാരുകസേരയോട്, അതിന്റെ ആലസ്യത്തിനോട്, നേർത്തൊരു മമതയുണ്ട് ജമാലിനും.
തലമുറകളായി കുടുംബത്തിലെ പുരുഷന്മാരെ/അധികാരത്തെ ബാധിക്കുന്ന ‘പൂർവ്വകാലത്തിന്റെ ശെയ്ത്താൻ’ സ്ത്രീകളെ ആരെയും ബാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

പുതുകാലത്തോട് സമരസപ്പെടാൻ ശ്രമിക്കുമ്പോൾത്തന്നെ അതിനോടു വിമുഖത പുലർത്തുകയും ഐതീഹ്യം പോലുള്ളൊരു ഗതകാലത്തിന്റെ ഗരിമയെ ആശ്ലേഷിക്കാൻ വെമ്പുകയും ചെയ്യുന്ന ദ്വന്ദ്വമാണ് ഭൂതയാത്ര. മറ്റൊരു തരത്തിൽ, അനുകൂല കാലാവസ്ഥ കാത്ത്, പതുങ്ങിയിരിക്കുന്ന പ്ലേഗിന്റെ അണുക്കൾപോലെ വിനാശകാരിയായ ഫ്യൂഡൽ സ്വത്വത്തിന്റെ കറതീർന്ന അനാവരണമാണ്.
ഉമർ നമ്പൂതിരി, ഗോവിന്ദൻ വൈദ്യർ, നന്ദൻ, വിപ്ലവകാരിയായ സലീം, ശൈഖിന്റെ കോഴി എന്നിങ്ങനെ മിത്തും ചരിത്രവും ഓർമ്മയും പ്രണയവിരഹങ്ങളും ഉറഞ്ഞുതുള്ളുന്ന സമ്പന്നമായൊരു കഥാപാത്രസഞ്ചയമാണ് ഭൂതയാത്ര. അതിഭാവുകത്വം കലരാത്ത, പ്രസന്നമായ ഭാഷയിൽ ഒതുക്കത്തോടെയുള്ള ആഖ്യാനം കൃതിക്ക് ചാരുതയേകുന്നു. പുതുനോവലിന്റെ പൂമുഖവരാന്തയിലിട്ട ഈ ചാരുകസേര വായനക്കാരനെ നിരാശപ്പെടുത്തില്ല, തീർച്ച.

ഭൂതയാത്ര
ഫാസില്‍
ലോഗോസ്
വില: 210 രൂപ