Saturday
25 May 2019

ഹൃദയത്തില്‍ വേരുള്ള വൃക്ഷം

By: Web Desk | Sunday 10 June 2018 11:37 AM IST


ശശിധരന്‍ കുണ്ടറ

കുരീപ്പുഴ ശ്രീകുമാറിന്‍റെ കവിതകളെക്കുറിച്ച് ഒരു വായനക്കാരന്‍റെ ആസ്വാദനക്കുറിപ്പുകളാണ് ”ഹൃദയത്തില്‍ വേരുള്ള വൃക്ഷം.” കവിയുമായി നേരിട്ട് വ്യക്തിപരമായ അടുപ്പമോ പരിചയമോ ഈ ആസ്വാദകനില്ല- ഇക്കാര്യം ഒന്നാമധ്യായത്തില്‍ സൂചിപ്പിച്ചുകൊണ്ടാണ് ജോജി കൂട്ടുമ്മേല്‍ ഗ്രന്ഥാവതരണം നടത്തുന്നത്. ഒന്‍പത് ലേഖനങ്ങളുടെ സമാഹാരമാണിത്. എന്‍ബിഎസ് പ്രസിദ്ധീകരണം. ”കുരീപ്പുഴ ശ്രീകുമാറിന്‍റെ കവിതകള്‍” എന്ന പുസ്തകത്തെ വിലയിരുത്തുന്നതാണ് ലേഖനങ്ങള്‍. സ്‌നേഹപൂര്‍ണവും സുധീരവും സുനാസ്തികവുമായ കവിജന്മത്തെ സമീപിക്കുന്ന ജോജി കൂട്ടുമ്മേലിന് തീരെ ഗൗരവം പോരാ. അവധാനതയോടെ കവിതകളെ സമീപിക്കാന്‍ ലേഖകന്‍ കൂട്ടാക്കുന്നില്ല. പറഞ്ഞു തുടങ്ങുന്ന വിഷയത്തെ പാടേ മറന്ന് കാടുകയറിയിറങ്ങി പിന്നെ കാടടച്ചൊരു വെടിയാണ്. ഒരുപക്ഷേ ഈ കൃതി നന്നായി എഡിറ്റു ചെയ്തിരുന്നെങ്കില്‍ കുരീപ്പുഴക്കവിതകളെ സംബന്ധിച്ച മെച്ചപ്പെട്ട ഒരു പഠനഗ്രന്ഥം നമുക്ക് ലഭിക്കുമായിരുന്നു. മുന്‍വിധികളോടെയാണ് പല കവിതകളിലും പ്രവേശിക്കുന്നത്. അത് ശരിയാകാഞ്ഞാണ് തെന്നിവീണുപോവുകയോ തലയിടിക്കുകയോ ചെയ്യുന്നത്.
‘ജെസ്സീ നിനക്കെന്തുതോന്നി’ എന്ന ശീര്‍ഷകത്തില്‍ ലേഖകന്‍ പറഞ്ഞുതുടങ്ങുന്ന കാര്യം അദ്ദേഹംതന്നെ തകര്‍ത്തുകളയുന്നു. കുരീപ്പുഴയുടെ പുരുഷപാത്രങ്ങള്‍ക്ക് വിശേഷാല്‍ പേരുകള്‍ നല്‍കിയതായി കാണുന്നില്ലത്രെ. തുടര്‍ന്ന് വര്‍ഗീസ്, ചെ, ഗദ്ദര്‍ എന്നിവര്‍ ചരിത്രപുരുഷന്മാരെന്നും കൈലാസന്‍, ഹബീബ്, കമറുദ്ദീന്‍ എന്നിവ വിശേഷാല്‍ പേരുകളെന്നും പറയുന്നു. രാഹുലനും സ്‌കൂള്‍ ബാറിലേയും മറ്റും ഒട്ടേറെപ്പേരുകളം പി കെ റോസിയുമൊന്നും ആ നിരയിലേക്ക് വരുന്നുമില്ല. ”എല്ലാ സ്ത്രീകഥാപാത്രങ്ങളിലും ജെസ്സിയുടെ മുദ്രപതിഞ്ഞിട്ടുണ്ട്” എന്ന് പൂര്‍വാപരബന്ധില്ലാതെ പൊടുന്നനെ ഒരു പ്രസ്താവന നടത്തുകയും ചെയ്യുന്നു. ഇവിടെയും ജെസ്സിയെ നിര്‍ത്തിയിട്ട് പാമ്പും പത്മിനിയും, നപുംസകം മത്സരക്കമ്പം എന്നിങ്ങനെ പരക്കെപ്പറഞ്ഞിട്ട് ”ഓരോ കവിതയും എടുത്ത് വിശകലനം ചെയ്യാനല്ല ഇവിടെ ശ്രമിക്കുന്നത്” എന്ന് ഒരു ‘അവതാ’പറച്ചിലും. എന്നിട്ടും സഹിക്കാഞ്ഞ് ‘രാപ്പനി’ പിടിച്ച ലേഖകന്‍ ‘മനഃശാസ്ത്രം കവിതയെ വിശകലനം ചെയ്യാന്‍ ഒട്ടും സഹായകമായ ശാസ്ത്രമല്ല തന്നെ’ എന്ന് പിച്ചും പേയും പറയാനും മടിക്കുന്നില്ല.

ആത്മകവിതകള്‍ എന്ന തലക്കെട്ടില്‍ ‘കവിതയില്‍ കവി തന്നെ കയറിവന്നു നില്‍ക്കുന്നത് ഒട്ടും അപൂര്‍വമല്ല’ എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ജോജി കൂട്ടുമ്മേല്‍ തന്‍റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. ‘ഞാന്‍’ എന്ന പ്രതിനിധാനത്തെ വേണ്ടവിധം ഉള്‍ക്കൊള്ളാതെയാണ് വ്യാഖ്യാനങ്ങള്‍ വരുന്നത്. ആദ്യകാല കവിതകളില്‍ ചിലതൊഴിച്ചാല്‍ കുരീപ്പുഴ ശ്രീകുമാര്‍ ആത്മരതിയോ സ്വാത്മസൂചനയോ ഞാനെന്ന പദത്തില്‍ കൊരുക്കുന്നില്ല. പിന്നീട് ഗ്രന്ഥകാരന്‍ സ്‌കൂള്‍ ബാര്‍ എന്ന കവിതയ്ക്ക് ഇടംനല്‍കുന്നു. ഈ ആത്മത്തിന്‍റെ മറ്റൊരു വശം ‘മൃത്യു, മൃത്യുവെന്ന മൃത്യഞ്ജയന്‍’ എന്ന ലേഖനത്തില്‍ പ്രതിപാദിക്കുന്നു. ”ഏറ്റവും വലിയ ദുഃഖം ജീവിതത്തിന്റെ നിഗൂഢഭംഗികളെക്കുറിച്ചൊന്നും അറിയില്ല എന്നത് തന്നെയാണ്. അത്തരം നിഗൂഢതയ്ക്കുമുമ്പില്‍ പതറുകയും പകച്ചുനില്‍ക്കുകയും ഒപ്പം കുതിച്ചുചാടാന്‍ തയാറെടുക്കുകയും അതിന് കഴിയാതെ തകര്‍ന്നുവീഴുകയും ചെയ്യുമ്പോഴാണ് കുരീപ്പുഴയുടെ കവിതകളില്‍ മരണാഭിമുഖ്യം രൂപപ്പെടുന്നത്” എന്നാണ് ജോജി സ്ഥാപിച്ചിരിക്കുന്നത്. മരണാഭിമുഖ്യം ശ്രീകുമാറിന്‍റെ കവിതായാത്രയിലെ ഏതെങ്കിലുമൊരു വളവിലോ തിരിവിലോവച്ച് കൂടെക്കൂടുന്നതും തീവണ്ടിയുടെ ഏതെങ്കിലുമൊരു സ്റ്റേഷനില്‍ വച്ച് ഇറങ്ങിപ്പോകുന്നതുമല്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്.
”കുഞ്ഞാടായ് കൊടുമരണം
പച്ചിലയായ് കൈലാസന്‍”
എന്ന് കൈലാസനില്‍ നിന്ന് ഉദ്ധരിക്കുന്നു. ഒറ്റ ഡോക്ടര്‍, കടലിന്‍റെ വീട്, കുചേലക്കടല്‍ എന്നിവയിലൂടൊക്കെ സഞ്ചരിക്കുന്നു. കവിയുടെ മരണാഭിമുഖ്യം ആധുനികതയുടെ സംഭാവനയായ ജീവിത നിരാസത്തില്‍ നിന്നുണ്ടായതല്ല എന്ന് ലേഖകന്‍ തറപ്പിച്ചുപറയുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ പരീക്ഷ എന്ന കവിതയുമായി താരതമ്യം ചെയ്ത് ജാതീയതയുടെ പൂര്‍വപരാമര്‍ശത്തെ പറഞ്ഞ് ജാതിയില്‍ നിന്ന് വര്‍ഗബോധത്തിലേക്ക് കുരീപ്പുഴയുടെ കവിത വളര്‍ന്നത് കാട്ടിത്തരുന്നു. അധ്വാനത്തില്‍ നിന്ന് ബുദ്ധിയെ എടുത്തുമാറ്റുന്ന വര്‍ണാശ്രമ നിയമങ്ങളെ കാവ്യാത്മകമായി ധിക്കരിക്കുന്നതും കാട്ടിത്തരുന്നു. ഒരു ചെറുകുറിപ്പില്‍ അവസാനിപ്പിക്കേണ്ടതല്ല കുരീപ്പുഴയുടെ കീഴാളപക്ഷപാതിത്വമെന്നും ലേഖകനറിയാം. കുരീപ്പുഴയുടെ രാഷ്ട്രീയ കവിതകളെല്ലാം കീഴാളപക്ഷ കവിതകള്‍ തന്നെയെന്ന് സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്. ഗദ്ദറും വര്‍ഗീസും ചെഗുവേരയും പി കെ റോസിയും ചാര്‍വാകനും കീഴാളനും കഥാപാത്രങ്ങളായിവരുന്ന കവിതകളിലെ രാഷ്ട്രീയമെന്തെന്ന് പറയേണ്ടതില്ല. ‘ഇതാണ് രാഷ്ട്രീയ കവിത’ എന്ന തലക്കെട്ടോടെ ജോജി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

‘ഹൃദയത്തില്‍ വേരുള്ള വൃക്ഷം’ എന്ന ജോജിയുടെ കൃതിയില്‍ ഈ കുറിപ്പെഴുതുന്നയാള്‍ ആദ്യം വായിച്ചത് ഇഷ്ടമുടിക്കായലും കേരളത്തിനിമയും എന്ന ലേഖനമാണ്. ആവേശത്തോടെ വായിക്കാനാരംഭിച്ച എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു. കുരീപ്പുഴയുടെ എല്ലാക്കവിതകള്‍ക്കും ഒരു ദൃശ്യപശ്ചാത്തലമായി അഷ്ടമുടിക്കായല്‍ വര്‍ത്തിക്കുന്നുവെന്ന് ലേഖകന്‍. പാരമ്പര്യത്തിന്റെ ബാധ്യതയില്‍ നിന്ന് വിട്ടു പോകാനാകാത്തവിധം അഷ്ടമുടി ചുറ്റിയതിനെ കക്കാടിന്റെ ഉദാഹരണം പറഞ്ഞാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്. സച്ചിദാനന്ദന്‍റെ വരികളും കൂട്ടിനുവന്നു. കുരീപ്പുഴയുടെ ഗോത്രചിഹ്നമാണ് അഷ്ടമുടിക്കായല്‍ എന്ന് വിശദീകരിക്കുന്നു. ”ആ കവിതയ്ക്ക് താളം നല്‍കിയത് അഷ്ടമുടിയിലെ ഓളങ്ങളായിരുന്നു എന്നുതന്നെയാണ് നിസംശയം എന്‍റെ അഭിപ്രായം” എന്ന് ജോജിയുടെ വാക്കുകള്‍.

”മുടിയെട്ടും കോര്‍ത്തുകെട്ടി…” എന്ന ഉദ്ധരണിയില്‍ അച്ചടിത്തെറ്റുകളും ധാരാളം. വരികളിലെ വ്യാഖ്യാനങ്ങള്‍ ‘അനോട്ടേഷന്‍’ വിശദീകരണം പോലെപോയി. ‘പെരുമണ്‍ തേരുകാണാന്‍ പോകുന്നത് വെള്ളിമണ്‍ കാറ്റാണ്. അത് പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്താണ്. ആരാണ് കൂടെപ്പോകുന്നത്? കൂടെവണ്ടി മുങ്ങിമരിച്ചോരും പറക്കുന്നുണ്ടോ? ഇങ്ങനെ പോകുന്നു. പെട്ടെന്ന് പകലുറങ്ങാത്തവര്‍ എന്ന കവിതയിലേക്ക് പോകുന്നു ലേഖകന്‍. കായലിന്‍റെ സാന്നിധ്യം വിശദമാക്കാനാണെങ്കിലും അത്തരം വിസ്താരങ്ങള്‍ കൊണ്ട് പ്രസ്തുത കവിതയുടെ ഊക്കും ഉയിരും നഷ്ടപ്പെടുത്തുന്നു. പിന്നീട് അമ്മ മലയാളം എന്ന കവിതയുടെ വിശദീകരണമായി. മത്സരക്കമ്പമായി അടുത്ത വിവരണം. ”മത്സരക്കമ്പം അഷ്ടമുടിയുടെ മറ്റൊരു മുടിയായി എണ്ണാവുന്നതാണ്” എന്നൊരു പ്രസ്താവന കൂടിയായപ്പോള്‍ ടൊര്‍ണാഡോ മാത്രമല്ല, സുനാമി കൂടിയായി. ചരിത്രത്തിന്‍റെ രൂപകമായി കായലിനെക്കാള്‍ നല്ലത് പുഴയാണെന്നും ലേഖകന്‍.
പള്ളിക്കൂടം എന്ന കവിതയിലെ കേരളീയത കൂടി പറഞ്ഞ് മുണ്ടകപ്പാടത്തെ നാതന്‍ കുഞ്ഞിന്‍റെ നാടന്‍ പാട്ടും തോറ്റി കല്ലേലിഞണ്ടിനെക്കൂടി ഉണര്‍ത്തി കാടും കടലും കടക്കുന്ന ഗ്രന്ഥകാരന്‍. ”അധ്യാപകന്‍ പറയുകയും കുട്ടികള്‍ നോട്ടുകറിക്കുകയും നോട്ട് മനഃപാഠമാക്കുകയും ചെയ്യുന്ന യാന്ത്രികമായ, ഏകാധിപത്യപരമായ ക്ലാസ് മുറി”കളെക്കുറിച്ച് ഇവിടെപ്പറയുകയും അപ്പടി ജോജി ക്ലാസെടുക്കുകയും ചെയ്യുന്നു. മുണ്ടുടുക്കുമ്പോള്‍, അസഹ്യന്‍ എന്നീ കവിതകളായി പരാമര്‍ശം മാറുന്നു. ഇഷ്ടമുടിക്കായലിനെക്കാള്‍ അസഹ്യന്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ‘സഹ്യന്‍റെ മകന്‍ കൂടിവന്നപ്പോള്‍ അങ്ങനെ നോക്കിയാല്‍ വൈലോപ്പിള്ളിയുടെ തായ്‌വഴിയിലാണ് കുരീപ്പുഴ ശ്രീകുമാറിന്‍റെ സ്ഥാനമെന്ന് ഞാന്‍ നിസ്സംശയം പറയും’ എന്നായി ലേഖകന്‍. (സന്ദേഹം ഉള്ളില്‍ വച്ചാണോ എന്നറിയില്ല, ഇത്തരം ഉറപ്പുകള്‍ ഗ്രന്ഥകാരന്‍ ആവര്‍ത്തിക്കുന്നുണ്ട്). മറ്റൊരു ഞെട്ടല്‍കൂടി- ”അമ്മ മലയാളം എന്ന കവിത ഇഷ്ടമുടിക്കായലിന്‍റെ പൂര്‍വത്തിലോ ഉത്തരത്തിലോ ഉളള ഒരു വലിച്ചുനീട്ടലാണ്.” ഏതായാലും ഇഷ്ടമുടിക്കായല്‍ എന്ന വിവര്‍ത്തനം ചെയ്യാനാവാത്ത കാവ്യസംസ്‌കാരത്തിന്‍റെ വൈപുല്യത്തെ ഈ ലേഖകന്‍ കൈത്തോട്ടില്‍ മുക്കിക്കളഞ്ഞു. ”ആഴിക്കഴുത്തില്‍ നീ നഖത്തുമ്പാല്‍/തൊടുമ്പോള്‍ ഞാനുമെന്‍ നോവും/ മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ” എന്നാണ് ഇഷ്ടമുടി അവസാനിക്കുന്നത്. അതിന്റെ ധ്വനി പ്രസരണം പോലും ലേഖകനെ പരന്നു നോക്കാനും ചുഴിഞ്ഞുനോക്കാനും പ്രേരിപ്പിച്ചില്ലല്ലോ എന്ന വിഷമമുണ്ട്. കുരീപ്പുഴക്കവിതകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ കാവ്യലോക സഞ്ചാരം അതിരുകളില്ലാതെ നടത്താന്‍ ഈ പുസ്തകവും സഹായകമാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.