ഡോ. ജോർജ് ഓണക്കൂർ

February 28, 2021, 3:15 am

ശക്തവും ചടുലവുമായ ജീവിതാഖ്യാനം

Janayugom Online

പ്രണയാനുഭൂതിയിലാണ് ജീവിതം പ്രകാശസുന്ദരമാകുന്നത്. ഹൃദങ്ങളെ അത് ഗാഢമായി ബന്ധിപ്പിക്കുന്നു. അകലം ഇല്ലാതെയാക്കുന്നു. പ്രണയമില്ലെങ്കിൽ ജീവിതബന്ധങ്ങൾ ശുഷ്കവും ഏതുനിമിഷവും അറ്റുപോകാവുന്നതുമായി പരിണമിക്കും. വർത്തമാനകാലത്ത് ഏറിവരുന്ന ദാമ്പത്യത്തകർച്ചകൾക്ക് കാരണം ഈ പ്രണയ ശൂന്യതയാണ്. അത്തരം ഘട്ടങ്ങളിൽ ചിലർ ധീരമായ തീരുമാനങ്ങൾ എടുക്കും. അധികംപേരും കടമകളോർത്ത് എല്ലാം വിധിയെന്നു സമാധാനിച്ച് കാലം തള്ളിനീക്കും.
‘പ്രണയാക്ഷരങ്ങൾ മരിക്കുന്നില്ല’ എന്ന തന്റെ പ്രഥമ നോവലിൽ സന്ധ്യാ ജയേഷ് പുളിമാത്ത് പ്രണയത്തിന്റെ ഗതിവിഗതികളാണ് ഇതിവൃത്തത്തിന്റെ ഊടും പാവുമായി സ്വീകരിച്ചിരിക്കുന്നത്. വ്യക്തിത്വമാർന്ന കഥാപാത്ര സൃഷ്ടിയിലൂടെ ശക്തവും ചടുലവുമായ ജീവിതാഖ്യാനം നിർവ്വഹിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു. കവിയും ചെറുകഥാകൃത്തും എന്ന നിലയിൽ ആർജ്ജിച്ച ഭാഷാശില്പ പരിചയം നോവൽ രചനയിൽ പ്രകടമാണ്.
അത്യന്തം ഹൃദയസ്പർശിയായ ഇതിവൃത്തമാണ് മരിക്കാത്ത പ്രണയാക്ഷരങ്ങൾ സൃഷ്ടിക്കുന്നത്. ഏറെ പരിചിതരായ വ്യക്തികളുടെ മുഖഭാവങ്ങൾ നോവലിൽ തെളിയുന്നു. ആശ്വാസം തേടുന്ന കഥാപാത്രദ്വന്ദ്വങ്ങൾ! ആര് ആരെയാണ് ആശ്വസിപ്പിക്കുക? അതിനുള്ള ശ്രമം അർത്ഥശൂന്യം.
തികഞ്ഞ സൂക്ഷ്മതയോടെ പിരിച്ചെടുത്തതാണ് നോവലിന്റെ ഇതിവൃത്തതന്തു. നല്ല കലാബോധത്തോടെ വ്യക്തികളെയും സംഭവങ്ങളെയും ചേർത്തിണക്കുന്നു. ജീവിത തത്വങ്ങളും സത്യങ്ങളും അപഗ്രഥിച്ചു പഠിച്ച് സന്ധ്യാ ജയേഷ് തന്റെ ആദ്യനോവലിനെ അവിസ്മരണീയവും ആസ്വാദ്യസുന്ദരവുമാക്കുന്നു.
അഭിനന്ദനീയമായ രചനാതന്ത്രം. ഉദ്വേഗം നിലനിർത്തികൊണ്ടുള്ള എഴുത്തുവഴി. മലയാള നോവലിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ അന്തരഭാവങ്ങൾ ശ്രദ്ധാപൂർവ്വം ആവിഷ്ക്കരിച്ച് അവരനുഭവിക്കുന്ന സംഘർഷങ്ങൾ ചിത്രീകരിക്കാനുള്ള ശ്രമമാണ് സന്ധ്യാ ജയേഷിന്റേത്. മാനസികാപഗ്രഥനത്തിൽ നോവലിസ്റ്റ് വിജയംവരിച്ചിരിക്കുന്നു. അവിശ്വസനീയതയുടെ മൂടൽമഞ്ഞ് പരക്കുന്നില്ല. എഴുത്തിന്റെ തെളിമയാണ്, പ്രകാശമാണ് ആഹ്ലാദകരമാകുന്നത്. മലയാള നോവൽ സാഹിത്യത്തിൽ ആദ്യ കൃതികൊണ്ടുതന്നെ തനതായ ഇടം നേടുന്ന എഴുത്തുകാരി അഭിനന്ദനം അർഹിക്കുന്നു.

പ്രണയാക്ഷരങ്ങൾ മരിക്കുന്നില്ല
സന്ധ്യാ ജയേഷ് പുളിമാത്ത്
ജ്ഞാനദീപം പബ്ലിക്കേഷന്‍സ്
വില: 120 രൂപ