തമ്പിന്‍റെ പുതുവഴി

Web Desk
Posted on January 20, 2018, 8:06 pm
ചന്ദ്രേട്ടനും കുടുംബവും

കെ കെ ജയേഷ്

സര്‍ക്കസിന്‍റെ ഉയര്‍ച്ചയും താഴ്ചയും ഷെനിലിനും ഷെറിത്തിനും പരിചിതമാണ്. അച്ഛന്‍ എം ചന്രന്‍ ഗ്രാന്‍ഡ് സര്‍ക്കസിന്റെ ഉടമയാണെങ്കിലും തമ്പിന്റെ ദുരിതവും വേദനകളും അവര്‍ക്ക് ഹൃദിസ്ഥമായിരുന്നു.

സര്‍ക്കസിന്‍റെ ദുരവസ്ഥ അറിയാവുന്നതുകൊണ്ട് തന്നെ മക്കളെ പഠിപ്പിച്ച് മറ്റേതെങ്കിലും വഴിയിലേക്ക് തിരിച്ചു വിടണമെന്നായിരുന്നു ചന്ദ്രേട്ടന്റെ ആഗ്രഹം. അതനുസരിച്ച് രണ്ട് മക്കളെയും നന്നായി പഠിപ്പിച്ചു. ഐ ബി എം എന്ന ബഹുരാഷ്ട്ര ഐ ടി കമ്പനിയില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരായി അവര്‍ മാറി. ബംഗളൂരുവിലെ തിരക്കില്‍ മുങ്ങിനീങ്ങുമ്പോഴും പക്ഷെ അവരുടെ മനസ്സില്‍ സര്‍ക്കസ് ഉണ്ടായിരുന്നു.

എന്നാല്‍ നല്ല ജോലി ഉപേക്ഷിച്ച് സര്‍ക്കസിലേക്ക് മടങ്ങാന്‍ അച്ഛന്‍ അനുവദിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ആഗ്രഹങ്ങള്‍ അവര്‍ ഉള്ളിലൊതുക്കി.

ഇതിനിടയിലാണ് അഭിലാഷ് പിള്ളയെന്ന പ്രമുഖ നാടക സംവിധായകന്‍ ഇവരെ സമീപിക്കുന്നത്. സര്‍ക്കസിനെ നാടകവുമായി ചേര്‍ത്തുകൊണ്ടുള്ള പുതിയൊരു പരീക്ഷണമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അവര്‍ ഉടനെ അച്ഛനുമായി ബന്ധപ്പെട്ടു. അങ്ങിനെയാണ് 20 നാടക പ്രവര്‍ത്തകരെയും ഗ്രാന്റ് സര്‍ക്കസിലെ 20 കലാകാരന്‍മാരെയും ഒരുമിപ്പിച്ച് പുതിയൊരു പദ്ധതി ആസൂത്രണം ചെയ്തത്. നാടക കലാകാരന്‍മാരെ സര്‍ക്കസും സര്‍ക്കസ് കലാകാരന്‍മാരെ നാടകാഭിനയവും പഠിപ്പിച്ചു. സര്‍ക്കസും നാടകവും ചേര്‍ന്നുള്ള ക്ലൗണ്‍ ആന്റ് ക്ലൗഡ് ഷോയുടെ ആദ്യ പ്രദര്‍ശനം ഡല്‍ഹിയില്‍ അരങ്ങേറിയപ്പോള്‍ പ്രമുഖരായ നിരവധി പേര്‍ വന്ന് അഭിനന്ദിച്ചു. കാളിദാസന്റെ മേഘസന്ദേശവും ചൈനീസ് നാടകവും ചേര്‍ത്ത് അഭിലാഷ് പിള്ളയായിരുന്നു ഈ പരീക്ഷണം ഒരുക്കിയത്.

ജോലിയ്‌ക്കൊപ്പം എന്ത് വേണേലും ചെയ്‌തോളു എന്നായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം. അങ്ങിനെ അച്ഛന്റെ ഗ്രാന്‍ഡ് സര്‍ക്കസിനൊപ്പം അവര്‍ നാലു വര്‍ഷം മുമ്പ് ഗ്ലോബല്‍ സര്‍ക്കസ് ആരംഭിച്ചു. വിദേശ ആര്‍ട്ടിസ്റ്റുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അവര്‍ക്ക് ഇന്ത്യന്‍ ഐറ്റങ്ങളുടെ ട്രെയിനിംഗ് നല്‍കി. ആദ്യവര്‍ഷം ജോലിയും സര്‍ക്കസ് പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോയി. എന്നാല്‍ രണ്ടും ഒരുമിച്ച് പോവില്ല എന്ന് മനസ്സിലായപ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.

വില്യം ഷേക്‌സ്പിയറുടെ ദി ടെംപെസ്റ്റ് എന്ന നാടകം സംവിധാനം ചെയ്യാന്‍ അഭിലാഷ് പിള്ള തയ്യറെടുക്കുന്ന കാലം. സര്‍ക്കസുമായി ചേര്‍ത്തുകൊണ്ട് നാടകം ഒരുക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. വീണ്ടുമൊരിക്കല്‍ കൂടി അദ്ദേഹം ഷെനിലിനെയും ഷെറിത്തിനെയും വിളിച്ചു. ആ പരിപാടിയ്ക്ക് സജ്ജീകരണങ്ങളും ആര്‍ട്ടിസ്റ്റുകളെയും ഒരുക്കിക്കൊടുത്ത് കൂടെ നിന്നു. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം സംവിധാനം ചെയ്ത ദീപന്‍ ശിവരാമനായിരുന്നു ആര്‍ട്ട് വര്‍ക്ക് ചെയ്തത്. ദീപവിതാനം ശ്രീകാന്തും സംഗീതം പാരീസ് ചന്ദ്രനും നിര്‍വ്വഹിച്ചു. സര്‍ക്കസും നാടകവും ഒന്നായി രംഗത്തെത്തിയപ്പോള്‍ ഗോവയിലെ കാണികള്‍ നിര്‍ത്താതെ കൈയ്യടിച്ചു. പിന്നീട് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വ്യത്യസ്ത പരീക്ഷണങ്ങളുമായി സഞ്ചരിച്ചു. ഗോപിനാഥ് മുതുകാടുമായി ചേര്‍ന്ന് കിന്‍ഫ്ര പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ ‘സര്‍ക്കസ് കാസില്‍’ എന്ന പേരില്‍ സര്‍ക്കസിന് സ്ഥിരം വേദിയൊരുക്കി.

സര്‍ക്കസ് എന്ന കലാരൂപത്തെ മുകളിലേക്ക് കൊണ്ടുവരാന്‍ മറ്റ് കലാരൂപങ്ങളും ആവശ്യമാണെന്ന് ഷെനിലും ഷെറിത്തും പറയുന്നു. മാജിക്കും നാടകവും ഉള്‍പ്പെടെ വിവിധ കലാരൂപങ്ങള്‍ സംയോജിപ്പിച്ച് മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നത്. ടെന്റ് സങ്കല്‍പ്പത്തില്‍ നിന്ന് മാറി ഓഡിറ്റോറിയത്തിന്റേയോ സ്‌റ്റേജിന്റേയോ തലത്തില്‍ സര്‍ക്കസിനെ കാണാന്‍ സാധിക്കണം. സര്‍ക്കസിലെ ഇനങ്ങളെല്ലാം ഒരു കഥയുടെ ചരടില്‍ കോര്‍ത്ത് സംഗീതത്തിന്റെ അകമ്പടിയോടെ ആകര്‍ഷണീയമായി അവതരിപ്പിക്കാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്.വെല്ലുവിളികളുടെ കാലത്തും സര്‍ക്കസെന്ന കലാരൂപത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് സ്വപ്‌നം കണ്ട് സഞ്ചരിക്കുകയാണ് ഷെനിലും ഷെറിത്തും. അവരുടെ ഗ്ലോബല്‍ സര്‍ക്കസ് ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

മാജിക്കും സര്‍ക്കസും ഡാന്‍സും ഒന്നു ചേരുന്ന ഇവരുടെ പുതിയൊരു പരീക്ഷണം അടുത്തു തന്നെ അരങ്ങിലെത്തും. ദമാക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ഷോ മൂന്ന് കലാരൂപങ്ങളുടെ സംയോജനമാണ്.ഏഴ് സര്‍ക്കസ് കലാകാരന്‍മാരും അഞ്ച് നര്‍ത്തകരും ഒരു മജീഷ്യനും അടങ്ങുന്നതാണ് ദമാക്കാ ടീം. അഞ്ച് അക്രോബാറ്റിക്‌സ് ഗ്രൂപ്പും ചേരുന്നതോടെ ഒന്നര മണിക്കൂര്‍ നീളുന്ന ഫ്യൂഷന്‍ ടൈപ്പ് പ്രേഗ്രാമാണിത്. രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്‍മാരെയാണ് ഇതിലേക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. വ്യത്യസ്തമായ ഡാന്‍സും സാഹസിക പ്രകടനങ്ങളും മാന്ത്രിക കാഴ്ചകളുമെല്ലാമായി കാഴ്ചക്കാര്‍ക്ക് എല്ലാതരത്തിലും ആസ്വദിക്കാവുന്ന തരത്തിലുള്ള പരിപാടിയായിരിക്കും ഇതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഷെനിന്റെ ഭാര്യ അനുഷയും ഷെറിത്തിന്റെ ഭാര്യ നീതുവും ഭര്‍ത്താക്കന്‍മാരുടെ പരീക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്നത് ഇവര്‍ക്ക് ആത്മവിശ്വാസം പകരുന്നു.

പുതു പരീക്ഷണങ്ങളുമായി മക്കള്‍ മുന്നേറുമ്പോള്‍ പരമ്പരാഗത സങ്കല്‍പ്പങ്ങളുമായി അച്ഛന്‍ ചന്ദ്രന്റെ ഗ്രാന്‍ഡ് സര്‍ക്കസും പ്രയാണം തുടരുകയാണ്.

ചന്ദ്രേട്ടന്‍റെ ജീവിതം

ലശ്ശേരിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു കോടിയേരി സ്വദേശി എം ചന്ദ്രന്‍. പത്രത്തിന്റെ സര്‍ക്കുലേഷന്‍ ക്യാംപയിന്റെ ഭാഗമായി മെട്രോസര്‍ക്കസ് ഉടമ കണാരനെ പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. 1976 ‑77 കാലഘട്ടത്തിലായിരുന്നു അത്. കൂടെ ചേരുന്നോ എന്നായിരുന്നു കണാരന്റെ ചോദ്യം. മറുത്തൊന്നും പറഞ്ഞില്ല. സര്‍ക്കസ് കണ്ട് മാത്രം പരിചയമുണ്ടായിരുന്ന ചന്ദ്രന്‍ സര്‍ക്കസില്‍ ചേര്‍ന്നു. മധ്യപ്രദേശിലായിരുന്നു അന്ന് മെട്രോ സര്‍ക്കസ് നടന്നിരുന്നത്. ചന്ദ്രന്‍ സര്‍ക്കസില്‍ മാനേജറായി സ്ഥാനം ഏറ്റെടുത്തു.
പിന്നീട് നാഷണല്‍, രാജ് കമല്‍, ജംബോ, അമര്‍ സര്‍ക്കസ്, ജമിനി തുടങ്ങി നിരവധി കമ്പനികളില്‍ ആദ്ദേഹം മാനേജറായി പ്രവര്‍ത്തിച്ചു. ഇതിനിടയിലാണ് ലോഹിതദാസിന്റെ ‘ജോക്കര്‍’ എന്ന സിനിമയുടെ ചിത്രീകരണം റോയല്‍ സര്‍ക്കസില്‍ ആരംഭിച്ചത്. തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സര്‍ക്കസ് കമ്പനിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. സമാനമായ അവസ്ഥയില്‍ തന്നെയായിരുന്നു റോയല്‍ സര്‍ക്കസും. സിനിമയുടെ ചിത്രീകരണം കഴിഞ്ഞപാടെ കമ്പനി അടച്ചു പൂട്ടാനായിരുന്നു ഉടമയുടെ തീരുമാനം. ഇതിനിടയിലാണ് പലരും ചന്ദ്രനെ നിര്‍ബന്ധിക്കുന്നത്. റോയല്‍ സര്‍ക്കസ് ഏറ്റെടുത്ത് നടത്തിക്കൂടെ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഒരു വെല്ലുവിളി പോലെ ചന്ദ്രന്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. റോയല്‍ സര്‍ക്കസിനെ ഗ്രാന്‍ഡ് സര്‍ക്കസ്സായി പേരു മാറ്റി ചന്ദ്രന്‍ തന്റെ യാത്ര തുടര്‍ന്നു.

പ്രതിസന്ധികള്‍ വഴി മുടക്കുമ്പോഴും ഗ്രാന്‍ഡ് സര്‍ക്കസുമായി മുന്നോട്ട് പോവുകയാണ് ചന്ദ്രേട്ടന്‍. പക്ഷെ ഇതിനി എത്ര കാലം എന്ന് അദ്ദേഹത്തിനും അറിയില്ല. നേരത്തെ ഇരുന്നൂറില്‍ പരം ജീവനക്കാരായിരുന്നു ഗ്രാന്റ് സര്‍ക്കസില്‍ ഉണ്ടായിരുന്നത്. തീരെ മുന്നോട്ട്

പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഇഷ്ടമുണ്ടായിട്ടല്ല പക്ഷെ അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ സ്ഥാപനം തന്നെ അടച്ചുപൂട്ടേണ്ടിവരുമായിരുന്നെന്ന് ചന്ദ്രേട്ടന്‍ പറയുന്നു. നിലവില്‍ 120 ജീവനക്കാര്‍ ആണ് ഗ്രാന്‍ഡ് സര്‍ക്കസിലുള്ളത്. എന്നിട്ടുപോലും ഒരു ദിവസത്തെ സര്‍ക്കസ് നടത്തിപ്പിന് എണ്‍പതിനായിരം രൂപയോളം ചെലവ് വരുന്നുണ്ട്.

നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് വര്‍ദ്ധിക്കുമ്പോഴും ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കഴിയില്ല. സിനിമാ ടിക്കറ്റിന് റേറ്റ് കുത്തനെ കൂടുകയാണ്. പക്ഷെ ആളുകള്‍ ടിക്കറ്റെടുത്ത് സിനിമ കാണും. എന്നാല്‍ സര്‍ക്കസിന് നൂറ് രൂപയില്‍ കൂടുതല്‍ തരാന്‍ ആരും തയ്യാറാവുകയില്ല.
എങ്കിലും പരമാവധി വര്‍ണ്ണപ്പൊലിമ ഒരുക്കി തന്നെയാണ് അദ്ദേഹം ഗ്രാന്‍ഡ് സര്‍ക്കസുമായി യാത്ര തുടരുന്നത്. ആഫ്രിക്കന്‍, എത്യോപ്യന്‍, മണിപ്പൂര്‍ കലാകാരന്‍മാര്‍ ഗ്രാന്‍ഡ് സര്‍ക്കസിലുണ്ട്. ആഫ്രിക്കന്‍ ലിംബോ ഫയര്‍ ഡാന്‍സ്, ആഫ്രിക്കന്‍ ബാംബൂ ബാലന്‍സ്, ജിംനാസ്റ്റിക് അക്രോബാറ്റ്, സ്‌കിപ്പ് ജംമ്പിംഗ് തുടങ്ങിയ ഇനങ്ങളാണ് ഇപ്പോഴത്തെ പ്രത്യേകതകള്‍. സര്‍ക്കസ് തന്നെയാണ് ചന്ദ്രേട്ടന് കുടുംബം.സര്‍ക്കസ് കലാകാരി സാവിത്രിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവര്‍ പിന്നീട് സര്‍ക്കസിലേക്കെത്തുന്ന പെണ്‍കുട്ടികളുടെ പരിശീലകയായി മാറി. സര്‍ക്കസിന്റെ ലോകം കണ്ടാണ് മക്കളായ ഷെനിലും ഷെറിത്തും വളര്‍ന്നത്.