
”ബുദ്ധം ശരണം ഗച്ഛാമി,
ഹേ, വിലായത്ത് ബുദ്ധാ!
അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ,
ഞാൻ ഹിംസയ്ക്കില്ല.
എന്റെ നേർക്ക് വെടി പൊട്ടിച്ച്
ഹിംസ നടത്തിയ ഇദ്ദേഹത്തിന്റെ
വീട്ടുമുറ്റത്ത് അങ്ങേയ്ക്ക് ഇനി
നിൽക്കാനാവില്ല, വീണത് ചോരയാണ്…”
ജി ആർ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചെറുനോവലിലെ വരികളാണിവ. അന്തരിച്ച സച്ചി സിനിമയാക്കാൻ കൊതിച്ച കഥ. ‘അയ്യപ്പനും കോശിക്കും’ ശേഷം സച്ചി ഏറ്റെടുത്ത സിനിമ. ലോകത്തെ ഏറ്റവും മുന്തിയ ഇനം എ ക്ലാസ് ചന്ദനമരത്തിനുള്ള പേരാണ് ‘വിലായത്ത് ബുദ്ധ’. വളവും പുളവുമില്ലാതെ ബുദ്ധനെ കൊത്തിയുണ്ടാക്കാൻ ഏറ്റവും ലക്ഷണമൊത്ത തടി. ഷാങ്ഹായിയിലും ടോക്കിയോയിലുമുള്ള ശതകോടീശ്വരന്മാരുടെ ഭവനത്തിൽ ധ്യാനബുദ്ധനായി ഇരിക്കേണ്ട ലക്ഷങ്ങളുടെ മുതൽ. അത്തരം ലക്ഷണമൊത്ത ‘വിലായത്ത് ബുദ്ധ’ എന്ന ചന്ദനമരത്തിനുവേണ്ടി ഒരു ഗുരുവും ശിഷ്യനും തമ്മിൽ നടത്തുന്ന പോരാട്ടവും അത് സൃഷ്ടിക്കുന്ന ആത്മസംഘർഷങ്ങളും പ്രതിപാദിക്കുന്ന രചനയാണ് ‘വിലായത്ത് ബുദ്ധ.’ സച്ചിയുടെ സ്വപ്നമായ ‘വിലായത്ത് ബുദ്ധ’ ഈ മാസം ഒടുവില്‍ അഭ്രപാളികളിലെത്തുകയാണ്. ജി ആർ ഇന്ദുഗോപന്റെയും സുഹൃത്ത് രാജേഷ് പിന്നാടന്റെയും തിരക്കഥയിൽ സച്ചിയുടെ അസോസിയേറ്റായിരുന്ന ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. നിർമ്മാണം സന്ദീപ് സേനനും എ വി അനൂപും ചേർന്നാണ്.
‘വിലായത്ത് ബുദ്ധ’യെ സംരക്ഷിക്കാൻ ആയുധമെടുക്കുന്ന അധ്യാപകനായ ഭാസ്കരൻ സാർ ഒരു വശത്ത്, നീതിബോധങ്ങൾക്കും ഉപരിപ്ലവമായ മൂല്യബോധങ്ങൾക്കുമപ്പുറത്ത് തന്റെ ജീവിതാവബോധമാണ് ശരിയെന്നുറപ്പിക്കുന്ന, ആരെയും കൂസാക്കാത്ത ചന്ദനക്കടത്തുകാരൻ ഡബിൾ മോഹനൻ മറുവശത്ത്. ഗുരുവും ശിഷ്യനും തമ്മിലുള്ള ഏറ്റുമുട്ടൽ സൃഷ്ടിക്കുന്ന ആന്തരിക സംഘർഷങ്ങളിലേക്ക്, അവ സൃഷ്ടിക്കുന്ന അവിചാരിത മുഹൂർത്തങ്ങളിലേക്ക് തന്മയത്വത്തോടെ വായനക്കാരനെ കൊണ്ടെത്തിക്കുന്ന ‘വിലായത്ത് ബുദ്ധ’ എന്ന രചന സിനിമയാകുമ്പോൾ ഷമ്മി തിലകനും പൃഥ്വിരാജും ഭാസ്കരൻ സാറിനെയും മോഹനനെയും അവതരിപ്പിച്ച് നേർക്കുനേർ വരുന്നു. ഇത് അവിസ്മരണീയമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. പ്രകൃതിയും പ്രണയവും പകയും രാഷ്ട്രീയവും പ്രതികാരവും അധികാരവും നിസഹായതയുമെല്ലാം പ്രതിഫലിക്കുന്ന ‘വിലായത്ത് ബുദ്ധയ്ക്കു’ പിന്നിൽ തുടക്കത്തിൽ വേർതിരിച്ചറിയാനാവാത്ത വലിയൊരു ആത്മീയതലവുമുണ്ട്. ഗുരുശിഷ്യ പാരമ്പര്യങ്ങളെ വിശുദ്ധമാക്കുന്ന, ആധുനികലോകത്തിന്റെ കപട സാംസ്കാരികതയെ പരിഹസിക്കുന്ന, കഥയുടെയും സിനിമയുടെയും ആന്തരികമായ പൊരുൾ ബുദ്ധമതത്തിന്റെ ആന്തരികമായ പൊരുൾ തന്നെയെന്ന് വായനക്കാരനെയും പ്രേക്ഷകനെയും ക്ലെെമാക്സിൽ തിരിച്ചറിയിപ്പിക്കുന്നതാണ് ‘വിലായത്ത് ബുദ്ധ’ എന്ന രചനയുടെ ശക്തി.
മാധ്യമപ്രവർത്തന രംഗത്തുനിന്നും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന കൊല്ലം ഇരവിപുരം വാളത്തുംഗൽ സ്വദേശിയായ ജി ആർ ഇന്ദുഗോപൻ ഗദ്യത്തിന്റെ വിവിധ ശാഖകളിൽ 30ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നോവലിനുള്ള ഇക്കൊല്ലത്തെ കേരളസാഹിത്യഅക്കാദമി അവാർഡ് അദ്ദേഹത്തിന്റെ ‘ആനോ’യ്ക്കായിരുന്നു.
സാധാരണക്കാരന്റെ ജീവിത സംഘർഷങ്ങൾ അടിസ്ഥാന പശ്ചാത്തലത്തിൽ ഊന്നി ചരിത്രാവബോധത്തോടെ, ലളിതമായി വായനക്കാരിലെത്തിക്കുന്ന ചുരുക്കം എഴുത്തുകാരിലൊരാളാണ് ജി ആർ ഇന്ദുഗോപൻ. ഇന്ദുഗോപന്റെ രചനകളായ ചെന്നായ (വൂൾഫ്), അമ്മിണിപ്പിള്ള വെട്ടുകേസ് (ഒരു തെക്കൻ തല്ലുകേസ്), ശംഖുമുഖി (കാപ്പ), നാലഞ്ചു ചെറുപ്പക്കാർ (പൊന്മാൻ) എന്നിവ അഭ്രപാളിയിലേക്ക് പകർത്തപ്പെട്ടവയാണ്. അവയ്ക്ക് പിന്നാലെയാണ് ‘വിലായത്ത് ബുദ്ധ’ തീയേറ്ററുകളിലെത്തുന്നത്.
***************************
ഒരിക്കൽ സുഹൃത്തും തിരക്കഥാകൃത്തുമായ രാജേഷ് പിന്നാടൻ വിളിച്ചു. ഒരു ത്രെഡ് പറയാം. കഴമ്പുണ്ടെന്ന് തോന്നിയാൽ വികസിപ്പിക്കാം. “ഒരാൾ താൻ മരിക്കുമ്പോൾ, ചന്ദനത്തിൽ ദഹിച്ച് മണക്കണമെന്ന വാശിയോടെ ഒരു ചന്ദനമരം വളർത്തുന്നു. അപ്പോൾ ഒരു കൊള്ളക്കാരൻ ആ ചന്ദനം വെട്ടാനായി എത്തുന്നു.” രണ്ട് വരിയിൽ പറഞ്ഞ ആ ത്രെഡിൽ നിന്നാണ് ‘വിലായത്ത് ബുദ്ധ’യിലേക്കുള്ള യാത്ര. ഒരു വർഷത്തോളം എടുത്തു അത് ഒരു ലഘുനോവലാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചു. തുടര്‍ന്ന് ‘രക്തചന്ദനം’ എന്ന പേരുള്ള ആദ്യ ഡ്രാഫ്ട് രാജേഷ് പിന്നാടനും നിർമാതാവ് സി വി സാരഥിയും ചേർന്ന് സച്ചിക്ക് എത്തിക്കുകയായിരുന്നു.
******************************
പ്രണയവും പകയും വാശിയുമൊക്കെ മനുഷ്യസ്വഭാവങ്ങളാണ്. കൊള്ളക്കാരനായ ഒരാൾക്കു വരുന്ന മാനസാന്തരവും മനസിൽ ബുദ്ധൻ ഉദിക്കുമ്പോഴുള്ള വെളിച്ചവും കഥയുടെ പ്രധാന സത്തയാണ്. വാശിയേക്കാൾ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളുടെ മൂല്യമാണ് ‘വിലായത്തു ബുദ്ധ’ പറയുന്നത്.
**********************
2017ൽ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന എന്റെ കഥ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നപ്പോൾ അത് കഥയാക്കാൻ വിളിച്ചവരിൽ തിരക്കഥാകൃത്ത് സച്ചിയുമുണ്ടായിരുന്നു. ഞാനത് പിന്നീട് വിലായത്ത് ബുദ്ധയുടെ ത്രെഡ് തന്ന രാജേഷിന് കൊടുക്കാമെന്ന് ഏറ്റിരുന്നതാണ്. രാജേഷിന് പിന്നീട് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാനഅവാർഡ് ആ ചിത്രം(ഒരു തെക്കൻ തല്ലുകേസ്) നൽകുകയുണ്ടായി.
സച്ചിക്ക് നിരാശയൊന്നുമുണ്ടായിരുന്നില്ല. പ്രതിഭാശാലിയായ ഒരാളെ സംബന്ധിച്ച് അതിന്റെ കാര്യമില്ലല്ലോ. പക്ഷേ അന്നും സച്ചി കഥകളെക്കുറിച്ച് ദീർഘമായി സംസാരിച്ചു. ഇടയ്ക്ക് വിളിച്ചു.
2020ൽ ‘അയ്യപ്പനും കോശിയും’ എടുത്ത് സച്ചി ഉയരങ്ങളിൽ നിൽക്കുന്ന സമയത്ത് പക്ഷേ, ഞാൻ ‘വിലായത്ത് ബുദ്ധ’ ചോദിച്ചുള്ള വിളി പ്രതീക്ഷിച്ചില്ല. ഇത് നിങ്ങൾ തന്നാൽ ‘വിലായത്ത് ബുദ്ധ’ പെട്ടെന്നു തന്നെ സിനിമയാക്കാൻ പറ്റിയേക്കുമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. അഞ്ചു മിനിട്ടു കഴിഞ്ഞ് സച്ചി വിളിച്ചിട്ട് പറഞ്ഞു: ഡബിൾ മോഹനനായി പൃഥ്വി വന്നേക്കും. തന്റെ സുഹൃത്ത് സന്ദീപ് സേനൻ നിർമ്മിക്കുമെന്നും സച്ചി പറഞ്ഞു.
പിന്നെയും രാത്രികളിൽ സുദീർഘമായ ഫോൺകോൾ. വായിച്ച കഥകളെ കുറിച്ചാണ്, മനസിലുള്ളവയെ കുറിച്ചും. ‘ഞാൻ തിരുവനന്തപുരത്തേക്ക് വരും. നേരിൽകാണാം ഒരിത്തിരി ആരോഗ്യ പ്രശ്നമുണ്ട്. ‘ഞാൻ അങ്ങോട്ടുവരാം സച്ചി എന്നു പറഞ്ഞ എന്നോട് സച്ചിയുടെ മറുപടി ഇതായിരുന്നു. ‘വേണ്ട, നിങ്ങളാണ് റൈറ്റർ. ഞാനങ്ങോട്ടാണ് വന്ന് കാണേണ്ടത്. ’
വിലായത്ത് ബുദ്ധ സച്ചി ഒരു പ്രൊജക്ടാക്കിയത് മിന്നൽ വേഗത്തിലായിരുന്നു. കഥാപാത്രങ്ങളെ സച്ചി മനസിൽ കണ്ടിരുന്നു. മറയൂരിലേക്ക് വിവരസമാഹരണത്തിന് പുറപ്പെടുവാൻ സച്ചി തന്റെ സംവിധായസഹായിയെ അയച്ചു. എന്നോടു പറഞ്ഞു: ”നമുക്ക് മറയൂർ പഠിക്കണം, അവിടത്തെ മനുഷ്യരെ പഠിക്കണം, അവിടത്തെ പ്രകൃതിയെയും. പ്രധാന കഥാപാത്രങ്ങൾ ഒഴിച്ചുള്ളവരെ അവിടുന്നു തന്നെയെടുക്കാം. അവിടത്തെ പ്രകൃതി മനുഷ്യരുടെ കഥ പറയും.”
അപ്പോഴും സച്ചി തന്നെയായിരുന്നു തിരക്കഥ എഴുതുന്നത് എന്നായിരുന്നു ഞാൻ ആദ്യം ധരിച്ചത്. രാത്രികളിലുള്ള സുദീർഘമായ ചർച്ചകൾ പുരോഗമിക്കവെ ഒരു ദിവസം സച്ചി പറഞ്ഞു, ”ശാന്തമായി നിങ്ങൾക്കത് എഴുതിത്തീർക്കാം. കഥാപാത്രങ്ങളും സീനുമൊക്കെ റെഡിയായ ശേഷം മതി എഴുത്ത്. അപ്പോൾ പെട്ടെന്ന് തീരും.” അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് “അപ്പോ അതെഴുതുന്നത് നിങ്ങളല്ലേ?” എന്ന് ഞാൻ ആശ്ചര്യത്തോടെ ചോദിച്ചത്. അതിനുള്ള സച്ചിയുടെ മറുപടി ഇതായിരുന്നു. “ആ കഥയുടെ റൈറ്ററുടെ കാഴ്ചപ്പാടാണ് വേണ്ടത്. ഞാനുണ്ടല്ലോ കൂടെ. പക്ഷേ നിങ്ങളെഴുതണം.”
********************************************
സച്ചി അവസാനമായി അഭിമുഖം നൽകിയത് കേരളകൗമുദിയുടെ സിനിമാ മാസികയായ മൂവീസിലായിരുന്നു. അതിൽ പുതിയ ചിത്രമായി വിലായത്ത് ബുദ്ധയെക്കുറിച്ച് പറയുമ്പോ തന്നെ ശിഷ്യനായ ജയൻ നമ്പ്യാർക്ക് ഒരു സ്ക്രിപ്റ്റ് എഴുതിക്കൊടുക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് സച്ചിയുടെ ഭാര്യ സിജിയോട് സംസാരിക്കുന്നതും എല്ലാവരും ചേർന്ന് ജയനിലേക്കെത്തുന്നതും. സച്ചി വിലായത്ത് ബുദ്ധയെക്കുറിച്ച് തയ്യാറാക്കിയ ചെറിയ കുറിപ്പുകൾ അടങ്ങുന്ന നോട്ടുബുക്ക് ജയൻ എനിക്ക് കാണിച്ചുതന്നത് വളരെ വൈകാരികമായിരുന്നു. സച്ചിയുടെ കാഴ്ചകൾ അതിൽ ദൃശ്യമായിരുന്നു. സച്ചിയുടെ മരണശേഷം പൃഥിരാജ് തന്റെ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു ‘ഒടുവിൽ നിങ്ങൾ ചന്ദനക്കഥയുടെ ക്ലൈമാക്സ് എന്നോട് പറയാതെയാണല്ലോ പോയത്.’
*************************************
ഇതേക്കുറിച്ച് നല്ല വ്യക്തത സച്ചിക്കുണ്ടായിരുന്നു. ഞാനത് ചോദിച്ചതുമാണ്. സംഘർഷങ്ങളില്ലാതെ സിനിമയില്ല. അപരിചിതരല്ല ഭാസ്കരൻ സാറും ഡബിള്‍ മോഹനനും. ഇവര്‍ ഇടയ്ക്ക് മുഖാമുഖം വരുന്നുണ്ട്. പക്ഷേ സ്നേഹത്തിന് ശത്രുതയേക്കാൾ പ്രാധാന്യമുണ്ട്. നമ്മൾ സ്നേഹമാണ് പറയാൻ പോകുന്നത്. രണ്ടു പേർ തമ്മിലുള്ള യുദ്ധത്തെക്കുറിച്ചല്ല. ശിഷ്യൻ ജയൻ നമ്പ്യാരും അദ്ദേഹത്തിന്റേതായ തലത്തിൽ ഇത് വ്യക്തമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് സിനിമയുടെ ഭാഗങ്ങൾ കണ്ടപ്പോൾ മനസിലായി. ടെക്നിക്കൽ വശം മാത്രമല്ല, കഥയുടെ യാത്രയെ കുറിച്ചും ജയന് തക്ക ധാരണയുണ്ട്.
*************************************
ഇല്ല. നോവലെഴുതുന്ന സമയത്ത് ഞാനത് കണ്ടിട്ടില്ല. അതിനായി അലഞ്ഞുതിരിഞ്ഞപ്പോ പല ചന്ദനക്കാടുകളും കണ്ടു. പക്ഷേ ഒന്നിലും അങ്ങനെ ലക്ഷമൊത്ത ഒന്ന് കാണാനായില്ല. ഉള്ളത് കൊള്ളക്കാർ കൊണ്ടുപോയിരിക്കും. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട സമയത്താണ് ഒരു ഡിഎഫ്ഒ ചോദിക്കുന്നത്, “നിങ്ങൾ വിലായത്ത് ബുദ്ധയൊക്കെ എഴുതി. നേരിട്ട് കണ്ടിട്ടുണ്ടോ?” എന്ന്. ഉള്ളതു പറഞ്ഞു, ”ഇല്ല.” വരാൻ പറഞ്ഞു. ആ ഫോറസ്റ്റു ഓഫിസിന്റെ പിന്നിൽ കെട്ടിപ്പൊതിഞ്ഞ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ബുദ്ധന്റെ ധ്യാനമിഴികൾ ഇത്ര ഭംഗിയായി കൊത്താൻ മറ്റൊരു മരമില്ല. നമ്മളങ്ങനെ ധ്യാനനിരതനായി നിന്നുപോകും. അതു തന്നെയാണ് നോവലിന്റെ ഉൾക്കാമ്പും. മനുഷ്യനിൽ നിന്ന് ദൈവം കൊത്തിയുണ്ടാക്കുന്ന പ്രക്രിയ.
***************************
മാറ്റമേറെ വരും. പുസ്തകത്തിൽ നമ്മൾ വായനക്കാരുടെ ഭാവനയ്ക്ക് മരുന്നിട്ട്, അതിന് തിരി കൊളുത്തി മെല്ലെ, സ്വയം നീറിപ്പടരാൻ അനുവദിച്ചാണ് മുന്നോട്ടു നയിക്കുന്നത്. നല്ല കൃതിയെങ്കിൽ പയ്യെപ്പയ്യെ വായനക്കാരന്റെ മനസ് ആ പുസ്തകത്തോടൊപ്പം ഇഴുകിച്ചേരും. സിനിമ കൂടുതൽ സ്ട്രക്ചറലാണ്. നിരപ്പായ പ്രതലത്തിലൂടെ ഒരു ട്രെയിൻ പോകുന്നതുപോലെയാണ് പുസ്തക വായന. സിനിമയിൽ അങ്ങനെയല്ല അപ്ഡൗൺ ആയ സഞ്ചാര പാതയാണ് കഥാപാത്രങ്ങൾക്കുള്ളത്. സംഭവങ്ങൾക്ക്, കഥാപാത്രങ്ങൾക്ക് കൂടുതൽ വ്യക്തതവേണം. അവയ്ക്ക് യാത്രകളുണ്ട്. അഭിനേതാക്കളും സംവിധായകനുമാണ് കടലാസിലെ വരികൾ, സംഭവങ്ങൾ സ്വാംശീകരിക്കുന്നത്. കഥ ഒരാളുടെ മാത്രം ഭാവനയാണ്. തിരക്കഥയാവുമ്പോൾ നമ്മൾ കൊടുക്കുന്ന ചട്ടക്കൂടിൽ പ്രവർത്തിക്കാൻ ഒരുപാട് പ്രതിഭാശാലികളായ കലാകാരന്മാർ വന്നു ചേരും. അവരെ ഏകോപിപ്പിക്കാൻ സംവിധായകനുണ്ടാവും.
**************************
ആത്യന്തികമായി ഞാനൊരു എഴുത്തുകാരനാണ്. സിനിമാക്കാരൻ എല്ലാകാലത്തുമുള്ള രൂപമല്ല. എഴുത്തുകാരനായി അറിയപ്പെടാനേ താല്പര്യമുള്ളു. മനുഷ്യർ തമ്മിലുള്ള സംഘർഷം കഥകളിൽ കടന്നുവരാറുണ്ട്. ഇവ സാധ്യതയായി അനുഭവപ്പെടുന്നതുകൊണ്ടാവാം അതിന്റെ ദൃശ്യസാധ്യത തേടി ചലച്ചിത്ര പ്രവർത്തകർ എത്തുന്നത്. വിശ്വസിച്ചാലുമില്ലെങ്കിലും പറയാം, വ്യക്തിപരമായി ഒരു കഥയും സിനിമയാക്കണമെന്ന ആഗ്രഹത്തോടെ എഴുതിയതല്ല. അങ്ങനെയെങ്കിൽ അത് സിനിമയാകില്ല. സിനിമ തേടിയല്ല, പുതുമയുള്ള ആഖ്യാനസാധ്യത തേടിയാണ് പുതിയ ചെറുപ്പക്കാരായ സംവിധായകർ വരുന്നത്. അവർക്ക് തക്കധാരണ ഇക്കാര്യത്തിൽ ഉണ്ട്.
അടിസ്ഥാനവർഗ ജനതയുടെ വികാരങ്ങൾ, പശ്ചാത്തലം സാധാരണക്കാരന്റെ ഭാഷ, ഇവ എഴുത്തിൽ പ്രതിഫലിക്കുന്നത് ഞാൻ കണ്ട ജീവിതമാണ്. പച്ചമനുഷ്യരിലാണ് യഥാർഥ വികാരങ്ങളുള്ളത്. ഭാഷയും ലളിതമാകാൻ ശ്രമിക്കാറുണ്ട്. സാധാരണക്കാരന്റെ കഥ സാധാരണക്കാരന് മനസിലാവാത്ത ഭാഷയിൽ സാഹിത്യരൂപത്തിൽ അവതരിപ്പിച്ചിട്ട് എന്ത് നേടാനാണ്. രചനകളിൽ ഫിലോസഫിയുണ്ടാവാം. പക്ഷേ, ഭാഷകൊണ്ട് വായനക്കാരന് ആ ഫിലോസഫി അപ്രാപ്യം ആയാൽ എന്തുകാര്യം. തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ എഴുതിയശേഷം എഴുത്തിൽ കുറച്ചുകൂടി ഇക്കാര്യത്തിൽ ശ്രദ്ധ വരുത്താൻ ശ്രമിച്ചിട്ടുണ്ട്. സാമാന്യ മനുഷ്യനെ വട്ടം ചുറ്റിക്കുന്നതാവരുത് ഭാഷയെന്ന് നിർബന്ധമുണ്ട്. കഥയിൽ വ്യക്തതയുണ്ടാവണം. വായനക്കാരൻ വായിച്ചു തീരുമ്പോൾ തത്വശാസ്ത്രം അതിൽ നിന്ന് ഊറിക്കൂടുകയാണ് വേണ്ടത്.
*********************************
2007ൽ ഒറ്റക്കയ്യൻ എന്ന സിനിമ സംവിധാനം ചെയ്തത് സിനിമയോടുള്ള മോഹംകൊണ്ടല്ല. യാദൃച്ഛികമായി സംഭവിച്ചതാണ്. കഥ, കഥാപാത്ര നിർമ്മിതി, സ്വരൂപം ഉണ്ടാക്കുക എന്നതാണ് എഴുത്തുകാരന്റെ ജോലി. അതാണിഷ്ടപ്പെടുന്നത്. സംവിധാന മേഖലയിൽ ഒരുപാട് കഴിവുള്ളവർ ഉണ്ട്. സംവിധാനത്തിന് ഇനി ഇല്ല. കഥ എഴുതുക എന്നതാണ് എന്നെക്കൊണ്ട് പറ്റുന്ന കാര്യം എന്ന് തോന്നിയിട്ടുണ്ട്. അതിലാണ് ആത്മവിശ്വാസം.
*****************
പൊൻമാൻ സിനിമ എടുത്ത ടീമിനുവേണ്ടിയാണത്. ജ്യോതിശങ്കർ തന്നെയാണ് സംവിധായകൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.