കാലം കരുതിവെച്ചത്…

Web Desk
Posted on November 11, 2018, 8:00 am

ബിജു നാരായണന്‍

നിങ്ങള്‍ എന്നെങ്കിലും കാലത്തിനുപുറകേ സഞ്ചരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അങ്ങനെ കുറേ ദൂരം ഒരു നാട്ടിടവഴിയിലൂടെ പിന്നിലേക്കു ചെല്ലുമ്പോള്‍ ശാന്ത സ്വച്ഛന്ദമായി ഒഴുകുന്ന ഒരു പുഴയും (പ്രത്യേകിച്ച്, പാസ്റ്റിക് മാലിന്യങ്ങളില്ലാത്ത) നന്മ വിളഞ്ഞു കിടക്കുന്ന വയലും അവിടെ പണിയെടുക്കുന്നവരുടെ കൃഷിപ്പാട്ടുകളും കേട്ടു, മെയ്യനങ്ങിയ ചെറു ജോലികളും വിഷം തീണ്ടാത്ത ആഹാരവും വായനയും ഗ്രാമീണ കലാകാരന്മാരൊത്തുള്ള കൂട്ടായ്മകളുമെല്ലാമായി സ്വയം മറന്നങ്ങനെ കുറച്ചു കാലം കഴിയണമെന്ന് തോന്നുന്നുണ്ടോ?

ഇതൊക്കെ സാധ്യമാണോ എന്നായിരിക്കും? എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്റെ പ്രഥമ നോവലായ ‘ആല്‍ഫ’യിലെ കേന്ദ്ര കഥാപാത്രമായ നരവംശ ശാസ്തജ്ഞനും സംഘവും കാലത്തിനുപുറകേ പോകാന്‍ സ്വന്തം വസ്ത്രങ്ങളും എന്തിന് ഭാഷ പോലും ഉപേക്ഷിച്ചാണ് അജ്ഞാതമായ ഒരു ദ്വീപിലേക്ക് അപ്രത്യക്ഷരാകുന്നത്. പക്ഷെ ആദ്യം പറഞ്ഞിടത്തേക്ക് പോകുമ്പോള്‍ ഒന്നും ഉപേക്ഷിക്കുകയൊന്നും വേണ്ട. അവിടെയും 4 ജി നെറ്റ് വര്‍ക്ക് ഉണ്ട്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കാം. മറ്റൊരു സംശയം മേല്പറഞ്ഞ നന്മയുടെ നാളുകളിലൂടെ നാം അല്ലെങ്കില്‍ നമുക്ക് മുന്‍പുള്ള തലമുറ നടന്നു തീര്‍ത്തിട്ടുണ്ടോ എന്നാണ്? തീര്‍ച്ചയായും ഉണ്ടായിരുന്നു.

പ്രമോദ് പയ്യന്നൂര്‍

കേരളം നവോത്ഥാനകാലത്തിലൂടെ സ്ഫുടം ചെയ്ത്, കമ്മ്യൂണിസ്റ്റ് ആശയങ്ങളിലൂടെ മനുഷ്യനെ പരസ്പരം പരിചയപ്പെടുത്തിയ കാലം. ഇതിന്റെ രണ്ടിന്റെയും ഗുണഫലമായി സാംസ്‌കാരികമായ ഔന്നത്യം സ്വയം കൈവരിക്കാന്‍ കഴിഞ്ഞതിനൊപ്പം, ക്ഷേത്ര പ്രവേശന വിളംബരം തുടങ്ങി ഭൂപരിഷ്‌കരണ നിയമം ഉള്‍പ്പടെയുള്ള ഭരണകൂടത്തിന്റെ ബോധപൂര്‍വമായ ഇടപെടല്‍ എല്ലാം ചേര്‍ന്ന് മനുഷ്യ ശബ്ദം സംഗീതം പോലെ മുഴങ്ങിയിരുന്ന ഒരു കേരളം ഇവിടെയുണ്ടായിരുന്നു.

ആ കാലത്തിന്റെ പുനര്‍ നിര്‍മിതിക്കായിരുന്നു കഴിഞ്ഞ ജൂലൈ 11 മുതല്‍ ഒക്ടോബര്‍ 25 വരെയുള്ള കാലം തിരുവനന്തപുരം ജില്ലയിലെ വാമനപുരം പഞ്ചായത്തിലെ കളമച്ചല്‍ ഗ്രാമത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സംഘടിപ്പിച്ച കലാ ‑കര്‍ഷക കൂട്ടായ്മയായ ഓര്‍ഗാനിക് തിയേറ്റര്‍. യഥാര്‍ത്ഥ കൃഷി ഭൂമിയില്‍ പണിയെടുക്കുമ്പോള്‍ തന്നെ അത് നാടകത്തിന്റെ കൂടി കളരിയും അരങ്ങുമാക്കി മാറ്റുന്ന അപൂര്‍വ്വതയായിരുന്നു അത്. കേരളത്തിന്റെ ജൈവ കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചുപിടിക്കാനും ഗ്രാമീണ നാടക വേദിയിലൂടെ പുതു സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള സര്‍ഗാത്മക സംരംഭമാണ് ഓര്‍ഗാനിക് തിയറ്റര്‍ അഥവാ അഗ്രി-കള്‍ച്ചര്‍.
2018 ജൂലൈ 11 ബുധന്‍ രാവിലെ 11 മണിക്ക് വാമനപുരം കളമച്ചല്‍ പാടത്ത് നടന്ന നടീല്‍ ഉത്സവത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും ഒത്തുചേര്‍ന്നു. ഒരു ഗ്രാമത്തിലെ 200 ഓളം വരുന്ന കര്‍ഷകരും കലാകാരന്മാരും ചേര്‍ന്ന കൂട്ടായ്മ പത്തേക്കര്‍ പാടത്ത് ജൈവകൃഷി ഇറക്കി. വയല്‍ വരമ്പില്‍ നാടക കളരിക്ക് കൂടു കെട്ടി. കൃഷി ജീവിതചര്യയാക്കിയവര്‍ക്ക് അത് ഒരു ‘അധ്വാനമേ’ ആയിരുന്നില്ല; നാടക കലാകാരന്മാര്‍ കൃഷിരീതികള്‍ കൗതുകത്തോടെയാണ് കണ്ടത്. അതിലേക്കിറങ്ങിയപ്പോള്‍ അരങ്ങിലെ ശരീരഭാഷക്കപ്പുറം അദ്ധ്വാനത്തിന് മറ്റൊരു ശരീരഭാഷയുണ്ടെന്ന തിരിച്ചറിവ് അവര്‍ക്ക് നല്‍കിയ ആര്‍ജ്ജവം വിളവിലും അരങ്ങിലും പ്രതിഫലിച്ചു. കൂടെയുള്ള കുട്ടികൂട്ടത്തിനാകട്ടെ പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ പാഠങ്ങളേക്കാള്‍ പത്തിരട്ടി അറിവ് ആ പാടശേഖരങ്ങള്‍ പകുത്തു നല്‍കി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 25 (തുലാം 8)നു കളമച്ചലിലെ പത്തേക്കര്‍ പാടത്ത് അവര്‍ മൂന്നര മാസങ്ങള്‍ക്ക് മുന്‍പ് വിതച്ച് വളര്‍ത്തിയ ജ്യോതി നെല്ല് നൂറുമേനിയായി കൊയ്‌തെടുത്തു. കൃഷിപ്പണിയുടെ ഇടവേളകളില്‍ അവര്‍ പരിശീലിച്ച നാടകം, ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’, കൊയ്ത്ത് കഴിഞ്ഞ ആ മൂവന്തിയില്‍ അതേ പാടത്തു അവര്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തിലെ കാര്‍ഷിക സംസ്‌കാരത്തിനും, കലാ സംസ്‌കാരത്തിനും അതൊരു ചരിത്ര മുഹൂര്‍ത്തമായി. അങ്ങനെ കഴിഞ്ഞ ജൂലൈ 11 ന് (മിഥുനം 27 ന്) വിത്തുപാകിയ ജൈവ കൃഷിക്കും നാടക കളരിക്കും ആവേശകരമായ പരിസമാപ്തിയായി.

വാമനപുരത്ത് തുലാം മാസം എട്ടാം തീയതി പിറന്നത് വലിയൊരു ആഘോഷത്തോടെയായിരുന്നു. ഒരു ഗ്രാമം കാത്തിരുന്ന കൊയ്ത്തുത്സവം അന്നായിരുന്നു. പാടത്തെ കന്നിക്കൊയ്ത്തിന് കലാകാരന്മാരും കര്‍ഷകത്തൊഴിലാളികളും ഇറങ്ങിയപ്പോള്‍, സാംസ്‌കാരിക മന്ത്രി എ കെ ബാലനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറും അവര്‍ക്കൊപ്പം ചേര്‍ന്നു. കൊയ്ത്ത് നടക്കുമ്പോള്‍ ഒരു കൂട്ടം ചിത്രകാരന്മാര്‍ കേരള ലളിതകലാ അക്കാദമി അദ്ധ്യക്ഷന്‍ നേമം പുഷ്പരാജിന്റെ സാനിദ്ധ്യത്തില്‍ അത് ഛായാചിത്രങ്ങളായി ക്യാന്‍വാസില്‍ പകര്‍ത്താന്‍ പാടവരമ്പില്‍ അണിനിരന്നു. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി തത്സമയ ചിത്രീകരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫോക്‌ലോര്‍ അക്കാദമി അദ്ധ്യക്ഷന്‍ സി ജെ കുട്ടപ്പന്‍ ആ ഗ്രാമത്തിലെ കുട്ടികളുമായി ചേര്‍ന്ന് ഞാറ്റുപാട്ടുകളും കൊയ്ത്തുപാട്ടുകളും ആലപിച്ച് കൊയ്ത്തുത്സവം മധുരതരമാക്കി. സായംകാലത്തില്‍ സാംസ്‌കാരിക സന്ധ്യയുടെ അരങ്ങുണര്‍ത്തിയപ്പോള്‍, അലൈന്‍സ് ഫ്രാന്‍സെസിന്റെ അമരക്കാരന്‍ ഫ്രോന്‍സ്വാ ഗ്രോഷോണ്‍ തന്റെ ആഫ്രിക്കന്‍ ഫാം തിയറ്റര്‍ അനുഭവം വേദിയില്‍ ഓര്‍ത്തെടുത്തു. ഇന്ത്യയിലെ ആദ്യ സംരംഭമായ ഓര്‍ഗാനിക് തിയറ്റര്‍ യുനെസ്‌കോയുടെ അംഗീകാരത്തിന് അര്‍ഹമാണെന്നു ഉദ്ഘാടന വേദിയില്‍ അദ്ദേഹം പറയുകയുണ്ടായി.

വിളവെടുപ്പിന്റെ, അനുഷ്ടാന സൗന്ദര്യം പേറുന്ന ദക്ഷിണേന്ത്യന്‍ കലാരൂപങ്ങളായ തപ്പാട്ടം, കരഗാട്ടം, ചിന്ത്, യക്ഷഗാനബയലാട്ടം എന്നിവയും കൊയ്ത്തുത്സവത്തിന് മിഴിവേകി. അതിനെല്ലാം ശേഷമായിരുന്നു മലയാള കാര്‍ഷിക സംസ്‌കൃതിയുടെ എക്കാലത്തെയും കഌസിക് നാടക കൃതിയായ ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി”അരങ്ങേറിയത്. വയലും വരമ്പും, നാട്ടിടവഴിയും കരഭൂമിയും, പഴയ തറവാടും, നെല്‍കളവും ചേര്‍ന്ന അഞ്ച് രംഗവേദികളില്‍ സഞ്ചരിച്ചുകൊണ്ട് തിയറ്ററിന്റെ അനന്ത സാധ്യതകളിലൂടെയാണ് നാടകം അവതരിപ്പിക്കപ്പെട്ടത്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് കന്നുകാലികളെ കൊണ്ട് ഉഴുത് നാടകം ആരംഭിച്ചത് ഏതു കാര്‍ഷിക ഗ്രാമത്തിലും സംഭവിക്കാന്‍ സാധ്യതയുള്ള ഒരു രംഗമായിരുന്നു. വയലില്‍ പണിയെടുക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് ഭക്ഷണവുമായെത്തുന്ന കുട്ടികള്‍ പണിയാളരോട് ഒരു കഥ പറയാന്‍ ആവശ്യപ്പെടുന്നതും കഥ ആരംഭിക്കുന്നതും ‘കൂട്ടുകൃഷി’ നാടകത്തിനു മാറ്റേകി. ദൃശ്യാവബോധങ്ങളുടെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന നാടക — ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ആവിഷ്‌ക്കാരം നിര്‍വ്വഹിച്ച ഈ നാടകം അവതരണത്തിലെ മികവ്‌കൊണ്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

ഓര്‍ഗാനിക് തീയേറ്റര്‍ സംരംഭത്തിന് ദീര്‍ഘനാളത്തെ ഗൃഹപാഠം ഭാരത് ഭവന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ആദ്യ ചുവടുവയ്പ്പിനായി കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത കര്‍ഷക പ്രതിനിധികളെ കൂട്ടിയിണക്കി അഗ്രി-കള്‍ച്ചര്‍ എന്ന പേരില്‍ 2017 മാര്‍ച്ച് 22, 23, 24 തീയതികളിലായി തൈക്കാട് ഭാരത് ഭവനില്‍ മൂന്നു ദിവസത്തെ സമഗ്ര ശില്പശാല സംഘടിപ്പിച്ചു. ഈ നവ സംരംഭത്തിന് അനുയോജ്യമായ മണ്ണും ജൈവവളവും കാലാവസ്ഥയും കാത്തിരുന്നപ്പോഴാണ് വാമനപുരം എംഎല്‍എ ഡി കെ മുരളി കളമച്ചലിന്റെ ഹൃദയ ഭൂമിയിലേക്ക് ഭാരത് ഭവനെ ക്ഷണിച്ചത്. അതേ തുടര്‍ന്ന് 200 ഓളം വരുന്ന കര്‍ഷകരും കലാകാരന്മാരും മൂന്നുമാസക്കാലം രാപകല്‍ ഭേദമന്യേ കൃഷിയിടത്തിലും നാടക ക്യാമ്പിലുമായി സജീവമായി. വിവ കള്‍ച്ചറല്‍ സെന്ററിന്റെ സംഘാടന സഹകരണം ആരംഭം മുതല്‍ ഈ കൂട്ടായ്മക്ക് കരുത്തേകി.

യൂറോപ്യന്‍ തീയറ്ററിന്റെ പിറവി ഗ്രീസിലാണെന്ന് നമുക്കറിയാം. അവിടെ കൃഷിയുടെ ദേവനായ ഡൈനീഷ്യസ് തന്നെയാണ് കലയുടെയും അധിപന്‍. വിളവെടുപ്പുകാലത്ത് അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതിനായാണ് ഡിനോഷ്യ എന്ന ഫെസ്റ്റിവല്‍ രൂപം കൊള്ളുന്നത്. ഗ്രീക്ക് തീയറ്ററിന്റെ, അതിലുപരി യൂറോപ്യന്‍ തീയറ്ററിന്റെ ആദ്യ സംരംഭമായിരുന്നു ഡിനോഷ്യ.

കലയും സാംസ്‌കാരികതയും ജനകീയമായി വിനിമയം ചെയ്യപ്പെടുമ്പോഴേ അത് മൂല്യവത്തായി മാറുകയുള്ളൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള കാലയളവില്‍ ഭാരത് ഭവന്‍ നിര്‍വഹിച്ച് വരുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഇത്തരത്തിലുള്ള ജനകീയതയും ജൈവികതയുമുണ്ട്. ഒപ്പം തിയറ്റര്‍ രംഗത്ത് കാര്‍ഷികതയെ അടയാളപ്പെടുത്തിയ പ്രതിഭയായ പ്രമോദ് പയ്യന്നൂരിന്റെ പ്രവര്‍ത്തനങ്ങള്‍ മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ ഭാരത് ഭവന്റെ ഭാവനാത്മകമായ ഇടപെടലുകള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യുന്നുണ്ട്. ഡോ: ശിവരാമ കാരന്തിന്റെ ‘ചോമന്റെ ദുഡി‘ക്കും ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി‘ക്കും, അദ്ദേഹം നല്‍കിയ രംഗഭാഷ്യം ഒരേ സമയം പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയവയാണ്. കൈത്തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്ന തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ”ഇന്നലെകളിലെ ആകാശം” കാര്‍ഷിക വൃത്തിയുടെ ഗന്ധം പേറുന്ന തീയേറ്റര്‍ അനുഭവമായ ‘ദ്രാവിഡവൃത്തം’ എന്നീ കെപിഎസി യുടെ നാടകങ്ങള്‍ സംവിധാനം നിര്‍വ്വഹിച്ചതിലൂടെ പ്രമോദ് പയ്യന്നൂരിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം തേടിയെത്തിയിരുന്നു. ദേശീയ തലത്തില്‍ അവ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി അദ്ദേഹം തന്റെ സിനിമ, ദൃശ്യ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അവധി കൊടുത്ത് പൂര്‍ണമായി ഭാരത് ഭവനില്‍ കര്‍മ്മനിരതനാണ്.

ഓര്‍ഗാനിക് തിയേറ്ററിന്റെ സമൃദ്ധമായ പാടത്തേക്കെത്തിയപ്പോള്‍ ഒരുപാട് കുടുംബങ്ങളും കുട്ടികളും കൊയ്ത്തുത്സവത്തിനായി എത്തിയത് കണ്ടു. ആ വേളയില്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘വേരുകള്‍’ എന്ന നോവലിനെക്കുറിച്ച് ഓര്‍ത്തുപോയി. കഥാനായകനും കുടുംബവും നഗരത്തില്‍ നിന്നും നാട്ടിലെ കുടുംബ വീട്ടിലേക്കു യാത്ര ചെയ്യുകയാണ്. നഗരം വിട്ട് നാട്ടിന്‍ പുറത്ത് എത്തുമ്പോള്‍ കഥാനായകന് കുട്ടികള്‍ക്ക് വിളഞ്ഞു നില്ക്കുന്ന നെല്‍പ്പാടം കാണിച്ചു കൊടുക്കുന്നു. അപ്പോള്‍ കുഞ്ഞു ചോദിച്ചു? ‘അരിച്ചെടിയാ? എന്ന്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മലയാറ്റൂര്‍ ഇത് എഴുതിയത്. നിത്യോപയോഗ സാധനങ്ങള്‍ എല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളിലെ അടച്ചു വിരിയിക്കുന്ന ഉല്‍പന്നങ്ങളാണെന്ന് ധരിച്ച് വച്ചിരിക്കുന്ന ഒരുതലമുറയെ യാഥാര്‍ഥ്യം ബോദ്ധ്യപ്പെടുത്തി മനുഷ്യരാക്കി തീര്‍ക്കേണ്ട ഉത്തരവാദിത്വവും നമ്മുക്കുണ്ട്. അതിന് ഏറ്റവും നല്ല വിളനിലമാണ് ഓര്‍ഗാനിക് തീയേറ്റര്‍. തരിശു നിലങ്ങള്‍ സാംസ്‌കാരിക കൂട്ടായ്മയിലൂടെ ജൈവ കൃഷിക്ക് ഉപയുക്തമാക്കി തീര്‍ക്കുവാന്‍ ഭാരത് ഭവന്‍ ഇനിയും മുന്നോട്ട് വരേണ്ടതുണ്ട്. കേരളത്തിലെ കൃഷിയിടങ്ങളെ തിരിച്ചുപിടിക്കുവാനും നമ്മുടെ ജനകീയ കലാരൂപങ്ങള്‍ക്ക് ഉണരേകുവാനും മാനവീകത ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ കൂട്ടായ്മകള്‍ സൃഷ്ടിക്കുവാനും ഓര്‍ഗാനിക് തിയേറ്ററിനു ഇനിയും കഴിയും.

അധ്വാനത്തിന്റെ അര്‍ഹമായ കരങ്ങളില്‍ എത്തുമ്പോള്‍ അത് മഹത്തരമായ കര്‍മ്മമായി മാറും. ജൈവ കാര്‍ഷികതയുടെ സ്‌നേഹ കൂട്ടായ്മയില്‍ വാമനപുരത്തെ കളമച്ചലില്‍ നിന്ന് കൊയ്‌തെടുത്ത നെന്മണികള്‍ പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ ഭാരത് ഭവന്‍ വിഭാവനം ചെയ്തിരിക്കുന്നത് മാനവീകതയുടെ ഉണര്‍വും ഉര്‍വ്വരതയുമാണ് കാലത്തിന് സമര്‍പ്പിക്കുന്നത്. ഭാരത് ഭവന്റെ നൂതന ജനകീയ സര്‍ഗസഞ്ചാരത്തിന്റെ ഹരിത നാള്‍ വഴികളിലേക്കുള്ള ദിശാബോധമുള്ള ഈ സര്‍ഗാത്മക ദൗത്യം ഇന്ത്യന്‍ സാംസ്‌കാരിക ലോകത്തിന് സമ്മാനിക്കുന്നത് കലയുടെയും കാര്‍ഷികതയുടെയും നവ ഭാവുകത്വമാണ്.