പത്ത് കല്പനകള്‍…

Web Desk
Posted on December 30, 2018, 8:15 am

ഇളവൂര്‍ ശ്രീകുമാര്‍

പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നമുക്കും പുതിയ തീരുമാനങ്ങളും പുതിയ സ്വപ്‌നങ്ങളുമുണ്ടാകണം. പുതുവര്‍ഷം പ്രകാശപൂര്‍ണമാക്കാനുള്ള ചില വഴികളിലൂടെ…

പോയ വര്‍ഷത്തെക്കുറിച്ചുള്ള കണക്കെടുപ്പിന്റെ തിരക്കിലാണ് നാം. തിരിഞ്ഞുനോട്ടം നല്ലതാണ്. അത് പുനരവലോകനത്തിന്റെ സാദ്ധ്യതകള്‍ തുറന്നുതരുന്നു. പുതിയ പാഠങ്ങള്‍ തരുന്നു. പുതിയ ഉള്‍ക്കാഴ്ച തരുന്നു. ഇവിടെ നാം ചരിത്രത്തെയാണ് വിശകലന വിധേയമാക്കുന്നത്. എന്നാല്‍ ഇതിനെക്കാള്‍ പ്രാധാന്യത്തോടെയും സൂക്ഷ്മതയോടെയും രൂപകല്‍പന ചെയ്യേണ്ട ഒന്നാണ് വരുംകാല ചരിത്രം അഥവാ ഭാവി. നിര്‍ഭാഗ്യവശാല്‍ നാം ഏറ്റവും കുറച്ച് സമയം ചെലവഴിക്കുന്നത് ഭാവിയെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും ചിന്തിക്കാനാണ്. നമ്മുടെ മനസ്സ് ഏറിയ പങ്കും ഭൂതകാലവുമായി കെട്ടുപിണഞ്ഞ് കിടക്കുകയാണ്. ഓരോ ദിവസത്തെയും നമ്മുടെ ചിന്തകള്‍ വിശകലനം ചെയ്തു നോക്കിയാലറിയാം അവയില്‍ എഴുപതു ശതമാനത്തോളം ഭൂതകാലവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന്. ഈയൊരു ഭൂതകാലാഭിരതിയെ തകര്‍ത്തുകൊണ്ടുമാത്രമേ നമുക്ക് ജീവിതത്തില്‍ പുതിയ കുതിപ്പുകള്‍ സൃഷ്ടിക്കുവാന്‍ കഴിയൂ.

ഇത് ഭൂതകാലത്തെ നിഷേധിക്കലല്ല. ഭൂതകാലത്തിന്റെ അതിഭാരത്തില്‍നിന്നും രക്ഷപ്പെടലാണ്. പ്രകാശപൂര്‍ണമായ ഭാവിയിലേക്കുള്ള കുതിപ്പിന് തയ്യാറെടുക്കലാണ്. കാലത്തിന്റെ ഓരേ മിടിപ്പും നമ്മുടെ ഹൃദയമിടിപ്പുപോലെ പ്രധാനമാണെന്ന തിരിച്ചറിയലാണ്. ഉപയോഗശൂന്യമായി നഷ്ടപ്പെടുന്ന ഓരോ നിമിഷവും നമ്മുടെ ജീവിതമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവാണ്. ഈയൊരു തിരിച്ചറിവിന്റെ ഭൂമികയില്‍ നിന്നുകൊണ്ടുവേണം 2019 ലേക്ക് പാതയൊരുക്കാന്‍.

ശൂന്യമായ 365 പേജുകള്‍ നമുക്ക് കിട്ടുകയാണ്. അതില്‍ എന്തും എഴുതാനുള്ള അവകാശം നമുക്കുണ്ട്. അതില്‍ പ്രത്യാശയുടെയും നിരാശയുടെയും വരികള്‍ കുറിച്ചുവയ്ക്കാം. സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും വാക്കുകള്‍ കോറിയിടാം. പകയുടെയും അനുനയത്തിന്റയും ചിത്രങ്ങള്‍ വരയ്ക്കാം. ഇരയുടെയും വേട്ടക്കാരന്റെയും ഭാവങ്ങള്‍ നിറയ്ക്കാം. ഓരോ പേജിലും നമ്മള്‍ എന്തു ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും അടുത്ത ഒരു വര്‍ഷത്തെ നമ്മുടെ ജീവിതം. നാം ബോധപൂര്‍വ്വം തയ്യാറെടുപ്പുകള്‍ നടത്തുകയാണെങ്കില്‍ പ്രകാശപൂര്‍ണമായ ഒരു ഭാവി തീര്‍ച്ചയായും നമുക്ക് സാധ്യമാണ്.

വരുന്ന ഒരു വര്‍ഷം നമുക്ക് എങ്ങനെയായിരിക്കണം?

മനുഷ്യന്‍ അനുനിമിഷം പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും നാം പുതിയൊരു ലോകത്തേക്കാണ് കണ്ണു തുറക്കുന്നത്. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ മാറ്റം നമുക്ക് അനുഭവപ്പെടില്ല. കാരണം നമുക്ക് മുന്നില്‍ കഴിഞ്ഞ ദിവസമുണ്ടായിരുന്നതെല്ലാം അതുപോലെ ഇന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു ദിവസംകൊണ്ട് നമ്മുടെ ശരീരത്തില്‍ അനേകായിരം കോശങ്ങള്‍ ജനിച്ചിട്ടുണ്ടാകും. അനേകം പുതിയ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടുണ്ടാകും. പുതിയ ആശയങ്ങള്‍ രൂപംകൊണ്ടിട്ടുണ്ടാകും. പുതിയ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. രാഷ്ട്രീയവും സാംസ്‌കാരികവുമായ പുതിയ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അങ്ങനെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തേക്കാണ് നാം ഓരോ പ്രഭാതത്തിലും കണ്ണു തുറക്കുന്നത്. അതുകൊണ്ട് നാളെ മുതല്‍ പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നമുക്കും പുതിയ തീരുമാനങ്ങളും പുതിയ സ്വപ്നങ്ങളുമുണ്ടാകണം. മുന്‍വര്‍ഷങ്ങളില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ ആവര്‍ത്തിക്കാതിരിക്കണം. ജീവിതത്തില്‍ ചില പുനക്രമീകരണങ്ങള്‍ നടത്തണം. പുതിയ സ്വപ്നങ്ങളുണ്ടാകണം. പുതിയ ബന്ധങ്ങളുണ്ടാകണം. ചുരുക്കത്തില്‍ സ്വയം നവീകരിക്കപ്പെട്ട ജീവിതമായിരിക്കണം നാം സ്വയം സൃഷ്ടിക്കന്നത്. പുതുവര്‍ഷം പ്രകാശപൂര്‍ണമാക്കാനുള്ള ചില വഴികളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം.

1. ജീവിതം ക്രമപ്പെടുത്തുക

പുതിയ ചിട്ടകളും ശീലങ്ങളും ഉറച്ച തീരുമാനങ്ങളും അവ നടപ്പാക്കുവാനുള്ള ഇച്ഛാശക്തിയുമായിട്ടായിരിക്കണം 2019 ലേക്ക് നാം കാലെടുത്തു വയ്‌ക്കേണ്ടത്. കഴിഞ്ഞതവണ നടക്കാതെ പോയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അവ നടപ്പാക്കുവാന്‍ കൃത്യമായൊരു സമയം ഉറപ്പിക്കണം. അതിനുള്ള ശ്രമം ഒന്നാം തീയതി മുതല്‍ ആരംഭിക്കണം. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ഒരു പടികൂടി മുന്നോട്ടു പോകുമെന്നും ഏതു കാര്യത്തെയും ശുഭാപ്തി വിശ്വാസത്തോടെ മാത്രമേ കാണുകയുള്ളുവെന്നും തീരുമാനിക്കുക. നെഗറ്റീവ് ചിന്തകളോട് ഗുഡ്‌ബൈ പറയുക. വിജയത്തിന്റെ മുഖ്യശത്രുവാണ് കാര്യങ്ങള്‍ നീട്ടിവയ്ക്കല്‍. മിക്ക കാര്യങ്ങളും പിന്നീടാകട്ടെ അല്ലെങ്കില്‍ നാളെയാകട്ടെ എന്നു നീട്ടിവയ്ക്കുന്നത് നമ്മുടെ പൊതു സ്വഭാവമാണ്. കാര്യങ്ങള്‍ ഇപ്പോള്‍തന്നെ ചെയ്യുക എന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമാകണം. ഇതുവഴി ദൈനംദിന ജീവിതത്തിലും തൊഴില്‍രംഗത്തും

അനാവശ്യമായുണ്ടാകുന്ന ടെന്‍ഷനെ ഒരു പരിധിവരെ മറികടക്കാനാകും. ഇതുപോലെ പ്രധാനമാണ് സമയ ക്രമീകരണം. ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കുന്നതില്‍ പ്രധാന പങ്കാണ് സമയ ക്രമീകരണത്തിനുള്ളത്. ഒന്നിനും സമയമില്ല എന്നത് ആധുനിക മനുഷ്യന്റെ സ്ഥിരം പല്ലവിയാണ്. അലസന്റെ മനസ്സില്‍നിന്നും വരുന്ന വാക്കകളാണിത്. അലസന്റെ മനസ്സ് ചെകുത്താന്റെ പണിശാലയാണെന്ന് പറയാറുണ്ട്. ഏറ്റ കാര്യങ്ങള്‍ കൃത്യ സമയത്ത് ചെയ്യുക, ചെല്ലാമെന്ന് പറഞ്ഞ സ്ഥലത്ത് സമയത്ത് ചെല്ലുക, കുടുംബത്തില്‍പോലും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുക, പ്രയോജനമില്ലാത്ത കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാതിരിക്കുക തുടങ്ങി കൃത്യമായ സമയാസൂത്രണത്തിലൂടെ ജീവിതത്തെ കൂടുതല്‍ ക്രിയാത്മകമാക്കാം. ഇത്തരത്തില്‍ കൃത്യവും സൂക്ഷമവുമായ ക്രമപ്പെടുത്തലിലൂടെ 2019 നെ ശാന്തതയുടെയും സമാധാനത്തിന്റെയും വര്‍ഷമാക്കിമാറ്റാം.

2. മനസ്സും ശരീരവും ആരോഗ്യപൂര്‍ണമാക്കുക

ആരോഗ്യത്തേക്കാള്‍ കൂടുതല്‍ സമയം രോഗത്തെക്കുറിച്ചാണ് ഇന്ന് ഓരോരുത്തരും സംസാരിക്കുന്നത്. യാതൊരു ക്രമവുമില്ലാതെ ഭക്ഷണരീതികളും വ്യായാമമില്ലായ്മയും രോഗങ്ങളെ വിളിച്ചുവരുത്തുകയാണ്. വിഷമില്ലാത്ത പച്ചക്കറിയെക്കുറിച്ചും മായം കലരാത്ത ഭക്ഷ്യവസ്തുക്കളെക്കുറിച്ചുമൊക്കെ ആവേശപൂര്‍വ്വം സംസാരിക്കും. എന്നിട്ട് വിഷംകലര്‍ന്നതാണെന്ന് അറിഞ്ഞുകൊണ്ട്തന്നെ അവയൊക്കെ വാങ്ങുകയും ചെയ്യും! വ്യായാമം നല്ലതാണെന്ന് നാട്ടുകാരെ ഉപദേശിക്കും. സ്വന്തം ജീവിതത്തില്‍ അത് പാലിക്കാത്തതെന്തെന്ന് ചോദിച്ചാല്‍ സമയമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടും. ഇതേ വ്യക്തി ആശുപത്രിയില്‍ ഒരു മാസം കിടക്കേണ്ടിവന്നാല്‍ സമയക്കുറവിനെക്കുറിച്ച് ഒരു പരാതിയും പറയില്ല. 2019 ല്‍ നമ്മുടെ മുഖ്യപരിഗണന ആരോഗ്യ പൂര്‍ണമായ ജീവിതത്തിനാകട്ടെ. നമുക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ മിതമായ തോതിലെങ്കിലും ഉല്‍പാദിപ്പിക്കുമെന്ന് ഉറച്ച തീരുമാനമെടുക്കണം. ഒരു സെന്റ് ഭൂമിയില്‍പോലും ഫലപ്രദമായി ഉപയോഗിച്ചാല്‍ വര്‍ഷത്തില്‍ ആവശ്യമുള്ള പച്ചക്കറിയുടെ നല്ലൊരു ഭാഗം ഉല്‍പാദിപ്പിക്കാം. നഗരങ്ങളിലുള്ളവര്‍ക്ക് ടെറസ് ഇതിനായി ഉപയോഗിക്കാം. രാവിലെയും വൈകിട്ടും അരമണിക്കൂര്‍വീതം ഇതിനായി മാറ്റിവച്ചാല്‍ ശുദ്ധമായ വിളവ് കിട്ടുമെന്നു മാത്രമല്ല അവയോടൊപ്പം ചിലവഴിക്കുമ്പോള്‍ ലഭിക്കുന്ന മാനസികോല്ലാസം അനുഭവിച്ചുതന്നെയറിയണം. ഇത് പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരുമെന്ന തീരുമാനം ഇന്നുതന്നെയെടുക്കുക, ജനുവരി ഒന്നിന് തുടക്കം കുറിക്കുക. ഇതുപോലെതന്നെ ശരീരത്തിന് ആവശ്യമായ വ്യായാമം നല്‍കുക. അരമണിക്കൂര്‍ നടത്തമോ യോഗയോ ശീലമാക്കുക. യോഗ മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണകരമാണ്. സ്വനക്രിയ, ധ്യാനം എന്നിവയും മാനസികോല്ലാസവും സമാധാനവും പ്രദാനം ചെയ്യും. ജീവിതശൈലീരോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാനും ഇതുവഴി കഴിയും. തീരുമാനങ്ങളെടുക്കലല്ല അത് പ്രായോഗികമാക്കുന്നതിലൂടയായിരിക്കണം 2019 നിങ്ങളുടെ ജീവിതത്തില്‍ വ്യത്യസ്തമായ വര്‍ഷമാകേണ്ടത്.

3. കുടുംബത്തോടൊപ്പം കുറച്ചു സമയം

കുടുംബന്ധങ്ങള്‍ സുദൃഢമാക്കുന്നതില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ഒത്തുചേരലും സുപ്രധാനമാണ്. പക്ഷേ ജീവിതത്തിന്റെ തിരക്കുപിടിച്ച പാച്ചിലിനിടയില്‍ പലര്‍ക്കും ഇതിനൊന്നും സമയം കിട്ടാറില്ല. ശിഥിമാകുന്ന കുടുംബ ബന്ധങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ ആത്മാര്‍ത്ഥമായ ഹൃദയ ബന്ധങ്ങളുടെ അഭാവം പ്രധാന ഘടകമാണെന്ന് കാണാം. എത്ര തിരക്കുള്ള ജീവതമായാലും രാത്രിയില്‍ അരമണിക്കൂര്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് അന്നത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും രസകരമായ അനുഭവങ്ങള്‍ കൈമാറുകയുമൊക്കെ ചെയ്യുന്നത് മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുന്നതിനും പരസ്പരം കൂടുതല്‍ അടുക്കുന്നതിനും സഹായകമാകും. അവരവരുടെ പ്രശ്‌നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യുന്ന വേദിയാകട്ടെ ഇത്തരം കുഞ്ഞു കുടുംബസദസ്സുകള്‍. പരസ്പരം ഉള്‍ക്കൊണ്ട് വളരുന്ന ശക്തമായ കുടുംബബന്ധമായിരിക്കണം 2019 ലെ നേട്ടങ്ങളിലൊന്ന്.

4. വൈകാരികബുദ്ധി വളര്‍ത്തുക

ഐ.ക്യൂവിന്റെ പിറകേ പായുന്ന നമ്മള്‍ ഇ.ക്യൂവിന്റെ കാര്യം വിസ്മരിച്ചു പോകുന്നു. എത്ര ബുദ്ധിമാനായാലും വൈകാരിക സംതുലനംകൂടി സാദ്ധ്യമാകുമ്പോഴേ ജീവിതം ആനന്ദപൂര്‍ണമാകൂ. മുന്‍കോപം, ഉത്ക്കണ്ഠ, നൈരാശ്യം, അസഹിഷ്ണുത, സ്വാര്‍ത്ഥത, അസൂയ, കാര്‍ക്കശ്യം ഇതൊക്കെ മനുഷ്യന്റെ കൂടപ്പിറപ്പായ ഭാവങ്ങളാണെങ്കിലും ഒരു പരിധിക്കപ്പുറം ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വൈറസുകളാണ്. വൈകാരിക സന്തുലനം നിലനിര്‍ത്തുന്നതിലൂടെയേ വിജയം സാദ്ധ്യമാകൂ. ഏതു തൊഴില്‍ മേഖലയിലും, അത് പ്രൊഫഷണല്‍ ആകട്ടെ കൂലിപ്പണിയാകട്ടെ, അവിടെ നിങ്ങള്‍ പുലര്‍ത്തുന്ന മനോഭാവം മറ്റുള്ളവരെ നിങ്ങളിലേക്കാകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. പ്രതികൂലമായി ബാധിക്കുന്ന സ്വഭാവത്തിലെ വൈകല്യങ്ങള്‍ സ്വയം വിശകലനത്തിലൂടെ കണ്ടു പിടിക്കുകയും ബോധപൂര്‍വ്വം അവ മാറ്റിയെടുക്കാനും കഴിയണം. ആര്‍ക്കും അതു സാദ്ധ്യമാകും. കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യക്തിത്വമായിരിക്കണം 2019 ല്‍ നിങ്ങള്‍ രൂപപ്പെടുത്തേണ്ടത്.

5. ജീവിതം ചലനാത്മകമാക്കുക

തൊഴിലിടങ്ങളിലും ജീവിതത്തിലും ഒരേ പോലുള്ള ജീവിതത്തിന്റെ ആവര്‍ത്തനം വിരസത സൃഷ്ടിക്കും. അത് മടുപ്പിലേക്കും നിഷ്‌ക്രിയത്വത്തിലേക്കും നയിക്കും. മധ്യവയസു കഴിയുന്നതോടെ മറ്റൊന്നും ചെയ്യാനില്ലാതെ ഒരേ റൂട്ടില്‍ ജീവിതം ഓടിച്ചു തീര്‍ക്കുന്നവരാണേറെയും. ചലനാത്മക ജീവിതത്തിന്റെ വര്‍ഷമാകണം 2019. വീടിന്റെയും ഓഫീസിന്റെയും പണിശാലയുടെയും കണ്ടുമടുത്ത ചുമരുകള്‍ക്കപ്പുറത്തേക്ക് ജീവിതം പടര്‍ന്നുകയറണം. വായനയും കളികളും സാംസ്‌കാരിക പ്രവര്‍ത്തനവുമെല്ലാം ഇതിന് സഹായകമാണ്. വരുന്ന വര്‍ഷം കുറഞ്ഞത് രണ്ടു മാസത്തിലൊരിക്കലെങ്കിലും മികച്ച ഒരു പുസ്തകം വായിച്ചു തീര്‍ക്കുമെന്ന് ഉറപ്പിക്കുക. നാട്ടിലെ വായനശാലകളിലെയും സാംസ്‌കാരിക കേന്ദ്രങ്ങളിലെയും സന്ദര്‍ശകനാവുക. സമൂഹ നന്മയ്ക്കുതകുന്ന പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുകയും അത് നടപ്പാക്കുവാനുള്ള പരമാവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്യുക. പോസിറ്റീവ് ചിന്താഗതിക്കാരുമായി പുതിയ സൗഹൃദങ്ങള്‍ ആരംഭിക്കുക. കൂടുതല്‍ നേരം ടിവിയില്‍ കണ്ണുംനട്ട് നിഷ്‌ക്രിയരായിരിക്കാതെ സിനിമ, നാടകം തുടങ്ങി നല്ല കലകള്‍ തേടി പുറത്തേക്കിറങ്ങുക. ലക്ഷ്യങ്ങള്‍ തീവ്രമാക്കുക. കെട്ടിക്കിടക്കുന്ന തടാകമാകരുത്, ഒഴുകുന്ന നദിയാകട്ടെ വരുംവര്‍ഷ ജീവിതം.

6. പുഞ്ചിരിയോടെ ദിവസം ആരംഭിക്കുക

പ്രശ്‌നങ്ങള്‍ മനുഷ്യന്റെ കൂടെപ്പിറപ്പാണ്. മറിച്ച് മനുഷ്യന്‍ പ്രശ്‌നങ്ങളുടെ കൂടെപ്പിറപ്പല്ല. യഥാര്‍ത്ഥത്തില്‍ പ്രതിസന്ധികളെ പ്രശ്‌നങ്ങളായല്ല, വെല്ലുവിളികളായാണ് കാണേണ്ടത്. അപ്പോഴാണ് അതിനെ നേരിടാനുള്ള ഊര്‍ജ്ജവും വാശിയും നമുക്കുണ്ടാകുന്നത്. പ്രതിസന്ധികള്‍ അതിന്റെ വഴിയിലൂടെ വരും പോകും. മനുഷ്യന്‍ നിലനില്‍ക്കും. പക്ഷേ ആ നിലനില്‍പ്പ് നൈരാശ്യത്തിന്റേത് ആകരുത്, പ്രത്യാശയുടേതായിരിക്കണം… ഈ മനോഹരമായ ഭൂമിയില്‍ ഓരോ ദിവസവും ആയുസ് നീട്ടിക്കിട്ടുന്നതിന് പ്രകൃതിയോട് നന്ദി പറയുക. ഓരോ പ്രഭാതവും നമുക്ക് സമ്മാനിക്കുന്നത് ഈ പ്രകൃതിയാണ്. ആ പ്രകൃതിക്കാകട്ടെ ആദ്യത്തെ സുപ്രഭാതം. ഓരോ പ്രഭാതത്തിലും എഴുന്നേറ്റ് പുറത്തേക്കിറങ്ങി പ്രകൃതിയെനോക്കി പുഞ്ചിരിയോടെ ഗുഡ്‌മോണിംഗ് പറയുന്നത് ശീലമാക്കുക. നാം കണ്ടുമുട്ടുന്ന പരിചിതരും അപരിചിതരുമായ ഓരോ വ്യക്തിക്കും ഈ പുഞ്ചിരി സമ്മാനിക്കൂ. നിങ്ങളറിയാതെതന്നെ വലിയൊരു പരിവര്‍ത്തനം ജീവിതത്തില്‍ സംഭവിക്കുന്നത് കാണാം.

7. ആഗ്രഹങ്ങള്‍ ലക്ഷ്യങ്ങളാക്കുക

ആഗ്രഹങ്ങളുടെ ഇരിപ്പിടമാണ് ഓരോ മനസ്സും. ആഗ്രഹങ്ങളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും. നമ്മുടെ ആഗ്രഹങ്ങളില്‍ ബഹുഭൂരിപക്ഷവും സാക്ഷാത്ക്കരിക്കപ്പെടാതെ പോകുന്നവയാണ് എന്നതാണ് വാസ്തവം. ആഗ്രഹങ്ങളെ ലക്ഷ്യങ്ങളായി പരിവര്‍ത്തനപ്പെടുത്തുമ്പോഴാണ് അവ പ്രായോഗികതയുടെ തലത്തിലേക്ക് നീങ്ങുന്നത്. ആഗ്രഹങ്ങള്‍ക്ക് സമയപരിധിയില്ല. അവ എല്ലാക്കാലത്തും ആഗ്രഹങ്ങളായിത്തന്നെ തുടരാം. എന്നാല്‍ അവ ലക്ഷ്യങ്ങളായി പരിണമിക്കുമ്പോള്‍ കാലപരിധി നിശ്ചയിക്കപ്പെടുന്നു. ഞാന്‍ ഒരു വീടുവയ്ക്കും എന്നു പറഞ്ഞാന്‍ അതൊരാഗ്രഹം മാത്രമാണ്. ഞാന്‍ 2019 ഡിസംബര്‍ 31 നകം ഒരു വീടുവയ്ക്കും എന്നു പറഞ്ഞാല്‍ അത് ലക്ഷ്യമായി. ആ ലക്ഷ്യം സാക്ഷാത്ക്കരിച്ചല്ലാതെ വിശ്രമമില്ലെന്ന ദൃഢനിശ്ചയവും അതിനായുള്ള തീവ്രമായുള്ള ആഗ്രഹവും ശ്രമങ്ങളും ലക്ഷ്യസാക്ഷാതാക്കാരത്തിലേക്ക് പാതയൊരുക്കുകതന്നെ ചെയ്യും. ചെറുതും വലുതുമായ ഏതൊരാഗ്രഹവും സമയപരിധി നിശ്ചയിച്ച് നടപ്പിലാക്കുമെന്നുള്ള ഉറച്ച തീരുമാനം 2019 ല്‍ ഉടനീളം പാലിക്കണം.

8. ധൈര്യപൂര്‍വ്വം നേരിടുക

ഒളിച്ചോടലല്ല പോരാടി മുന്നോട്ട് പോകലാണ് ജീവിതം. തൊഴില്‍രംഗത്തോ കുടുംബജീവിതത്തിലോ വ്യക്തി ജീവിതത്തിലോ താളപ്പിഴകളോ പ്രതീക്ഷയ്ക്ക് വിരുദ്ധമായവയോ ചിലപ്പോള്‍ സംഭവിക്കാം. അവിടെ പകച്ചു നില്‍ക്കുകയോ ഒളിച്ചോടുകയോ ചെയ്യരുത്. ഓര്‍ക്കുക, എല്ലാ തിരിച്ചടികളും താല്കാലികം മാത്രമാണ്. കാലം മായ്ക്കാത്ത മുറിവുകളില്ല. പരിഹാരമില്ലാത്ത പ്രശ്‌നങ്ങളുമില്ല. ഏതു കാര്യത്തെയും ധൈര്യപൂര്‍വ്വം നേരിട്ട് പരിഹരിച്ച് മുന്നോട്ട് പോകുമെന്ന തീരുമാനം നാളത്തെ പ്രഭാതം മുതല്‍ പ്രാവര്‍ത്തികമാക്കണം. ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടെങ്കില്‍ വിശ്വസ്തരായവരില്‍നിന്നും ഉപദേശം സ്വീകരിക്കാം, ചര്‍ച്ചകള്‍ നടത്താം. ഇതില്‍ അപകര്‍ഷതാബോധം തോന്നേണ്ടകാര്യമില്ല. അപകര്‍ഷതയല്ല ഉത്ക്കര്‍ഷതയാണ് നമ്മെ നയിക്കേണ്ടത്.

9. ഹ്യൂമനിസ്റ്റ് ആവുക

കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഉറവകള്‍ അതിവേഗം വറ്റിക്കൊണ്ടിക്കുന്ന കാഴ്ചകളാണ് ചുറ്റുപാടും കാണുന്നത്. മാനുഷികമൂല്യങ്ങളെ തിരിച്ചുപിടിക്കാനും നിലനിര്‍ത്താനുമുളള ശ്രമം നാമോരുരുത്തരും നടത്തേണ്ടതുണ്ട്. നമ്മള്‍മൂലം ഒരാളുടെ കണ്ണീരിന് അല്പം ശമനമുണ്ടാകുമെങ്കില്‍, ഒരാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ കഴിയുമെങ്കില്‍ അതിനുള്ള അവസരം പാഴാക്കരുത്. നമ്മുടെ വാക്കുകളിലും പ്രവര്‍ത്തികളിലും സ്‌നേഹത്തിന്റെ സാന്നിദ്ധ്യമുണ്ടാകാന്‍ ശ്രദ്ധിക്കുക. ഓര്‍ക്കുക, സമയോചിതമായ നമ്മുടെ ഇടപെടലിലൂടെ ചിലപ്പോള്‍ ഒരു ജീവിതംതന്നെ രക്ഷപ്പെട്ടേക്കാം. വിശ്വമാനവികതയുടെ സന്ദേശം കഴിയുന്ന രീതിയില്‍ നമ്മിലും നിറയട്ടെ.

10. പുതിയ ജീവിതം പുതിയ ലോകം

സ്വയം നവീകരിക്കുന്നതിലൂടെയാണ് വ്യക്തിജീവിതം അഭിവൃദ്ധി പ്രാപിക്കുന്നത്. വ്യക്തിജീവിതം മൂല്യാധിഷ്ഠിതമാകുമ്പോള്‍ അത് സമൂഹത്തിലും പ്രതിഫലിക്കും. മുന്‍വര്‍ഷത്തില്‍നിന്നും ഒരുപടികൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തില്‍ എന്തു പുരോഗതിയാണുള്ളത്? നാം നിരന്തരം പുഃനസൃഷ്ടിക്കപ്പെടുന്ന വര്‍ഷമായിരിക്കണം 2019. ജാഗ്രതയാര്‍ന്ന മസ്തിഷ്‌കവും ചലനാത്മകമായ മനസും 2019 നെ കൂടുതല്‍ ക്രിയാത്മകമാക്കും. വരുംവര്‍ഷം നമ്മുടെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമായിരിക്കണം. ജീവിതത്തില്‍ പ്രകാശവും ഇരുട്ടും നിറയ്ക്കുന്നത് നമ്മുടെ മനോഭാവം തന്നെയാണെന്നറിയുക. പ്രത്യാശഭരിതമായ മനോഭാവത്തോടെ 2019നെ നമുക്ക് പ്രകാശവര്‍ഷമാക്കി മാറ്റാം.