ചുവന്ന ചരിത്രത്തിന്‍റെ പുനര്‍വായന

Web Desk
Posted on April 08, 2018, 8:00 am

സാബു കോട്ടുക്കല്‍

ലയാള ഭാവുകത്വം നിശ്ശബ്ദം നെഞ്ചേറ്റിയ ഒരു പുസ്തകത്തിന്റെ കഥയാണ് പറയാന്‍ പോകുന്നത്. കെ.വി.മോഹന്‍ കുമാര്‍ എഴുതിയ ‘ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവലാണ് ആ പുസ്തകം. 2015 ഓഗസ്റ്റില്‍ ആദ്യപതിപ്പ് പുറത്തിറങ്ങി. ഇപ്പോള്‍ ആറാം പതിപ്പിലെത്തിനില്‍ക്കുന്നു. പുസ്തകവിപണിയില്‍ വലിയ ആഘോഷങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഒരു നോവല്‍ വ്യാപകമായി വായിക്കപ്പെടുന്നതിന്റെ രഹസ്യമെന്ത്?

ചരിത്രം പശ്ചാത്തലമായി വരുന്ന രാഷ്ട്രീയ നോവല്‍ എന്ന് ‘ഉഷ്ണരാശി‘യെ വിശേഷിപ്പിക്കാം. കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ ജ്വലിക്കുന്ന സമരചരിത്രമാണ് നോവലിലുള്ളത്. കേരളം എങ്ങനെയാണ് ഇന്നത്തെ കേരളമായതെന്ന് ഈ പുസ്തകം പറഞ്ഞുതരുന്നു. ലോകം കണ്ട ഏറ്റവും മാനവികമായ പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അത് കേരളമണ്ണിനെ പാകപ്പെടുത്തിയതിന്റെ തുടിക്കുന്ന ചരിത്രം ഈ നോവലിലുണ്ട്

1930 മുതലുള്ള കേരളത്തിന്റെ ചരിത്രം നോവല്‍ വിശകലനം ചെയ്യുന്നുണ്ട്. പുന്നപ്ര വയലാര്‍ സമരത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് മലയാളിയുടെ രാഷ്ട്രീയപ്രബുദ്ധതയുടെ ചരിത്രം ആഖ്യാനം ചെയ്യപ്പെടുന്നു. ജന്മി നാടുവാഴി ഭരണത്തെയും അധിനിവേശശക്തികളുടെ കിരാത നയങ്ങളെയും നിര്‍ഭയം നേരിട്ട സമരസഖാക്കളുടെ സഹനത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും സ്മരണകള്‍ ഈ നോവലില്‍ നിറയുന്നു. ‘ഉഷ്ണരാശി‘യുടെ വായനയെ പ്രസക്തമാക്കുന്ന ഒരു പ്രധാന ഘടകം ഇതാണ്.

കേരളത്തില്‍ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം പറിച്ചുനടപ്പെട്ട അനുഭവമായിരുന്നില്ല; പൊട്ടിമുളച്ച യാഥാര്‍ത്ഥ്യമായിരുന്നു. ഒരു ജനതയുടെ നൂറ്റണ്ടുകളായുള്ള കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു അത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കേരളജനത ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. കേരളത്തിന്റെ തലവര മാറ്റിയെഴുതപ്പെട്ടു. നിന്ദയും ചൂഷണവും പീഡനവും ഏറ്റുവാങ്ങി ദുരിതത്തിന്റെ നരകത്തിലേക്ക് നിസ്സഹായരായി നീങ്ങിക്കൊണ്ടിരുന്ന ജനത ആത്മവിശ്വാസം നേടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി പത്തുവര്‍ഷം തികയുമ്പോള്‍ കേരളത്തില്‍ ബാലറ്റിലൂടെ കമ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വന്നു എന്നത് യാദൃശ്ചിക സംഭവമല്ല. ഈ മണ്ണും ജനതയും മോഹിച്ചത് ബാലറ്റിലൂടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ചരിത്രത്തില്‍ അനിവാര്യമായിത്തീര്‍ന്ന ആ ദശാസന്ധിയുടെ ഓര്‍മ്മകളെ പുതിയ കാലത്തിനു മുന്നില്‍ വയ്ക്കാനും പുതിയ തുടക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനുമാണ് ഈ നോവല്‍ ശ്രമിക്കുന്നത്. പ്രബുദ്ധ മലയാളിയുടെ ഹൃദയപക്ഷം ചുവന്നുതന്നെ ഇരിക്കുന്നു എന്നാണ് ഈ നോവലിനു കിട്ടുന്ന സ്വീകാര്യത ഓര്‍മ്മിപ്പിക്കുന്നത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തിന്റെ തോത് മനസ്സിലാകും. അതിനു നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും നേതാക്കളെയും ഓര്‍മ്മിക്കുവാനും നോവല്‍ സഹായിക്കുന്നു. മൂന്നുതരം കഥാപാത്രങ്ങള്‍ ഈ നോവലില്‍ കടന്നുവരുന്നുണ്ട്. ചരിത്രത്തിന്റെ ഭാഗമായിരുന്നവരാണ് ഒരുവിഭാഗം. പി.കൃഷ്ണപിള്ള ‚എ.കെ.ജി., എം.എന്‍.ഗോവിന്ദന്‍ നായര്‍, ഇ.എം.എസ്., കെ.വി.പത്രോസ്., സി.കെ.കുമാരപ്പണിക്കര്‍, ടി.വി.തോമസ്, കെ.സി.ജോര്‍ജ്ജ് എന്നിവര്‍ നോവലില്‍ കഥാപാത്രമായി വരുന്നു. ഈ ചരിത്രപുരുഷന്മാരോടൊപ്പം ജീവിച്ചിരിക്കാന്‍ സാദ്ധ്യതയുള്ള സാങ്കല്പിക കഥാപാത്രങ്ങളാണ് രണ്ടാമത്തെ വിഭാഗം.കോമന്‍ കൊച്ചുകുഞ്ഞാശാന്‍, കുമാരന്‍ വൈദ്യര്‍, മാര, കൈത്തറ പാപ്പി എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. കെ.സി.ജോര്‍ജ്ജിന്റെ പുസ്തകത്തില്‍ ഒറ്റവാചകത്തില്‍ പരാമര്‍ശിച്ച്‌പോകുന്ന കൈത്തറ പാപ്പിയെ നോവലിലെ നായികാസ്ഥാനത്തേക്ക് വളര്‍ത്തിയെടുക്കാന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. നോവലിലെ കഥയെ നയിക്കുന്ന ഈ തലമുറയുടെ പ്രതിനിധികളായ നിരഞ്ജന്‍ ‚അപരാജിത, സത്യദാസ്, നിശ എന്നിവരാണ് മൂന്നാമത്തെ വിഭാഗത്തില്‍ പെടുന്ന കഥാപാത്രങ്ങള്‍.

തൊഴിലാളിവര്‍ഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്പും അതിന്റെ പിന്നിലെ ബലിദാനവും ആലേഖനം ചെയ്യുന്ന ഈ നോവല്‍ കേരള നവോത്ഥാനത്തിന്റെ ആര്‍ക്കൈവാണ് . ചരിത്രത്തിന്റെ നാള്‍വഴികള്‍ പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്തുക, അതുവഴി പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ബാദ്ധ്യത ഓര്‍മ്മിപ്പിക്കുക അതാണ് ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന ആശയം.27 കോടി ജനത ദാരിദ്ര്യത്തിനു താഴെ ജീവിക്കുന്ന രാജ്യമാണ് ഇന്നത്തെ ഭാരതം. രാജ്യത്തിലെ സമ്പത്തിന്റെ സിംഹഭാഗവും ചെന്നുചേര്‍ന്നിരിക്കുന്നത് 100 കുടുംബങ്ങളുടെ കയ്യിലാണ്. ഈ സവിശേഷ സാഹചര്യത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിര്‍വഹിക്കാന്‍ നിരവധി ദൗത്യങ്ങളുണ്ട്.പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും അവകാശപ്പെട്ട ഭൂമിയും വെള്ളവും മറ്റു വിഭവങ്ങളും ഒരു ന്യൂനപക്ഷത്തിന്റെ കൈളിലേക്ക് കേന്ദ്രീകരിക്കുന്നതിലെ രാഷ്ട്രീയത്തിനെതിരെ ഒരു ജനകീയ മുന്നേറ്റം ആവശ്യമാണ് എന്ന സൂചന നോവല്‍ നല്‍കുന്നു. പ്രശ്‌നാധിഷ്ഠിതമായ ഒരു രീതിശാസ്ത്രമാവും ഭാവിയില്‍ ഉരുത്തിരിഞ്ഞു വരാനിരിക്കുന്നത്.അതിന്റെ തയ്യാറെടുപ്പില്‍ ചരിത്രം വഴികാട്ടിയാവും എന്ന പ്രതീക്ഷയും നോവല്‍ പങ്കിടുന്നു. ചരിത്രത്തെ മുന്‍ നിര്‍ത്തി എഴുത്തുകാരന്‍ ഉന്നയിക്കുന്ന ഇത്തരം വിഷയങ്ങളാവാം ‘ഉഷ്ണരാശി’ യെ ഹൃദയപക്ഷത്തേക്ക് ചേര്‍ക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നത്.

കേരളത്തില്‍ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം പറിച്ചുനടപ്പെട്ട അനുഭവമായിരുന്നില്ല; പൊട്ടിമുളച്ച യാഥാര്‍ത്ഥ്യമായിരുന്നു. ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു അത്.

‘പട്ടാളം മൂന്ന് നിരകളിലായി കിഴക്കേ വേലിക്കല്‍ നിരന്നു. മുന്‍ നിരക്കാര്‍ തോക്കുമായി മണ്ണില്‍ കമഴ്ന്നുകിടന്നു.രണ്ടാം നിര മുട്ടുകുത്തിനിന്നു. മൂന്നാം നിര ബയണറ്റ് ഉറപ്പിച്ച തോക്കുംചൂണ്ടി ഉന്നം പിടിച്ചു നിന്നു. ആകാശം മൂടിക്കെട്ടിയ കാര്‍മേഘക്കൂട്ടം ക്യാമ്പിനു മീതെ വിറങ്ങലിച്ചു നിന്നു.യന്ത്രത്തോക്കുകളലറി.തീയുണ്ടകള്‍ പാറി. നീട്ടിപ്പിടിച്ച വാരിക്കുന്തവുമായി സഖാക്കള്‍ മുന്നോട്ടിഴഞ്ഞു. തീതുപ്പുന്ന തോക്കുകളുടെ നേര്‍ക്ക്…’ (അദ്ധ്യായം 1)
‘മുറിക്കകത്തേക്കിഴഞ്ഞു വീണ അരണ്ട വെട്ടത്തിലവള്‍ കണ്ണു തുറന്നു.ചുമരില്‍ തെളിഞ്ഞ നിഴല്‍ക്കോലങ്ങള്‍ തലയ്ക്കു ചുറ്റും വേല പടയണി തുള്ളുന്നു. മേലാകെ വരിഞ്ഞു മുറുകുന്ന വരിയന്‍ മുള്ളിന്റെ നീറ്റല്. തലയ്ക്കകത്ത് ഭൂമി പമ്പരം കറങ്ങുന്നു. കാതു രണ്ടിലും കാടന്‍ കരിവണ്ടിന്റെ മുരള്‍ച്ച. കൈത്തറ പാപ്പി കണ്ണു തിരുമ്മി.” അദ്ധ്യായം 22)
‘ചെ ഒരു ചെമ്പന്‍ കുതിരപ്പുറത്തു പാഞ്ഞുവന്ന് അവളുടെ കാതുകളില്‍ പറഞ്ഞു: സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് മരണംവരെ അതിരുകളൊന്നുമില്ല. ലോകത്തിന്റെ ഏതു കോണിലാണത് സംഭവിക്കുന്നതെങ്കിലും ശരി , നമുക്കതിനോട് നിസ്സംഗത പുലര്‍ത്താനാവില്ല. കാരണം, സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ക്കുമേല്‍ കൈവരിക്കുന്ന ഏതു വിജയവും നമ്മുടെ വിജയമാണ്. ഏതു പരാജയവും നമ്മുടെ പരാജയവും” (അദ്ധ്യായം 41)