ഷിജിയുടെ ഓര്‍മയില്‍ തോമയും കറിയയും എത്തിയപ്പോള്‍

Web Desk
Posted on April 22, 2018, 9:33 am

വിജു നീരാവില്‍

കാലത്തില്‍ പൊലിഞ്ഞ നാടകപ്രതിഭയ്ക്ക് സാര്‍ത്ഥകമായൊരു സ്മാരകം പണിത് ഉറ്റചങ്ങാതിമാര്‍. ആ സ്മാരകത്തിന് ഭിത്തികളില്ല. തൂണുകളില്ല. മജ്ജയും മാംസവും കൊണ്ടൊരു സ്മാരകം. അഭിനയവും സംഗീതവും ശബ്ദവും വെളിച്ചവും കൊണ്ടൊരു തികവുറ്റ നാടകശില്‍പ്പം. നാടകത്തെയും സിനിമയെയും സൗഹൃദങ്ങളെയും നിസ്വാര്‍ഥമായി സ്നേഹിച്ചിരുന്ന ഷിജിനാഥിന് നടന്മാരായ അമല്‍ രാജ്ദേവും ജോസ് പി. റാഫേലും ചേര്‍ന്ന് സമര്‍പ്പിച്ച ശ്രദ്ധാഞ്ജലി. അതാണ് ശ്യാം രചിച്ച ‘തോമ കറിയ കറിയ തോമ’ എന്ന നാടകം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ അപ്പന്‍ മരണം കാത്തുകിടക്കുന്ന മകനെ പരലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്ന വരവിലെ വിശേഷങ്ങളാണ് നാടകത്തിന്‍റെ ഉള്ളടക്കം. നിസാരമായ ജീവിതത്തെ തേടി നിഗൂഢമായ മരണം എത്തുന്നു. അപ്പോഴാണ് ജീവിച്ചിരുന്നപ്പോള്‍ സ്നേഹിക്കാന്‍ മറന്നുപോയ കാര്യം ഓര്‍ക്കുന്നത്. കലഹിച്ചും കരയിച്ചും ജീവിതം അതിവേഗം കടന്നുപോയി. എന്തുകൊണ്ട് മനുഷ്യന്‍ അന്യോന്യം സ്നേഹിക്കാന്‍ സമയം കണ്ടെത്തുന്നില്ല? നാടകം ചോദിക്കുന്നു. മരിച്ച് കിടക്കുമ്പോള്‍ റീത്ത് വെച്ചു കരയുന്ന സമൂഹം. ജീവിച്ചിരുന്നപ്പോള്‍ മനുഷ്യനെ ആരും തിരിഞ്ഞുനോക്കുന്നില്ല. എത്ര അര്‍ഥരഹിതമാണ് ജീവിതം.


വട്ടിപ്പലിശക്കാരനായ തോമ. നീതിമാനായ കറിയ. ഇവരാണ് പ്രധാന കഥാപാത്രങ്ങള്‍. ജീവിതവും മരണവും പ്രണയവും രതിയും വാത്സല്യവും സ്വപ്‌നങ്ങളും എന്നുവേണ്ട ജീവിതത്തിലെ സമസ്ത വിഷയങ്ങളും ഇവര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സ്വന്തം മരണത്തിനു ശേഷം അതിനെ നിര്‍വികാരതയോടും ധൈര്യപൂര്‍വവും നോക്കിക്കാണുന്ന തോമ എന്ന കഥാപാത്രത്തിലൂടെ മനുഷ്യന്റെ മുഖംമൂടികളാകെ വലിച്ചുകീറുകയാണ് നാടകം. ജീവിതത്തിന്‍റെ നിരര്‍ത്ഥകതയും മരണമെന്ന അനിവാര്യതയും അതിനിടയില്‍ മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന അര്‍ത്ഥശൂന്യമായ ചെയ്തികളെയും തൊട്ടും തലോടിയും അത് കടന്നുപോകുന്നു. ഈ യാത്രയ്ക്കിടയില്‍ മതം, ദൈവം, രാഷ്ട്രീയം, സമ്പത്ത്, സിദ്ധാന്തങ്ങള്‍ എല്ലാം കടന്നുവരുന്നു. ആദ്യ പ്രണയം, പാപമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന രതി, ജീവിതം ഭരിക്കുന്ന കുറ്റബോധങ്ങള്‍, അപകര്‍ഷതാബോധം, അനവസരത്തില്‍ മനസ്സിനെ കീഴടക്കുന്ന മറവി…

മതത്തിന്‍റെ പേരില്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന ഭോഷ്‌കുകള്‍, മനുഷ്യനെ മണ്ടനാക്കുന്ന പുതിയകാല സാമൂഹിക വ്യവസ്ഥിതികള്‍, ദൈവത്തിന് കൈക്കൂലി കൊടുക്കുന്ന ഭക്തി, ആരാണ് ദൈവം, എന്താണ് ദൈവം എന്നുപോലും സ്വയം ചോദിക്കേണ്ടിവരുന്ന സാധാരണ മനുഷ്യന്‍, ഒടുവില്‍ ഒരു ഇന്‍ക്വിലാബ് കൊണ്ടും പ്രതിരോധിക്കാനാവാത്ത, അനിവാര്യമായ മരണം. ഏത് പ്രായത്തിലായാലും മനുഷ്യന്‍റെ ഉള്ളില്‍ ഒരു മധുരമെന്നോണം നിറഞ്ഞുനില്‍ക്കുന്ന പ്രണയം.

പഴയ ചാരായ നിരോധനം മുതല്‍ പുതിയ ആധാര്‍കാര്‍ഡ് വരെ കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്കിടയിലെ എല്ലാ പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളെയും തൊട്ടുപോകുമ്പോള്‍ നാടകം ചില ഘട്ടങ്ങളിലെങ്കിലും ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം ആയി മാറുന്നു. നാം ജീവിച്ചിരിക്കുന്ന കാലത്തിന്റെ പരിച്ഛേദമാണ് ‘തോമ കറിയ കറിയ തോമ’. നിയമവ്യവസ്ഥകള്‍ പ്രഖ്യാപിക്കുന്ന ഒരു ബോര്‍ഡ് കുത്തിനാട്ടിയാല്‍ നമുക്ക് എന്ത് തോന്ന്യാസവും കാണിക്കാം എന്ന് നാടകത്തിലൊരിടത്ത് പറയുന്നുണ്ട്. സ്വര്‍ഗത്തെയും നരകത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ പരികല്പനകളെയും നാടകം ചോദ്യം ചെയ്യുന്നു. ചത്ത് ചാരമായി തെങ്ങിന് വളമായി കഴിഞ്ഞാല്‍ പിന്നെന്ത് സ്വര്‍ഗവും നരകവും? മരിച്ചാല്‍ മാത്രം കിട്ടുന്ന ചില തിരിച്ചറിവുകളാണ് മരിക്കാറായ മകനോട് തോമ പറയുന്നത്. ഹ്രസ്വമായ ജീവിതം ഇല്ലാത്ത ദു:ഖങ്ങള്‍ക്കും വാശികള്‍ക്കും വ്യാമോഹങ്ങള്‍ക്കും തീറെഴുതിക്കൊടുക്കാതെ സ്നേഹിച്ചും സന്തോഷിച്ചും ജീവിക്കാന്‍ പറയുന്നു തോമ. സ്നേഹിച്ചാല്‍ മാത്രം പോര, സ്നേഹം പ്രകടിപ്പിക്കുകയും വേണമെന്നും.

തോമയും കറിയയുമായി രംഗത്തുവരുന്ന അമലും ജോസും അവിസ്മരണീയമായ പ്രകടനമാണ് നടത്തുന്നത്. ലളിതമായ രംഗസജ്ജീകരണങ്ങളുടെയും ചമയത്തിന്‍റെയും സഹായത്തോടെ ഒന്നേകാല്‍ മണിക്കൂര്‍ കാണികളെ പിടിച്ചിരുത്തുക എന്ന വെല്ലുവിളിയെ അസാമാന്യമായ അഭിനയക്കരുത്തോടെയാണ് ഇരുവരും നേരിട്ടത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. ശ്യാമിന്റെ രചനാവൈഭവവും അവര്‍ക്ക് കരുത്തായി. ചന്ദ്രന്‍ വേയാട്ടുമ്മലിന്‍റെ മാസ്മരിക സംഗീതം അവര്‍ക്ക് ഊര്‍ജം പകര്‍ന്നു. സുജാതന്‍ മാഷാണ് സെറ്റ് ഒരുക്കിയിരിക്കുന്നത്. സ്മിത അമ്പുവാണ് വസ്ത്രാലങ്കാരം. പ്രോപ്പര്‍ട്ടീസ് ഒരുക്കിയിരിക്കുന്നത് പ്രേംജിത്ത് സുരേഷ്ബാബു. സാങ്കേതിക സഹായം നല്‍കിയിരിക്കുന്നത് ഹൈലേഷ്, അനൂപ്, ഗാഥ എന്നിവരാണ്.