മക്കള്‍ ശെല്‍വന്‍

Web Desk
Posted on December 23, 2018, 9:00 am

പ്രദീപ് ചന്ദ്രന്‍

തമിഴ് ചലച്ചിത്രലോകത്ത് പുത്തന്‍താരോദയം. മുടിചൂടാമന്നന്‍മാരായിരുന്ന എംജിആര്‍, ശിവാജിഗണേശന്‍, കമലഹാസന്‍, രജനീകാന്ത്.… ഈ നിരയിലേയ്ക്ക് ചുവടുറപ്പിക്കുകയാണ് വിജയ് സേതുപതിയും.

വെല്ലൂരിലും രാജപാളയത്തും ബാല്യകാലം കഴിച്ചുകൂട്ടിയ കൊച്ചുവിജയ് ആറാമത്തെ വയസിലാണ് ചെന്നൈയിലെത്തിച്ചേര്‍ന്നത്. കോടമ്പാക്കത്തെ എംജിആര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രീ-ഡിഗ്രി പഠനം. സ്‌പോര്‍ട്‌സിലോ കലാമത്സരങ്ങളിലോ ഒന്നും പങ്കെടുക്കാത്ത വിജയ് പഠനത്തിലും പിന്നോക്കമായിരുന്നു. പോക്കറ്റ്മണിക്കായി ടെലിഫോണ്‍ ബൂത്ത് ഓപ്പറേറ്ററായും ഫാസ്റ്റ്ഫുഡ് കടയില്‍ കാഷ്യറായും മറ്റും ജോലി ചെയ്തു. കൊമേഴ്‌സില്‍ ബിരുദം നേടിയശേഷം അക്കൗണ്ടന്റായി ദുബായിലേയ്ക്ക്. അവിടെ വച്ചാണ് കൊല്ലംകാരിയായ ജെസി വിജയ്‌യുടെ ഹൃദയം കവര്‍ന്നത്. 2003ല്‍ വിവാഹം. തിരികെ ചെന്നൈയിലെത്തി ഇന്റീരിയര്‍ ഡെക്കറേഷന്‍ ബിസിനസില്‍ ഏര്‍പ്പെട്ടു.

സംവിധായകന്‍ ബാലുമഹേന്ദ്രയെ കണ്ടുമുട്ടിയത് ജീവിതത്തിലെ വഴിത്തിരിവായി. ചെന്നൈയിലെ തിയേറ്റര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് നാടകങ്ങളില്‍ സജീവമായി. 2006ല്‍ ‘പുതുപ്പേട്ട’യില്‍ ധനുഷിനൊപ്പം ആദ്യചിത്രം. പിന്നീടും ചെറിയ റോളുകളില്‍ വന്നും പോയുമിരുന്നു. 2011ല്‍ രാമസ്വാമിയുടെ ‘തെന്മര്‍ക്ക് പരുവക്കാറ്ററ്റ്ട്രു‘വില്‍ ആട്ടിടയന്റെ റോളില്‍ ശ്രദ്ധ പിടിച്ചുപറ്റി. മികച്ച തമിഴ്ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ അവാര്‍ഡുകള്‍ അത് കരസ്ഥമാക്കി.
ശശികുമാര്‍ നായകനായ ‘സുന്ദരപാണ്ഡ്യനി‘ല്‍ വില്ലന്‍ വേഷമായിരുന്നു. നവാഗത സംവിധായകരായ കാര്‍ത്തിക് സുബ്ബരാജിന്റെ ‘പിസ’, ബാലാജി തരണീധരന്റെ ‘നടുവുല കൊഞ്ചം പക്കാത കാണം’ എന്നീ ചിത്രങ്ങളിലെ റോളുകള്‍ നിരൂപകശ്രദ്ധ പിടിച്ചുപറ്റി. 2012 ആയപ്പോഴേക്കും തമിഴിലെ മുന്‍നിര താരങ്ങളുടെ പട്ടികയിലേയ്ക്ക് വിജയ്‌സേതുപതി കസേര വലിച്ചിട്ടിരുന്നു. തമിഴ് പ്രേക്ഷകരുടെ ‘മക്കള്‍ ശെല്‍വനായി’ മാറി.

തമിഴിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളാണ് ഈ വര്‍ഷം വിജയ്‌യുടെ പേരില്‍ കുറിക്കപ്പെട്ടത്. മണിരത്‌നത്തിന്റെ ‘ചെക്ക ചിവന്ത വാന’ ത്തിന് പിന്നാലെ എത്തിയ സി പ്രേംകുമാറിന്റെ ’96′ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്നു. തൃഷ നായികയായെത്തിയ ‘96’ ബോക്‌സോഫീസ് റിക്കോര്‍ഡുകള്‍ തിരുത്തിയെഴുതി.
അടുത്തിടെ റിലീസാകുന്ന ‘സീതാകാത്തി’ നടന്റെ 25-ാമത്തെ ചിത്രമാണ്. കാര്‍ത്തിക് സുബ്ബരാജിന്റെ ‘പേട്ട’യില്‍ രജനിക്കൊപ്പവും ‘സേ രാ നരസിംഹ റെഡ്ഡി‘യില്‍ ചിരഞ്ജീവിക്കൊപ്പവുമാണ് വിജയ് സേതുപതി പ്രേക്ഷകരുടെ മനം കീഴടക്കാനെത്തുന്നത്.