16 April 2024, Tuesday

Related news

March 3, 2024
March 1, 2024
January 21, 2024
December 24, 2023
December 10, 2023
December 10, 2023
December 6, 2023
October 3, 2023
September 11, 2023
July 30, 2023

മഴയുടെ തന്ത്രികൾ മീട്ടി…

ഷര്‍മിള സി നായര്‍
സംഗീതം
May 14, 2023 3:00 am

വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടിച്ചേരലായിരുന്നു വേദി. പൊട്ടിച്ചിരികൾക്കും ബഹളങ്ങൾക്കുമിടയിൽ ഒരാളുടെ മൊബൈൽ റിംഗ് ചെയ്യുന്നു. എന്റെ പ്രിയ ഗാനങ്ങളിലൊന്നാണ് റിംഗ്ടോൺ.
“ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുന അരുടേതാവാം
ഒരു മഞ്ജു ഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകൾ ആരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം…”
അത് അവസാനിക്കാതിരുന്നതെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു ഞാൻ. കൂട്ടത്തിലൊരാൾ പെട്ടെന്ന് അസ്വസ്ഥയായി എണീറ്റു പോവുന്നു. പിന്നാലെ ഞാനും. “ആറ് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമായിരുന്നു അത്. ഞാൻ വിളിക്കാം എന്ന് പറഞ്ഞ അവസാന വാക്കുകൾ ചെവിയിൽ ഇപ്പോഴും ഉണ്ട്. യാത്ര പറഞ്ഞു പിരിയുമ്പോൾ എന്നിലേക്ക് നീണ്ട മിഴിമുനകൾ. പിന്നീട് ഞാൻ കാണുന്നത് അവന്റെ ചേതനയറ്റ ശരീരം. അടഞ്ഞ മിഴികൾ. ആ കവിളിൽ ഞാനൊന്ന് തൊട്ടു. ആ തണുപ്പ് ഇന്നും ഈ വിരലുകളിൽ ഞാനറിയുന്നുണ്ട്. ഇന്നും ആ വിളിക്കായി ഞാൻ കാത്തിരിക്കുന്നു. ഈ പാട്ട് അവന്റെ റിംഗ്ടോണായിരുന്നു. എന്റെയും അവന്റെയും പ്രിയഗാനം. എത്രയോ തവണ മനു എനിക്കായി ഇത് പാടിയിട്ടുണ്ട്. അവൻ പോയ ശേഷം ഞാനീ പാട്ട് കേട്ടിട്ടില്ല. ആ അവസാന നോട്ടം ഓർമ്മയിലെത്തും. പിന്നെ ഞാൻ…”

അവളതു പറഞ്ഞു നിർത്തുമ്പോൾ ഞാനോർത്തു ചില പാട്ടുകൾ മനുഷ്യ ജീവിതവുമായി എത്രമാത്രം ചേർന്നു കിടക്കുന്നു. പ്രിയപ്പെട്ട നിമിഷങ്ങൾ, നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങൾ ഒക്കെ ഓർമ്മപ്പെടുത്തുന്ന എത്രയെത്ര ഗാനങ്ങൾ. കമലിന്റെ സംവിധാനത്തിൽ 2001ൽ പുറത്തുവന്ന ‘മേഘമൽഹാർ’ എന്ന ചിത്രം. മലയാളിയുടെ സദാചാര സങ്കല്പങ്ങൾക്ക് ദഹിക്കാത്ത, വിവാഹിതരായ ഒരാണും പെണ്ണും തമ്മിലുള്ള അടുപ്പം അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഈ സിനിമയുടെ ആത്മാവ് ആദ്യന്തം നിറഞ്ഞു നിൽക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വശ്യതയാണ്. 

പശ്ചാത്തലത്തിൽരാജീവ്(ബിജുമേനോൻ )പാടുകയാണ്. പണ്ടെന്നോ നഷ്ടമായ, ഒരുപാട് നാൾ ഓർക്കാൻ സുഖമുള്ള ഒരു സ്വപ്നമായ് മനസ്സിൽ കൊണ്ടു നടന്ന കളിക്കൂട്ടുകാരിയുടെ ഓർമ്മകളുമായി. കന്യാകുമാരിയിൽ നിന്ന് മടങ്ങുമ്പോൾ ക്ഷേത്രത്തിനപ്പുറത്തെ കൽമണ്ഡപത്തിൽ കരഞ്ഞു കൊണ്ട് നിന്ന ആ തന്റെ പഴയ കളിക്കൂട്ടുകാരി മുന്നിലിരിക്കുന്ന നന്ദിത എന്ന എഴുത്തുകാരി (സംയുക്ത വർമ്മ)യാണെന്നറിയാതെ. എല്ലാമറിയുന്ന നന്ദിതയുടെ കണ്ണിൽ മിന്നിമറയുന്ന ഭാവങ്ങൾ. ഇത്തരം ഗൃഹാതുരത്വമുണർത്തുന്ന സുഖമുള്ള ഓർമ്മകൾ സൂക്ഷിക്കുന്നവരൊക്കെ ഹൃദയത്തോട് ചേർത്ത ഗാനം. നഷ്ടമായ കളിക്കൂട്ടുകാരെ ഓർത്തും ഇല്ലാത്ത കൂട്ടുകാരെ വെറുതേ സങ്കല്പിച്ചും ഒരു തലമുറ ചുണ്ടിൽ മൂളി നടന്ന വരികൾ. എൺപതുകളിലെ യുവത്വം ഇത്രയും ആഘോഷമാക്കി മാറ്റിയ മറ്റൊരു ഗാനമുണ്ടാവില്ല.
“മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം
മധുരമായാർദ്രമായ് പാടി
അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ
പ്രണയത്തിൻ സംഗീതം പോലെ
പുഴ പാടി തീരത്തെ
മുളപാടി പൂവള്ളി കുടിലിലെ
കുയിലുകൾ പാടി… ”
ഒഎൻവിയുടെ പ്രണയാർദ്രമായ വരികൾക്ക് രമേഷ് നാരായണൻ അപൂർവ സുന്ദരമായ മേഘമൽഹാർ രാഗത്തിൽ ഈണം പകർന്നപ്പോൾ യേശുദാസിന്റെ ഭാവതരളിതമായ ശബ്ദം ആർദ്രമായ് പെയ്തിറങ്ങിയത് പ്രണയികളുടെ മനസിലേക്കാണ്. തുടക്കത്തിലെ ഹമ്മിംഗ് മുതൽ അവസാനം വരെ എത്ര ഭാവമധുരം! കവികൾക്കും പ്രണയികൾക്കും ഒരുപാട് ഇഷ്ടമുള്ള രാഗമാണ് മേഘമൽഹാർ. മഴയുടെ രാഗം. പെയ്യാതൊഴിഞ്ഞു പോവുന്ന കാർമേഘങ്ങളെ പാടി വിളിച്ച് മഴ പെയ്യിക്കുന്ന രാഗം. മൽഹാറുമായി ബന്ധപ്പെട്ട പല കഥകളുണ്ട്. ഒന്നിങ്ങനെ…

ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായിരുന്നു താൻസെൻ. താൻസെൻ മൽഹാർ രാഗം പാടി മഴ പെയ്യിച്ചിട്ടുണ്ടെന്ന ഖ്യാതി മുഗൾചക്രവർത്തിയായ അക്ബറുടെ ചെവിയിലുമെത്തി. അക്ബർ താൻസെനെ തന്റെ ആസ്ഥാനസംഗീതജ്ഞരിൽ ഒരാളാക്കി. അപ്പോൾ അക്ബറുടെ സദസിൽ പ്രസിദ്ധരായ 35 സംഗീതജ്ഞർ ഉണ്ടായിരുന്നു. താൻസെന് ചക്രവർത്തി നൽകിയിരുന്ന പരിഗണനയിൽ അസൂയാലുക്കളായ ഇവർ അദ്ദേഹത്തെ അവമതിക്കാൻ പദ്ധതിയിട്ടു. ദീപക് രാഗം പാടി വിളക്കുകൾ ജ്വലിപ്പിക്കാൻ താൻസെന് കഴിയുമെന്ന് അവർ ചക്രവർത്തിയോട് പറഞ്ഞു. സംഗീതപ്രേമിയായ അക്ബർ താൻസെനോട് ആ രാഗം കേൾക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. 

ആ രാഗം പാടിയാൽ അതുണ്ടാക്കുന്ന അഗ്നിയിൽ താൻ എരിഞ്ഞുതീരുമെന്ന് ഭയന്നെങ്കിലും ചക്രവർത്തിയുടെ ആഗ്രഹം നിറവേറ്റാൻ താൻസെൻ തയ്യാറായി. അദ്ദേഹം മകളെ മൽഹാർ രാഗം പഠിപ്പിച്ചു. ദീപക് രാഗം പാടുമ്പോൾ ഉണ്ടാകുന്ന ചൂട് കെടുത്താൻ മകൾക്ക് മൽഹാർ രാഗത്തിലൂടെ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. താൻസെൻ ദീപക് രാഗം പാടി തുടങ്ങിയപ്പോൾ ദർബാറിൽ സജ്ജീകരിച്ച ആയിരക്കണക്കിന് വിളക്കുകൾ ഒന്നൊന്നായി കത്തി. ചൂട് താങ്ങാൻപറ്റാതെ താൻസെൻ പുറത്തേക്കോടി. അപ്പോൾ മകൾ മൽഹാർ പാടാൻ തുടങ്ങിയിരുന്നു. തൻസെന്റെ പ്രതീക്ഷ തെറ്റിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ മഴ പെയ്തതോടെ താൻസെൻ രക്ഷപ്പെട്ടു എന്നാണ് കഥ. 

നന്ദിതയുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചും അല്ലാതെയും എത്രയോ തവണ ഈ ഗാനം കേട്ടിരിക്കുന്നു. വരികളുടെ മാന്ത്രികതയാണോ ഹൃദയത്തിൽ മഴനൂലുകൾ പെയ്തിറങ്ങുന്ന മൽഹാർ രാഗത്തിന്റെ മാസ്മരികതയാണോ, ഗാനഗന്ധർവന്റെ ഭാവതരളിതമായ ആലാപനമാണോന്നറിയില്ല കൺകോണിലൊരു നനവോടെ, ഒരു നറു ചിരിയോടെയല്ലാതെ കേൾക്കാനായിട്ടില്ല. ഓർമകളിലെവിടെയോ നഷ്ടമായ ഒരു പ്രിയ സാന്നിധ്യം അനുഭവവേദ്യമാക്കുന്ന അപൂർവ സുന്ദര അനുഭവം!
പുറത്ത് വേനൽമഴ കനക്കുന്നു. കണ്ണടച്ചിരുന്ന് മഴയുടെ താളത്തിനൊപ്പം ഈ പാട്ട് കേൾക്കുന്നത് വല്ലാത്തൊരനുഭൂതിയാണ്. ചരണത്തിലെത്തുമ്പോൾ അറിയാതെ മിഴികളിൽ ഒരു നനവ് പടരുന്നു.
“പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി
‘പറയാതെ നീ പോയതറിയാതെ കേഴുന്നൂ ശരപഞ്ജരത്തിലെ പക്ഷി…”
മനുവും, മനുവിന്റെ വിളിക്കായി ഇന്നും കാത്തിരിക്കുന്ന പ്രണയിനിയും ഒരു മാത്ര മനസിൽ മിന്നിമറയുന്നു. പ്രിയപ്പെട്ട അല്ലെങ്കിൽ നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളുടെ വൈകാരികത തന്നെയല്ലേ ഒരു ഗാനം വീണ്ടും വീണ്ടും കേൾക്കാനും കേൾക്കാതിരിക്കാനും പ്രേരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.