ഈ രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത് ?

Web Desk
Posted on June 16, 2019, 7:58 am

പ്രമോദ് പയ്യന്നൂര്‍

ഇതിഹാസ,ചരിത്ര,പുരാവൃത്തങ്ങളിലൂടെ ആധുനിക മനുഷ്യ സമൂഹത്തിന്റെ സങ്കീര്‍ണതകളെ വേരാഴങ്ങളോടെ അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയുടെ വിഖ്യാത നാടക കൃതിയിലെ പ്രഥമ സംഭാഷണമാണ് ശീര്‍ഷകം.
രചന : ഗിരീഷ് കര്‍ണാട്
നാടകം : തുഗ്ലക്
സംവിധാനം : ഇബ്രാഹിം അല്‍ക്കാസി
വര്‍ഷം : 1984
സ്വതന്ത്ര ഇന്ത്യയിലെ പൗരാവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭരണകൂടം കൂച്ചുവിലങ്ങിട്ട അടിയന്തിരാവസ്ഥകാലത്ത്, ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും പ്രക്ഷുബ്ദമായ മനസ്സിന്റെ വിങ്ങലായിരുന്നു ഈ സംഭാഷണം. അന്ന് എത്രത്തോളം അത് അന്വര്‍ത്ഥമായിരുന്നുവോ അത്രയേറെ തീഷ്ണമായി വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്നും ഈ ചോദ്യം നിലനില്‍ക്കുന്നു. ക്രാന്തദര്‍ശിയായ കലാകാരന്‍ കാലത്തിനപ്പുറത്തേക്കു തൊടുത്തു വിടുന്ന വെളിപ്പാടുകളാണ് ഏതൊരു സര്‍ഗ സൃഷ്ടിയേയും ക്ലാസ്സിക് മാനങ്ങളിലേക്ക് ഉയര്‍ത്തുന്നത്. ആ അര്‍ത്ഥത്തില്‍ തുഗ്ലക്ക് എന്ന നാടകം രംഗവേദിയിലെ ക്ലാസ്സിക്കായി നിലകൊള്ളുന്നു.
സി രാജഗോപാലാചാരിയുടെ മഹാഭാരത പുനഃരാഖ്യാന വായനയുടെ പ്രചോദനത്തില്‍ നിന്നും എഴുതിയ ‘യയാതി’, ജര്‍മ്മന്‍ നോവലിസ്റ്റ് തോമസ്മാന്‍ രചിച്ച ‘മാറ്റിവച്ച തലക’ളെ അവലംബിച്ചെഴുതിയ ”ഹയവദന’, സര്‍പ്പപുരാവൃത്തത്തിന്റെ സൗന്ദര്യ ശാസ്ത്രം മര്‍ത്ത്യ രതി കല്‍പ്പനകളിലേക്കു സന്നിവേശിപ്പിച്ച ”നാഗമണ്ഡല’, ‘അഗ്‌നിയും ജലവും’, ‘ടിപ്പു സുല്‍ത്താന്റെ കനവുകള്‍’ എന്നീ ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധ ആകര്‍ഷിച്ച പതിനാലു നാടകങ്ങള്‍ ഇന്ത്യന്‍ നാടക വേദിക്ക് കരുതിവയ്പ്പുകളായി സമര്‍പ്പിച്ചാണ് ഗിരീഷ് കര്‍ണാട് എന്ന ബഹുമുഖ പ്രതിഭ വിടവാങ്ങിയത്. മുന്‍ സൂചനയിലെ രചനകളില്‍ നിന്നും വേറിട്ട നാടക രചിതപാഠത്തിന്റെ രാഷ്ട്രീയ വായന സാധ്യമാക്കുന്ന കൃതിയാണ് തുഗ്ലക്ക്. 1964 ല്‍ ഗിരീഷ് കര്‍ണാടിന്റെ 26 ാം വയസില്‍ രചിച്ച ‘തുഗ്ലക്ക്’ ഭരണ ദന്തഗോപുരങ്ങളിലെ രഹസ്യങ്ങളെ സവിശേഷ ശൈലിയില്‍ അനാവരണം ചെയ്യുന്നു. ‘കല നിഗൂഡ സത്യങ്ങളെ വെളിവാക്കുമെന്നും, സര്‍ഗാത്മകത അനശ്വരതയുടെ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും’ പറഞ്ഞ കാറല്‍മാസ്‌ക്‌സിന്റെ വാക്കുകള്‍ തുഗ്ലക്കിന്റെ വര്‍ത്തമാനകാല പ്രശസ്തിയോടു ചേര്‍ത്ത് വച്ച് വായിക്കാവുന്നതാണ് .
ഉപരിവര്‍ഗത്തിന്റെ വിഴുപ്പലക്കി ഉപജീവനം നടത്തുന്ന അസം, ആസീം എന്നീ രണ്ടു അലക്കു തൊഴിലാളികള്‍ രാഷ്ട്രീയ പകിടകളികളിലൂടെ അധികാരത്തിന്റെ ദന്തഗോപുരങ്ങളിലേക്കു എത്തുന്നതിലൂടെയാണ് തുഗ്ലക്കിലെ പ്രമേയം വികസിക്കുന്നത്. 14 ാം നൂറ്റാണ്ടില്‍ ഇന്ദ്ര പ്രസ്ഥത്തിലെ ചക്രവര്‍ത്തിയായി വാണ മുഹമ്മദബിന്‍ തുഗ്ലക്കിലൂടെ നെഹ്രൂവിയന്‍ ഭരണകാലത്തെ ആന്തരിക വൈജാന്ത്യങ്ങളിലേക്ക് ഗിരീഷ് കര്‍ണാടിന്റെ നാടകം വെളിച്ചം വീശുന്നു. ചരിത്രം വിഡ്ഢി എന്ന് മുദ്രകുത്തിയ ഭരണാധികാരിക്കുമപ്പുറത്തെ തുഗ്ലക്കിനെ ആണ് കര്‍ണാട് നാടകത്തിലൂടെ വരച്ചുകാട്ടുന്നത്. രാജ്യ ഭാവിയെ കുറിച്ച് ദാര്‍ശനികമായ പ്രത്യാശകള്‍ വച്ച് പുലര്‍ത്തിയ തുഗ്ലക്കിനെ സ്‌കെച്ച് ചെയ്യുന്നതിനൊപ്പം വാഴ്ത്തിപാടുന്നവരുടെ കപട ആരാധനയില്‍ വിശ്വസിച്ച് പരാജിതനാകുന്ന ഭരണാധികാരിയെ അത്യന്തം സൂഷ്മമായ നാടക രചനാ പാടവത്തോടെ ഗിരീഷ് കര്‍ണാട് തുഗ്ലക്കില്‍ സൃഷ്ടിച്ചിരിക്കുന്നു. നെഹ്രൂവിയന്‍ ശൈലിയെ കുറിച്ചുള്ള അലിഗറി അഥവാ അന്യാപദേശമായും ഈ നാടക കൃതിയെ വായിച്ചെടുക്കാവുന്നതാണ്.

girish-KARNAD
പ്രതികരണ ശേഷി പണയം വെക്കാതെ അനീതിക്കെതിരെ പൊരുതാനിറങ്ങുന്നവര്‍ നിഷേധികളാണെങ്കില്‍ നിഷേധത്തിന്റെ കാതലുള്ള കലാകാരനാണ് താനെന്ന് കര്‍ണാട് പറയാതെ പറഞ്ഞു. നാടകത്തെയും ചലച്ചിത്രത്തേയും രചിച്ചും അഭിനയിച്ചും ജനപക്ഷത്തു നിന്നുകൊണ്ട് സാമൂഹ്യപ്രവര്‍ത്തനം നടത്തിയ സര്‍ഗാത്മക കലാപത്തിന്റെ പ്രതിരൂപമായിരുന്നു ഗിരീഷ് കര്‍ണാട്.
കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ നിഷ്ഠൂരമായ കൊലപാതകങ്ങളെ ശക്തിയുക്തം എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ മത നിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും കാവലാളായിരുന്നു ഗിരീഷ് കര്‍ണാട്. നാടകപ്രമേയ സ്വീകരണത്തില്‍ ഇതിഹാസങ്ങളെ അവലംബിക്കുമ്പോഴും രചനയുടെ ധ്വനി പാഠങ്ങളില്‍ തെളിച്ചമുള്ള സമഭാവനയുടെ പ്രത്യയശാസ്ത്ര ബോധം അദ്ദേഹം ക്രാന്തദര്‍ശിത്വത്തോടെ എഴുതിവച്ചു. ഇതിഹാസങ്ങളും മിത്തോളജിയും ചരിത്രവും പുതിയ കാലത്തിന്റെ വ്യാഖ്യാനങ്ങളൂം ഇഴചേര്‍ത്ത് ആധുനിക മനുഷ്യരുടെ സങ്കീര്‍ണ്ണതകളെ സസൂക്ഷ്മം അടയാളപ്പെടുത്തിയ ക്ളാസിക് രചനകളിലൂടെ കാലം ഇനി ഗിരീഷ് കര്‍ണാടിനെ ഓര്‍ത്തെടുക്കും. ഇന്ത്യന്‍ നാടക വേദിയില്‍ പുതുവഴിയുടെ വക്താക്കളായ ബാദല്‍ സര്‍ക്കാര്‍, വിജയ് ടെന്‍ഡുല്‍ക്കര്‍, മോഹന്‍രാകേഷ്, ജി ശങ്കരപിള്ള, തോപ്പില്‍ ഭാസി, കാവാലം എന്നിവര്‍ക്കൊപ്പം നിന്ന രചയിതാവ്, അഭിനേതാവ് ചലച്ചിത്രകാരന്‍, ടെലിവിഷന്‍ അവതാരകന്‍, വിവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിലൂടെ ഒഴുകി പരന്ന് അനശ്വരതയിലേക്ക് ലയിച്ച ജീവിതമാണ് ഗിരീഷ് കര്‍ണാടിന്റേത്. ഈ പ്രതിഭാധനന്റെ അര്‍ഹതയ്ക്കുള്ള അംഗീകാരമായി നാടകത്തിലും ചലച്ചിത്ര മേഖലയിലും ദേശീയ അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍ക്ക് പുറമേ 1974 ല്‍ പത്മശ്രീ,1992 ല്‍ പത്മഭൂഷണ്‍, 1998 ല്‍ ജ്ഞാനപീഠം എന്നിവ അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതത്തെ തേടിയെത്തി.

girish-KARNAD
ഗിരീഷ് കര്‍ണ്ണാട് വിടവാങ്ങുമ്പോള്‍ വേര്‍പാടുകളുടെ ശൂന്യതകള്‍പ്പുറം ചരിത്രദശാ സന്ധികളുടെ ആകസ്മികതകളെ കൂടി ഈ എരിഞ്ഞടങ്ങല്‍ ഓര്‍മ്മപ്പെടുത്തുന്നു. ജനാധിപത്യ മത നിരപേക്ഷതക്കായി ജാഗ്രതയോടെ നിലയുറപ്പിച്ച യു ആര്‍ അനന്തമൂര്‍ത്തി കാലത്തോട് ഗുഡ് ബൈ പറഞ്ഞത് 2014 ലോക് സഭയില്‍ പുതിയ ഭരണ വര്‍ഗം ഭരണം ഏറ്റടുത്തപ്പോഴായിരുന്നു. നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിന് ഇപ്പുറം മാനവികതയുടെ കാവലാളായ മറ്റൊരാള്‍കൂടി ദേശത്തോടും കാലത്തോടും വിടപറഞ്ഞിരിക്കുന്നു. ലോക തൊഴിലാളി വര്‍ഗ വിമോചന ചരിത്രത്തിന്റെ അമരക്കാരനായ ലെനിന്‍ സൂചിപ്പിച്ചതുപോലെ ‘നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ജീവിത പ്രചോദനാത്മക പ്രക്ഷോഭത്തിലും ബഹുജനങ്ങളെ ഒപ്പം ചേര്‍ക്കാനുള്ള ശക്തമായ ആയുധം കലയാണെന്ന് തിരിച്ചറിഞ്ഞ ദൗത്യങ്ങളിലൂടെയായിരുന്നു ഗിരീഷ് കര്‍ണാട് എന്ന മനുഷ്യസ്‌നേഹി കടന്നുപോയത്.
മഹാരാഷ്ട്രയിലെ മഥേരനില്‍ 1938 മെയ് 19 ന് കൃഷ്ണബായിയുടെയും ഡോ. രഘുനാഥ് കര്‍ണാടിന്റെയും മകനായി ജനിച്ച ഗിരീഷ് കര്‍ണാട് മറാഠി സ്‌കൂളിലും തുടര്‍ന്ന് കര്‍ണാടക വിദ്യാലയത്തിലും പഠിച്ചു. 1958‑ല്‍ ഗണിതശാസ്ത്രത്തില്‍ ബിരുദം ‚ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും രാഷ്ട്ര നതന്ത്രം, തത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവിഷയങ്ങളില്‍ ബിരുദാന്തരബിരുദം .തുടര്‍ന്ന് നാടക രചനക്കുള്ള ഫുള്‍ ബ്രൈറ്റ്‌സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഗിരീഷ് കര്‍ണാട് എന്ന പ്രതിഭാധനന്‍ ചിക്കാഗോ സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സര്‍ ആയി പ്രവര്‍ത്തിച്ചത്.
ജനാധിപത്യ ധ്വംസനങ്ങളോട് സന്ധിയില്ലാത്ത സമരം ചെയ്ത സര്‍ഗാത്മകതയുടെ പോരാളി വിടവാങ്ങുമ്പോള്‍,കുരുതി കഴിക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കിടയില്‍ക്കിടയില്‍ നിന്നും മുറിവേറ്റ ഇന്ത്യന്‍ ജനത തുഗ്ലക്ക് പിന്നെയും …പിന്നെയും വായിക്കും. ആവേളകളില്‍ 1964- ലെ നാടക പിറവി കാലത്തുനിന്നും 2019 ലേയ്ക്കുള്ള അകലങ്ങളെ മുന്‍നിര്‍ത്തി ഭാരതത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ബോധം ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കാണോ സഞ്ചരിയ്ക്കുന്നതെന്ന് നമ്മള്‍ ആലോചിച്ചുപോകും. മാനുഷിക മൂല്യങ്ങള്‍ക്ക് മുറിവേല്‍ക്കുന്ന കാലത്ത്, നിശബ്ദമാക്കപ്പെടുന്ന നിലവിളികള്‍ക്കപ്പുറത്തുനിന്നും പുതുതലമുറ വീണ്ടും ഗിരീഷ് കര്‍ണാടിനെ വായിച്ചെടുക്കും. അപ്പോഴും തുഗ്ലക്കിലെ പ്രഥമ സംഭാഷണം നമ്മെ അലോസരപ്പെടുത്തികൊണ്ടേയിരിക്കും…‘ഈ രാജ്യം ഇതെങ്ങോട്ടാണ് പോകുന്നത്?

girish-KARNAD