29 March 2024, Friday

ഹാസ്യം ചിരിച്ചു തള്ളേണ്ട

വിജയ് സി എച്ച്
August 29, 2021 4:31 am

ഹാസ സാഹിത്യത്തിന് കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഇക്കുറി കിട്ടിയത് വെള്ളിത്തിരയിലെ ചിരിയുടെ രാജകുമാരന്‍ ഇന്നസെന്റിനാണ്. ഇത് ആദ്യമായാണ് വെള്ളിത്തിരയിൽ സകലരെയും ചിരിപ്പിക്കുന്നൊരു അഭിനേതാവ്, എഴുത്തിലെ ഫലിതത്തിന് സർക്കാറിന്റെ അംഗീകാരം നേടുന്നത്. ‘ഇരിങ്ങാലക്കുടക്കു ചുറ്റും’ എഴുതി സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റ് ഏറെ ഗൗരവത്തോടെ പറഞ്ഞു തുടങ്ങി…

‘ഇരിങ്ങാലക്കുടക്കു ചുറ്റും’

ഞാൻ ജനിച്ചു വളർന്ന നാടാണ് ഇരിങ്ങാലക്കുട. സൃഹൃത്തുക്കളും, മുഖചരിചയമുള്ളവരുമാണ് ഇരിങ്ങാലക്കുടക്കു ചുറ്റും. അവരുമായുള്ള ഇടപെടലുകളും, വർത്താമാനങ്ങളും ഓർത്തെടുത്ത് എഴുതിയതാണ് പുരസ്കാരത്തിനു ഹേതുവായ പുസ്തകത്തിലുള്ളത്.
എൻ്റെ ജീവിതത്തിലെയും, സിനിമയിലെയും, രാഷ്ടീയത്തിലെയും അനുഭവങ്ങൾ തമാശകളാണ്. കാരണം, തമാശയില്ലാതെ ഒന്നിനും ചൈതന്യം ലഭിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങൾ പോലും ശ്രോതാക്കൾ നെഞ്ചിലേറ്റണമെങ്കിൽ, അത് നർമ്മോക്തിയോടെ അവതരിപ്പിക്കണം. വരണ്ട പ്രഭാഷണങ്ങളിലെ ഉപദേശങ്ങൾ ആരുടെയും തലയിൽ കയറില്ല. കാൻസർ രോഗിയായി ആശുപത്രിയിൽ കിടക്കുമ്പോഴും ഞാൻ ചിരിക്കുകയായിരുന്നു. ഹാസ്യത്തിന് അസുഖങ്ങൾ ഭേദപ്പെടുത്താനുള്ള ശക്തിവരെയുണ്ട്. അതിനാൽ, ഹാസ്യം ചിരിച്ചു തള്ളേണ്ടതല്ല, വളരെ ഗൗരവമുള്ള കാര്യമാണ്!
ഒന്ന് അങ്ങോട്ട് വെളിയിലിറങ്ങിയാൽ കാണുന്നത് പണ്ടത്തെ കൂട്ടുകാരെയാണ്. കച്ചവടക്കാരായോ, അല്ലെങ്കിൽ എന്തെങ്കിലും തൊഴിലെടുത്തു ജീവിക്കുന്നവരാണ് അവർ. പഴയ കാര്യങ്ങളും പുതിയ കാര്യങ്ങളുമായി ഞങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടാവും. ചിലർ പറയും ചേട്ടാ ആ സിനിമയിൽ കണ്ട സീൻ പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പറഞ്ഞ തമാശ ആണല്ലോയെന്ന്. ചിലർ രാഷ്ട്രീയം പറയും. എതിർകക്ഷിക്കാരനോടും ഇഷ്ടക്കേടില്ല. തമാശ സകലരെയും ചേർത്തുപിടിക്കുന്ന ഒരു വികാരമാണ്.

പഠിച്ചില്ല, കൂട്ടുകാരുണ്ട്

കുട്ടിക്കാലം മുതൽ എനിക്കറിയാമായിരുന്നു ഞാൻ പഠിച്ചു നന്നാവില്ലെന്ന്! ആകെ എട്ടാം ക്ലാസ്സുവരെയാണ് പഠിച്ചത്. നാലു ക്ലാസ്സുകളിൽ മൂന്നു കൊല്ലം വീതം പഠിച്ചു! അഞ്ചു മുതൽ എട്ടു വരെ, പന്ത്രണ്ടു കൊല്ലം. പഠിച്ചു മാർക്ക് മേടിക്കാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ, പാഠപുസ്തകൾക്ക് അപ്പുറത്തുള്ളതിലായി എന്റെ ശ്രദ്ധ.
ഇത്രയും കൊല്ലംകൊണ്ട് പല സ്കൂളുകളിലായി ഒരുപാടു സുഹൃത്തുക്കളെ ഉണ്ടാക്കി. മാഷ്മ്മാരോടും കുട്ടികളോടും തമാശകൾ പറഞ്ഞു. സ്കൂൾ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്റെ എല്ലാ വിജയങ്ങളുടെയും പുറകിൽ പ്രവർത്തിച്ചത് തമാശ മാത്രമാണ്.
സ്കൂൾ കാലത്തിനു ശേഷം മത്സരിച്ചു, ഇരിഞ്ഞാലക്കുട മുൻസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ തുടങ്ങി. ഇതിനൊപ്പം ഞാൻ മനുഷ്യരെ അടുത്തറിയാനും, നേതൃത്വത്തിന്റെ ബാലപഠങ്ങൾ പഠിക്കാനും തുടങ്ങി. ഈ അറിവ് പിന്നീടുള്ള കാലങ്ങളിൽ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. ലോകസഭയിലേക്കുവരെ ജനങ്ങളെന്നെ തിരഞ്ഞെടുത്തു. പഠിപ്പും പത്രാസുമില്ലാത്ത എനിക്ക് ഇവയെല്ലാം വലിയ അംഗീകാരങ്ങളായി തോന്നി.

യശസ്സിന് സിനിമ എളുപ്പവഴി

എന്റെ ചേട്ടൻ ഡോക്ടറാണ്, അനിയൻ വക്കീലാണ്, അവരുടെ മക്കളെല്ലാം ഡോക്ടർമാരാണ്, അമേരിക്കയിലാണ്. എനിക്ക് ഡോക്ടറും വക്കീലുമൊന്നുമാവാൻ യോഗ്യതയില്ല. പിന്നെ പ്രശസസ്തനാവാൻ എന്താണ് വഴി? ഏറ്റവും എളുപ്പവഴി സിനിമക്കാരൻ ആവുകയാണെന്ന് ഞാൻ താമസിയാതെ മനസ്സിലാക്കി. ഉടനെ ആ വഴിക്കു ചിന്തിച്ചു.
തുടർന്ന് നിർമ്മാതാവും നടനുമൊക്കെയായി. 1972‑ൽ, ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ‘നൃത്തശാല’ ആയിരുന്നു അഭിനയിച്ച പ്രഥമ പടം. ഞാനും ഡേവിഡ് കാച്ചപ്പള്ളിയും ചേർന്നു നിർമ്മിച്ചതാണ് ‘വിട പറയും മുമ്പെ’ (1981), ‘ഇളക്കങ്ങൾ’ (1982), ‘ഓർമ്മയ്ക്കായി’ (1982), ‘ഒരു കഥ ഒരു നുണക്കഥ’ (1986) മുതലായവ.
പണ്ടു പറഞ്ഞ തമാശകൾ ഇന്നു സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. എന്റെചില പടങ്ങൾ കണ്ടശേഷം സുഹൃത്തുക്കൾ പറായാറുണ്ട്, അതിൽ കണ്ട തമാശ സീൻ പണ്ട് ഞാൻ അവരോട് നേരിൽ പറഞ്ഞിട്ടുണ്ടെന്ന്! ഞാൻ ചെയ്യുന്ന കോമഡികൾ പലതും ഞാൻ തന്നെ സംവിധായകർക്കു പറഞ്ഞുകൊടുക്കുന്ന സിനാരിയോകൾ ആകുന്നു. ഞാൻ പറഞ്ഞതിലെ ഹാസ്യം ഉൾക്കൊണ്ട് അവർ അത് സിനിമയിൽ ചേർക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ ചിരിപ്പിക്കുന്ന എന്റെ പല അഭിനയങ്ങളും സിനിമകളിൽ ഇത്തരത്തിൽ എത്തിയവയാണ്.

അനുകരിക്കപ്പെട്ടയാൾ

ഞാൻ ഒരുപാട് അനുകരിക്കപ്പെട്ടൊരാളാണ്. നടൻ ദിലീപ് മുന്നെ ഒരു മിമിക്രിക്കാരൻ ആയിരുന്നല്ലൊ. എന്നെ ഇമിറ്റേറ്റ് ചെയ്താണ് പുള്ളിയൊരു മിമിക്രി ആർട്ടിസ്റ്റു് ആയതത്രെ! എന്നിട്ടു കിട്ടിയ കാശുകൊണ്ടാണത്രെ ഒരു സൈക്കിൾ മേടിച്ചത്. ഇതൊന്നും ഞാൻ പറയുന്നതല്ല, ദിലീപ് തന്നെ പറഞ്ഞതാണ്.
മിമിക്രിക്കാർ എന്നെ പതിവായി അനുകരിക്കാൻ കാരണം, പ്രേക്ഷകർക്ക് എന്നെ വളരെ ഇഷ്ടമാണ് എന്നതുകൊണ്ടാണ്. ചില സംഭാഷണങ്ങളും മാനറിസങ്ങളും, തമാശാ രംഗങ്ങളും എന്റെ പേരിൽ അവതരിപ്പിച്ചാലെ ജനം ആസ്വദിക്കൂ എന്നുമുണ്ട്. ഈവക കോമഡികൾ വേറൊരു നടനിലൂടെ പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഇന്നസന്റ് ആണെങ്കിൽ സ്വീകാര്യമാണ്. ഇതു സൂചിപ്പിക്കുന്നത് ഇന്നസന്റ് എന്ന അഭിനേതാവിന്റെ ജനകീയതയായിരിക്കാം. എന്നെ നിഷ്പ്രയാസം അനുകരിക്കാൻ സാധിക്കുമെന്നത് മറ്റൊരു കാരണവും ആവാം.

രാഷ്ട്രീയത്തിലും അഭിനയമുണ്ട്

സിനിമാ അഭിനയവും, രാഷ്ട്രീയവും ബന്ധപ്പെട്ടുകിടക്കുന്നു. കാരണം, രാഷ്ട്രീയത്തിൽ കൊറെ അഭിനയമുണ്ടെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ!
എന്റെ അപ്പൻ മരിച്ചു കിടക്കുന്നെന്നു കരുതൂ. പ്രധാനമന്ത്രി എന്റെ വീട്ടിൽ എത്തുന്നു. ഞാൻ മൂപ്പരടെ കൂടെ ഡെല്‍ഹീല് നാലഞ്ചു കൊല്ലം ഉണ്ടായിരുന്നല്ലൊ. ആ പരിചയം വെച്ച്, അദ്ദേഹത്തെ കെട്ടിപ്പിടിച്ച്, ‘മോഡി സാറേ, എൻറെ അപ്പൻ പോയീട്ടാ… ’ എന്നു പറഞ്ഞു കരഞ്ഞാൽ, അത് അഭിനയാ! എൻറെ ഉള്ളീന്ന് വെര്ണ സങ്കടല്ലാ അത്!
അതുപോലെ മുഖ്യമന്ത്രി വരുമ്പോൾ, വിജയേട്ടാന്ന് വിളിച്ച് ഞാൻ ബഹളം ഉണ്ടാക്കിയാൽ, അതും അഭിനയാ! നേരേമറിച്ച്, കുട്ടിക്കാലം മുതലേ ഒരുമിച്ചു കളിച്ചുവളർന്ന ഒരു ചെങ്ങാതി എൻറെ വീട്ടിലെത്തിയാൽ, എനിക്ക് സങ്കടം ശെരിക്കും വരും. അവനെ കെട്ടിപ്പിടിച്ചു, ‘പോയടാ, എൻറെ അപ്പൻ പോയി’ എന്നു പറഞ്ഞു കരഞ്ഞാൽ, അതിൽ അഭിനയല്ല്യാ, അത് സത്യാ!
അപ്പൊ, രാഷ്ട്രീയത്തിൽ അഭിനയമുണ്ടെന്നത് ഒറപ്പ്! പിന്നെ, ചില സന്ദർഭങ്ങളിൽ നമുക്കു മനുഷ്യനായിട്ടുതന്നെ പെരുമാറേണ്ടിയുംവരും. ദൗർഭാഗ്യകരമായ അവസ്ഥകൾ നേർക്കുനേർ കാണുമ്പോൾ പൊട്ടിക്കരഞ്ഞെന്നുമിരിക്കും. അതോണ്ട്, രാഷ്ട്രീയോം അഭിനയോം ജീവിതവുമൊക്കെ ഒരുമിച്ചു കൊണ്ടോവാൻ എനിക്കൊരു ബുദ്ധിമുട്ടൂല്ല്യാ!

ജയിച്ചപ്പോൾ ഭയന്നു

2014‑ലെ ലോക സഭാ തിരഞ്ഞെടുപ്പിൽ പതിനാലായിരത്തോളം വോട്ടിൻറെ ലീഡിനാണ് ഞാൻ ചാലക്കുടിയിൽ നിന്ന് വിജയിച്ചത്. വാശിയേറിയ മത്സരം ആയിരുന്നല്ലൊ അത്. പക്ഷെ, റിസൾട്ട് പ്രഖ്യാപനം കഴിഞ്ഞു കുറച്ചു കഴിഞ്ഞതോടെ ഭയം തോന്നിത്തുടങ്ങി. ഡെല്ലീലൊക്കെപ്പോയി, ലോക സഭേല് ഇരുന്ന് എന്തു സംസാരിക്കും, എങ്ങിനെ സംസാരിക്കും? ദൈവം സഹായിച്ച്, എനിക്കാണെങ്ങെ മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയൂല്ല്യ!
പാർലിമെൻറിൽ എത്തിയപ്പോഴല്ലേ മനസ്സിലായത് അവടെ ട്രാസ്ലേറ്റർമാർ ഉണ്ടെന്ന്! ഭാഷ ഒരു പ്രശ്നമേ അല്ല, എന്ത് സംസാരിക്കണംന്ന് മാത്രം അറിഞ്ഞാമതി. ചിലപ്പോൾ അതുമൊരു പ്രശ്നമാണ്!

തോറ്റപ്പോൾ ചിരിച്ചു

2019‑ലെ ലോക സഭാ തിരഞ്ഞെടുപ്പിൽ, ഇത്തിരി അധികം വോട്ടിനാ തോറ്റത്! ബെന്നിക്ക് (UDF സ്ഥാനാർത്ഥി, ബെന്നി ബെഹനാൻ) എന്നെക്കാളും ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടു കൂടുതൽ കിട്ടി. എൻറെ കഷ്ടം കണ്ടിട്ട് ജനങ്ങൾ എന്നെ സഹായിച്ചതാ! ഇയാൾ നാലഞ്ചു കൊല്ലായി ഓടിനടക്കുണൂ. ഈ ഡെല്ലീ പോക്കു കാരണം, സിനിമേല് എത്രയെത്ര നല്ല അവസരങ്ങൾ ഇയാൾക്ക് നഷ്ടായി! ഇപ്പഴാണെങ്കീ, സിനിമേല് അഭിനയിച്ചാ നല്ല കാശാ! എല്ലാം ഇയാൾക്ക് പാഴായി. ഇനി, ഇയാള് ഇത്തിരി റെസ്റ്റ് ഇടുക്കട്ടെ. പോയി, നാല് സിനിമേൽ അഭിനയിക്കെട്ടെ. ഇതുവരെ ഊണും ഒറക്കോം ഇല്ല്യാതെ നാട്ടുകാരെ സഹായിച്ചത് പോരെ? ജനങ്ങൾ എനിക്ക് വോട്ട് ചെയ്യാതിരുന്നത് ആലോചിച്ച് ഞാൻ കൊറെ ചിരിച്ചു! LDF‑ന്റെ പത്തൊമ്പതു പേരും തോറ്റു, ഞാനും തോറ്റു!
കലാകാരനായ ഇന്നസൻറിനെ ഇഷ്ടം
രാഷ്ട്രീയക്കാരനായ ഇന്നസെൻറിനേക്കാൾ എനിക്കിഷ്ടം കലാകാരനായ ഇന്നസൻറിനെയാണ്! രാഷ്ട്രീയക്കാരനാകുമ്പോൾ വോട്ടു ചെയ്തവരോടൊക്കെ ഉത്തരവാദിത്വമുണ്ട്. ഞാൻ പ്രതീക്ഷക്കൊത്ത് പ്രവർത്തിച്ചില്ലെന്ന് മനസ്സിലെങ്കിലും ഒരാൾ കരുതിയാൽ ഞാനൊരു പരാജയമായി മാറുന്നു. സിനിമയാകുമ്പോൾ ആ ബാദ്ധ്യതയില്ല. എന്തെങ്കിലും കോമടിയൊക്കെ ചെയ്ത് അങ്ങനെ കഴിയാലോ!

കാൻസർ വാർഡിലെ ചിരി
എന്റെ പ്രഥമ പുസ്തകമായ ‘കേൻസർ വാർഡിലെ ചിരി’ എൻ്റെ ജീവിത കഥയാണ്. 2013‑ൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ പത്തിരുപത് എഡിഷൻസ് കഴിഞ്ഞു.
ഞാനും ഭാര്യയും കേൻസറിനെ അതിജീവിച്ചവരാണ്. കേൻസർ ചികിത്സയിലിരിക്കുമ്പോഴുള്ള എൻറെ ഓർമക്കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. കേൻസർ ബാധിച്ച് എല്ലാം കൈവിട്ടു പോയെന്നു കരുതുന്നവർക്ക് ഈ പുസ്തകമൊരു ആലംബം നൽകട്ടെ!
‘കേൻസർ വാർഡിലെ ചിരി’ ഇറ്റാലിയൻ, ഇംഗ്ലീഷ്, തമിഴ്, കന്നഡ മുതലായ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതത്തെ സ്നേഹിക്കുന്നവരും ജീവിതത്തിനായി ദാഹിക്കുന്നവരും ഈ പുസ്തകം വായിക്കണം. ജീവിതം കാത്തുനിൽക്കുമ്പോൾ നമുക്ക് എങ്ങിനെ മരിക്കാൻ കഴിയും?

ഏറ്റവും ആനന്ദം തോന്നിയ നിമിഷം

‘കാൻസർ വാർഡിലെ ചിരി’ ഏഴു കൊല്ലമായി അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കാനുണ്ട്. അഞ്ചാം ക്ലാസ്സിൽ മൂന്നു കൊല്ലം തോറ്റ ഞാൻ എഴുതിയ ആ പുസ്തകം, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എൻറെ കൊച്ചുമകൻ ഉറക്കെ വായിക്കുന്നതു കേട്ട ആ നിമിഷത്തിലാണ് എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം അനുഭവപ്പെട്ടത്! എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണത്!
അർബുദ ചികിൽസാ രംഗത്തെ പ്രസിദ്ധനായ ഡോക്ടർ, വി പി ഗംഗാധരൻ എഴുതിയ മുഖവുര, ‘ഇന്നസെന്റ് ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്’, എന്നത് എന്റെ കൊച്ചുമകൻറെ ശബ്ദത്തിൽ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.