സങ്കടക്കടല്‍ നീന്തിക്കയറിയ ഒരാള്‍

Web Desk
Posted on April 07, 2019, 10:09 am

ഇളവൂര്‍ ശ്രീകുമാര്‍

കൈപിടിച്ചുയര്‍ത്താന്‍ ഒരാളുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ എളുപ്പമാണ്. പകച്ചു നില്‍ക്കുമ്പോള്‍ മുന്നോട്ടു നയിക്കാനും വീഴുമ്പോള്‍ എഴുന്നേല്‍പിക്കാനും നിരാശതയില്‍ ഊര്‍ജ്ജം പകരാനും നമുക്ക് പിന്നില്‍ അല്ലെങ്കില്‍ ഒപ്പം ആരെങ്കിലുമൊക്കെ ഉണ്ടാവുക ഒരു ഭാഗ്യമാണ്. അങ്ങനെ പ്രതിസന്ധികളെ അതിജീവിച്ചവര്‍ ഒട്ടേറെയുണ്ട്. സന്ദിഗ്ധ ഘട്ടങ്ങളില്‍ പെട്ടുനില്‍ക്കുമ്പോള്‍ ആരെങ്കിലുമൊക്കെ നമ്മുടെ ജീവിതത്തിലേക്ക് പ്രകാശവുമായി കടന്നുവരുന്ന ആ നിമിഷം, ഒരു പക്ഷേ ജീവിതംതന്നെ മാറിമറിയുന്ന സന്ദര്‍ഭമായേക്കാം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലരുടെ ജീവിതത്തില്‍ അങ്ങനെയൊരു സന്ദര്‍ഭം ഉണ്ടാകാറേയില്ല. ഏതു നിമിഷവും ഒരു അത്ഭുതം സംഭവിച്ചേക്കാമെന്ന അവരുടെ പ്രത്യാശ ഒരിക്കലും പൂവണിയാറില്ല. എങ്കിലും അവര്‍ നിരാശരാകാറില്ല. എന്നെങ്കിലും തങ്ങളുടെ ജീവിതത്തിലേക്ക് പ്രകാശത്തിന്റെ ഒരു വഴി തെളിഞ്ഞുവരും എന്നവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. ഒരിക്കലും നിഷ്‌ക്രിയരാകാതെ അവര്‍ സ്വയം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

സ്വയം അതിജീവിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു അതിജീവനത്തിന്റെ കഥയാണ് ഭരത് കുമാറിന്റെ ജീവിതം. അന്തര്‍ദ്ദേശീയ തലത്തില്‍ പാരാസിമ്മിംഗില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഭരത്കുമാറിന്റെ ജീവിതം പ്രതിസന്ധികളുടെയും കഷ്ടപ്പാടുകളുടെയും സങ്കടക്കടലില്‍നിന്നും ആത്മവിശ്വാസവും സമര്‍പ്പണബുദ്ധിയുംകൊണ്ട് നീന്തിക്കയറിയ ആവേശവും ജ്വലിക്കുന്ന കഥയാണ്.
ഹരിയാനയില്‍ 1989 ഡിസംബര്‍ 10 നായിരുന്നു ഭരത്കുമാറിന്റെ ജനനം. ജന്മനാതന്നെ ഭരത്കുമാറിന് ഇടതുകൈ ഇല്ലായിരുന്നു. മറുകയ്യില്‍ പിടിച്ച് ഒന്നുയര്‍ത്താനോ ഒരിത്തിരി ആത്മവിശ്വാസം പകര്‍ന്നു നല്‍കാനോ ആരുമില്ലാത്ത സാഹചര്യം. അച്ഛനും അമ്മയും കൂലിപ്പണിക്കാര്‍. ഇളയ മൂന്ന് സഹോദരന്മാരും രണ്ട് സഹാദരിമാരും അടങ്ങുന്ന കുടുംബം. ജോലിയില്ലെങ്കില്‍ വീട് പട്ടിണിയാകും. കുട്ടികളെ പോറ്റിവളര്‍ത്താന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ടുതന്നെ ഭരതിനെ കുട്ടിക്കാലത്തേ ഗാസിയാബാദിലുള്ള അമ്മായിയുടെ വീട്ടിലാക്കി. അവിടെ അമ്മായിയുടെ നാലു പോത്തുകളെ കുളിപ്പിക്കലായിരുന്നു ഭരതിന്റെ പ്രധാന ജോലി.

സമീപത്തുള്ള നദിയില്‍ പോത്തുകളുമായെത്തുന്ന ഭരത് അവയുടെ വാലില്‍ പിടിച്ച് ഒഴുക്കില്‍ ശരീരത്തെ ബാലന്‍സ് ചെയ്ത് നിര്‍ത്തും. അങ്ങനെയായിരുന്നു അവന്‍ നീന്തലിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. അന്നവന് എട്ടു വയസ്സായിരുന്നു പ്രായം. പില്‍ക്കാലത്ത് അന്താരാഷ്ട്ര പ്രശസ്തനായ ഭരത്കുമാര്‍ എന്ന പാരാസിമ്മര്‍ രൂപപ്പെടാന്‍ തുടങ്ങുകയായിരുന്നു അവിടെ.
ഒരു കയ്യുമായി ജലത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു നീന്തല്‍ക്കാരനാവുക എന്ന സ്വപ്നത്തെ മനസ്സില്‍ താലോലിച്ചു വളര്‍ത്തുമ്പൊഴും എങ്ങനെ എന്ന ചോദ്യം അവനെ അലട്ടിയിരുന്നു. പക്ഷേ സാഹചര്യങ്ങളെ നോക്കി നെടുവീര്‍പ്പിട്ടിരിക്കാന്‍ ഭരതിന് സമയമില്ലായിരുന്നു. കിട്ടിയ സാഹചര്യങ്ങളെല്ലാം അവന്‍ ഉപയോഗപ്പെടുത്തി. ഇടക്കിടെ അവസരങ്ങള്‍ അവനെത്തേടിവന്നു. മറ്റുചിലപ്പോള്‍ തേടിപ്പിടിച്ചു. ആദ്യകാലത്ത് അത്‌ലറ്റിക്‌സില്‍ അവസരങ്ങള്‍ കിട്ടിയപ്പോള്‍ അതുപയോഗപ്പെടുത്തി. 2010 മുതല്‍ മുഴുവന്‍ സമയവും നീന്തലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഭരതിനു മുന്നില്‍ അവസരങ്ങളുടെ ജാലകങ്ങള്‍ ഒന്നൊന്നായി തുറക്കാന്‍ തുടങ്ങി. വിശ്രമമില്ലാത്ത പ്രയത്‌നം. അതിതീവ്രമായ ഇച്ഛാശക്തി. ഏതു പ്രതികൂല സാഹചര്യത്തെയും മറികടക്കാന്‍ തനിക്കു കഴിയുമെന്ന മനോധൈര്യം — ഇത്രയുമായിരുന്നു ഭരതിന്റെ കൈമുതല്‍.

2005 ലെ ജൂനിയര്‍ നാഷണല്‍ ലവല്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണമെഡലും 2009 ലെ വേള്‍ഡ് ഗെയിംസില്‍ വെള്ളിമെഡലും ലഭിച്ച ഭരത് 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍വച്ച് കാലിനുണ്ടായ പരിക്കിനെത്തുടര്‍ന്നാണ് ഭരത് നീന്തലിലേക്ക് ശ്രദ്ധ തിരിച്ചത്. പിന്നീട് മെഡലുകള്‍ വാരിക്കൂട്ടിക്കൊണ്ടുള്ള ജൈത്രയാത്രയായിരുന്നു. രണ്ട് അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജേതാവായ ഭരത് അമ്പതിലധികം ദേശീയ മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട്. ഇംഗ്ലണ്ട്, അയര്‍ലന്റ്, ഹോളണ്ട്, മലേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ഭരത് ഇന്ത്യയ്ക്ക്‌വേണ്ടി നീന്തല്‍വസ്ത്രമണിഞ്ഞു. ഇതിനോടൊപ്പംതന്നെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിരുദപഠനം തുടരാനും ഭരത് മറന്നില്ല.
സ്വന്തം ഇച്ഛാശക്തികൊണ്ടായിരുന്നു ഭരത് ആ നേട്ടങ്ങളെല്ലാം ആര്‍ജിച്ചത്. ഒരിക്കല്‍പോലും ഈ ചെറുപ്പക്കാരനെത്തേടി ഒരു സ്‌പോണ്‍സറും വന്നില്ല.

പരിമിതികളോട് പടവെട്ടിക്കൊണ്ടായിരുന്നു അയാളുടെ മുന്നേറ്റം. ഭരത് പറയുന്നു; ”തല്‍ക്കത്തോറ സ്റ്റേഡിയത്തിലുള്ള സിമ്മിംഗ് പൂളിലായിരുന്നു ഞാന്‍ കൂടുതലും പരിശീലനം നടത്തിയത്. കാരണം അവിടെ അടുത്തുള്ള ഗുരുദ്വാരയില്‍നിന്ന് എനിക്ക് സൗജന്യമായി ഭക്ഷണം കിട്ടുമായിരുന്നു. പിന്നെ പരിശീലനം കഴിഞ്ഞാല്‍ അവിടെക്കിടന്ന് ഉറങ്ങാനും സൗകര്യമുണ്ടായിരുന്നു. ചിലപ്പോള്‍ അവിടുത്തെ ടൊയ്‌ലറ്റിനു സമീപം കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും ഞാന്‍ പരിശീലനം നിര്‍ത്തിയില്ല.” ഈയൊരാത്മാര്‍ത്ഥതയോട് പക്ഷേ നാം നീതികാണിച്ചോ? ഇല്ല എന്ന് ഖേദപൂര്‍വ്വം പറയേണ്ടിവരും.

തന്റെ പരിശീലനം മുന്നോട്ട്‌കൊണ്ടുപോകാന്‍ വഴിയില്ലാതെവന്നപ്പോള്‍ ഭരത് ഒരുപാട് വാതിലുകള്‍ മുട്ടി. പക്ഷേ ഒന്നും തുറക്കപ്പെട്ടില്ല. ഭിന്നശേഷിക്കാരായ സ്‌പോര്‍ട്ട്‌സ് താരങ്ങളോട് എക്കാലവും ഭരണകൂടം പുലര്‍ത്തിയ നിസംഗത അവര്‍ ഭരതിനോടും പുലര്‍ത്തി. താഴേത്തട്ടു മുതല്‍ പ്രധാനമന്ത്രിവരെയുള്ളവരോട് തനിക്ക് പരിശീലനം തുടരാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒരു മാസം ഇരുപത്തി അയ്യായിരത്തേളം രൂപ പരിശീലനത്തിനായി വേണ്ടിവരും. അതു കണ്ടെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ലാതായപ്പോള്‍ പരിശീലനം തടസപ്പെട്ടു. ജീവിതം ഒരു വലിയ ചോദ്യചിഹ്നമായപ്പോള്‍ ഭരത് വാഹനങ്ങള്‍ കഴുകുന്ന ജോലിക്ക് പോയിത്തുടങ്ങി. തനിക്ക്കിട്ടിയ മെഡലുകള്‍ വിറ്റായാലും പരിശീലനം തുടരണമെന്നാണ് ഭരതിന്റെ ആഗ്രഹം.

”വിദേശരാജ്യങ്ങളില്‍നിന്ന് എനിക്ക് പലതവണ ക്ഷണം വന്നു. അവിടെ എല്ലാ സൗകര്യങ്ങളോടുംകൂടി എനിക്ക് പരിശീലനം ലഭിക്കുമായിരുന്നു. പക്ഷേ ഞാന്‍ പോയില്ല. കാരണം എന്റെ പേര് ഭരത് എന്നാണ്. അതുകൊണ്ട്തന്നെ ഭാരതത്തിനുവേണ്ടി വിജയകിരീടമണിയുവാനും ഇവിടെ ജീവിച്ച് ഇവിടെ മരിക്കുവാനുമാണ് എനിക്ക് താല്പര്യം.” കഷ്ടപ്പാടുകള്‍ക്കിടയിലും ശിരസ്സുയര്‍ത്തിനിന്ന് ഭരത് പറയുന്നു. ഈ മനുഷ്യന്റെ സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റിനെ കാണുവാനും തിരിച്ചറിയുവാനും കഴിയാതെ പോകുന്നതില്‍ നാം ലജ്ജിച്ച് തല താഴ്ത്തുകതന്നെ വേണം. പ്രതിസന്ധികളെ അതിജീവിക്കാന്‍ തനിക്ക് ഒരു കൈതന്നെ ധാരാളം എന്ന മനോഭാവത്തില്‍നിന്നുണ്ടായ ആത്മവിശ്വാസം അയാളുടെ വാക്കുകളിലും പ്രവൃത്തികളിലും കാണാം. ഭരത്കുമാര്‍ പിന്‍മാറുന്നില്ല. പൂര്‍വ്വാധികം ശക്തിയോടെ ജലവിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ അയാള്‍ തയ്യാറെടുക്കുകയാണ്.