അന്ന

March 22, 2020, 8:15 am

‘നിന്റെ കൊറോണ നിന്നെ രക്ഷിക്കട്ടെ’

Janayugom Online

‘കോവിഡ് വൈറസ് ഇങ്ങനെയങ്ങ് പടർന്നുകയറിയാൽ സ്വയം സംരക്ഷിക്കുന്നതിനായി ദൈവം എവിടെയായിരിക്കും ക്വാറന്റൈനിൽ പ്രവേശിക്കുക? ഒരു കാര്യം ഉറപ്പാണ്, അത് വടക്കനിറ്റലിയിലെ വലിയ പള്ളിയിലായിരിക്കില്ല’

ഇറ്റാലിയൻ ജേർണലിസ്റ്റായ മറ്റിയ ഫെറാറെസി കഴിഞ്ഞയാഴ്ച ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിന്റെ ആദ്യവാചകമാണിത്. ‘ദൈവവും കൊറോണയും നേർക്കുനേർ’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. വൈറസും വൈറസ്ഭീതിയും ലോകമാകെ പരക്കുമ്പോൾ ദൈവത്തിനും ദൈവഹിതത്തിനും എന്താണ് ചെയ്യാനാവുക എന്നതാണ് മറ്റിയ ലേഖനത്തിലന്വേഷിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ മഹാമാരിയെന്നവണ്ണം മനുഷ്യനെ കൊല്ലുന്ന വൈറസ് നിന്ന നിൽപ്പിൽ പെരുകിവളരുമ്പോൾ ഏത് ദൈവത്തിനാണ് നിർഭയമായി തന്റെ ദിനചര്യകൾ തുടരാനാവുക? മതങ്ങളെയും ദൈവങ്ങളെയും ആചാരങ്ങളെയുംപറ്റി എന്തുപറഞ്ഞാലും വ്രണപ്പെട്ടുപോകുകയും വ്രണപ്പെടുന്ന മനസ് കൊലക്കത്തിയെടുക്കുകയും ചെയ്യുന്ന ഒരു കാലമാണിത്. എന്നിട്ടും ആറാട്ടുകൾ ഒഴിവാക്കണമെന്നും മദ്രസ്സകൾ അടച്ചിടണമെന്നും കുർബാനകൾ ഒഴിവാക്കണമെന്നും ഒരു സർക്കാർ (അതും കമ്യൂണിസ്റ്റ് സർക്കാർ) തന്നെ നേരിട്ട് പറഞ്ഞിട്ടും എന്തുകൊണ്ടാണ് നേരത്തെ പറഞ്ഞവർക്കാർക്കും യാതൊന്നും വ്രണപ്പെടാതെ പോയത്? പ്രളയാനന്തരം നെറ്റിയിൽ കാക്കകൊത്താതിരിക്കാനുള്ള സിന്ദൂരവുമണിഞ്ഞിറങ്ങിയ കുലാംഗനമാരുടെ നാമജപം കൊണ്ട് തെരുവായ തെരുവെല്ലാം നിറഞ്ഞത് നാം കണ്ടതാണ്. അന്ന് ‘വിലക്കിയ വിലക്കി’ നേക്കാൾ വലിയ വിലക്കുകൾ വന്നിട്ടും മതസംരക്ഷകർ മാസ്കുമണിഞ്ഞ് മൗനികളായി അരമനകളിലിരുപ്പാണ്. ആചാരങ്ങൾക്കിത്രയും വിലയില്ലാത്ത കാലം മുൻപ് കേരളം കണ്ടിട്ടേയില്ല.

ബസലിക്കകൾ പൂട്ടി താക്കോൽ അച്ചന്മാർ അരമനയിൽ തൂക്കി, തന്ത്രിമാർ കവിടിനിരത്തി നാഴിവിനാഴികകൾ കൂട്ടികിഴിച്ച് കണ്ടത്തിയ തിരുനാളും ശുഭമുഹൂർത്തങ്ങളും കാര്യസ്ഥന്മാർ കരയോഗപുരയിൽ പൊതിഞ്ഞു വച്ചു. ദർശനവും അന്നദാനവും സപ്താഹവും വരെ മുടങ്ങി. ഉംറയ്ക്ക് പോയിട്ടും കൊറോണ വിട്ടില്ല, ഒടുവിൽ മക്ക വരെ പൂട്ടി! കാര്യം വളരെ സിംപിളാണ്, ആചാരമല്ല ഒരു സമൂഹത്തിനാവശ്യം ആരോഗ്യമാണ്. അതിൽനിന്ന് മനസിലാക്കാനിത്രയേയുള്ളു, ആരോഗ്യം പോയാൽ പിന്നെ സമൂഹം തന്നെയുണ്ടാവില്ല; ആചാരമാണ് പോകുന്നതെങ്കിലോ സമൂഹത്തിന് ഒരു ചുക്കും സംഭവിക്കാനുമില്ല.

ആചാരമെന്നത് മതങ്ങളുടെ പ്രവർത്തനപദ്ധതിയാണ്, മതമെന്നത് ദൈവരാജ്യത്തിന്റെ ഭരണഘടനയും. ആ മതത്തെക്കുറിച്ചാണ് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞത്, ‘മതമൊരു മനോവിഭ്രാന്തി‘യാണെന്ന്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും നിലവിൽ പൂജാരിയും പള്ളീലച്ചനും മുസല്യാരുമൊക്കെ കുതറാതെയും കുതിര കയറാതെയും ‘അനാദികാലം’ മുതലുള്ള ആചാരനിഷ്ഠകളെ വേണ്ടെന്ന് വെച്ചത് മതേതരത്വത്തിന്റെയോ പുരോഗമനത്തിന്റെയോ പേരിലാണെന്ന് ധരിച്ചുകളയരുത്. ഭയം മാത്രമാണതിന്റെ കാരണം, അസുഖത്തോടുള്ള ഭീതി( Noso­pho­bia ) മാത്രം. ആ ഭയം ഒന്നുകൊണ്ടുമാത്രമാണ് മാതൃഭാവത്തിന്റെ ലോകമാതാവായ അമൃതാനന്ദമയിക്കു പോലും ചുംബനവും ആലിംഗനവും രായ്ക്കുരായ്മാനം നിർത്തേണ്ടി വന്നത്. ദൈവോപാസകരെയും ആൾ ദൈവങ്ങളെയും പേടിപ്പിക്കാനാവുന്ന വൈറസിനെ നാമെന്തു പേരിട്ടു വിളിക്കണം; ദൈവമെന്നോ? അതോ ദൈവത്തേക്കാൾ വലിയ സാത്താനെന്നോ?

ചൈനയ്ക്കും ഇറ്റലിക്കുമൊപ്പം കൊറോണയുടെ കൊടുംകരിനിഴൽ ബാധിച്ച രാജ്യമാണ് തെക്കൻകൊറിയ. തെക്കൻകൊറിയയിൽ 1984ലുണ്ടായ മതമാണ് ഷിൻജ്യോഞ്ചി. 88കാരനായ ലീ-മാൻ‑ഹീയാണ് ഷിൻജ്യോഞ്ചി സ്ഥാപിച്ചത്. രണ്ടരലക്ഷം അനുയായികളുണ്ടെന്ന് അവകാശപ്പെടുന്ന ലീ-ഹാൻ‑ഹീ സ്വയം ക്രിസ്തുവായി അവരോധിക്കപ്പെട്ടയാളാണ്. ‘പുത്തനാകാശവും ഭൂമിയും’ എന്നാണ് ഷിൻജ്യോഞ്ചി യുടെ അർത്ഥം. ചുരുങ്ങിയ കാലത്തിനുള്ളിൽ കോടികളുടെ മൂലധനം സമാഹരിച്ചുകൊണ്ട് ദക്ഷിണകൊറിയയിലെ ക്രിസ്തുമതത്തിനു തന്നെ ഭീഷണിയായി വളർന്നുകൊണ്ടിരിക്കുന്ന മതമാണിത്. 1,44,000 അനുയായികൾക്ക് ലീയ്ക്കൊപ്പം സ്വർഗത്തിൽ പ്രവേശിക്കാനാവുമെന്ന് അവർ തന്നെ വിശ്വസിക്കുന്നു. ഏറ്റവും വലിയ പ്രത്യേകത അനുയായികളിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ് എന്നതാണ്. വയസ്സൻ മതങ്ങളൊക്കെയും പഴഞ്ചനായി കഴിഞ്ഞുവെന്നാണോ?

ഷിൻജ്യോഞ്ചി മതത്തിന്റെ ആസ്ഥാനമാണ് തെക്കൻ കൊറിയയിലെ വൈറസ്ബാധയുടെ കേന്ദ്രമായി പ്രവർത്തിച്ചത്. വൈറസ് മുന്നറിയിപ്പ് വകവെക്കാതെ ലീ-ഹാൻ പിതാവ് പള്ളിയിൽ ആയിരക്കണക്കിന് അനുയായികളെ വിളിച്ചുവരുത്തി പ്രാർത്ഥിച്ചു, വൈറസിന് പണി എളുപ്പമായി. പ്രത്യേകവിശ്വാസിസമൂഹം (Cult) എന്ന പേരിലാണ് ഷിൻജ്യോഞ്ചി യെ ഇന്നതെ സമൂഹം കണക്കാക്കുന്നത് എന്നതാണ് കൗതുകകരം. എന്നുവെച്ചാൽ സാമ്പ്രദായികമതങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ എന്തോ ഒന്നാണിത് എന്ന ബോധ്യത്തിൽ നിന്നാണ് ഇവയൊക്കെ പ്രത്യേകം കാറ്റഗറിയാവുന്നത്. എന്നാൽ തങ്ങളുടെ മാത്രം ദൈവവും പ്രമാണങ്ങളും മറ്റുള്ളവയെക്കാൾ എത്രയോ ഉന്നതമാണെന്ന ബോധം തന്നെയാണ് സാമ്പ്രദായികമതങ്ങളെപോലെ സർവ്വമതങ്ങളെയും കൾട്ടുകളെയും മതങ്ങളാക്കുന്നതു എന്ന് നാമറിയണം. മതം രൂപമെടുക്കാൻ പരുവപ്പെട്ടു നിൽക്കുന്നൊരു ഘടനയാണ് മനുഷ്യ മസ്തിഷ്കത്തിനുള്ളത്. ദ്വൈതഭാവം(Dualism) എന്നാണത് അറിയപ്പെടുന്നത് തന്നെ. ശരീരവും മനസ്സും രണ്ടാണെന്ന ‘മത മഹാജ്ഞാന’മാണ് ദ്വൈതഭാവം. ഭൗതികരൂപമുള്ള ശരീരത്തിലേയ്ക്ക് മറ്റെവിടെയോ നിന്ന് ജീവന്റെ ഏജന്റായ ആത്മാവ് വന്ന് കുടി പാർക്കുന്നുവെന്നും മരണസമയത്ത് അത് മറ്റെവിടേയ്ക്കോ പറന്നുപോകുന്നുവെന്നുമുള്ള അടിസ്ഥാന അബദ്ധബോധ്യമാണ് അതിനെ നയിക്കുന്നത്; ഇത് തന്നെയാണ് മതദൈവ‑ബോധ്യത്തിന്റെ അടിത്തറയും. ഭൂതം, പ്രേതം, പിശാച്, കാട്ടുമാക്കാൻ തുടങ്ങി ഇല്ലാത്തതിനെ ഭാവനയിൽ കാണാനും ‘ഉള്ളതി‘നപ്പുറം മറ്റെന്തോ ഉണ്ടെന്ന് സങ്കൽപ്പിക്കാനുമുള്ള കുട്ടിക്കാലത്തെ അപക്വതയാണ് വലുതാകുമ്പോൾ അവനെ മതത്തിലും ദൈവത്തിലുമെത്തിക്കുന്നത്തിന്റെ പിന്നിൽപ്രവർത്തിക്കുന്നത് എന്നതിന് നിരവധി പഠനങ്ങൾ കൂട്ടിനുണ്ട്. കുട്ടികൾ ജൻമനാ വിശ്വാസികളോ? (Are Chil­dren Intu­tive The­ist? ) എന്ന പഠനത്തിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റി പ്രൊഫസറായ ഡിബോറ കലമാൻ എത്തിച്ചേരുന്ന നിഗമനം ബാല്യത്തിൽ സർവരും ടെലിയോളജിസ്റ്റുക(Teleologyst)ളാണെന്നാണ്. എന്തിന് പിന്നിലും ഒരു കാരണത്തെയോ കാരണക്കാരനെയോ കൽപ്പിക്കുന്നതിനെയാണ് ടെലിയോളജി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ സമയം ഡ്യവലിസ്റ്റും ടെലിയോളജിസ്റ്റുമായ മനുഷ്യൻ ജൻമനാ തന്നെ തന്റെ ഭൗതികശരീരത്തിന് പുറത്തും ഈ പ്രപഞ്ചത്തിന് പിന്നിലുമുള്ള ഒരു ‘സർവാധികാര്യക്കാരനെ’ മനസിൽ കുടിയിരുത്തുന്നു. മനുഷ്യ സങ്കൽപനത്തിന്റെ അതിർത്തിഭാവന, അതത്രെ ദൈവം, ആ ദേഹത്തിന്റെ മാനിഫെസ്റ്റോയത്രെ മതം!.

പറഞ്ഞുവന്നത് ‘വിണ്ണിൽ നിന്നിറക്കിയും മണ്ണിൽ കുഴച്ചു‘മൊക്കെ ‘അനാദികാലം’ മുതൽക്കെ രൂപപ്പെടുത്തിയെന്ന് പറയപ്പെടുന്ന ഗഡാഗഡിയൻ മതങ്ങളും എണ്ണായിരത്തോളം പേരെ പള്ളിയിൽ കയറ്റി ‘ശുശ്രൂഷ’ നൽകിയതിന്റെ പേരിൽ ദക്ഷിണകൊറിയയിൽ വൈറസ് പടർത്തിയ ഷിൻജ്യോഞ്ചിയുമൊക്കെ ഒരൊറ്റ നൂലിൽ കോർത്ത് മുത്തുകളാണെന്ന് ചുരുക്കം. ലീ-മാൻ‑ഹീ യുടെ മനോവൈകൃതങ്ങളോട് വെറുപ്പും പരിഹാസവും തോന്നുന്നെങ്കിൽ അത് സ്വന്തം മതത്തിൽ ഊറ്റം കൊള്ളുന്നവർക്ക് അനാദികാലം മുതൽ അന്യമതങ്ങളോട് തോന്നുന്ന വെറുപ്പും പരിഹാസവുമല്ലാതെ മറ്റൊന്നുമല്ല എന്നുമോർക്കണം. അതിൽ വലിപ്പച്ചെറുപ്പമില്ല. സർവമതങ്ങൾക്കും ഇത് ബാധകമായതുകൊണ്ടാണ് ഒരു വൈറസിനെ പേടിച്ച് സർവദൈവങ്ങളും ആൾദൈവങ്ങളും സർവആചാരങ്ങളും കടലിലെറിഞ്ഞ് ജീവനെപ്പേടിച്ചും സാനിറ്റൈസർ തേച്ച്പിടിപ്പിച്ചും ക്വാരന്റൈയിനിൽ ഇരിക്കുന്നത്. മനുഷ്യരാശിക്ക് നയാപൈസയുടെ ഗുണം ചെയ്യാത്ത ആചാരങ്ങളുടെ അന്തിമവെടി മുഴക്കേണ്ട സമയമാണിത്. ദക്ഷിണകൊറിയ ഷിൻജ്യോഞ്ചിയെ നിരീക്ഷിക്കാൻ തുടങ്ങിയതും അതിന്റെ ‘ദൈവ’ത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കാൻ തുടങ്ങിയതും യുക്തിഭദ്രവും ശാസ്ത്രബദ്ധവുമായ ഒരു ലോകത്തിനുള്ള തുടക്കമായി (വെറുതെയെങ്കിലും) കാണാം. ഇന്നലത്തെ മഴയിൽ കുരുത്ത ഏറ്റവും ചെറിയ സൂക്ഷ്മജീവിക്കെതിരെ പോലും ദൈവങ്ങൾക്കും വിശ്വാസങ്ങൾക്കും ഒരു ചുക്കും ചെയ്യാനില്ലെന്ന് ചരിത്രമെങ്കിലും രേഖപ്പെടുത്തുമല്ലോ.

കോവിഡ്-19 പടർന്നുപിടിക്കുന്ന കാലത്ത് വിശ്വാസത്തിന്റെ പേരിൽ നിയമം ലംഘിച്ച് ആളെക്കൂട്ടുക, ശാസ്ത്രീയചികിൽസയെ നിഷേധിച്ച് അവയ്ക്കു മേൽ ആചാരങ്ങളെ കൂടിയിരുത്തുക, ആൾക്കൂട്ടത്തെ അജ്ഞതയിലേക്ക് തള്ളിവിടുക, പൊതുജനആരോഗ്യത്തെയും അവർക്ക് അതിനുള്ള അർഹതയേയും ഇല്ലാതാക്കാൻ ബോധപൂർവ്വം ശ്രമിക്കുക, അന്ധവിശ്വാസം പരത്തുക, സമൂഹത്തെ തെറ്റായ സന്ദേശം നൽകി വഴിതെറ്റിക്കുക തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടാണ് ഷിൻജ്യോഞ്ചിയുടെ മിശിഹായ്ക്കെതിരെ സൗത്ത് കൊറിയൻ ഗവൺമെന്റ് കേസെടുത്തത്. ലീ-മാൻ‑ഹീ അവിടെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് തകർത്താടുമ്പോൾ ഇവിടെ ഇന്ത്യയിൽ ഹിന്ദുമഹാസഭയുടെ അധ്യക്ഷൻ ചക്രപാണി മഹാരാജ് ഗോമൂത്രജ്യൂസും ചാണകകേക്കും കഴിച്ച് കൊറോണയെ നെഞ്ചൂക്കോടെ വെല്ലുവിളിക്കുകയായിരുന്നു! . ഒരു കൊല്ലം ലൈംഗികപ്രവൃത്തിയിൽ ഏർപ്പെടാതിരുന്നാൽ കൊറോണ ആക്രമണത്തിൽ നിന്ന് മുക്തി നേടാം എന്നാണ് ചക്രപാണി പണ്ഡിതന്റെ ‘മതം’. ലീയ്ക്കെതിരെ കൊറിയ ചുമത്തിയ മേൽപ്പറഞ്ഞ കുറ്റങ്ങളോരോന്നും ചക്രപാണിക്കും നൂറുമേനി ചേരുന്നതാണ്. എന്നിട്ടും ‘ചക്രപാണിയദ്ദ്യേത്തി‘നെതിരെ ഒരു പെറ്റികേസ് പോലും ചാർജ് ചെയ്തില്ലെന്ന് മാത്രമല്ല മാർച്ച് അഞ്ചാം തിയതി വന്ദന ചവാൻ എംപി വിശ്വാസത്തിന്റെ പേരിൽ സമൂഹത്തെ വഴി തെറ്റിക്കുന്ന ഈ വിഷയം രാജ്യസഭയിലുന്നയിച്ചപ്പോൾ ഇന്ത്യാമഹാരാജ്യത്തെ ‘രണ്ടാമത്തെ’ പൗരനും രാജ്യസഭാചെയർമാനുമായ ശ്രീമാൻ വെങ്കയ്യനായിഡു പറഞ്ഞ വാചകം കൊറോണവൈറസ് ഇന്നാട്ടിൽ നിന്ന് തിരിച്ചുപോകും വരെയെങ്കിൽ നാം മറക്കരുത്. രാജ്യസഭയിൽ വെങ്കയ്യ നായിഡു രോഷമടക്കാതെതന്നെ പറഞ്ഞു, “കൊറോണക്കെതിരെ ഗോമൂത്രം കൂടിക്കുന്നതും ചാണകം കഴിക്കുന്നതും ഓരോരുത്തരുടെ വിശ്വാസമാണ്. അത്തരം സെൻസിറ്റീവ് വിഷയങ്ങൾ ഉന്നയിച്ച് പ്രശ്നങ്ങളുണ്ടാക്കാതിരിക്കൂ” എന്ന്. കൂടുതലൊന്നും പറയാനില്ല ചക്രപാണിയുടെ ‘മത’ത്തിൽ വിശ്വസിക്കാത്തവരോടും ചാണക മൂത്ര വാക്സിന് കുടപിടിക്കുന്നവരോടും ഒന്നേ പറയാനുള്ളു ‘നിന്റെ വൈറസ് നിന്നെ രക്ഷിക്കട്ടെ’