Tuesday
16 Jul 2019

മീന്‍കാരന്‍

By: Web Desk | Sunday 7 April 2019 10:15 AM IST


അബ്ദുള്ള പേരാമ്പ്ര

പരല്‍മീന്‍ പോലെ വെളുത്ത
ഉണര്‍ച്ചയിലേക്ക്
ഇടവഴി താണ്ടിയെത്തി
രാഗം മുറിഞ്ഞുപോയ ഒരു മീന്‍കൂക്കി,
ചിട്ടപ്പെടുത്താത്ത അതിന്റെ
വേലിയേറ്റങ്ങളില്‍
കൈവളക്കിലുക്കങ്ങള്‍ ഒച്ചവെച്ചു.
അടുക്കളയിലെ വെപ്പുപാത്രങ്ങള്‍
കലപില കൂട്ടി മൂരിനിവര്‍ന്നു.
ഉറക്കമന്ദത്തോടെ
അഴിഞ്ഞുവീണ മുടി മാടിയൊതുക്കി
ഇടവഴിയിലേക്ക് പാഞ്ഞു പരിഭവങ്ങള്‍
കയ്യാലക്കലിരുന്ന്
കാറിക്കരഞ്ഞ്
ഒളിഞ്ഞു നോക്കി കാക്കകളപ്പോള്‍
ബീഡി വലിച്ച് കരുവാളിച്ച ചുണ്ടില്‍
ചിരിയുടെ മഴവില്ല് വിരിഞ്ഞു.
അവിടെ മിന്നല്‍ വേഗം കൊണ്ടു
ശൃംഗാരത്തിന്റെ മീന്‍ ചാട്ടങ്ങള്‍
ഈച്ചകളുടെ സിംഫണിയെ
കാറിത്തുപ്പിയാട്ടി
മീന്‍കുട്ടയില്‍ ഓടിനടന്നു.
വരാലുകളെപോലെ വിരലുകള്‍
ചത്ത മീനിന്റെ കണ്ണുകളില്‍
കടലിന്റെ നീലിമ
കല്ലിച്ചു കിടന്നു.
കാവോടി ചുമന്ന് തഴമ്പിച്ച ചുമലുകള്‍ നോക്കി
ചുരത്തി മുലഞ്ഞെട്ടുകള്‍
മീനിനോടൊപ്പം തുഴഞ്ഞു കയറിയ വിരലുകള്‍
പച്ചയരപ്പട്ടയില്‍ ചില്ലറ പരതി.
മണത്തു അത്തറില്‍ ഗല്ലികള്‍.
ഒടുവില്‍
കടലിനെ തടങ്കലിലിട്ട്
മീന്‍കാരന്‍ എകരമിറങ്ങിയാലും
ഒഴിഞ്ഞുപോകില്ല
അവന്റെ നോട്ടത്തിന്‍ ചൂണ്ടല്‍ കൊളുത്തുകള്‍.
കത്തികൊണ്ട് ഉടല്‍ വരഞ്ഞ്
പാകത്തിന് ഉപ്പും മുളകും ചേര്‍ത്ത്
എണ്ണയില്‍ വറുത്തെടുക്കുമ്പോള്‍
ഒട്ടിനില്‍ക്കുന്നുണ്ടാവും
ഒരിക്കലും വേവാത്ത ആ മീന്‍കൂക്കി
രാത്രിയില്‍
ഉറങ്ങാന്‍ കിടന്നാല്‍
കൂടെ കിടക്കും ഒരു മീന്‍മണം!