Saturday
16 Feb 2019

മണ്ണാങ്കട്ടേം കരിയിലേം

By: Web Desk | Sunday 30 December 2018 9:20 AM IST

മായ ബാലകൃഷ്ണന്‍

വെറുക്കപ്പെട്ടവരുടെ
ഒതുക്കിവയ്ക്കപ്പെട്ട
മൗനങ്ങളാണ്
കരിയിലകളായ്
പാറിനടക്കുന്നത്.

അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദം
മണ്‍പുറ്റായ് കാല്‍ക്കീഴില്‍
ഞെരിച്ചമര്‍ത്തുകയാണ്.

ചൂണ്ടിയ വിരല്‍ത്തുമ്പില്‍ ലോകം
അസ്തമിക്കാന്‍ വിസമ്മതിച്ച്
വക്കുകള്‍ ഉടഞ്ഞ്
കാല്‍ച്ചുവട്ടിലെ വിഷലിപ്ത —
കണങ്ങള്‍ ഒലിച്ചിറങ്ങി
ഭ്രഷ്ടിന്റെ പരികല്പനകള്‍;
വെറും മണ്ണായ്
കുതിര്‍ന്നു തീരും!

കൊടുങ്കാറ്റും പേമാരിയും വിതയ്ക്കുന്ന
ഭിക്ഷാപാത്രത്തില്‍നിന്ന് പെയ്യാന്‍
ഇടമില്ലാതെ അവള്‍ വീണ്ടും വീണ്ടും
ചുട്ടുപഴുത്ത കാറ്റില്‍
കാതങ്ങള്‍ താണ്ടുകയാണ്.

വെറുക്കപ്പെട്ടവരുടെ
മനസ്സിന്റെ അടിയൊഴുക്കുകളാണ്
കാറ്റിന്റെ കയ്യിലേറി
മോക്ഷംതേടി അലയുന്നവരുടെ
സുവിശേഷം
പറഞ്ഞുകൊണ്ടേയിരിക്കുന്നത്.