പെണ്ണക്ഷരം

Web Desk
Posted on December 30, 2018, 9:00 am

രാജന്‍ കൈലാസ്

1.
ടകളെല്ലാമുരിഞ്ഞുവച്ചേ..
ആഡംബരങ്ങളഴിച്ചു വച്ചേ…
ആലിപ്പഴം പോല്‍ വിശുദ്ധയായി
ആഴിപോല്‍ പരിപൂര്‍ണ്ണ നഗ്‌നയായി..
ഓരോ കതകും തുറന്നു തള്ളി
ഒരു കൊടുങ്കാറ്റായിരച്ചു കേറി…!
ആരിവള്‍? ചോദ്യത്തിനൊട്ടു മുമ്പേ,
ഉത്തരം…‘അക്ഷരം’,
ഇടിമുഴക്കം!!
2.
നഗ്‌നയായ് നില്‍ക്കുന്ന പെണ്ണാണിവള്‍,
അഗ്‌നിയായ് കത്താന്‍ തുടങ്ങുന്നവള്‍
അലങ്കാര മേളങ്ങളൊന്നുമില്ല..
അരഞ്ഞാണവൃത്തങ്ങളേതുമില്ല..
പാണന്റെ വായ്‌മൊഴി പാട്ടുമല്ല,
കാടിന്റെ കാതരശബ്ദമല്ല,
കാണാത്തൊരക്ഷരപ്പെണ്‍സ്വരൂപം
കണ്ടു വിറച്ചൂ കവികളൊക്കെ !!
3.
സൂര്യനെ പോലവള്‍ കത്തി നില്‍ക്കേ
സ്ഥൂലവും സൂക്ഷ്മവും കത്തുകയായ്.…
പേന,കസേര, കടലാസുകള്‍,
കവിതകള്‍, പദ്യങ്ങള്‍, പൂരണങ്ങള്‍
പൊന്നാട, ശില്പങ്ങള്‍, കീര്‍ത്തിപത്രം,
പൊങ്ങച്ചജീവിതപ്പൊയ്കാലുകള്‍..
അത്രയും കത്തിയെരിഞ്ഞമര്‍ന്നേ…
‘അക്ഷരം അഗ്‌നി‘യാണെന്നറിഞ്ഞേ..!!
4.
‘ഏറെ വിശുദ്ധമാമക്ഷരത്തെ
എത്ര മലീമസമാക്കി നിങ്ങള്‍..?’
കണ്ണിലെ തീയൊരു ചോദ്യമാക്കി
തട്ടകം വിട്ടവള്‍ പോയിടുന്നു!!
സര്‍വതും നിശ്ചലമായി നില്‍ക്കേ
പെണ്ണവള്‍ പൊട്ടിച്ചിരിച്ചു പോകേ
തുഞ്ചന്‍ പറമ്പിലെ തത്ത ചൊല്ലി…
നെഞ്ചില്‍ കുരുത്ത കറുത്തവാക്ക്..!
കാഞ്ഞിരത്തില്‍ കാക്ക ഏറ്റുപാടി
അതിജീവനത്തിന്‍ കരുത്തുപാട്ട്!