14 July 2024, Sunday
KSFE Galaxy Chits

‘മണികർണിക’ സ്ത്രീ കരുത്തിന്റെ അരങ്ങനുഭവം

എം കെ ബിജു മുഹമ്മദ്
June 16, 2024 2:05 am

കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമൽസരത്തിൽ ഏറ്റവും മികച്ച നാടകമായി തിരുവനന്തപുരം സൗപർണിക അവതരിപ്പിച്ച മണികർണിക തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തെ തമസ്കരിക്കുന്നവർക്കും സ്ത്രീ സമൂഹത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കും ശക്തമായ താക്കീതാണ് ത്സാൻസി റാണിയുടെ ജീവിത കഥ പറയുന്ന മണികർണിക.
ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് ശക്തികൾക്കെതിരെ സ്വന്തമായി റെജിമെന്റ് സംഘടിപ്പിച്ച സ്വാതന്ത്യത്തിനും മാതൃരാജ്യത്തിനും വേണ്ടി പോരാടിയ മണികർണിക ഒരു സ്റ്റേജിന്റെ പരിമിതിക്കുള്ളിൽ നിന്നും അതിന്റെ എല്ലാ സാധ്യതകളും. ഉപയോഗപ്പെടുത്തി അവതരിപ്പിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യം സൗപർണിക വിജയകരമാക്കി. നാടകത്തിന്റെ രചനയും, സംവിധാനവും നിർവഹിച്ചത് കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാക്കൾ കൂടിയായ അശോക്-ശശിയാണ്. ഇവർ നാടകലോകത്തെ ഏക ഇരട്ട കൂട്ടുകെട്ടാണ് തൃശൂർ കെ ടി മുഹമ്മദ് സ്മാരക റീജിയണൽ തിയേറ്ററിൽ ഉജ്വലമായ അവതരണമാണ് സൗപർണിക കാഴ്ചവെച്ചത്. സ്ത്രീ സാമൂഹ്യ ശാക്തീകരണത്തിന്റെ നേർക്കാഴ്ചയാണ് മണികർണിക. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് പിറന്ന മണ്ണിന് വേണ്ടി പട നയിച്ച ധീര വനിത.

‘ചരിത്രം തിരുത്താനും, യഥാർത്ഥ ചരിത്രത്തെ തമസ്കരിക്കാനും ശ്രമിക്കുന്ന ശക്തികൾക്ക് ചരിത്രത്തിന്റെ പോരാട്ടം കൊണ്ട് മറുപടി നൽകുകയാണ് മണികർണിക. എന്തുകൊണ്ടാണ് ഇത്തരം ഒരു ചരിത്ര രചനയിലേക്ക് പോയത്? നാടകം രചിച്ച് സംവിധാനം ചെയ്ത അശോക് ശശിമാരോട് ചോദിക്കാം. “സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഒട്ടേറെ ധീരരുടെ പ്രതിനിധി കൂടിയാണ് ത്സാൻസി റാണി. അകാലത്തിൽ ഭർത്താവ് മരണപ്പെട്ടു പോയ റാണിക്ക് കുടുംബത്തിൽ നിന്നുതന്നെ നിരവധി വിലക്കുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ ലക്ഷ്യം മാതൃരാജ്യത്തിന്റെ മോചനവും സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരുന്നു. അക്കാലത്ത് ഭർത്താവ് മരിച്ചാൽ ഭാര്യയും ആ ചിതയിൽ ചാടി മരിക്കണം എന്ന കാടൻ നിയമത്തിനെതിരെ റാണി അവരുടെ ജീവിതം കൊണ്ട് സമരം ചെയ്തു. വിധവകൾ തലമുണ്ഡനം ചെയ്ത് നടക്കണമെന്നും വെള്ളവസ്ത്രം ധരിക്കണമെന്നുമുള്ള ആചാരമാണ് ആദ്യം അവർ ലംഘിച്ചത്. ആചാരം ലംഘിച്ച് കൊണ്ട് വീട്ടിലിരിക്കാതെ കുതിരപ്പുറത്ത് പടവാളുമേന്തി പുരുഷൻമാരെപ്പോലെ തന്നെ മാതൃരാജ്യത്തിന്റെ വിമോചനം ലക്ഷ്യമിട്ട് പോരാടാൻ ഇറങ്ങി തിരിച്ചു. വർത്തമാനകാലത്തും ഈ ആശയത്തിന് പ്രസക്തിയുണ്ടെന്ന ചിന്തയിൽ നിന്നാണ് മണികർണികയുടെ പിറവി.” അശോക്- ശശി പറഞ്ഞു.

മികച്ച നാടകത്തിനുള്ള അവാര്‍ഡ് മാത്രമല്ല മണികർണിക നേടിയത്. മികച്ച രണ്ടാമത്തെ നടിയായി മണികർണികയായി വേഷമിട്ട ഗ്രീഷ്മ ഉദയ്, വിവിധ കഥാപാത്രങ്ങളെ തൻമയിത്വത്തോടെ അവതരിപ്പിച്ച സുനിൽ പൂമഠത്തിന് പ്രത്യേക ജൂറി പരാമർശം, ഗാനങ്ങൾ രചിച്ച വിഭു പിരപ്പൻകോട് മികച്ച ഗാനരചയിതാവായും പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനന്റെ മകൻ അനിൽ അർജുനനെ മികച്ച ശബ്ദലേഖകനായും മികച്ച വസ്ത്രാലങ്കാരത്തിന് വക്കം മാഹീനെയും തിരഞ്ഞെടുത്തു.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്ത്രീ കരുത്തിന്റെയും രാജ്യസ്നേഹത്തിന്റെയും അനാചാര നിഷേധത്തിന്റെയും അരങ്ങിന്റെ പുനർജനിയാണ് മണികർണിക.

TOP NEWS

July 14, 2024
July 14, 2024
July 13, 2024
July 13, 2024
July 13, 2024
July 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.