21 April 2024, Sunday

അതെന്റെ ഹൃദയമായിരുന്നു…

പ്രമോദ് പയ്യന്നൂർ/ കെപിഎസി ലീല
February 27, 2022 3:00 am

കെപിഎസി ലളിത എന്ന അഭിനയത്തിന്റെ ജൈവീകത ബാല്യകാല ചലച്ചിത്ര കാഴ്ച മുതൽ മനസ്സിൽ ആദരവിന്റെ ഉൾപ്പെരുക്കങ്ങൾ പകർന്നിട്ടുണ്ടായിരുന്നു. ചാനൽ ജീവിതത്തിൽ ഭരതൻ സാറിനെ കുറിച്ചും, തോപ്പിൽ ഭാസിയെ കുറിച്ചുമൊക്കെ ജീവിത രേഖാചിത്രം ഒരുക്കുവാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ ഓർമ്മ സാക്ഷ്യങ്ങൾക്കായി ഓണാട്ടുകരയുടെ ലാളിത്യത്തോടെ പ്രിയപ്പെട്ട അഭിനേത്രി നിറചിരിയുമായി മുന്നിൽ നിന്നു. ജനകീയ നാടക വേദിയുടെ ന്യൂക്ലിയസറിഞ്ഞ് അരങ്ങിൽ തെളിഞ്ഞ വെളിച്ചം, ചലച്ചിത്രങ്ങളിലെ ദീപസ്തംഭങ്ങളായ കഥാപാത്രങ്ങളായി 600 ഓളം വേഷങ്ങളിൽ പ്രകാശം ചൊരിഞ്ഞു.

ഈ യാത്രക്കിടയിൽ 2006 — ലാണ് അന്നത്തെ സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ വിഖ്യാത അഭിനേതാവ് ഭരത് മുരളി ചേട്ടൻ ശിവാജി സാവുന്തിന്റെ ‘മൃത്യുഞ്ജയൻ’ — എന്ന നോവലിനേയും, രവീന്ദ്രനാഥ ടാഗോറിന്റെ ‘കർണ്ണനും കുന്തിയും’ — എന്ന കവിതയെയും അവലംബിച്ചെഴുതിയ നാടകത്തില്‍ കർണ്ണന്റെ ആത്മ ദുഖങ്ങളുടേയും അനാഥത്വത്തിന്റെയും നോവുകളറിഞ്ഞ് നേരിൽ കാണാനെത്തുന്ന അമ്മയായി പകർന്നാടാനെത്തിയത് പ്രിയപ്പെട്ട ലളിതേച്ചിയായിരുന്നു. അരങ്ങിലേയ്ക്കും അഭ്രപാളിയിലേയും രണ്ട് ഇതിഹാസങ്ങൾക്കു മുന്നിൽ സംവിധായകനെന്ന നിലയിൽ നിയുക്തനായ, ഈയുള്ളവൻ ഒട്ടേറെ ആത്മസംതൃപ്തിയറിഞ്ഞ പരലിരവുകളായിരുന്നു അത്. കർണ്ണനും അർജ്ജുനനുമിടയിൽ യുദ്ധത്തിനും സമാധാനത്തിനുമിടയിൽ, മൃതിയ്ക്കും ജീവിതത്തിനുമിടയിൽ, വിങ്ങുന്ന കുന്തീദേവിയുടെ ആന്തരീക ഭാവങ്ങളുടെ വേലിയേറ്റങ്ങൾ… ജനിച്ച അന്നു മുതൽ അനാഥത്വത്തിന്റെ നോവുകളും അവഹേളനവും സഹിച്ച കർണ്ണന്റെ പൊള്ളുന്ന ചോദ്യങ്ങൾക്കു മുന്നിൽ നിസഹായയായി വിങ്ങുന്ന അമ്മ. അനന്തപുരിയിലെ വൈലോപ്പിള്ളി സംസ്കൃതിഭവൻ കൂത്തമ്പലത്തിൽ സിനിമാ തിരക്കുകൾ മാറ്റിവച്ച് മഹാനടനും, അദ്ദേഹം മഹേശ്വരിയമ്മേ എന്ന് സ്നേഹപൂർവം വിളിക്കുന്ന ലളിതചേച്ചിയും ആർട്ടിസ്റ്റ് നമ്പൂതിരിയും ഒപ്പം പ്രൊഫ. അലിയാറും, സുനിൽ കുടവട്ടൂരും, ജോണി മിഖായേലും ഒക്കെ ഒത്തുചേർന്ന അരങ്ങുഭാഷ. ഭാരതീയ നാടക സമ്പ്രദായങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് നവഭാവുകത്വത്തിന്റെ പുതുരംഗഭാഷയ്ക്കായി ഏവരും ഒരേ മനസ്സോടെ പ്രവർത്തിച്ച പകലിരവുകൾ.

പരിശീലനം പൂർത്തിയാക്കി മുരളിയേട്ടന്റെ ആഫ്രിക്കൻ യാത്രയ്ക്കുശേഷം അവതരണത്തിനായുള്ള ഒരുക്കങ്ങൾ ആസൂത്രണം ചെയ്ത് നമ്മൾ പിരിയുമ്പോഴേക്കും മാതൃതുല്യമായ സ്നേഹവാത്സല്യം ലളിതചേച്ചിയിൽ നിന്നും പലകുറി ഞാൻ അനുഭവിച്ചറിയുകയായിരുന്നു. വേദന തിങ്ങും ഇരുട്ടിന്റെ നാടകമായ ‘മൃത്യുഞ്ജയന്റെ’ ആവിഷ്ക്കാരത്തിനായി കാലം അനുവദിച്ചില്ല. കരുത്താർന്ന പച്ചിലകളെ വൻകാറ്റടിച്ച് പറത്തിക്കളയുവാനാണ് മൃതിയ്ക്ക് പ്രിയമേറെ എന്നു പറഞ്ഞത് വില്യം ഷേക്സ്പിയറാണ്. മൃത്യുഞ്ജയനെന്ന അരങ്ങു സ്വപ്നം സാധ്യമാക്കാനാകാതെ, മുരളിയേട്ടനെ മൃതി കവർന്നെടുത്തപ്പോൾ, പ്രിയപ്പെട്ട ലളിതചേച്ചിയുടെ കണ്ണീരും കർണനെന്ന കഥാപാത്രത്തെക്കുറിച്ചുള്ള കിനാവും പലകുറി നിറകൺമിഴിയോടെ ഞാനും കണ്ടറിഞ്ഞു. ഇത്തിരി സാവകാശമുള്ള ഓരോ കൂടിക്കാഴ്ചയിലും ചേച്ചി പറയും; ”മൃത്യുഞ്ജയൻ നമുക്ക് അരങ്ങിലെത്തിക്കണം മുരളിയ്ക്കുവേണ്ടി.…” ഇതിനൊപ്പം ആ നാടകത്തിലെ വികാര വിക്ഷുബ്ദമായ രംഗങ്ങളെക്കുറിച്ചും മുരളിയേട്ടനോടൊത്തുള്ള അഭിനയത്തിന്റെ രസതന്ത്രത്തെക്കുറിച്ചും രംഗഭാഷയുടെ വേറിട്ട സമീപനത്തോടുള്ള മമതയും ചേച്ചി പറയുമായിരുന്നു. അസുഖ ബാധിതയാകും മുന്നെ, തൃശൂരിൽ വച്ചുള്ള കണ്ടുമുട്ടലിൽ ഒട്ടേറെ കാര്യങ്ങൾക്കൊപ്പം മൃത്യുഞ്ജയന്റെ ഓർമ്മപ്പെടുത്തലും കൂട്ടിച്ചേർത്തു. ഇക്കുറി വാക്കുകൾക്ക് പാഠഭേദമുണ്ടായിരുന്നു. ‘ശരീരത്തിന് വേണ്ടത്ര സുഖം തോന്നുന്നില്ല. ഞാൻ റിഹേഴ്സൽ ക്യാമ്പിൽ വന്നിരിയ്ക്കാം, കുന്തിയുടെ വേഷം നമ്മുടെ മഞ്ജു ചെയ്യും, മഞ്ജുവാര്യരോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്, പ്രമോദ് ആ രംഗാവതരണത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കുവേണ്ട കാര്യങ്ങൾ ചെയ്യണ’മെന്നും കരുതലിന്റെ സ്നേഹത്തോടെ ലളിതേച്ചി പറഞ്ഞു. സത്യത്തിൽ മുരളിയേട്ടൻ വിട പറഞ്ഞപ്പോൾ പകരം വെയ്ക്കാൻ ഒരു കർണനില്ലാത്തതുപോലെ ലളിതചേച്ചിയുടെ പകരത്തിന് ഒരു കുന്തീദേവിയെ സങ്കല്പിക്കുവാനും മനസൊരുക്കമായിരുന്നില്ല. അതിനാൽ തന്നെ പറഞ്ഞു, ”ചേച്ചി ചികിത്സ കഴിഞ്ഞ് വരൂ ആ വേഷം ചേച്ചി തന്നെ ചെയ്യണം.” ആ കണ്ണുകളിൽ ആർദ്രതയുള്ള സ്നേഹം, പ്രത്യാശയുടെ തിളക്കമായി മാറുന്നതും കണ്ടാണ് മനസ് തുറന്ന് ചിരിയ്ക്കുന്ന ലളിതേച്ചിയുടെ സവിധത്തിൽ നിന്നും ഒടുവിൽ പിരിഞ്ഞത്.

2008‑ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ എന്ന കൃതിയും അദ്ദേഹത്തിന്റെ കവിതയായ ‘ലാ ഇലാഹി‘യും ചേർത്ത് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള രംഗഭാഷ കേരളത്തിലെ മുൻനിര നാടക അഭിനേതാക്കളെ വച്ച് ഒരുങ്ങിയത്. ഇതിൽ നോവലിലും അടൂരിന്റെ ചലച്ചിത്രത്തിലും പ്രത്യക്ഷത്തിലെത്താത്ത നാരായണി അരങ്ങിലെത്തി. രംഗവേദിയുടെ സ്ഥലകാലങ്ങളിലൂടെ മതിലിനപ്പുറത്തുള്ള നാരായണിയേയും ഇപ്പുറത്തുള്ള രാഷ്ട്രീയ തടവുകാരനായ ബഷീറിനെയും പ്രേക്ഷകർക്കുമുന്നിലെത്തിച്ച് കാണികളാണ് മതിൽ എന്ന ദൃശ്യ സങ്കല്പം യാഥാർത്ഥ്യമാക്കിയ രംഗഭാഷയ്ക്ക്, അന്ന് ഒപ്പം നിന്നത് നാരായണിയായി വേദിയിലെത്തിയ ലളിതചേച്ചിയും ബഷീറായി വേഷമിട്ട എം ആർ ഗോപകുമാറും എഴുത്തുകാരൻ ബഷീറായി എത്തിയ ഇബ്രാഹിം വേങ്ങരയും കേരളത്തിലെ 40-ഓളം വരുന്ന നാടക അഭിനേതാക്കളുമായിരുന്നു. പാലക്കാട് സ്വരലയയുടെ ബാനറിൽ ടി ആർ അജയൻ എന്ന സാംസ്കാരിക പ്രവർത്തകന്റെ സംഘാടനത്തിൽ, നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുവാൻ ഒരു മാസത്തോളം ലളിതേച്ചിയും പല ഷെഡ്യൂളുകളിലായി റിഹേഴ്സൽ ക്യാമ്പിൽ എത്തിയിരുന്നു. പുതുതലമുറക്കാരോടും സഹ അഭിനേതാക്കളോടും സ്നേഹവായ്പ്പോടെ പെരുമാറുകയും കഥാപാത്രത്തിന്റെ രംഗചലനങ്ങളേയും ശരീരഭാഷയേയും സംഭാഷണത്തിന്റെ കയറ്റിറക്കങ്ങളെക്കുറിച്ചും അത്യന്തം സൂക്ഷ്മതയോടെ ഇടപഴകിയുമാണ് ആ കഥാപാത്രത്തിന്റെ മിഴിവിനായി ഏകാഗ്രതയോടെ റിഹേഴ്സലിന്റെ രാപ്പകലുകൾ കടന്നു പോയത്.

 

തോപ്പിൽഭാസിയെപ്പോലുള്ള പ്രതിഭാധനരുടെ അരങ്ങിൽ പ്രകാശിച്ച അഭിനേത്രി നമുക്കൊപ്പം ചിലവഴിച്ച വേളയിൽ നടകത്തോടും കഥാപാത്രത്തോടും പുലർത്തിയ നീതിയും സൂക്ഷ്മതയും സംവിധായകനെന്ന നിലയിൽ എനിക്ക് കുറേക്കൂടി പ്രായോഗികതയുടെ പാഠങ്ങൾ നല്കുന്നവയായിരുന്നു. ഇടനേരങ്ങളിൽ പഴയകാല നാടക അനുഭവങ്ങൾ പറയുന്ന ലളിതേച്ചി ‘ഹെഡ് മാഷ്’ എന്നാണ് ക്യാമ്പിൽ, സ്നേഹത്തോടെ എന്നെ വിളിച്ചിരുന്നത്. നാടക പാഠങ്ങൾ പറഞ്ഞ്, സൂക്ഷ്മതയോടെ പ്രായോഗികമാക്കുന്ന ശൈലി ചേച്ചിയ്ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് കാണാമറയത്തു നിന്നും പലരോടും പറഞ്ഞറിഞ്ഞത് എനിയ്ക്ക് നല്കിയ സർഗ്ഗോത്സാഹം ചെറുതല്ല. മതിലുകളുടെ ആദ്യ ഷെഡ്യൂളിനൊടുവിൽ പണ്ഡിറ്റ് രമേഷ് നാരായണൻ പശ്ചാത്തല സംഗീതത്തിനായി നൊട്ടേഷൻ എടുത്ത് പിരിഞ്ഞപ്പോഴാണ് കമ്മ്യൂണിസ്റ്റ് നേതാവായ ഭാര്യാ പിതാവ് തോപ്പിൽ ഗോപാലകൃഷ്ണന്റെ വിയോഗം. രണ്ടാം ഷെഡ്യൂളിന്റെ കൂടിച്ചേരലിൽ ലളിതേച്ചി പലകുറി ചോദിച്ചതും പറഞ്ഞതും അച്ഛനെക്കുറിച്ചായിരുന്നു. തോപ്പിൽ ഭാസിയും കെപിഎസിയും വള്ളിക്കുന്നം എന്ന ഓട്ടാണുകര ഗ്രാമവും ചേരുന്ന ഓർമ്മകളിൽ ലളിതേച്ചി തോപ്പിൽ ഗോപാലകൃഷ്ണൻ എന്ന മിതഭാഷിയും സംഘാടന പാടവവുമുള്ള സഖാവിനെക്കുറിച്ച് ഒട്ടേറെ നന്മയാർന്ന ഓർമ്മ തെളിച്ചങ്ങൾ പങ്കുവച്ചു. കഴിഞ്ഞ വർഷം തോപ്പിൽ ഗോപാലകൃഷ്ണൻ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പുരസ്ക്കാര ദാനച്ചടങ്ങിൽ എത്താമെന്നും പറഞ്ഞു. പക്ഷെ… ആശുപത്രിയും ചികിത്സയും ആ വരവിന് തടസ്സമായി. അപ്പോഴും ഫോണിന്റെ അങ്ങേത്തലയ്ക്കലിൽ നിന്നും സ്നേഹാദ്രതയോടെ പറഞ്ഞു. അവിടുള്ളോരൊക്കെ എന്റെ കുടുംബക്കാരാ. പ്രമോദ് എന്നെ കല്യാണത്തിന് ക്ഷണിച്ചത് ഒരുനാൾ മുന്നെയാണെന്നോർമ്മ യുണ്ടല്ലോ.

അന്ന് കല്യാണത്തിനു വന്ന് എല്ലാവരേയും കാണണോന്ന് ഞാനെത്ര ആശിച്ചതാണെന്നോ. കൈരളി ടി വിയിലെ ചില പ്രോഗ്രാമുകൾ മുൻകൂട്ടി സ്റ്റോക്ക് ചെയ്യുവാനുള്ള ഓട്ടപ്പാച്ചിലിൽ തലേന്ന് ലളിതേച്ചിയെ ക്ഷണിച്ചതും ചേച്ചി ഷൂട്ടിംഗ് മാറ്റാൻ ശ്രമിച്ചതും എന്നാൽ കഴിയാത്തതിലുള്ള സ്നേഹ ശകാരവും ഞാൻ പലകുറി കേട്ടിട്ടുണ്ട്. ജോൺ ബ്രിട്ടാസിന്റെ ജെ ബി ജങ്ഷനിൽ, തന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തുമ്പോൾ, അതിനായി ചേച്ചി നല്കിയ പന്ത്രണ്ട് പേരുകളിൽ ഒന്ന് എന്റേതുമായിരുന്നു എന്നത് മാത്രം മതി ആ മനസിലെ സ്നേഹക്കരുതലിന്റെ ആഴമറിയാൻ. പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കൈരളി ടി വിയുടെ ക്രിയേറ്റീവ് ഡയറക്ടറുമായിരുന്ന പ്രിയപ്പെട്ടട ബാബു ഭരദ്വാജ് ലളിതേച്ചിയുടെ ജീവിതത്തെക്കുറിച്ചെഴുതിയ ‘കഥ തുടരും’ – എന്ന പുസ്തകത്താളിലും പയ്യന്നൂരിലെ പയ്യനെ ഓർത്തെടുത്ത് പറഞ്ഞതും ലളിതേച്ചി യായിരുന്നു. പല പ്രസംഗങ്ങളിലും സിദ്ധാർത്ഥിനെപ്പോലെ എനിക്കു പ്രിയപ്പെട്ട മകനാണിവൻ എന്ന വാക്കുകളും മറക്കുവതെങ്ങിനെ.…

ഭാരത് ഭവന്റെ ഒട്ടേറെ കൂട്ടായ്മകളിൽ ലളിതേച്ചി വന്നതും ഒരു ലോക നാടക ദിനത്തിൽ നാടകരംഗത്തെ 10 വിഖ്യാത സർഗ്ഗാത്മക വനിതകളെ ആദരിക്കുന്ന ചടങ്ങിൽ നിലമ്പൂർ ആയിഷ, പി കെ മേദിനി, സേതുലക്ഷ്മി, ബിയാട്രസ്, ലീലാ പണിക്കർ തുടങ്ങിയവരെ ആദരിക്കുന്നതിനൊപ്പം ലളിതേച്ചിയും എത്തിയിരുന്നു. ശെമ്മാങ്കുടി സ്മൃതി നവീകരണ വേളയിൽ വിളിച്ചപ്പോൾ ഒരുപാടുനേരം ഡോക്ടർമാർ പറഞ്ഞ ശാരീരികാവസ്ഥകളെക്കുറിച്ചും വേദനകളെക്കുറിച്ചും പറഞ്ഞു. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്. ഗ്രാമീണ മനസ്സോടെ, അമ്മയുടെ വാത്സല്യത്തോടെ അത്രമേൽ ഒപ്പം ചേർത്ത്, പ്രതിഭാധനയായ സ്ത്രീ എനിക്കാരാണ്? ലളിതേച്ചിയില്ലാത്ത ലോകത്തെ ശൂന്യതയിൽ.… സ്നേഹ സാന്നിദ്ധ്യങ്ങൾ ഓരോന്നായി ചിറകടിച്ചകലുന്ന കാലത്ത്, അനാഥത്വത്തിന്റെ നോവ് വീർപ്പുമുട്ടിക്കുമ്പോൾ… മതിലുകളിലെ നാരായണിയുടെ സംഭാഷണങ്ങൾ അന്തരീക്ഷത്തിൽ വേറിട്ട ശബ്ദമായി പ്രിയപ്പെട്ട ലളിതേച്ചിയുടെ സ്വരഭാവങ്ങളിൽ മുഴങ്ങുന്നുണ്ട്.
നാരായണി: ബഷീർ… ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ?
ബഷീർ: എന്താ നാരായണി ഇത്ര സംശയം?
നാരായണി: ഇല്ല… മറന്നു കളയും
ബഷീർ: ഒരിക്കലുമില്ല… നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്…
മതിലുകളുടെ നാടകാവിഷ്ക്കാരത്തിൽ ബഷീർ സാഹിത്യ പ്രപഞ്ചത്തിൽ നിന്നും നാരായണിയുടെയും ബഷീറിന്റെയും മനസ്സിനിണങ്ങിയ വാക്കുകൾ സംഭാഷണങ്ങളായി രൂപാന്തരപ്പെട്ടപ്പോൾ, മതിലിനപ്പുറത്തു നിന്നും ചെമ്പനീർ പൂവ് എറിഞ്ഞു കൊടുത്ത ബഷീർ നാരായണിയോട് ചോദിച്ചത് നമുക്കീ വേർപാടിന്റെ വേദനയോടെ മൃത്യുവിനോട് ചോദിയ്ക്കാം.
ആ പൂവ് നീ എന്തു ചെയ്തു?
ഞാനത് ചവിട്ടിയരച്ചു കളഞ്ഞു.
അതെന്റെ ഹൃദയമായിരുന്നു…

എങ്ങനെ മറക്കും ആ നാളുകള്‍

കെപിഎസിയിൽ വച്ചാണ് ലളിതയെ ആദ്യമായി കാണുന്നത്. തോപ്പിൽ ഭാസി, കെ പി ഉമ്മർ, കെപിഎസി സുലോചന ഒപ്പം ഞാനുമുള്ള ഹാളിലേക്കാണ് ലളിത കടന്നുവന്നത്. ഭാസിച്ചേട്ടൻ ലളിതയോട് ചോദിച്ചു പാടാൻ അറിയാമോ? ഉടനെ വന്നു ലളിതയുടെ മധുരമായ ശബ്ദത്തിൽ ‘ചെപ്പുകിലുക്കണ ചങ്ങാതി.…’ അടുത്ത ചോദ്യം ഡാൻസ് ചെയ്യാനറിയാമോ? ഒട്ടും അമാന്തിച്ചില്ല നൃത്തചുവടുകളോടെ ലളിത ഞങ്ങളുടെ മുമ്പിൽ നിറഞ്ഞു. പാട്ടും നൃത്തവും അഭിനയവും ഒരുപോലെ കൊണ്ടുപോയതാണ് ലളിതയുടെ വിജയ രഹസ്യം. തുടർന്ന് ഏഴ് വർഷക്കാലം ‘ഒരേ ഇലയിൽ ഉണ്ട്, ഒരേ പായിൽ കിടന്നുറങ്ങി’ ഞങ്ങൾ കാലം കഴിച്ചു. ‘ശരശയ്യ’യിൽ ഗേളിയുടെ വേഷമാണ് ലളിത ചെയ്തത്. പിന്നീട് ‘യുദ്ധകാണ്ഡ’ത്തിൽ ചെറിയ വേഷം ഞങ്ങൾ രണ്ടാളും ചെയ്തു. ‘കൂട്ടുകുടുംബ’ത്തിൽ എന്റെ ചേച്ചിയായിട്ടാണ് ലളിത വേഷമിച്ചത്. ‘തുലാഭാര’ത്തിൽ ഞാൻ നായികയായപ്പോൾ ലളിതയാണ് ഉപനായികയായി അഭിനയിച്ചത്.
ഒരിക്കൽ പോലും ഞങ്ങൾ പിണങ്ങിയിട്ടില്ല. നാടകകാലത്ത് ഞങ്ങൾ ഒന്നിച്ചായിരുന്നു പലപ്പോഴും കെപിഎസിയിലേയ്ക്ക് പോകുന്നത്. ഞാൻ മൂവാറ്റുപഴയിൽ നിന്ന് കയറുന്ന അതേ ബസിൽ തന്നെ ലളിത ചങ്ങനാശേരിയിൽ നിന്ന് കയറും. മരിക്കാത്ത ഓർമ്മകളാണ് കെപിഎസിയുമായി ബന്ധപ്പെട്ടുള്ളത്. അന്ന് വാനിൽ കാട്ടിലൂടെയൊക്കെയായിരുന്നു പലപ്പോഴും നാടകം കളിക്കാൻ പോയിരുന്നത്. പോകുന്ന വഴിയിൽ മാങ്ങയും നെല്ലിക്കയുമൊക്കെ പറിച്ച് കഴിച്ച്, വാനിൽ ഇരുന്ന് പാട്ടുംപാടി കഥകൾ പറഞ്ഞ്… എങ്ങനെ മറക്കും ആ നാളുകള്‍. ലളിത പിന്നീട് സിനിമയിലേയ്ക്ക് പോയി. വിവാഹത്തിനുശേഷം ഞാൻ അഭിനയം ഉപേക്ഷിച്ചു. ഒരിക്കൽ മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ ലളിത കൊല്ലത്തെത്തി. പക്ഷേ എനിക്ക് പോകാൻ കഴിഞ്ഞില്ല. ലളിതയുടെ മകന്റെ വിവാഹത്തിന് പങ്കെടുത്തുകൊണ്ട് ഞാൻ ആ കടം വീട്ടി. അഭിനയത്തിന്റെ 50 വർഷം പൂർത്തിയാക്കിയ വേളയിൽ തൃശൂരിൽ സംഘടിപ്പിച്ച ‘ലളിതം 50’ എന്ന പരിപാടിയിൽ എന്നെയും ക്ഷണിച്ചിരുന്നു. നാടക രംഗത്ത് നിന്നുള്ള പ്രതിനിധിയെന്ന നിലയിൽ ആ പരിപാടിയുടെ ഭദ്രദീപം കൊളുത്തിയത് ഞാനായിരുന്നു. ലളിത പ്രസംഗവേളയിൽ എന്നെ അടുത്ത് നിർത്തി ഇങ്ങനെ പറഞ്ഞു; ”യഥാർത്ഥത്തിൽ ഇവിടെ നിൽക്കേണ്ടിയിരുന്നത് ലീലയാണ്.” ജയരാജും മമ്മൂട്ടിയും ഉൾപ്പെടെ സിനിമാലോകത്തെയും നാടകലോകത്തെയും പ്രഗത്ഭർ ഉള്ള വേദിയായിരുന്നു അത്. വർഷങ്ങളുടെ ഇടവേളയ്ക്കൊടുവില്‍ ജയരാജിന്റെ സിനിമയിലൂടെ ഞാൻ അഭിനയരംഗത്തേക്ക് വീണ്ടും എത്തിയത് ഈ സംഭവത്തിനുശേഷമാണ്.
‘ഹോം’ എന്ന സിനിമ കണ്ടപ്പോൾ ലളിത വല്ലാതെ ക്ഷീണിച്ചിരിക്കുന്നതായി തോന്നി. അപ്പോൾ തന്നെ ഞാൻ ലളിതയെ വിളിച്ചു. എന്ത് പറ്റി വല്ലാതെ ക്ഷീണിതയാണല്ലോ എന്ന ചോദ്യത്തിന് ”വലിയ സുഖമില്ല ലീലേ… ” എന്ന് മാത്രം പറഞ്ഞു. പിന്നീട് ലളിത സുഖമില്ലാതെ കിടപ്പിലാണെന്നറിഞ്ഞ ഞാൻ വീട്ടിൽ പോയി കണ്ടിരുന്നു. അപ്പോഴേയ്ക്കും മറ്റുള്ളവരെ തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ ആരോഗ്യം മോശമായിരുന്നു. രൂപം പോലും മാറിയിരുന്നു. അപ്പോൾ എനിക്ക് തോന്നി കാണേണ്ടിയിരുന്നില്ല. ഈ രൂപമല്ലല്ലോ എന്റെ മനസ്സിലുണ്ടായിരുന്നത്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.