ഭാവാധിക്യം കൊണ്ട്
തകർന്നു പോകുന്നുണ്ട്
മറവിയുടെ രൂപഭദ്രത
മൂന്നക്ഷരത്തിൽ
തങ്ങിനിൽക്കാതെ
ഊർന്നു വീഴുന്നു അർഥങ്ങൾ
ഭൂതത്തെ അപ്പാടെ തകർത്ത്
ജീവിച്ചിരിക്കെ നമ്മെ ചരിത്രമാക്കും
മറവി
മറന്നുപോയെ, ന്ന് കൈമലർത്തുന്ന -
നിസ്സഹായത
കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുത്തും
ഓർമ്മിക്കാനുള്ളതില്ലെന്ന്
ചുരുങ്ങിപ്പോകും നമ്മൾ
ഒരൊറ്റ മറവിയിൽ
ഉയരത്തിലെ ഒരു കസേര
എന്നേയ്ക്കും കൈവിട്ടിരിക്കും
മറക്കുമോ? എന്നാകുമ്പോൾ
ഉള്ളകം ഉൽകണ്ഠയിൽ
നീറുന്നുണ്ടാകും
മറക്കണം എന്ന ശാസനയിൽ
ആദ്യം ഇരയും പിന്നെ
വേട്ടക്കാരനും വേവും
മറക്കാം എന്ന് വാക്കിടറി
കണ്ണടച്ച് കൈകൂപ്പി
നെടുവീർപ്പിടാം
കാലത്തോടും വിധിയോടും
സമരസത്തിലാകാൻ
മറക്കില്ല എന്നത്
ഒരു ഉറപ്പാണ്
മനസ്സുകളുടെ ഉടമ്പടിയാണ്
പ്രതീക്ഷയുടെ വെളിച്ചത്തിൽ
കാത്തിരിപ്പിന്റെ
കൂടാരത്തിന്
കാവലാകുന്ന
ഉറപ്പ്
മറവി
