December 9, 2023 Saturday

രാമായണത്തിലെ സീത

കാട്ടാമ്പള്ളി നിഷ്കളൻ
September 11, 2022 3:12 am

രാമാ! ഞാനശുദ്ധയല്ലെന്നഗ്നി ദേവ സാക്ഷ്യം
പ്രാമാണ്യമല്ലായ്കിലോ പാകൃതം തവപേക്ഷ!
ഞാനിതാ പോകുന്നമ്മ, ഉർവ്വിതന്നുത്സംഗത്തിൽ
ജാനകിയായിട്ടല്ല; രാമ പരിത്യക്തയായ്
രാജസൂയത്തിലന്ത്യ യാത്ര ചോദിപ്പല്ലി, തു-
രാജസ നിഷിദ്ധമാം രാജ്ഞിതന്നന്തർദ്ധാനം!
വിട ചൊൽകയുമല്ല, വേപഥു വിലയമായ്
നെടുനാൾ നെറുകയിൽ നിറഞ്ഞ നിവേദനം:
ചാരിത്രം സംവാദമാം സഭയിൽ ഹതാശ ഞാൻ
നാരീജന്മാത്താലാർക്കും വ്യാജപമാനം വരാം
രാക്ഷസ നൃപനെന്നിൽ രാഗത്തിനടുക്കാതെ
സാക്ഷാലെൻ പാതിവ്രത്യം ദിവ്യശക്തിയായന്നും;
ശിംശപച്ചോട്ടിന്നാരാൽ വാരയും പോകാത്തെന്നിൽ
സംശയമരുതൊട്ടും ആര്യരാമയോദ്ധ്യരിൽ.
വായുപുത്രനന്നാദ്യം നേരിൽ ഗോചരമായെൻ
കായത്തിൽ കളങ്കിതം കലരാത്തവസ്ഥയും
തല്പശുദ്ധിയിൽ വികല്പത്തിനാൽ പത്നീത്യാജ്യം
കല്പിച്ചതനാർദ്രത ധർമ്മിഷ്ഠനാമങ്ങയിൽ?
നീതിജ്ഞൻ സീതാരാമനെന്നല്ലോ പ്രജാമതം-
പാതമായ്
പലവിധ നീതികേടുണ്ടോതുവാൻ
ബാലിനിഗ്രഹം ന്യായം, കിഷ്കിന്ദാ ദേശത്ത, തു-
പോലാകാ; തപം ചെയ്ത ശംബുകാ വധം കാട്ടിൽ!
ആരണപ്പൈതൽ മൃതിയായതാ തപസ്സാലെ-
ന്നാരോപം കേട്ടു ശൂദ്ര യോഗിയെ ഹനിച്ചില്ലേ ?
ധർമ്മമോക്ഷാർത്ഥമവ, നങ്ങയാൽ ഹതനാവാൻ
ബ്രഹ്മർഷിമാർ സ്വാർത്ഥരായ് ചൊന്നകഥ കല്പിതം,
ആർഷഭാരത ഋഷിയഗ്രരിൽ ബഹുവർണർ
ഭൂഷണമവർക്കുള്ളിൽ ബോധവും സാധുത്വവും
ശൂദ്രനാമവധൂതൻ ധ്യാനിച്ചെന്നപഭ്രംശം
മാതമേ ചെയ്തുള്ളതിൻ ശിക്ഷമാരണമാമോ ?
ഏതു ജാതിയാം മർത്യ ഹത്യയും നരാധമം-
നീതിമാൻമാർക്കാവുമോ, സാധുമുനീസംഹാരം ?
വേദങ്ങൾ പഠിക്കുവാൻ പാടില്ല ശൂദ്രർക്കെന്നു-
വാദിക്കും വരേണ്യരാലാലേഖം പുരാണങ്ങൾ
ചത്ത ദ്വിജപുത്രനു തൈലദോണിയിൽ, പുനർ-
സത്വമേകുമ്പോഴതിൻ അർഹരുണ്ടനവധി;
ഗുഹനും ജടായുവും ആഞ്ജനേയനവർണ-
സഹയോഗിമാരത; ശംബുകൻ നിരസ്തനോ?
അവർണ തപസ്വിയാൽ വിപ്രജാതനു മൃത്യു-
അവലോകനം ചെയ്താൽ അസഹിഷ്ണുത ഹേതു ?
സന്യാസമാവിഷ്കാര സ്വതന്ത്ര്യം; അതിൽ ഭവാൻ
സന്നിവേശിക്കു; നവോത്ഥാനം നാടറിയട്ടെ!
സ്ത്രീപക്ഷ വിരുദ്ധനായ് ആസുരാംഗനമാരേ-
വ്യാപന്നമാക്കുന്നങ്ങിൽ കേവലമൊരു സ്ത്രീ ഞാൻ!
താടക, ശൂർപ്പണഖ ആദിയാരണ്യ സ്ത്രീകൾ
കാടകം പിടഞ്ഞില്ലേ ഖരമാരിചർ പോലെ
കാന്തയാം ഞാനും കാടിൻ രാക്ഷസി സമമിപ്പോൾ
കാന്താരം പൂകി ഭത്തൃ പീഡിതയാവാൻ വിധി
അറിയാതശുദ്ധയായ് ശിലയായഹല്യയിൽ
പുറം കാൽ സ്പർശത്തിനാൽ ശാപമോക്ഷവും നൽകി;
ആ പുറവടി പുണ്യം പാപമുക്തവുമെങ്കിൽ
ആ പാദമെന്തേ തൊട്ടില്ലെൻ പാപ രാഹിത്യത്തിൽ?
ആ അഹല്യയേക്കാൾ ഞാനപരാധം ചെയ്തുവോ-
ഈ അയോനിജപ്പിഴ നിശേഷം നിരാധാരം
വന്ദ്യനായയോദ്ധ്യയിൽ വാഴേണ്ട ഭൂപൻ, പ്രജാ-
നിന്ദനം വിപാകമായന്ത്യത്തിലലട്ടുമ്പോൾ
ആദ്യ ദുരഭിമാന ഘാതകനായ് ശീരാമൻ
വേദ്യമാകരുതേ; ഞാൻ ഭൂമി പൂകിടുമ്പോഴും
ഈ യാത്ര എനിക്കേകമായല്ല, പാരിൽ ഭാവി
സായൂജ്യം തേടും സ്ത്രീകൾക്കായാദ്യ വിമോചനം
രാമനല്ലയനം രാമായണം വാഗ്വർത്ഥത്തിൽ-
രമ ഞാൻ! അയനമെൻ, ‘രമായൺ’- രാമായണം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.