5 October 2024, Saturday
KSFE Galaxy Chits Banner 2

അരുണഭാസുരം

സി പി ശ്രീലേഖ തിരുമല
July 30, 2023 2:38 am

വൃദ്ധന്റെ സ്മരണയിൽ തെളിഞ്ഞു മന്ദം മന്ദം
കഴിഞ്ഞ നാളിൻ ചിത്രം ഒട്ടുമേ മങ്ങിടാതെ
പീളയാൽ പൊതിഞ്ഞൊരാ അവ്യക്തരൂപങ്ങളിൽ
മിഴികൾ നട്ടു വൃദ്ധൻ തെല്ലിട നിന്നുപോയി
കാലപാശത്താൽ തന്നെ വരിയാനടുത്തൊരു
കാലനും ലാൽസലാം പറയാൻ മറന്നില്ല
തനിക്കുമുമ്പേ പോയ തൻ പ്രിയസഖിയുടെ
തനുവിൻ ഗന്ധമേറ്റ മണ്ണിൽ നിന്നൊരു പിടി
വിറയാർന്നൊരു കരതാരിലായ് വാരിച്ചേർത്തു
ഗദ്ഗദസ്വരത്താലേ ഇവ്വണ്ണമുരചെയ്താൽ
മാപ്പു നൽകുക, തോഴി നീയെന്നിൽ പകർന്നൊരാ-
സ്നേഹത്തിൻ ചൂടുതിരിച്ചേക്കുവാനല്ലാതില്ല
കാത്തു നിന്നില്ല കാലം നിൻ കരം പിടിച്ചിന്നീ -
വീഥിയിൽ നടക്കുവാൻ മോഹമുണ്ടെനിക്കേറ്റം
മനസിൽ നിറഞ്ഞൊരാ വിപ്ലവ സൂക്തങ്ങളിൽ
മുഴുകിയല്ലോ മമ ജീവിതം മറന്നു ഞാൻ
എങ്കിലും പ്രിയേ നിന്റെ കണ്ണുകളീറനാവാൻ
കാരണമായതില്ലാ എന്നുടെ പ്രവൃത്തികൾ
അടിമത്തത്തിൻ പെരും ചങ്ങല പൊട്ടിക്കുവാൻ
നിശബ്ദം കരഞ്ഞീടും നാടിനെ രക്ഷിച്ചീടാൻ
അടരിൽ മുമ്പേ പോയി ഇൻക്വിലാബ് സിന്ദാബാദെ -
ന്നുച്ചത്തിൽ വിളിച്ചു ഞാൻ കൈ മേലോട്ടുയർത്തവേ
ഉയർന്നു എന്നോടൊപ്പമായിരം കൈകളപ്പോൾ
ഉയർന്ന ഇന്ത്യയാകെ സോഷ്യലിസ്റ്റ് തത്ത്വങ്ങളാൽ
പിന്നൊരു പ്രഭാതത്തിൽ സ്വതന്ത്രയായുളെളാരു
ഇന്ത്യതന്നങ്കണത്തിൽ ചേർന്നിതു ഞങ്ങളെല്ലാം
ഐക്യത്തിൽ മന്ത്രണങ്ങൾ ആകാശത്തുയരുമ്പോൾ
തൃപ്തനായ് ഞാനും ചുണ്ടിൽ വിരിഞ്ഞു മന്ദസ്മിതം
കാറ്റിലെ കരിയില പോലയാ ചിന്ത തൻ
താളൊന്നുമറഞ്ഞിതു നിമിഷ നേരത്താലെ
ഗാർഹിക കാര്യങ്ങളിൽ തെല്ലിട മുഴുകിയാ-
നെഞ്ചകം വിങ്ങുന്നുവോ കവിളീറന്നണിയുന്നുവോ
ദാമ്പത്യവല്ലരിയിലാദ്യമായ് വിരിഞ്ഞൊരാ
പെൺപൂവിൻ സ്മരണയാൽ വിടർന്ന മുഖമല്പം
അവളാൽ ധന്യയായി പിതാവിന്നന്തരംഗമെങ്കിലോ
ദൂരെയല്ലോ ജാമാതാവിൻ ഗേഹം
പുത്രരും പ്രശത്ഭരായി തീർന്നിതു രാഷ്ട്രീയത്തിൽ
സൗഭഗതയല്ലോ ഭൂവിൽ ഞാനെന്നും ചൊല്ലി പലർ
അല്ലെന്നു പറകവയ്യെന്നിലെയെന്ന ഞാനും
പൂർണനായ് തീർന്നു എന്നാലാവുന്ന വിധത്തിൽ ഞാൻ
മന്നിതിൽ മർത്യജന്മമന്ത്യത്തോടടുക്കുമ്പോൾ
സ്മരിപ്പൂ ഭൂതകാലം സ്വയവും പരൻതാനും
വ്യഥകൾ തിങ്ങുന്നൊരെൻ ഹൃത്തിലേക്കമൃതമായ്
വാക്കുകൾ വിതറിയൊരെൻ സഖാക്കളെ നന്ദി
അരനൂറ്റാണ്ടിലേറെ ചെങ്കൊടി പാറിച്ചൊരാ
നല്ല നാളുകളിതാ അസ്തമിക്കുകയായി
എങ്കിലുമാശിപ്പേൻ, വിസ്തൃതമാനവതതിയെ സാക്ഷിയാക്കി
ഇനിയും പ്രഭാമയമേറെയാക്കിടും കാന്തി സ്നേഹ-
സുന്ദര പാതയൊരുക്കി മാനുഷരെ
സമതാ പുലരിയിൽ നിറുത്തിടും നിർണയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.