ശങ്കരപ്പിള്ളയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

Web Desk
Posted on March 18, 2018, 10:27 am

അനില്‍ നീണ്ടകര

കള്ളം പറയുമ്പോള്‍
ശങ്കരപ്പിള്ളയുടെ നാവില്‍
ഒരുതരം ദുഷിച്ച കയ്പുനീര്‍
ഊറിവരും.
ചരിത്രത്തില്‍നിന്ന്
ഒരു കരിമ്പടം വന്നു പൊതിയും.
ചപ്പുചവറുകള്‍
മേല്‍ക്കുമേല്‍ വീണ്
ഉള്ളിലെ വിളക്കണയും.

ആപ്പീസില്‍ നിന്ന്
ബഡ്‌റൂമില്‍ നിന്ന്
പ്രസംഗമണ്ഡപങ്ങളില്‍ നിന്ന്
ഇടയ്ക്കിടെ തുപ്പാനിറങ്ങുമ്പോള്‍
സ്വയം ശപിച്ചു.

പിന്നെപ്പിന്നെ
വേദികളില്‍
ആ സ്ഥാനം ഒഴിഞ്ഞുകിടന്നു .
മൗനത്തിന്റെ കയങ്ങളില്‍
ഒളിവുജീവിതം ശീലിച്ചു.

ഒരിക്കല്‍
പിതാമഹരുടെ
ധ്യാനപ്പുകയേറ്റു കറുത്ത
കാഞ്ഞിരച്ചോട്ടില്‍
നെറ്റിയില്‍ വിയര്‍പ്പുമായിരിക്കെ,
ക്രിസ്തുരൂപത്തില്‍ വന്ന
വിവേകം ശാസിച്ചു:
‘അല്പവിശ്വാസീ നീ പാറയാകൂ’

പിള്ള പാറയായി നേരിലുറച്ചു.
പിള്ളനാവില്‍
കാട്ടുതേനിന്റെ ഉറവപൊട്ടി.

ശത്രുക്കള്‍
കയ്പ് കുടിച്ചു തുടങ്ങി.