‘ആസുര കാലത്തിന്റെ അസഹിഷ്ണുതകളില്‍ അരങ്ങ് അഭയം തേടുന്നത് എവിടെയാണ്?

Web Desk
Posted on March 25, 2018, 8:20 am

മാര്‍ച്ച് 27 ലോകനാടക ദിനം

മാനവീകതയുടെ ഹരിത ഭൂമികകളില്‍
നിസ്സ്വവര്‍ഗ്ഗത്തിന്റെ തണലിടങ്ങളില്‍
അപരന്റെ വിശപ്പറിയുന്ന മനസ്സുകളില്‍
വെയില്‍ വഴികളിലെ തണ്ണീര്‍ തടങ്ങളില്‍
കൂട്ടായ്മയുടെ പ്രകാശ ഗോപുരങ്ങളില്‍
സാഗര ഗര്‍ജ്ജനങ്ങളുടെ കരുത്തില്‍
നമ്മള്‍ ഒന്നാണെന്ന തിരിച്ചറിവില്‍…

ചെറുത്ത് നില്‍പ്പിന്റെ ഉയിര്‍പ്പില്‍
അരങ്ങ് ഭാഷകളുടെ ആഴക്കനവില്‍
വാക്കുരിയാട്ടത്തിന്റെ മുഴങ്ങി പരപ്പില്‍
ദൃശ്യ സമ്മോഹനത്തിന്റെ മിഴിവില്‍
രംഗ വേദിയുടെ കനല്‍ച്ചിമിഴില്‍
സര്‍ഗ്ഗസപര്യയുടെ സമയകാലങ്ങള്‍ ഊതി തെളിയിക്കുന്നോര്‍
നോവു കടലുകളെ അതിജീവിച്ച് പുതുഭൂഖണ്ഡങ്ങള്‍ തീര്‍ക്കുന്നോര്‍
ഹൃദയം ചെമ്പനീര്‍ പൂക്കളായ് അരങ്ങിന് അരിഞ്ഞ് നല്കുന്നോര്‍
അവര്‍ക്ക് പേര്‍ — നാടകക്കാര്‍

ബഹ്ത്തിയന്‍ ഭാഷകളില്‍ ലോകത്തെ മാറ്റിമറിക്കുന്നോര്‍
യുറിപ്പിഡസും സോഫോക്‌ളീസും ഷേക്‌സ്പിയറും ഇബ്‌സനും
ചെക്കോവും ബ്രഹ്ത്തുമായി ചിന്തിപ്പിക്കുന്നോര്‍
ഭരതമുനിയും ഭവഭൂതിയും ഭാസനും കാളി ദാസനുമായി
വേദികകളില്‍ കരഞ്ഞ് ചിരിക്കുന്നോര്‍
ഫാസിസത്തോട് പൊരുതി ചോര പൂവായ്
ചിതറി തെറിച്ച സഫ്ദര്‍ ഹാഷ്മിയെ -
നെഞ്ചേറ്റുന്നോര്‍
അവര്‍ നമ്മള്‍…

നമുക്ക് ഒത്തു ചേരാന്‍, ഒപ്പം ചേര്‍ന്ന് ഉയിര്‍ക്കാന്‍
അരങ്ങിന്റെ അരണിയില്‍ നിന്നും
സര്‍ഗ്ഗാത്മക കലാപത്തിന്റെ ഒരു നെരിപ്പോട്
വിശ്വമാനവികതയുടെ ആഗ്നേയം

ലോക നാടക ദിനം

പ്രമോദ് പയ്യന്നൂര്‍

(നാടക-ചലച്ചിത്ര സംവിധായകന്‍)