ഏദന്‍ തോട്ടം

Web Desk
Posted on May 27, 2018, 8:10 am

ഏദന്‍തോട്ടത്തിന്‍റെ തുള്ളിത്തുളുമ്പുന്ന
യൗവ്വനകാലത്താണ് അവര്‍ വന്നത്.
പൂക്കളും പഴങ്ങളും ചെടികളിലും മരങ്ങളിലും
നിറങ്ങളും സുഗന്ധവും ചിതറിച്ചു.
കിളിപ്പാട്ടുകളും ശലഭ നത്തങ്ങളും
പ്രണയ പശ്ചാത്തലം ഒരുക്കുകയും ചെയ്തു.
മുന രാകിയ അറപ്പു വാളും മഴുവും
ബലം കനത്ത കയറും അവര്‍ കരുതിയിരുന്നു.

അപ്പോള്‍ ഹവ്വ പറഞ്ഞു “ദൈവമേ
എന്തോരം വണ്ണമാ ഈ വീട്ടിമരത്തിന് ”
ആദം പറഞ്ഞു “ ഇലവരെ കാതലാ
കുറഞ്ഞത് ആയിരം വര്‍ഷത്തെ പഴക്കം ”
“ ഇനി ഒരഞ്ച് വര്‍ഷം കുറഞ്ഞാലെന്താ
കട്ടിക്കാതലില്‍ വീട്ടിക്കട്ടില്‍ ഹായ്”

ഇലകളും പൂക്കളും കായ്കളും
അരിഞ്ഞു വീഴ്ത്തപ്പെടുകയും
മരങ്ങള്‍ 4ത4, 2/6 അളവുകളിലേക്ക്
ചുരുങ്ങുകയും ചെയ്തു.
തേക്ക്, വീട്ടി, ചന്ദനം മാഞ്ചിയം
പേരുകള്‍ പൊലിഞ്ഞ് ഉരുപ്പടികളായി.

ഏദനില്‍ ഇപ്പോള്‍ സംഗീതമില്ല.
ഒച്ച നിലച്ച ജീവി വര്‍ഗ്ഗങ്ങളും
നിശ്ശബ്ദം കരയുന്ന ജീവികളും മാത്രം.
വിവാദം തീര്‍ത്ത ആപ്പിള്‍ മരം
മാദകപ്പഴവും പേറി പുഞ്ചിരിച്ചു.
അറിവ് കൊടുക്കാന്‍ കാത്തിരുന്ന പാമ്പിനും
പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല.

ആദം “ദേ പഴയ സാധനം, പറിക്കട്ടേ ”
ഹവ്വ പറഞ്ഞു “ പൊന്നേ വേണ്ട പൊല്ലാപ്പ് ”
അപ്പോള്‍ നാണം തോന്നിയത് പാമ്പിന്
അത് ഇഴഞ്ഞിഴഞ്ഞ് മാളത്തിലേക്ക്.

ഇഞ്ചക്കാട് ബാലചന്ദ്രന്‍