Sunday
21 Jul 2019

ഗ്രാമക്കുട്ടി

By: Web Desk | Sunday 7 April 2019 10:30 AM IST


ശ്രീകൃഷ്ണദാസ് മാത്തൂര്‍

കാലം മങ്ങി,
സിഗ്‌നല്‍ കമ്പികള്‍
അറുത്തിട്ട മുറിവായില്‍
ചിരി തിളപ്പിക്കുമ്പോള്‍

അതില്‍ വെന്തുവോയെന്ന്
നീ കൊത്തിയെടുത്ത
നെടിയ റേഷനരി പൂത്ത
ധവള വസന്തത്തില്‍
നിന്റെ നിറവയറിന്
ഞാനൊരു ഉമ്മ കൊടുത്തു.

ഗ്യാസടുപ്പിന്നൊന്നാം ബര്‍ണ്ണറില്‍
കുട്ടിയെപ്പോലെ പതുങ്ങും
ജ്വാല എന്നാകട്ടെയിവള്‍ക്കു പേര്.

നഗര പത്മവ്യൂഹം തുളച്ച്
ഗ്രാമക്കൊടി പറത്താന്‍ പോന്ന
ഏഴു തിരി വെളിച്ചമാകട്ടെ
ഇവള്‍ക്ക് സിസേറിയന്‍ നക്ഷത്രം.

ഇവള്‍ക്കായി നാമടിച്ചുകൂട്ടും
വെട്ടുകല്‍ ഭിത്തിയില്‍
ഉത്സവത്തിന്റെ സ്‌നേഹവാതായനം.

എന്നൊക്കെ പുനിതം പറഞ്ഞ്
ഇന്നിപ്പോള്‍ ഐസിയുവില്‍
കരയാത്ത കുട്ടിക്ക് വേണ്ടി
ഈരണ്ടു നേര്‍ച്ച വിളക്കുകള്‍ നാം.

എന്റെ കുഞ്ഞേന്ത്യേ എന്ന്
പരതിപ്പരതി നീയൊടുക്കം
കൈ ഞെരിച്ചെന്നോടാരായുന്നു,
പത്മവ്യൂഹം കടക്കാനിവള്‍ക്ക്
ഉപായമെന്തേ പറഞ്ഞു കൊടുത്തില്ല…