Saturday
16 Feb 2019

ഒടി

By: Web Desk | Sunday 13 January 2019 8:45 AM IST

ശിവപ്രസാദ് പാലോട്

സമയത്ത് ചാറി
ചിറിയൊലിപ്പിച്ചപ്പോള്‍
മഴ ഒടിമറിഞ്ഞു വന്ന വെയിലായിരുന്നു

ഉച്ചിയില്‍ പൂ ചൂടിച്ച്
വേവിച്ച വെയില്‍
ഒടിമറിഞ്ഞുവന്ന മഴയായിരുന്നു

വയറുകത്തിയത്
തൊണ്ടവരണ്ടത്
ഒടിമറിഞ്ഞ വിശപ്പും ദാഹവുമായിരുന്നു

പ്രണയമെന്ന തണല്‍
ഒടിമറിഞ്ഞ ചതി
പുഞ്ചിരികളെല്ലാം
ഒടിമറിഞ്ഞ ഏതേതോ കരച്ചിലുകള്‍

ആട്ടിന്‍ കുട്ടിയുടെ
കൊടിയടയാളം വച്ചു വന്നത്
കൊതിനാവിറ്റിക്കും ചെന്നായ
യജമാനനായിരിക്കുന്നത്
അറവുകാരന്‍

പകലായി ഒടിമറിഞ്ഞെത്തുന്ന
ഈ രാത്രിയില്‍
ഞാന്‍ തന്നെ ഒടിമറിഞ്ഞെത്തിയ
മറ്റൊരാളാണെന്ന്
എല്ലാ കിനാവുകളും
ചുരമാന്തുന്നു…