പച്ച

Web Desk
Posted on May 12, 2019, 3:50 am

അനീഷ് ദേവരാജന്‍

കണ്ണു തുറക്കുമ്പോള്‍
മൃണ്മയരൂപത്തിലേയ്ക്ക്
ശ്വാസമൂതിക്കയറ്റി ചുമയ്ക്കുന്ന
ദൈവത്തെയാണ് കണ്ടത്.
ചുമയ്‌ക്കൊടുവില്‍ അദ്ദേഹം പറഞ്ഞു.
നിന്നെ പ്രപഞ്ചത്തിന്റെ
പച്ചയിലേയ്ക്ക് ഞാന്‍ അഴിച്ചുവിടുന്നു.
പച്ച എന്നിട്ടും ഞാന്‍ കണ്ടില്ല.
എന്റെ ഏകാന്തതയുടെ വാരിയെല്ലൂരി
ദൈവമെനിക്കായി ഒരു പ്രതിബിംബമുണ്ടാക്കി
വൈരസ്യം തീര്‍ന്നില്ലല്ലോ
പച്ചയും പച്ചപ്പും ഞാന്‍ കണ്ടില്ല.
മരമിറങ്ങിയ നാഗം പറഞ്ഞു: നിന്റെ
നാഭിയില്‍ തിളങ്ങുന്നത്
എന്റെ മുത്താണെന്ന്.
എന്നിട്ടും പച്ചപ്പ് ഞാന്‍ കണ്ടില്ല
ഒരാപ്പിള്‍ പറിച്ചിട്ട് നാഗം പറഞ്ഞു:
നീയറിയാത്ത ആപ്പിളുകളുടെ
രഹസ്യം നിന്നില്‍ തന്നെയെന്ന്
എന്നിട്ടും ഇലയുടെ പച്ച ഞാനറിഞ്ഞില്ല
അങ്ങനെയാണ് ദൈവം വിലക്കിയ
ആപ്പിള്‍ ഞങ്ങള്‍ ഭുജിച്ചത്.
അപ്പോള്‍ അവളുടെ നാഭിയില്‍ ഒരില;
നടുഞരമ്പുള്ള ഒരില ഞാന്‍ കണ്ടു.
പച്ച നിറത്തില്‍ നാണം പൂണ്ട്
അവള്‍ മറ്റൊരു ചെടിയുടെ ഇല പറിച്ച്
എന്റെ നാഭി മറച്ചു.
അവള്‍ പറഞ്ഞു:
നോക്കൂ ഒരു പോലെ.
ഞങ്ങള്‍ ഇലകളായി.
ഇലകള്‍ക്കിടയില്‍ ഞാനുണര്‍ന്നു.
ഇലകള്‍ ചേര്‍ത്ത് ഞങ്ങള്‍
ഒരു ഭൂമി സൃഷ്ടിച്ചു.
ഭൂമി നിറയെ
പച്ച നിറഞ്ഞ ഭൂമികള്‍
പച്ച നിറയെ ഭൂമികള്‍.