പ്രണയസഖി

Web Desk
Posted on October 28, 2018, 7:51 am

സജിത്കുമാര്‍

യിരുന്നു ഞാന്‍ എരിവേനലില്‍
വെന്ത് വിണ്ട ഒരു വേനല്‍പ്പാടം.
ഒരൊറ്റത്തുള്ളിയാല്‍ അന്നെന്റെ നെഞ്ചില്‍
കുളിരായിറങ്ങിയ നീയെന്‍ പ്രണയമഴ

ആയിരുന്നു ഞാന്‍ മരുഭൂമിയില്‍
എങ്ങനെയോ എത്തപ്പെട്ട ഒരു കരിയില.
ഒരൊറ്റ വീശലാല്‍ അന്നെന്നെ നെഞ്ചില്‍ ചേര്‍ത്ത് പറത്തി
കൊണ്ടുപോയ നീയെന്‍
പ്രണയമാരുതന്‍

ആയിരുന്നു ഞാന്‍ കൂരിരുട്ടത്ത്
ഒറ്റയ്ക്ക് പേടിച്ചു പതുങ്ങിയ ഒരു മുല്ലവള്ളി.
ഒരൊറ്റ ഉദിക്കലാല്‍ അന്നെന്നെ തഴുകി
സുഗന്ധം പരത്തിച്ച നീയെന്‍ പ്രണയ നിലാവ് .…

ആയിരുന്നു ഞാന്‍ ഇല പൊഴിഞ്ഞ
കിളി ഒഴിഞ്ഞ വാകതന്‍ അങ്ങേയറ്റത്തെ കൊമ്പ്
ഒരൊറ്റ പുലരിയാല്‍ അന്നെന്നില്‍ പൂക്കള്‍
വിതറി ചുവപ്പിച്ച നീയെന്‍ പ്രണയ വസന്തം .…..

ആയിരുന്നു ഞാന്‍ കല്‍ച്ചുമരിന്‍
മുകള്‍നിരയിലൊട്ടിച്ചേര്‍ന്ന് കിടന്ന ഒരു മണ്‍തരി
ഒരൊറ്റ തിരയാല്‍ അന്നെന്നെ കോരിയെടുത്ത്
കൊണ്ടുപോയ നീയെന്‍ പ്രണയസാഗരം.….

ആയിരുന്നു ഞാന്‍ ശോകസ്വപ്‌നങ്ങള്‍
ഏന്തിയേകനായി അലഞ്ഞ ഒരു പാന്ഥന്‍.
ഒരൊറ്റ ചുംബനത്താല്‍ അന്നെന്നെ രാഗബന്ധനത്തിലാക്കി തടവിലിട്ട
നീയെന്‍ പ്രണയസഖി.….……