സൂയിസൈഡ്

Web Desk
Posted on May 12, 2019, 10:45 am

അന്‍സാരി റഹുമത്തുള്ള

നിശബ്ദരാവില്‍ ആകാശം
നക്ഷത്രങ്ങളോട്
അടക്കം പറയുന്നത്
കേട്ടു ഞങ്ങള്‍.

തിങ്ങിനിറഞ്ഞ പ്രണയാത്മാക്കളെ
കുടിയിരുത്താന്‍
മേഘവനങ്ങളില്‍
ഇടമില്ലാപോലും..!!

സൂയിസൈഡ് പോയിന്റില്‍ നിന്നും
ഞങ്ങള്‍
രണ്ടു വഴിയിലൂടെ ജീവിതത്തിലേക്ക്
തിരികേ നടന്നു.

വിധി

നിന്നോടൊപ്പം നടന്നുനടന്ന്
തളര്‍ന്നിട്ടും തേയ്മാനം വന്നിട്ടും
പിന്നെയുമഗ്‌നി സ്ഫുടം
ചെയ്തു വീണ്ടും
പുനര്‍ജ്ജനിച്ച ഞാന്‍.
ഫുട് വെയര്‍ ഷോപ്പിലിരിക്കേ
നീ തന്നെ വീണ്ടുമെന്നെ
കാലിലെടുത്തണിഞ്ഞല്ലോ.!!

കപ്പല്‍

കടലില്‍ മുങ്ങിത്താണുപോയ
കപ്പലിനെ കുറിച്ചായിരുന്നു
രണ്ടു മത്സ്യങ്ങള്‍ അന്വേഷിച്ചത്.
ആ കപ്പലില്‍ രണ്ടാം നിലയിലെ
ലക്ഷ്വറി മുറിയിലായിരുന്നവര്‍
ഇന്നലെവരെ താമസിച്ചിരുന്നത്…