Sunday
21 Jul 2019

താളപ്പെരുക്കം

By: Web Desk | Sunday 12 May 2019 3:41 AM IST


മായാ ബാലകൃഷ്ണന്‍

ഒരു സമയസൂചി സദാ
കാലത്തിനു ചുറ്റും ഓടുന്നുണ്ട്.
ജീവന്റെ എല്ലാ കുതിപ്പും
കിതപ്പും അറിയാതെ
മിടിക്കുന്ന താളമായ് അത് ഓടുകയാണ്
പിന്തിരിഞ്ഞ് ഓടിയാല്‍ തെറ്റുന്നത്
ആരുടെ താളമാണ്? കിതയ്ക്കുന്നത്
ആരുടെ ശ്വാസമാണ്?
അമ്മ ചുട്ട അപ്പവും കഴിച്ച്
വാരിത്തിരുകിയ ബാഗും എടുത്ത്
ബസ് പിടിക്കുമ്പോള്‍,
ആശുപത്രി ടിക്കറ്റ്കൗണ്ടറിനു
മുന്നിലെ ക്യൂവില്‍ നില്ക്കുമ്പോള്‍,
പരീക്ഷാഹാളിലെ
അവസാനമണിയും മുഴങ്ങുമ്പോള്‍,
നിരങ്ങിനീങ്ങുന്ന പെരുവഴിയിലെ
വെയില്‍ ഇടവഴി കയറുമ്പോള്‍
അറിയാതെ ഒന്ന് നിലച്ചുപോയാല്‍
അനാദിയായ കാലം ഇവിടെ
മിടിപ്പുകളില്‍ കിതയ്ക്കുന്ന
താളപ്പെരുമ കൊട്ടിക്കേറുന്നത്
എവിടേക്കാണ്?
അവിടെ,കാലത്തിനു പിടികൊടുക്കാതെ
അനശ്വരതയില്‍ ലയിച്ച്;
ഒരു ദീര്‍ഘശ്വാസബിന്ദു
ഓരോ മിടിപ്പിലും ടിക് ടിക് മുഴക്കി
നിത്യം അനന്തതയില്‍
ചിതറിവീഴും.