Sunday
20 Oct 2019

ചരിത്രം വന്നു വിളിക്കുമ്പോള്‍….

By: Web Desk | Sunday 24 March 2019 8:30 AM IST


പി കെ സബിത്ത്

കുട്ടത്ത് കുന്നിയൂര്‍ നാരായണകുറുപ്പെന്ന പേര് കേള്‍ക്കുമ്പോള്‍ അത്ര പരിചയം കാണില്ല. എന്നാല്‍ ഡോ. കെ കെ എന്‍ കുറുപ്പ് എന്ന ചുരുക്കെഴുത്ത് ഇന്ന് നമുക്കെല്ലാം സുപരിചതമാണ്. കര്‍ഷകത്തൊഴിലാളികള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചരിത്രമുണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ അക്കാദമിക് തലങ്ങളിലേക്ക് കൊണ്ടുവന്ന ഡോ. കെ കെ എന്‍ കുറുപ്പിന്റെ ഉദ്യമങ്ങള്‍ ചരിത്ര രചനയിലെ ഏടാണ്.

ഭൂതകാലത്തിന്റെ ചിതലരിച്ചതും അടര്‍ന്നുവീണുപോയതുമായ ചരിത്രരഥ്യയിലേക്ക് വെളിച്ചം പകര്‍ന്നുകൊണ്ട് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ് ഈ 80 വയസ്സുകാരന്‍. സാമാന്യ വല്കരിച്ചുകൊണ്ട് ഒരിക്കലും ഈ കാലഘട്ടത്തെ വാര്‍ധക്യം എന്ന് വിളിക്കാന്‍ കഴിയില്ല. കാരണം സമൂഹത്തിന്റെ ബോധ മനസില്‍ ഉറച്ചു പോയ വാര്‍ദ്ധക്യ സങ്കല്‍പങ്ങള്‍ കെ കെ എന്‍ കുറുപ്പ് എന്ന പണ്ഡിതനെ പരിചയപ്പെടുമ്പോള്‍ ആകെ മാറിയിരിക്കും. കോഴിക്കോട് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവയില്‍ ഇരുന്ന സമയവും ഇപ്പോഴുമെല്ലാം ഇദ്ദേഹം ഒരു പോലെ കര്‍മ്മ നിരതനാണ്. വിവിധ സര്‍വ്വകലാശാലകളിലെ സെമിനാറുകള്‍, മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിലുള്ള ബഹുതല സ്പര്‍ശിയായ പ്രവര്‍ത്തനങ്ങള്‍, നിരന്തരമായ ഗവേഷണങ്ങള്‍… ഇവിടെയും അവസാനിക്കുന്നില്ല, കവിതയെഴുത്തിലും സജീവമാണ് കെ കെ എന്‍ കുറുപ്പ്. എണ്‍പതിന്റെ നിറവിലും ചടുലമായ ഭാഷയില്‍ അദ്ദേഹം സംസാരിച്ചു തുടങ്ങി…

ഹൃദയമായ അനുഭങ്ങളുടെ ഭൂതകാലം

ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ഒരുപാട് സ്വാതന്ത്ര്യം അനുഭവിച്ചായിരുന്നു വളര്‍ന്നത്. പ്രകൃതിയും മനുഷ്യരും ഉള്‍പ്പെടുന്ന സര്‍വ്വചാരാചരങ്ങളും തമ്മിലുള്ള ആത്മബന്ധങ്ങളുടെ കാലമായിരുന്നു അത്. വടകരയിലെ കുഞ്ഞിപ്പള്ളിയ്ക്കടുത്ത് എന്റെ വീടിന് സമീപമുള്ള കോവുക്കല്‍ കടവുകടന്നാണ് കരിയാട്ടെ സ്‌കൂളില്‍ എത്തുക. കടത്തുകാരനെ വളരെ ദൂരത്തായി കാണാം. ആണ്ടി എന്ന കൊച്ചുപയ്യനാണ് കടത്തുകാരന്‍. അവന്റെ കൈയില്‍ നിന്ന് ചുക്കാന്‍ വാങ്ങി യാത്രയിലുടനീളം ഞങ്ങളായിരിക്കും വഞ്ചി തുഴയുന്നത്. ഇക്കരെയെത്തിയാല്‍ വയല്‍ വരമ്പിലൂടെയുള്ള നടത്തം സുഖശീതളമായ കാറ്റിനൊപ്പമുള്ള വയലിന്റെ ഹൃദ്യയ സംഗീതവും അകമ്പടിയായി കേള്‍ക്കാം. കര്‍ഷകര്‍ രാവിലെ തന്നെ കൃഷിയിലേര്‍പ്പെട്ടിട്ടുണ്ടാവും. അവരുടെ അധ്വാനമെല്ലാം ഞങ്ങള്‍ കാണുന്ന സ്ഥിരം കാഴ്ചയാണ്. സ്‌കൂളിലെത്തിയാല്‍ അധ്യാപകരെല്ലാം ചേര്‍ന്നുള്ള മറ്റൊരു ലോകം. നമ്മുടെയെല്ലാം പില്‍ക്കാല ജീവിതത്തെ ഇതെല്ലാം സ്വാധീനിച്ചിട്ടുണ്ടാകണം. ചരിത്രരചനയില്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍ കാരണം ഭൂതകാല അനുഭവങ്ങള്‍ തന്നെയാണ്. നാം കടന്നു വന്ന കാലവും ജീവിച്ച പരിസരങ്ങളുമൊക്കെയാണ് പിന്നീടുള്ള കാലത്തെ നിര്‍ണയിക്കുന്ന ഘടകം. ഒരു ചരിത്രകാരനായി മാറിയത് സ്വാഭാവികമായ മാറ്റമായി കണക്കാക്കാവുന്നതാണ്.

ബഹുസ്വരതയാണ് ചരിത്രം

അധികാരത്തിന്റെ തെറ്റായഇടപെടലുകളാണ് സുതാര്യമായ ചരിത്രരചനയ്ക്ക് വിഘാതമായി നിലകൊള്ളുന്നത്.അധികാരത്തിലിരിക്കുന്നവര്‍ അവരുടെതാല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ചരിത്രം നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള വ്യഗ്രതയാണ് കാണിക്കുന്നത്. സമകാലീന ഇന്ത്യയുടെ അവസ്ഥതന്നെ നല്ല ഉദാഹരമാണല്ലോ? ജനാധിപത്യം എന്ന സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും ആ സംവിധാനത്തിന്റെ സുതാര്യതയും സ്വാതന്ത്ര്യവുമെല്ലാം ഹനിക്കപ്പെടുകയാണ്. തല്‍പര കക്ഷികളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ചരിത്രരചന തികച്ചും ജനാധിപത്യവിരുദ്ധമാണ്. വസ്തു നിഷ്ഠതയില്ലാത്ത ചരിത്രമാണ് അവിടെ നിര്‍മ്മിക്കപ്പെടുന്നത്. കൊളോണിയല്‍ രീതി ശാസ്ത്രം പിന്‍തുടരുന്ന ചരിത്രരചനാരീതിയാണ് ഒരു കാലത്ത് നാം മാതൃകയായി സ്വീകരിച്ചത്. അത് യഥാര്‍ത്ഥത്തില്‍ നമ്മുടെ പൈതൃകമായ സംസ്‌കൃതിയെ പ്രോത്സാഹിപ്പിക്കുന്നില്ല. സ്വന്തം ദേശത്തുതന്നെ അപരവല്‍കരിക്കപ്പെടുന്ന ജനതയെ സൃഷ്ടിക്കുക മാത്രമാണ് അത്തരം രചനാരീതികൊണ്ടുള്ള ഫലം. അതേസമയം അതിഗൂഢമായ ഉദ്ദേശ ലക്ഷ്യങ്ങള്‍ അതിനകത്ത് അന്തര്‍ലീനമായിരിക്കും. പാശ്ചാത്യസംസ്‌കാരത്തോട് ബോധപൂര്‍വ്വം ആരാധനയും അഭിനിവേശവും സൃഷ്ടിക്കുക എന്നത് കൊളോണിയല്‍ ചരിത്രരചനയുടെ പ്രാഥമിക ലക്ഷ്യമാണ്. സ്വന്തം നാട്ടില്‍ വൈദേശിക സംസ്‌കാരത്തോട് ഭ്രമം പുലര്‍ത്തുന്ന സമുഹം ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു എന്നത് ഭൂതകാല ചരിത്ര നിര്‍മിതിയുടെ ബാക്കി പത്രമാണ്. എന്നാല്‍ കൊളോണിയല്‍ വിരുദ്ധമായ ചരിത്രരചനയും ഇവിടെ രൂപം കൊണ്ടിരുന്നു. ശൈഖ് സൈനുദ്ദീന്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹീദ്ദീന്‍’ എന്ന ചരിത്ര ഗ്രന്ഥത്തെക്കുറിച്ച് നമുക്കെല്ലാം അറിയാമല്ലോ? നമ്മുടെ നാട്ടില്‍ തന്നെ രൂപം കൊണ്ട സ്വതന്ത്രമായ ചരിത്രഗ്രന്ഥമാണത്. സാമൂതിരിരാജാവിനു വേണ്ടിയും സ്വന്തം ദേശത്തിനു വേണ്ടിയും ജീവന്‍ തന്നെ ബലയര്‍പ്പിക്കണമെന്ന് ഇതില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വലിയൊരു ദര്‍ശനത്തിന്റെ ഭാഗമായാണ് ഇത്തരം ചിന്തകള്‍ ഉയര്‍ന്നു വരികയും അത് ചരിത്രത്രതിന്റെ ഭാഗമായി മാറുകയും ചെയ്തത്. ഇത്തരമൊരു ബഹുസ്വരത സൃഷ്ടിച്ച വൈകാരികതയുടെ ഭാഗമായാണ് സാമൂതിരിക്ക് ജാലിയന്‍ കോട്ട പിടിച്ചെടുക്കാന്‍ സാധിച്ചത്. ജാതിക്കും മതത്തിനുമെല്ലാം അതീതമായ ഒരു ചരിത്രബോധമാണ് ഇത്. മതനിരപേക്ഷമായ ചരിത്രമാണ് ഇവിടെ രൂപം കൊള്ളേണ്ടത്. കുഞ്ഞാലി മരയ്ക്കാരൊക്കെ കാലക്രമേണ ചരിത്രത്തില്‍ നിന്നും തമസ്‌കരിക്കപ്പെടുമായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള തപാല്‍സ്റ്റാമ്പ് പുറത്തിറക്കാന്‍ കോഴിക്കോട് സര്‍വ്വകാലാശയുടെ വൈസ്ചാന്‍സലറായിരുന്ന കാലം എനിക്ക് വലിയ ശ്രമം തന്നെ നടത്തേണ്ടി വന്നു. ഒരു പക്ഷെ അന്ന് വലിയൊരു ഇടപെടല്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ കുഞ്ഞാലി മരയ്ക്കാരുടെ ചിത്രം എന്ന പേരില്‍ ഒരു സിനിമാനടന്റെ പടം സ്റ്റാമ്പില്‍ വരുമായിരുന്നു. ലോകത്തെ ഒരു ആര്‍ക്കൈവ്‌സിലും കുഞ്ഞാലി മരയ്ക്കാരുടെ പടമില്ല. ഈക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് പ്രതീകാത്മകമായ പായവഞ്ചിയുട പടവും കുഞ്ഞാലിമരയ്കാരുടെ പേരും വെച്ച് സ്റ്റാമ്പ് പുറത്തിറങ്ങിയത്.

ചരിത്രം ബലിയാടാകുമ്പോള്‍

വ്യാഖ്യനങ്ങള്‍ ചരിത്രമായി മാറുന്നു എന്നത് ഇന്ന് നമ്മുടെ ചരിത്രരചന അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ്. വാസ്തവത്തില്‍ വ്യാഖ്യാനങ്ങള്‍ ഒരിക്കലും ചരിത്രമായി മാറാന്‍ പാടില്ല.ഒരേ സംഭവത്തിന് വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വസ്തുതകള്‍ക്കപ്പുറമാണ് പല വീക്ഷണങ്ങളും. മതചിന്തകളെയും ജാതി ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് അത് വഴിമാറി പോകുന്നത് വ്യാഖ്യാനങ്ങള്‍ക്ക് അമിതമായ പ്രാമുഖ്യം നല്‍കുന്നതുകൊണ്ടാണ്. ഒരു ചരിത്രകാരന് വിഭിന്നമായ വീക്ഷണങ്ങളും ആശയങ്ങളുമുണ്ടാക്കാം. പക്ഷെ അതെല്ലാം ഒരു തെളിവുമില്ലാതെ രചനയിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ഒരിക്കലും ആശാസ്യമല്ല. കൊളോണിയല്‍ സ്വാധീനമുള്ള ചരിത്ര രചന ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന കാര്യ നമ്മെല്ലാം ഓര്‍ക്കേണ്ട വസ്തുതതയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ലണ്ടനില്‍ സംസാരിച്ച കാര്യം തന്നെയെടുക്കാം. കോളനിഭരണം കൊണ്ട് ഇന്ത്യയ്ക്ക് ഏറ്റവും അധികം നേട്ടമുണ്ടായി എന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. ഇത് തികച്ചും വിരുദ്ധമായ കണ്ടെത്തലുകളാണ്. ഇന്ത്യ ഇന്നും ദരിദ്രനാരായണന്മാരുടെ ഇന്ത്യയായി മാറാന്‍ കാരണം കോളനി വല്‍കരണം മാത്രമാണ്. ഇത്തരം വസ്തുതകളെ വ്യക്തമായി വെളിപ്പെടുത്താന്‍ കഴിഞ്ഞത് രമേഷ് ചന്ദ്രദത്ത എന്ന ഒരേയൊരു ചരിത്രകാരന്‍ മാത്രമാണ്. ഇങ്ങനെയുള്ള കണ്ടെത്തലുകളെ തുടര്‍ന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം ഭൂതകാലത്തിന്റെ ആധിപത്യത്തില്‍ തന്നയോ? പൂര്‍ണ്ണ സ്വരാജാണോ? എന്ന ചരിത്രപരമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ഇത്തരം ചര്‍ച്ചകളും സംവദാങ്ങളുമെല്ലാം പിന്നിട്ട് നാം ദീര്‍ഘദൂരം സഞ്ചരിച്ചെങ്കിലും ജാതിമത ചിന്തകള്‍ ഇന്ത്യയെ അനുദിനം പ്രാകൃതമാക്കുകയാണ്. മതനിരപേക്ഷ ചരിത്രമെഴുതുന്നവര്‍ക്ക് ഒരു സ്ഥാനവുമില്ലാത്ത കാലമാണിത്. ഗോവിന്ദപന്‍സാരെ ശിവജിയെക്കുറിച്ച് എഴുതിയത് മതനിരപേക്ഷ ചരിത്രമായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തിനു സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്നു. ചരിത്രാംശമുള്ള ഗ്രന്ഥം രചിച്ചത്തിന്റെ പേരില്‍ ജീവന്‍ തന്നെ ബലികൊടുക്കേണ്ടിവരിക എന്നത് സമകാലീന ഇന്ത്യയുടെ അവസ്ഥായാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഫണ്ടിംഗ് ഏജന്‍സികള്‍ എല്ലാം ജാതിക്കും മതത്തിനും വേണ്ടി ചരിത്രം നിര്‍മ്മിക്കുന്നതിന് പണം യഥേഷ്ടം ചെലവഴിക്കുകയാണ്. അധികാരത്തിന്റെ രാഷ്ട്രീയമാണിത്. മതത്തിനു വേണ്ടി മാത്രം ചരിത്രം നിര്‍മ്മിക്കുക്കുകയും അതിനെ രാഷ്ട്രീയമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇന്ന് നടക്കുന്നത്.അവിടെയാണ് യഥാര്‍ത്ഥത്തില്‍ ചരിത്രം ബലിയാടാക്കപ്പെടുന്നത്. എല്ലാവരും ചരിത്രത്തില്‍ ഇടം പിടിക്കാനുള്ള മത്സരത്തിലാണ്. ഫണ്ടമെന്റലിസ്റ്റികളും ചെയ്യുന്നത് അതാണ്.

രചനയുടെ ജനകീയ മുഖം

അധികാരത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം ചരിത്രനിര്‍മ്മിതിയൊകെ ഇത്തരമൊരു കാഴ്ചപാടില്‍ രൂപപ്പെടുത്തണം. മലബാറിലെ കര്‍ഷക സമരങ്ങളെപ്പറ്റി ഗവേഷണം നടത്തുമ്പോള്‍ ഞാന്‍ മുന്നോട്ട് വെച്ച ആശയം അങ്ങനെയുള്ളതായിരുന്നു. ഇന്നും ആഗോള വല്‍്കരണം നല്ലതാണെന്നും അതാണ് ശരി എന്നും പറയുന്ന എത്രയോ ചരിത്രകാരന്‍മാര്‍ ഇന്ത്യയിലുണ്ട്. സാമ്പത്തികമായി ഏറ്റവും ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവര്‍ക്കാണ് ആഗോളവത്കരണത്തിന്റെ ഗുണം ലഭിക്കുകന്നത് എന്നകാര്യം വ്യക്തമാണ്.ഇത്തരം സഹാചര്യത്തിലാണ് ജനകീയ ചരിത്രരചനയ്ക്ക് പ്രസക്തിയേറുന്നത്.സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായവര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ചരിത്രരചനയുടെ ഭഗമാക്കണം. ചരിത്രരചനയെ ദന്തഗോപുരത്തില്‍ നിന്നും ജനങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പലഘട്ടങ്ങളിലും നടത്താന്‍ ശ്രമിച്ചിട്ടുള്ളത്. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടുള്ള രചനാസാങ്കതമാണത്. വയനാട്ടിലെ കര്‍ഷക ആത്മഹത്യയെ പറ്റിയുള്ള ഗവേഷണങ്ങള്‍ അത്തരത്തില്‍ ഒന്നാണ്. അവഗണിക്കപ്പെടുന്നവരെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റേയും മുഖ്യധാരയിലേക്ക് കൊണ്ടുവരണം. സ്വതന്ത്രവും മതനിരപേക്ഷമായ ചിന്തയും ഉണ്ടെങ്കില്‍ മാത്രമേ ഇതെല്ലാം സാധ്യമാകുകയുള്ളു.

ഭാവന വസ്തുതയെ തമസ്‌കരിക്കരുത്

ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നില്ല. സാമൂഹികശാസ്ത്രം എന്ന വിഷയം സൈദ്ധാന്തികമായി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. പഴശ്ശിരാജാവ് വെയേറ്റുമരിച്ചതോ?ആത്മഹത്യയോ? എന്ന വിവാദം നമ്മുടെ നാട്ടിലുണ്ടാക്കിയത് ചരിത്രകാരന്മാര്‍ തന്നെയാണ.് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് രേഖകളില്‍ തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു വിവാദം ഉണ്ടാക്കാന്‍ വ്യക്തമായകാരണമുണ്ട്. പഴശ്ശിയുടെ തലയ്ക്ക് അന്ന് വലിയൊരു തുക ഇനാം പ്രഖ്യാപിച്ചിരുന്നു. ഇത് കൈക്കലാക്കാന്‍ വേണ്ടി ഒരു വ്യാജ രേഖ ഉണ്ടായിക്കിയതാണ്. മലയാളത്തില്‍ ഇറങ്ങിയ ചരിത്ര സിനിമകളില്‍ പോലും അമിതമായി ഭാവനകള്‍ കലര്‍ത്തി വസ്തുതകളെ തമസ്‌കരിക്കുകയാണ്.
പഴശ്ശിരാജാവിനെ സിനിമയില്‍ ഫ്യൂഡല്‍ പ്രമാണിയായിട്ടാണ് ചിത്രീകരിച്ചത്.കൊളോണിയല്‍ സങ്കല്‍പത്തിന് എതിരായ കാഴ്ച്ചപ്പാടൊന്നും സിനിമയിലൂടെ ആവിഷ്‌കരിക്കുന്നില്ല. പഴശ്ശി യഥാര്‍ത്വത്തില്‍ ജനങ്ങള്‍ക്കിടയിലാണ് ജീവിച്ചത്. ബ്രീട്ടീഷുകാരുടെ രേഖയില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടാണ് പഴശ്ശിക്ക് ഇത്രയധികം അനുയായികള്‍ ഉണ്ടായത്. പഴശ്ശി ഫ്യൂഡല്‍പ്രഭുവിനെ പോലെ വീണ വായിച്ചിരിക്കുന്നതൊന്നും ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഇല്ലാത്തകാര്യങ്ങളാണ് ഭാവന കലര്‍ത്തി സിനിമയില്‍ പ്രദര്‍ശിപ്പിച്ചത്. കൃത്യമായ ഗവേഷണം നടത്തിവേണം സമൂഹത്തിനു മുമ്പിലേക്ക് ഒരു കാലസൃഷ്ടിയെ അവതരിപ്പിക്കേണ്ടത്. പഴശ്ശി കുതരിപ്പുറത്ത് പോകുന്നതൊക്കെയാണ് സിനിമയില്‍ അതിഭാവുകത്വം കലര്‍ത്തികാണിക്കുന്നത്. വാസ്തവത്തില്‍ മുട്ടോളം എത്തുന്ന മുണ്ടും ഉടുത്ത് ചുവന്ന തൊപ്പിതലയില്‍ വെച്ച് ഊരിയ അരവാളും രോമാവൃത്യമായ നെഞ്ചോടുകൂടിയതുമാണ് പഴശ്ശിയുടെ രൂപം. ഇന്ത്യയിലും ലണ്ടനിലുമെല്ലാം പഴശ്ശിരാജയെപറ്റിയുള്ള ഗവേഷണത്തിന്റെ ഭാഗമായി ഞാന്‍ അന്വേഷണം നടത്തിയിരുന്നു. പക്ഷെ അവിടെയൊന്നും കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ പിന്നീടാണ് ലഭിച്ചത്. പഴശ്ശി നടത്തിയ പോരാട്ടകാലത്തെ കോര്‍ട്ട് ഓഫ് ഡയറക്‌റ്റേസിന്റെ പ്രസിഡണ്ട് ഇവിടെ വന്നപ്പോള്‍ അത്തരം വസ്തുതകളെക്കുറിച്ച് കുടുതല്‍ അന്വേഷിച്ചു. തുടര്‍ന്ന് രേഖകള്‍ കണ്ടെത്താനും സാധിച്ചു. പഴശ്ശിയുടെ രൂപത്തെ പറ്റിയുള്ള ഒരു തൂലികാചിത്രം ലഭിക്കുന്നത് ഇവിടെന്നിന്നാണ്. ഇതില്‍ നിന്നെല്ലാം വിരുദ്ധമായ കാര്യങ്ങളാണ് സിനിമയിലുള്ളത്. ചരിത്രബോധമില്ലാത്ത സമൂഹമായതുകൊണ്ടാണ് ഇതൊക്കെ ചോദ്യം ചെയ്യപ്പെടാതെ പോയത്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ എല്ലായിടത്തും പെതൃക പഠനവും ചരിത്രപഠനവും അനിവാര്യമായും വേണം. എല്ലാ തൊഴില്‍ മേഖലയിലുള്ളവരും ചരിത്രത്തെ അടുത്തറിയണം.