ഭാഷയുടെ നറുപുഞ്ചിരി

Web Desk
Posted on June 10, 2018, 8:30 am

സാബു കോട്ടുക്കല്‍

ഭാഷയുടെ നറുപുഞ്ചിരി ഇനിയില്ല. വ്യക്തിശുദ്ധിയുടെ നിറനിലാവും അന്യമാവുകയാണ്. പന്മനസാര്‍ വിടപറയുമ്പോള്‍ പെട്ടെന്ന് തോന്നുന്ന വികാരം ഇതാണ്. കര്‍ക്കശക്കാരനായ അധ്യാപകന്‍റെ പ്രകൃതത്തില്‍ മാത്രം പന്മനസാറിനെ ദൂരെനിന്ന് കണ്ടവരാണ് അധികം മലയാളികളും. പക്ഷേ അടുത്തുനിന്ന് കണ്ടവര്‍ക്ക് ആ മനസ്സ് പകര്‍ന്നു നല്‍കിയ സ്‌നേഹത്തിന്റെ തണുപ്പും ചൂടും അറിയാനായിട്ടുണ്ടാവും. ഉപാധികളില്ലാത്ത സ്‌നേഹത്തിന്‍റെ പര്യായമായിരുന്നു പന്മനസാര്‍. പഴയ തലമുറയിലും പുതിയ തലമുറയിലും ഇങ്ങനെയുള്ള ആളുകള്‍ അപൂര്‍വമാണ്. ‘നല്ല ഭാഷ’ എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകമെഴുതിയിട്ടുണ്ട്. നല്ല ഭാഷയെന്നാല്‍ നല്ല വ്യക്തിത്വം എന്നുകൂടി അര്‍ത്ഥമുണ്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന വ്യക്തിത്വമാണ് പന്മനസാറിന്‍റേത്.

കേരളത്തിന്‍റെ ബൗദ്ധിക തേജസ്സായിരുന്ന ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനംകൊണ്ട് പവിത്രമായ പന്മനയിലാണ് അദ്ദേഹം ജനിച്ചത്. (അദ്ദേഹത്തിന്‍റെ പിതാവ് ചട്ടമ്പിസ്വാമികള്‍ക്ക് പ്രിയപ്പെട്ട ശുശ്രൂഷകനായിരുന്നു) എഴുതാന്‍ തുടങ്ങിയ കാലത്ത് നാടിന്‍റെ പേര് സ്വന്തം പേരിനോട് ചേര്‍ത്തുവച്ചപ്പോള്‍ വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം ഏറ്റെടുത്തത്. വ്യക്തി ചീത്തയാകുമ്പോള്‍ നാടും കളങ്കപ്പെടും. ഈ ദുര്യോഗം അദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചില്ല. അവസാനശ്വാസംവരെ പന്മന എന്ന നാടിന്‍റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിത്വമായി അദ്ദേഹം നിലകൊണ്ടു.

ആഴ്ചകള്‍ക്ക് മുന്‍പ് രോഗശയ്യയിലേക്ക് വീഴുംവരെ വിശ്രമരഹിതമായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം. ശരീരത്തെ നേരേനിര്‍ത്താന്‍ സഹായിക്കുന്ന ബെല്‍റ്റുകള്‍ മുറുക്കി തന്‍റെ ചാരുകസാലയിലിരുന്നു അദ്ദേഹം പണിയെടുത്തു. ഭാഷയുടെയും സാഹിത്യത്തിന്റെയും നടപ്പുശീലങ്ങളെ സൂക്ഷ്മതയോടെ നോക്കിക്കണ്ടു. തന്‍റെ മാനസഗുരുക്കന്മാരായ ചട്ടമ്പിസ്വാമികളുടെയും എ ആര്‍ രാജരാജവര്‍മ്മയുടെയും ചിത്രങ്ങള്‍ക്ക് താഴെയിരുന്ന് വിനയപൂര്‍വ്വം സാംസ്‌കാരികവിനിമയം നടത്തി. എ ആര്‍ രാജരാജവര്‍മ്മയുടെ സമ്പൂര്‍ണ്ണ കൃതികള്‍ എഡിറ്റുചെയ്ത് പ്രസിദ്ധീകരിക്കുന്ന ശ്രമകരമായ ജോലിയിലായിരുന്നു അദ്ദേഹം. അതിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട നിറവുള്ള ഭാവനകള്‍ നെയ്തിരിക്കുന്നതിനിടയിലാണ് മരണം കടന്നെത്തിയത്.

കവി, ഗദ്യകാരന്‍, പരിഭാഷകന്‍, അധ്യാപകന്‍, ഭാഷാപണ്ഡിതന്‍, സംഘാടകന്‍ എന്നിങ്ങനെ ബഹുമുഖമായി വികസിച്ച വ്യക്തിത്വമായിരുന്നു പന്മനസാറിന്‍റേത്. ഭാഷാശുദ്ധി സംബന്ധമായ ആറ് ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി. ലളിതമായ ഭാഷയില്‍, നര്‍മ്മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത്, ഭാഷാവൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വൈമനസ്യം കൂടാതെ മലയാളി അത് അംഗീകരിച്ചു. ഏറ്റവും മാന്യമായ എഴുത്തുരീതിയായിരുന്നു അത്. തന്നോട് വിയോജിച്ചവരോട്‌പോലും സൗമ്യവും യുക്തിസഹവുമായ ഭാഷയില്‍ മറുപടിപറയാനാണ് അദ്ദേഹം ശ്രമിച്ചത്. ഉദാരമായ പ്രതിപക്ഷബഹുമാനമാണ് ഇക്കാര്യത്തില്‍ അദ്ദേഹം പാലിച്ചത്. വിമര്‍ശിക്കുമ്പോള്‍ തെറ്റുകളില്‍ മാത്രമാണ് അദ്ദേഹം ഊന്നിയത്; അതെഴുതിയ ആളിലായിരുന്നില്ല. ഒരു നോവലില്‍ കണ്ട വാക്യം, പത്രത്തില്‍ വന്ന ഒരു വാര്‍ത്ത, റേഡിയോയില്‍ കേട്ടത് എന്നിങ്ങനെയായിരുന്നു വിമര്‍ശനത്തിന്റെ രീതി. വ്യക്തിഹത്യയല്ല, ഭാഷാശുദ്ധിയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്ന് ഇത് വ്യക്തമാക്കുന്നു. വിമര്‍ശനത്തിലും സൂക്ഷിക്കുന്ന ഈ അന്തസ്സാണ് പന്മനസാറിന്‍റെ വ്യക്തിത്വവിശേഷം.

പ്രസാദാത്മകമായ ഗദ്യത്തിനുടമയായിരുന്നു അദ്ദേഹം. തെളിഞ്ഞ ജലാശയംപോലെയായിരുന്നു ആ ഭാഷ. ‘പരിചയം’ എന്ന ഗ്രന്ഥം ഇതിനു തെളിവാണ്. ഗദ്യരചനയില്‍ കുട്ടിക്കൃഷ്ണമാരാരും ഗുപ്തന്‍ നായരും എം പി പോളുമായിരുന്നു അദ്ദേഹത്തിനു മാതൃക. എ ആര്‍ രാജരാജവര്‍മ്മയുടെ സാഹിത്യജീവിതത്തോട് അളവില്ലാത്ത ആദരവ് അദ്ദേഹത്തിനുണ്ടായിരുന്നു. ‘നവയുഗശില്പി രാജരാജവര്‍മ്മ’ എന്ന ഗ്രന്ഥം ഇതിന്‍റെ തെളിവാണ്. എആറിനെ ‘രണ്ടാം എഴുത്തച്ഛന്‍’ എന്നാണ് അദ്ദേഹം വിളിച്ചത്.

സാഹിത്യകൃതികള്‍ക്ക് അദ്ദേഹം എഴുതിയ വ്യാഖാനങ്ങള്‍ ശ്രദ്ധേയമാണ്. നളചരിതം ആട്ടക്കഥയ്ക്ക് സ്വന്തം വീടായ കൈരളിയിലിരുന്നുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ‘കൈരളീ വ്യാഖ്യാനം’ ആ ഗ്രന്ഥത്തിനുണ്ടായ ഏറ്റവും ജനപ്രിയമായ വ്യാഖ്യാനമാണ്. പൂര്‍വ്വസൂരികളുടെ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചും ചില സ്ഥലങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയും നീങ്ങുന്ന വ്യാഖാനത്തിന് അനുപമമായ വായനാസുഖം ഉണ്ട്. നളചരിതത്തെ രംഗകലയുടെ പാഠം എന്ന നിലയില്‍ കാണുന്നു എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത.
കവിതയില്‍ തുടക്കം കുറിച്ച പന്മനസാര്‍ വളരെ പെട്ടെന്ന് അതില്‍നിന്ന് വെട്ടിത്തിരിഞ്ഞു പോരുകയായിരുന്നു. കവിത എഴുതുകയല്ല, അതിന്റെ ആസ്വാദകനും നിരൂപകനുമാകുന്നതാണ് തനിക്ക് യോജിച്ച പ്രവൃത്തിയെന്ന് അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞു. കുട്ടികളുടെ പ്രായവും മനസ്സുമറിഞ്ഞ് എഴുതാന്‍ കഴിയുന്ന ബാലസാഹിത്യകാരനാണ് അദ്ദേഹമെന്ന് ഊഞ്ഞാല്‍, മഴവില്ല് തുടങ്ങിയ കൃതികള്‍ തെളിയിക്കുന്നു. എന്നാല്‍ അവിടെയും അദ്ദേഹം തറഞ്ഞുനിന്നില്ല. തന്റെ തട്ടകം ഗദ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സംസ്‌കൃത നാടകങ്ങള്‍ക്ക് പരിഭാഷ നിര്‍വഹിക്കേണ്ടിവന്ന സന്ദര്‍ഭത്തിലും ഗദ്യപരിഭാഷയിലേക്കാണ് അദ്ദേഹം പോയത്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘സ്മൃതിരേഖകള്‍’ തന്നെ തെളിമയുള്ള ഗദ്യത്തിന്‍റെ തിളക്കമുള്ള രേഖയാണ്.

വായനക്കാരന് ഭാരമാകുന്ന ഒരു പുസ്തകവും പന്മനസാര്‍ എഴുതിയിട്ടില്ല. ഒരെഴുത്തുകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. കനപ്പെട്ട പുരസ്‌കാരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. എണ്‍പത്തിയാറു വര്‍ഷം നീണ്ട ആ ജീവിതത്തില്‍ അല്പമെങ്കിലും വിഷാദം കലരുന്നത് ഇക്കാര്യം ഓര്‍മ്മിക്കുമ്പോഴാണ്. ‘ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് എണ്‍പതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു’ എന്നൊരു വാക്യം തെറ്റുണ്ടെങ്കില്‍ തിരുത്തുവാനായി പന്മനസാര്‍ നല്‍കിയിട്ടുണ്ട്. അതിലെ തെറ്റുകള്‍ നമുക്കിങ്ങനെ തിരുത്താം. ‘തൊണ്ണൂറ്റാറു കൊല്ലം നീണ്ടുനിന്ന ആ ജീവിതം മലയാളിയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് സമാപിച്ചു’