Sunday
20 Oct 2019

പറയാതെ വയ്യ……

By: Web Desk | Sunday 7 April 2019 8:30 AM IST


വിജയ് സി എച്ച്

സൂര്യനേയും, അതിനുചുറ്റും സഞ്ചരിക്കുന്ന ചന്ദ്രനേയും സൃഷ്ടിച്ച ദൈവം, ഇവയില്‍ ഓരോന്നിന്റെയും പകുതി ഭാഗമെടുത്ത് മൂന്നാമതൊരു ആകാശഗോളത്തിനു ജന്മം നല്‍കിയാല്‍, അത് സ്രഷ്ടാവിന്റെ സര്‍ഗവൈഭവമോ, അതോ വികൃതിയോ? സൂര്യന്റെയും ചന്ദ്രന്റെയും പകുതിയെടുത്തുണ്ടാക്കിയ മൂന്നാമത്തെ ഗോളത്തിന്റെ കഥയല്ലിത്. സൂര്യാര്‍ദ്ധവും, ചന്ദ്രാര്‍ദ്ധവും വിളക്കി ചേര്‍ത്തപ്പോള്‍ ഏതു മുകളില്‍, ഏതു താഴെയെന്നൊരു ഉല്‍കണ്ഠയാണ് മുന്നെ ഉണ്ടായിരുന്നത്. എന്നാല്‍, രൂപത്തില്‍ പൂര്‍ണ്ണമായും സൂര്യനോ ചന്ദ്രനോ ആണെങ്കിലും, അവയുടെ ഗുണവിശേഷങ്ങള്‍ മാത്രം പരസ്പരം മാറിവരുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ പ്രതിപാദിച്ചത്! വികൃതിക്കുമപ്പുറത്തുള്ളൊരു വന്‍ കുസൃതിയാവില്ലേയിത്?
സൃഷ്ടികര്‍ത്താവിനോട് ചോദ്യങ്ങളേറെ…

ഉത്തരങ്ങളെന്തായാലും ശരി, നിങ്ങളും ഞാനും ശ്വസിക്കുന്ന വായുവിന്റെയും, പങ്കിടുന്ന പ്രകൃതിയുടേയും, ഇവിടെ കാണുന്ന സര്‍വ്വതിന്റെയും തുല്യ അവകാശിയാണ് എന്റെ പ്രിയ സുഹൃത്ത് ശീതള്‍ ശ്യാം!

കൃതിയുടേയും വികൃതിയുടേയും ഇടയില്‍ പ്രകൃതി എവിടെയോ ചവിട്ടിമെതിക്കപ്പെടുന്നു! അതു സംഭവിച്ചുകൂടാ, പ്രകൃതിയാണ് ആത്യന്തിക സത്യം! നമ്മളില്‍ ചിലര്‍ക്കെങ്കിലും ശീതളിനെ കൂടെകൂട്ടാനിഷ്ടമില്ലെങ്കില്‍ ഓര്‍ക്കുക, നമ്മള്‍ നമ്മളായത് നമ്മളുടെ മഹിമകൊണ്ടല്ലെന്നും, ശീതള്‍ ശീതളായത് ശീതളിന്റെ തെറ്റുകൊണ്ടല്ലെന്നും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെയുള്ള വിവേചനവും, അസ്പ്യശ്യതയും, അനിഷ്ടവും, അര്‍ഥശൂന്യമാണെന്ന തിരിച്ചറിവ് ന്യൂനതകളൊന്നുമില്ലായെന്നു സ്വമേധയാ കരുതുന്ന നമുക്ക് ഉണ്ടാവണമെങ്കില്‍, ആദ്യം വേണ്ടത് എല്ലാവരേയും സമഭാവനയോടെ കാണാനുള്ളൊരു മനസ്സാണ്. ശീതള്‍ സംസാരിച്ചു തുടങ്ങി;

”അപ്പച്ചന്റെയും അമ്മയുടേയും മൂത്ത മകനായിട്ടാണ് ഞാന്‍ ജനിച്ചത്. എന്റെ യഥാര്‍ത്ഥ പേര്, ശ്യാം എന്നാണ്. എന്റേത് ഇപ്പോഴും ഒരു പുരുഷ ശരീരമാണ്. സ്ത്രീ രൂപത്തിനു വേണ്ടിയുള്ള ചില ഹോര്‍മോണ്‍ ചികിത്സകള്‍ നടക്കുന്നുവെന്നുമാത്രം. കുട്ടിക്കാലത്തുതന്നെ എനിക്കൊരു ഒരു സ്‌ത്രൈണ മനസ്സായിരുന്നു. അഭിരുചികളും, താത്പര്യങ്ങളും, സംസാര രീതിയും, ഭാവങ്ങളും, ചേഷ്ടകളുമൊക്കെ സ്ത്രീയുടേതായിരുന്നു. കൂട്ടുകൂടുന്നതൊക്കെ പെണ്‍കുട്ടികളുടെ കൂടെയായിരുന്നു. ഇടക്ക് അമ്മയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ എടുത്ത് ഇടും. അയല്‍വാസികളും, വഴിയില്‍ കാണുന്നവരും, സഹപാഠികളും, അദ്ധ്യാപകരുമെല്ലാം ഞാനൊരു പെണ്‍കുട്ടിയാണെന്ന് നേരിട്ടും അല്ലാതെയും എന്നെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. എല്ലാഭാഗങ്ങളില്‍ നിന്നും എന്നെ അകറ്റി നിറുത്തി. ജീവിതത്തിന്റെ എല്ലാ തുറകളിലും പരിഹാസങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു ഞാന്‍. ഇത്രയും പൗരുഷമുള്ള തനിക്കു പെണ്‍ സ്വഭാവമുള്ള ചെറുക്കന്‍ ജനിക്കില്ലെന്നും പറഞ്ഞ് മുഴു മദ്യപാനിയായ അപ്പച്ചന്‍ അമ്മയെ പലപ്പോഴും തൊഴിച്ചിട്ടുണ്ട്. അവരുടേത് മിശ്രവിവാഹമായിരുന്നു. അപ്പച്ചന്റെ ഉപദ്രവം സഹിക്കാതെ, രാത്രിയില്‍ ഞാനും അമ്മയും എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും. രാവിലയേ പുറത്തു വരികയുള്ളൂ. പൗരുഷമുള്ള അനിയനെ മാത്രമേ അപ്പച്ചന് ഇഷ്ടമുണ്ടായിരുന്നുള്ളൂ. എനിക്കു ജീവിക്കാനുള്ള പ്രചോദനം അമ്മമാത്രമായിരുന്നു. എന്റെ മാംസളമായ ശരീരഭാഗങ്ങള്‍ സ്‌കൂളിലും, വഴിയിലും, പോകുന്നിടത്തൊക്കെയും പലരുടേയും ദൗര്‍ബല്യമായിരന്നു. ട്യൂഷന്‍ ടീച്ചര്‍വരെ എന്നെ വെറുതെ വിട്ടില്ല. അങ്ങനെ ഒമ്പതാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് പലയിടങ്ങളിലും ജോലിക്കു പോയി. പക്ഷെ, പോയിടത്തെല്ലാം എന്റെ അനുഭവങ്ങള്‍ തുറന്നുപറയാന്‍ കൊള്ളാത്ത വിധം മോശമായിരുന്നു. ഗത്യന്തരമില്ലാതെവന്നപ്പോള്‍, ഇനി ജോലിക്കു പോകുന്നില്ലെന്നു ഞാന്‍ വീട്ടില്‍ പറഞ്ഞു. ആണുങ്ങള്‍ ചെയ്യുന്ന ജോലി എനിക്ക് ഇഷ്ടമല്ലെന്നും പെണ്ണുങ്ങളുടെ ജോലിക്കേ താല്‍പര്യമുള്ളുവെന്നും ആയിരുന്നു അപ്പച്ചന്റെ പ്രതികരണം. ചുവന്ന തെരുവില്‍ ചെന്നെത്തിപ്പെട്ട ഒരു പാവം പെണ്ണിനെക്കാളേറെ ദുരിതമായിരുന്നു ജന്മംകൊണ്ടു പുരുഷനായ ഞാന്‍ ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരുന്നത്.

ഇവിടെ സമത്വമൊക്കെ വാക്കുകളില്‍ മാത്രമേയുള്ളൂ. പുരുഷനെപ്പോലെ അവകാശമുണ്ടായിട്ടും, രാത്രിയില്‍ റോഡിലിറങ്ങി നടക്കാന്‍ സ്ത്രീകള്‍ക്കു കഴിയുന്നുണ്ടോ? കോളജു ഹോസ്റ്റലുകളില്‍, എട്ടു മണിക്ക് പെണ്‍കുട്ടികളെ പൂട്ടിയിടുകയല്ലേ ചെയ്യുന്നത്? അങ്ങനെയുള്ള നമ്മുടെ നാട്ടില്‍ ഞങ്ങളുടെ തുല്യമായ അവകാശത്തിനൊക്കെ എന്തു വില? ജോലി തരില്ല, ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ല, വാടകക്ക് വീട് തരില്ല, ലോഡ്ജിലോ ഹോട്ടലിലോ മുറി തരില്ല, യാത്രാ സമയത്ത് കൂടെ ഇരിക്കാന്‍പോലും അനുവദിക്കില്ല…

ഈയിടെയാണ്, തിരുവനന്തപുരം റയില്‍വെ സ്റ്റേഷനില്‍ എന്നെ ട്രയിനില്‍ നിന്ന് ഇറക്കിവിടാന്‍ പോലീസുകാര്‍ ശ്രമിച്ചത്. വനിതാ കമ്പാര്‍ട്ടുമെന്റില്‍ ഇരുന്ന കുറ്റത്തിനായിരുന്നു അത്. ഞങ്ങളെ പോലുള്ളവര്‍ എവിടെയിരിക്കണം? ചിലയിടങ്ങളില്‍ വെവ്വേറെ ശൗചാലയങ്ങള്‍ ഉണ്ടായതുകൊണ്ടാണ് സ്ത്രീയും പുരുഷനും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളില്‍ പോകുന്നത്. എന്നാല്‍, ട്രയിനിലും, ഫ്‌ളൈറ്റിലും, മറ്റു പലയിടത്തും, ആണും പെണ്ണും ഒരേ ശുചിമുറിയില്‍ അല്ലേ പോകുന്നത്! എന്നിട്ടും, ഒരു ട്രാന്‍സ് വുമണ്‍ വനിതാ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാന്‍ പാടില്ല. ഏതെങ്കിലും ട്രയിനില്‍ ട്രാന്‍സ് ജന്‍ഡര്‍ കമ്പാര്‍ട്ടുമെന്റ് ഉണ്ടോ? ബസ്സിലും അതുതന്നെയാണ് സ്ഥിതി. പെണ്ണിന്റെയും ആണിന്റെയും, ഭിന്നശേഷിക്കാരുടേയും, മുതിര്‍ന്ന പൗരന്റെയും സീറ്റിലിരുന്നാല്‍ ശകാരവര്‍ഷമാണ്, എഴുന്നേല്‍പ്പിക്കും.

കഴിഞ്ഞ ഒക്‌റ്റോബറില്‍ വടകര ഗവ. കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. താമസത്തിനായി ഭാരവാഹികള്‍ ബുക്കുചെയ്ത ലോഡ്ജില്‍ ചെന്നപ്പോള്‍, എനിക്ക് റൂം തരില്ലെന്നു പറഞ്ഞു. എന്നെ പോലുള്ളര്‍ക്ക് മുറി നല്‍കരുതെന്ന് പോലീസിന്റെ നിര്‍ദ്ദേശമുണ്ടത്രെ. ലോഡ്ജ് ഉടമയും ജോലിക്കാരും ചേര്‍ന്ന് എന്നെ അപമാനിച്ച് ഇറക്കി വിട്ടു.” ഒരു ദീര്‍ഘനിശ്വാസത്തോടെ ശീതള്‍ പറഞ്ഞു നിറുത്തി.

 

ഇങ്ങനെയൊക്കെയാണെങ്കിലും, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ഏറ്റവും കുടുതല്‍ അംഗീകരിക്കുന്നത് കേരളത്തിലാണ്. ജയസൂര്യയുടെ സിനിമയായ ‘ഞാന്‍ മേരിക്കുട്ടി’ ട്രാന്‍സിന്റെ സന്ദേശം സമൂഹത്തിലെത്തിച്ച നാടാണിത്. ഇന്ത്യയിലാദ്യമായി ട്രാന്‍സ് എക്‌സ്‌ക്‌ളൂസീവ് സൗന്ദര്യ മത്സരവും, കായിക മത്സരവും കേരളത്തില്‍ നടന്നു. ഇവിടെ ട്രാന്‍സ് ആക്ടിവിസം വളരെ ശക്തമാണെന്നാണ് ഇത് തെളിയിക്കുന്നത്. ഇന്റര്‍ സെക്‌സ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്താനായി ട്രാന്‍സ് ജന്‍ഡര്‍ പൊളിസി രൂപീകരിച്ചു പ്രാബല്യത്തില്‍ വരുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് നമ്മുടേത്. ഇതൊക്കെ നല്ലമാറ്റങ്ങളായി കണ്ടുകൂടേ? എന്ന ചോദ്യത്തിന് ശീതളിന്റെ മറുപടി ഇങ്ങനെ;
”എല്ലാം ശരിയാണ്, പക്ഷെ ഞങ്ങളുടെ ജീവിതം ഇപ്പോഴും ഇരുളടഞ്ഞു കിടക്കുന്നു. എന്റെ ഒരു സുഹൃത്ത് അടുത്ത കാലത്ത് സര്‍ജറി ചെയ്തു. പുരുഷ ഭാഗങ്ങള്‍ നീക്കം ചെയ്തു, അവിടെ സ്ത്രീയുടേതാക്കി. ആണ്‍കുട്ടിയായി കോളജില്‍ പഠിക്കുന്ന കാലത്ത്, തോളില്‍ കയ്യിട്ടു നടന്നിരുന്ന ഒരുത്തന്‍, അവള്‍ പെണ്ണായിയെന്ന വിവരം അറിഞ്ഞപ്പോള്‍, അവളോട് മെസ്സഞ്ചറില്‍ എഴുതി ചോദിച്ചു,
‘കിട്ട്വോ…?’
ശീതള്‍ പറഞ്ഞു നിറുത്തിയപ്പോള്‍ തൊണ്ടിടറി. കണ്ണില്‍ നിന്ന് അടര്‍ന്നുവീണ ജലകണങ്ങല്‍ സാരിത്തുമ്പുകൊണ്ട് തുടച്ചു…

കേരള സര്‍ക്കാര്‍ ഒരുപാടു പ്രതീക്ഷയോടെ ആരംഭിച്ച ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെ അംഗമാണ് ശീതള്‍. വീട്ടുകാരും നാട്ടുകാരും ആട്ടിയിറക്കിയവരുടെ രോദനം അധികൃതരെ നേരിട്ടറിയിക്കാന്‍ ചുമതലപ്പട്ടയാള്‍. സുരാജ് വെഞ്ഞാറംമൂടും, റീമ കല്ലിങ്ങലും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ‘ആഭാസ’ത്തിലെ മീര എന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്നതിന് ശീതളിന് 2019 ലെ പ്രഥമ മൂവി സ്ട്രീറ്റ് ഫിലിം പുരസ്‌കാരം ലഭിച്ചു. അതിനും മുമ്പ് ‘അവളോടൊപ്പം’ എന്ന ഹ്രസ്വ ചിത്രത്തിലെ നായികയായി. നിഴലാട്ടം ഫിലിം ഫെസ്റ്റിവലില്‍ ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സമ്മാനം ലഭിച്ചു. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ”Ka Bodyscapes” ലും ശീതളിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.